ഭാവഫലത്തിന്റെ ചമല്‍ക്കാരങ്ങള്‍
എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 'നാരായണീയം' എന്ന വിശ്രുത ഭക്തികാവ്യത്തിന്റെ രചയിതാവായ മേല്പത്തൂര്‍ നാരായണ ഭട്ടതിരി രചിച്ചതായി വിശ്വസിക്കപ്പെടുന്ന ജ്യോതിഷഗ്രന്ഥമാണ് 'ചമല്‍ക്കാര ചിന്താമണി'. 'നാരായണന്‍ എന്ന് പേരായ ഞാന്‍ രാധാസമേതനും പീതപട്ടാംബരം ധരിച്ചവനും മിന്നല്‍പ്പിണരുകള്‍ നിറഞ്ഞ മേഘത്തിന്റെ നിറമൊത്തവനുമായ ശ്രീകൃഷ്ണനെ വന്ദിച്ചു കൊണ്ട് 'ചമല്‍ക്കാര ചിന്താമണി' എന്ന് പേരായ ഗ്രന്ഥം ആരംഭിക്കുന്നു' എന്നിങ്ങനെയാണ് ആരംഭപദ്യം. പക്ഷേ മേല്പത്തൂര്‍ എന്ന വാക്ക് ഗ്രന്ഥത്തില്‍ എവിടെയുമില്ല. 'കേരള സാഹിത്യ ചരിത്ര'ത്തില്‍ (രണ്ടാം വോള്യം) മഹാകവി ഉള്ളൂര്‍ മേല്പത്തൂരിന്റെ നാനാ മേഖലകളിലേക്ക് പടര്‍ന്നു കിടക്കുന്ന സാഹിത്യ സംഭാവനകളെ വിലയിരുത്തുന്നുണ്ട്. നാരായണീയം, ശ്രീപാദസപ്തശതി തുടങ്ങിയ ഭക്തിഗ്രന്ഥങ്ങള്‍ മാത്രമല്ല ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട ധാരാളം ഗ്രന്ഥങ്ങളും ഇതര കാവ്യങ്ങളും അദ്ദേഹം രചിച്ചതായി ഉള്ളൂര്‍ വ്യക്തമാക്കുന്നു. പക്ഷേ 'ചമല്‍ക്കാരചിന്താമണി' യുടെ പേര് അദ്ദേഹം പരാമര്‍ശിക്കുന്നില്ല എന്നാണ് എന്റെ ഓര്‍മ്മ. എന്നാല്‍ നാരായണ ഭട്ടാചാര്യര്‍, നാ