സര്‍പ്പശാപം എന്ത്?

ലേഖനം: 88

പരിഹാരങ്ങള്‍ എന്തെല്ലാം

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ജാതകം / പ്രശ്‌നം ഒക്കെ നോക്കുമ്പോള്‍ രാഹുവിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് മുഖ്യമായും സര്‍പ്പശാപം / സര്‍പ്പകോപം / സര്‍പ്പബാധ എന്നിവയൊക്കെ ചിന്തിക്കുക.  

ചരരാശി, സ്ഥിരരാശി, ഉഭയരാശി എന്നിവയുടെ ബാധാസ്ഥാനങ്ങള്‍ ഓരോ തരത്തിലാണ് സന്നിവേശിക്കപ്പെട്ടിട്ടുളളത്. ചരരാശിയാണെങ്കില്‍ പതിനൊന്നും, സ്ഥിരരാശിയാണെങ്കില്‍ ഒമ്പതും, ഉഭയരാശിയാണെങ്കില്‍ ഏഴും ഭാവങ്ങളാണ് ബാധാ സ്ഥാനങ്ങള്‍. വേറെയും ചില നിയമങ്ങള്‍ കൂടിയുണ്ട്.

രാഹുവിന് ഈ ബാധാരാശികളുമായി ബന്ധം വരികയാണെങ്കില്‍ സര്‍പ്പബാധയുണ്ടെന്ന് ദൈവജ്ഞന്‍ വിധിക്കുന്നു. 'സര്‍വ്വരാശീഷു രാഹൂന് സര്‍പ്പബാധ പറഞ്ഞിടാം' എന്നാണ് മലയാള പ്രശ്‌നഗ്രന്ഥമായ 'പ്രശ്‌നരീതി' യിലെ വരികള്‍. 

'രാഹു ബാധാരാശിയിലോ പത്തിലോ അഷ്ടമത്തിലോ ആറിലോ നിന്നാലും സര്‍പ്പകോപം പറയാം. വ്യാഴം ബാധക സ്ഥാനാധിപതിയായി രാഹുവിന്റെ കേന്ദ്രത്തില്‍ വരുന്ന ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ നിന്നാല്‍ ഉത്തമ സര്‍പ്പങ്ങളുടെ ശാപം ജാതകന് ഏറ്റിട്ടുണ്ടെന്ന് പറയാം. മറിച്ച് ഗുളികന്റെ കേന്ദ്രത്തില്‍ രാഹു വന്നാല്‍ അധമസര്‍പ്പങ്ങളുടെ ബാധയാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാവുന്നു. രാഹുവിന് സൂര്യയോഗം വന്നാല്‍ നല്ല സര്‍പ്പങ്ങളുടെയും രാഹുവിന് ചന്ദ്രയോഗം വന്നാല്‍ ചീത്ത സര്‍പ്പങ്ങളുടെയും ശാപം ജാതകന് ഏറ്റിട്ടുണ്ട് എന്നാണ് നിയമം. ഇങ്ങനെ രാഹുവിന് മറ്റ് ഗ്രഹങ്ങളുമായുള്ള ബന്ധം മുന്‍നിര്‍ത്തി സര്‍പ്പശാപത്തിന്റെ ഉത്തമാധമത്വം വിലയിരുത്താം.   

ജാതകന് സര്‍പ്പബാധയുണ്ടാവാന്‍ എന്താവാം കാരണം? അതും പ്രശ്‌നം-ജാതകം ഇവയില്‍ നിന്നുമറിയാം. രാഹുകേന്ദ്രത്തില്‍ ചൊവ്വ സ്ഥിതിചെയ്താല്‍ കാവിനുള്ളിലെ ചിത്രകൂടം, പുറ്റ് എന്നിവ നശിപ്പിച്ചതാവും കാരണം. കൂടാതെ സര്‍പ്പക്കാവ് വെട്ടുക, തീയിടുക, സര്‍പ്പങ്ങളെ കൊല്ലുക എന്നിവയും അറിഞ്ഞോ അറിയാതെയോ ചെയ്തിരിക്കാം. അതാണ് സര്‍പ്പബാധാ കാരണം. ഗുളികനും ശനിയും രാഹുവിന്റെ കേന്ദ്രത്തില്‍ വന്നാല്‍ കാവില്‍ മലമൂത്രാദി വിസര്‍ജനം മൂലവും, അശുദ്ധിയോടെ കാവു തീണ്ടിയതുകാരണവും സര്‍പ്പദോഷം ഭവിച്ചതാണ്. കാവില്‍ മൈഥുനാദികള്‍ ഉണ്ടാവുക, ആന, പോത്ത് മുതലായ ജന്തുക്കള്‍ കാവില്‍ ആപത്തുണ്ടാക്കുക എന്നിവയേയും രാഹു കേന്ദ്രത്തിലെ ശനിഗുളികന്മാര്‍ വ്യക്തമാക്കുന്നു. അങ്ങനെയാണ് സര്‍പ്പകോപം ഭവിച്ചതും.  

സര്‍പ്പബാധക്ക് ഉചിത പരിഹാരങ്ങളും പ്രശ്‌നമാര്‍ഗത്തില്‍ പറയപ്പെടുന്നുണ്ട്. 

രാഹു നാലിലെങ്കില്‍ ചിത്രകൂടം, സര്‍പ്പപ്രതിഷ്ഠ ഇവ വേണ്ടിവരും. രാഹു ആരൂഢത്തിലോ, ഏഴിലോ നിന്നാല്‍ നൂറുംപാലും നടത്തി പ്രാര്‍ത്ഥിക്കണം. രാഹു പന്ത്രണ്ടിലെങ്കില്‍ സര്‍പ്പം പാട്ടോ, സര്‍പ്പബലി, കോലംതുള്ളല്‍ എന്നിവയോ നടത്തണം. ചരരാശി ലഗ്‌നമായി രാഹു അവിടെ നിന്നാല്‍ സര്‍പ്പമുട്ടകള്‍ നശിപ്പിച്ചതും, സ്ഥിരരാശി ലഗ്‌നമായി രാഹു നിന്നില്‍ സര്‍പ്പക്കാവിലെ വൃക്ഷാദികള്‍ നശിപ്പിച്ചതും ഉഭയരാശി ലഗ്‌നമായി രാഹു നിന്നാല്‍ സര്‍പ്പക്കുഞ്ഞുങ്ങളെ കൊന്നതും സര്‍പ്പശാപ കാരണങ്ങള്‍. നീചസര്‍പ്പകോപമാണെങ്കില്‍ മുട്ടകള്‍ നശിപ്പിച്ചതിന് പരിഹാരമായി മുട്ടകളുടെയും സര്‍പ്പനാശ പരിഹാരമായി സര്‍പ്പങ്ങളുടെയും പ്രതിമ ചെമ്പില്‍ പണിയിച്ച് സര്‍പ്പക്കാവില്‍ യഥാവിധി പ്രതിഷ്ഠിക്കണം.   

ഉത്തമ സര്‍പ്പങ്ങളുടെ കോപമാണെങ്കില്‍ മുട്ടകളും സര്‍പ്പപ്രതിമയും മറ്റും സ്വര്‍ണത്തില്‍ നിര്‍മ്മിച്ചുവേണം പ്രതിഷ്ഠിക്കാനെന്നും നിയമമുണ്ട്. രാഹു മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ഓജരാശികളില്‍ നിന്നാല്‍ സര്‍പ്പബലി നടത്തുകയും വേണം. യുഗ്മരാശികളില്‍ (ഇടവം, കര്‍ക്കടകം, കന്നി, വൃശ്ചികം, മകരം, മീനം) നിന്നാല്‍ നൃത്തം, പാട്ട് എന്നിവ വഴിപാടായി നടത്തണം. ചുരുക്കത്തില്‍ വിപുലവും അഗാധവുമായ വിഷയമാണിത്. ഉത്തമ ദൈവജ്ഞന്മാര്‍ക്ക് മാത്രമാണ് ജാതക - പ്രശ്‌നാദികളിലൂടെ സര്‍പ്പബാധയുടെ യഥാര്‍ത്ഥ കാരണവും ഉചിതമായ പരിഹാര, പ്രായശ്ചിത്താദികളും നിര്‍ദ്ദേശിക്കാന്‍ കഴിയൂ!   

ആയില്യം നക്ഷത്രത്തിന്റെ അന്ന് സര്‍പ്പക്കാവില്‍ പ്രാര്‍ത്ഥിക്കുന്നതും മഞ്ഞള്‍പൊടി, പാല്‍, കരിക്ക്, പഴം, പട്ട്, എണ്ണ എന്നിവ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതും കേരളീയരുടെ ശിഷ്ടാചാരമാണ്. ഇടവമാസം മുതല്‍ കന്നിമാസം വരെ നാഗക്ഷേത്രങ്ങളില്‍ നാഗങ്ങള്‍ പ്രസവത്തിലാണെന്ന സങ്കല്പത്തില്‍ 'പുറ്റടവ്' ' എന്ന് പറയുന്ന കാലമാണ്. വിശേഷാല്‍ വഴിപാടുകള്‍ക്ക് അത് കഴിഞ്ഞാവും സാഹചര്യം ഉണ്ടാവുക. ഇടവമാസത്തിലെ ആയില്യം നാളായ ഇന്ന് (19-05-2021) ഇവയെല്ലാം അര്‍ത്ഥവത്തായ ഓര്‍മ്മപ്പെടുത്തലുകള്‍ ആയിരിക്കുമെന്ന് കരുതുന്നു...   

ഈ ലേഖകന്റെ നവഗ്രഹപരമ്പരയിലെ ഗ്രന്ഥങ്ങളില്‍ ഇതുസംബന്ധിച്ചതും, മറ്റ് അപൂര്‍വവുമായ വിഷയങ്ങള്‍ സവിസ്തരം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍