ഗ്രഹങ്ങളുടെ ദശാവതാരം

ലേഖനം: 95

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ജ്യോതിഷം പഠിക്കുന്നവര്‍ക്ക് അനിവാര്യമായ ഗ്രന്ഥങ്ങളിലൊന്നാണ് 'ബൃഹത് പരാശരഹോര' ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ പരാശരന്‍ വേദവ്യാസപിതാവായ മഹര്‍ഷിവര്യനാണോ, അതേപേരുള്ള മറ്റാരെങ്കിലുമാണോ എന്നത് നിരന്തരമായ ഒരു തര്‍ക്കവിഷയമാണ്. തത്ക്കാലം ഇവിടെ അതിലേക്ക് കടക്കുന്നില്ല. 'ബൃഹത്പരാശരഹോര' ക്രിസ്തുവിന് മുന്‍പ് എഴുതപ്പെട്ട ഗ്രന്ഥമെന്നാണ് പൊതുബോധ്യം.

വ്യത്യസ്തമായ ഏറെ കാഴ്ചപ്പാടുകള്‍ 'ബൃഹത് പരാശരഹോര'യിലുണ്ട്. മുന്‍പും പിന്‍പും ആരും എഴുതാത്ത വിഷയങ്ങള്‍ അതില്‍ വായിക്കാം. എന്നാല്‍ പ്രശ്‌നമാര്‍ഗം, കൃഷ്ണീയം, മാധവീയം, ബൃഹജ്ജാതകം എന്നീ വിശിഷ്ട ഗ്രന്ഥങ്ങള്‍ക്ക് കേരള ജ്യോതിഷ പരിസരത്തില്‍ കിട്ടുന്ന പ്രാധാന്യം പരാശരഹോരയ്ക്ക് ഇപ്പോഴുമില്ല. അതിലെ അല്പം കൗതുകപ്രദമായ ഒരാശയമാണിവിടെ അവതരിപ്പിക്കുന്നത്.  

ദൈത്യന്മാരുടെ അഥവാ ദുഷ്ടന്മാരുടെ ബലത്തെ നശിപ്പിക്കാനും ദേവന്മാരുടെ അഥവാ സജ്ജനങ്ങളുടെ ബലത്തെ അഭിവൃദ്ധിപ്പെടുത്താനും ഒപ്പം ധര്‍മ്മത്തെ സംരക്ഷിച്ച് നിലനിര്‍ത്താനും ആയി നവഗ്രഹങ്ങള്‍ ഓരോ അവതാരങ്ങള്‍ കൈക്കൊണ്ടുവെന്ന് പരാശരന്‍ പറയുന്നു. ശ്ലോകം ഇതാ:   
'ദൈത്യാനാം ബല നാശായ / ദേവാനാം ബലവൃദ്ധയേ / ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ / ഗ്രഹജാതാ ശുഭാ: ക്രമാല്‍!' 'സംഭവാമി യുഗേയുഗേ' എന്നവസാനിക്കുന്ന ഭഗവദ്ഗീതാശ്ലോകത്തിന്റെ അനുരണനം ഭാഷാപരമായും ആശയപരമായും ഈ പരാശരപദ്യത്തില്‍ മുഴങ്ങുന്നുണ്ട്.

അങ്ങനെ ഗ്രഹങ്ങള്‍ പല അവതാരങ്ങള്‍ കൈക്കൊള്ളുകയായി. അവയില്‍ മുഖ്യം മത്സ്യകൂര്‍മ്മാദികളായ ദശാവതാരങ്ങള്‍ തന്നെ! എന്നാല്‍ ഒമ്പത് ഗ്രഹങ്ങള്‍ ഒമ്പതവതാരമെടുക്കുകയാണ്. പത്താം അവതാരമായ കല്‍ക്കിയുടെ കാര്യം ഇവിടെ പരാമര്‍ശിക്കുന്നില്ല. ബലരാമന്റെ പേരുമില്ല, പകരം ബുദ്ധന്‍ കടന്നുവരുന്നു. എന്തായാലും കൗതുകപ്രദമാണ് പരാശരന്റെ ഈ ആശയങ്ങള്‍. ഇനി ഏതൊക്കെയാണ് ആ അവതാരങ്ങള്‍ എന്നാണ് നമുക്ക് അറിയാനുള്ളത്.

പരാശരന്‍ തുടരുന്നു: 'രാമാവതാരസൂര്യസ്യ ചന്ദ്രസ്യ യദുനായക: നൃസിംഹോഭൂമിപുത്രസ്യ ബുദ്ധ:സോമസുതസ്യ ച വാമനോ വിബുധാഢ്യസ്യ  ഭാര്‍ഗവോ ഭാര്‍ഗവസ്യച കൂര്‍മ്മോ ഭാസ്‌കരപുത്രസ്യ സൈംഹികേയസ്യ സൂകര:  
കേതോര്‍ മീനാവതാരശ്ച യേചാന്യേതേപി ഖേടജാ:   
പരമാത്മാംശമധികം ഏഷുതേ ഖേചരാഭിധാ:'
 

വരികള്‍ ഇവിടെ പൂര്‍ണമാകുന്നു. ഇതിന്റെ സാരം /  വ്യാഖ്യാനം കൂടി നോക്കാം. വ്യാഖ്യാതാവ് പോയതലമുറയിലെ പ്രശസ്ത പണ്ഡിതനായ പെരിനാട് കരുവാ കിഴക്കടത്ത് കെ. നീലകണ്ഠനാശാരിയാണ്. (പുസ്തകപ്രസാധകര്‍ കൊല്ലത്തെ എസ്.റ്റി. റെഡ്യാര്‍).   

'ശ്രീരാമനായി അവതരിച്ചത് സൂര്യനാണ്. ശ്രീകൃഷ്ണന്‍ ചന്ദ്രന്റെ അവതാരമാകുന്നു. ചൊവ്വയാണ് നരസിംഹമായവതരിച്ചത്. ബുധന്റെ അവതാരമാണ് ബുദ്ധന്‍. വ്യാഴത്തിന്റെ അവതാരമാകുന്നു വാമനമൂര്‍ത്തി. ശുക്രന്റെ അവതാരമാണ് ഭാര്‍ഗ്ഗവ(പരശു)രാമന്‍. കൂര്‍മ്മാവതാരം ശനിയുടേതാണ്. സൂകരം (വരാഹം) രാഹുവിന്റെ അവതാരമാണ്. മത്സ്യാവതാരം കേതുവിന്റേതാണ്. മറ്റുള്ള ഓരോരോ അവതാരങ്ങളും ഇതുപോലെ ഗ്രഹാംശങ്ങളാണ്. എങ്കിലും ഈശ്വരാംശ സംപൂര്‍ണമായ അവതാരങ്ങള്‍ മേല്‍പ്പറഞ്ഞവയാണ്. പരമാത്മാവെന്നും ജീവാത്മാവെന്നും വൃത്തിഭേദേന ദ്വിത്വരൂപങ്ങളായിട്ടാണ് ഈശ്വരപ്രതിച്ഛായ കാണപ്പെടുന്നത്. ഇവയില്‍ പരമാത്മഭാഗങ്ങള്‍ ഗ്രഹങ്ങളും ജീവാത്മാംശങ്ങള്‍ മറ്റുള്ള ജീവജാലങ്ങളുമാകുന്നു ഇതുകൊണ്ട് ഗ്രഹങ്ങള്‍ക്കുള്ള പ്രാമാണ്യം പ്രായേണ സ്പഷ്ടമാകുന്നു. തദ്വാരാ ജ്യോതിശാസ്ത്രത്തിന്റെ മഹത്വവും വെളിപ്പെടുന്നുണ്ടല്ലോ'. (പുറം 7).   

ജ്യോതിഷത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള ഒരു ആശയമായിരിക്കാം പരാശരന്‍ ഇവ്വിധം അവതരിപ്പിച്ചതെന്നും കരുതാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍