'സരസ സാമദാനഭേദദണ്ഡ ചതുര...'

ലേഖനം: 99

ചതുരുപായങ്ങള്‍

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

വാഗ്ഗേയകാരന്‍ സദ്ഗുരു ത്യാഗരാജസ്വാമികള്‍ എഴുതിയ ഒരു പ്രശസ്ത കീര്‍ത്തനത്തിന്റെ പല്ലവിയാണ് ശീര്‍ഷകമായി മുകളില്‍ ചേര്‍ത്തിരിക്കുന്നത്. കര്‍ണാടകസംഗീത രസികര്‍ നെഞ്ചേറ്റുന്ന മധുരകോമളമായ വിഭവമാണത്. അപൂര്‍വ്വരാഗമായ 'കാപിനാരായണി'യില്‍ എഴുതപ്പെട്ട പ്രസ്തുത രചനയില്‍ ചതുരുപായങ്ങളും സാരസ്യത്തോടെ പ്രയോഗിക്കുന്നതില്‍ ചതുരനാണ് ഭഗവാന്‍ ശ്രീരാമചന്ദ്രനെന്ന് സ്തുതിക്കപ്പെടുന്നു. തരം പോലെ, തക്കം പോലെ, ചതുരുപായങ്ങളും അദ്ദേഹം പ്രയോഗിച്ചത് രാമായണ കഥാസന്ദര്‍ഭങ്ങളിലൂടെ ത്യാഗരാജന്‍ എടുത്തു കാട്ടുകയാണ്. മധുരൈ മണി അയ്യരില്‍ തുടങ്ങി പോയതലമുറയിലെ ഗായകരും സഞ്ജയ് സുബ്രഹ്മണ്യം, ശ്രീവത്സന്‍ തുടങ്ങിയ നമ്മുടെ തലമുറയിലെ ഗായകരും ആ ഗാനത്തിന്റെ ഭാവാര്‍ത്ഥം ഉള്‍ക്കൊണ്ട് നടത്തിയിട്ടുള്ള / നടത്തുന്ന ആലാപനങ്ങള്‍ ഹൃദയത്തെയും ആത്മാവിനെയും നിര്‍വ്യാജം സ്പര്‍ശിക്കുന്നതാണ്.

ചതുരുപായങ്ങള്‍ എന്നത് സാമം, ദാനം, ഭേദം, ദണ്ഡം എന്നിവയാണ്. കാര്യസാദ്ധ്യത്തിന് സ്വീകരിക്കുന്ന പോംവഴികളാണ് ഇവ നാലും. 'ഇവയില്‍ ഏത് പ്രയോഗിച്ചാലാണ് എനിക്ക് കാര്യം നേടാനാവുന്നത്?' എന്ന് പൃച്ഛകന്‍ ചോദിക്കുമ്പോള്‍ ദൈവജ്ഞന്‍ പ്രശ്‌നത്തെ, പ്രശ്‌നാ രൂഢത്തെ മുന്‍നിര്‍ത്തി ഉത്തരം നല്‍കുന്നു. എങ്ങനെ അത് കണ്ടെത്തുമെന്നും എന്താവും ഉത്തരമെന്നും നമുക്ക് നോക്കാം. പ്രശ്‌നമാര്‍ഗം പതിനാറാം അദ്ധ്യായത്തിലെ പന്ത്രണ്ടാം ശ്ലോകമാണ് ഇതിനവലംബം.  

'സാമ്‌നോ ജീവസ്സഭൃഗു തനയോ ദണ്ഡനാഥൗ കുജാര്‍ക്കൗ / ദാനസ്യേന്ദുശ്ശിഖിയമ ബുധാ: സാസുരാ ഭേദ നാഥാ: / വീര്യോ പോതൈരുപചയ ഗതെര്‍ല്ലഗ്‌നഗൈ: കേന്ദ്ര ഗൈര്‍വാ / തത്തല്‍ സിദ്ധിം വ്രജതി തദഹ: സ്വാംശകേ വാപി തേഷാം ഇതി'. 

ആശയത്തിലേക്ക് കടക്കാം. ചതുരുപായങ്ങളില്‍ ഏത് പ്രയോഗിച്ചാല്‍ കാര്യപ്രാപ്തിയുണ്ടാകുമെന്നതാണല്ലോ അന്വേഷണം. വ്യാഴവും ശുക്രനും സാമോപായത്തിന്റെ കാരകന്മാരാണ്. ചന്ദ്രന്‍ ദാനത്തിന്റെ കാരകന്‍. ബുധനും ശനിയും രാഹുകേതുക്കളും ഭേദത്തിന്റെയും സൂര്യനും ചൊവ്വയും ദണ്ഡത്തിന്റെയും കാരകന്മാരാണ്. ഇവരില്‍ ഏതുഗ്രഹമാണോ പ്രശ്‌നലഗ്‌നം അഥവാ ആരൂഢം, കേന്ദ്രഭാവങ്ങള്‍ (1,4,7,10 ), ഉപചയം (3,6,10,11) എന്നിവയില്‍ ഏറ്റവും പ്രബലനായി നില്‍ക്കുന്നത് പ്രസ്തുത ഗ്രഹത്തിന് പറഞ്ഞിരിക്കുന്ന ഉപായം - സാമദാനഭേദദണ്ഡങ്ങളില്‍ ഒന്ന് - കാര്യസാധ്യത്തിന് ഉതകും.   

എപ്പോഴാണ് ഈ ഉപായം പ്രയോഗിക്കേണ്ടത് എന്ന ചോദ്യത്തിനും ശ്ലോകം ഉത്തരം തരുന്നുണ്ട്. പ്രസ്തുതഗ്രഹത്തിന്റെ ആഴ്ച, ആ ദിവസത്തിലെ കാലഹോര എന്നിവയില്‍ ഉപായം ഫലം കാണും. രാഹുവിന് ശനിയാഴ്ചയും കേതുവിന് ചൊവ്വാഴ്ചയുമാണ് സങ്കല്പിച്ചിട്ടുള്ളത് എന്നും കൂടി ഓര്‍മ്മിക്കാം. 

തന്റെ മകനെ അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരമ്മയുടെ സമീപനങ്ങള്‍ വേണമെങ്കില്‍ ഇവിടെ ലഘുത്വമുളള ഒരുദാഹരണമായി കൈക്കൊള്ളാം. കടയില്‍ പോയി സാധനസാമഗ്രികള്‍ വാങ്ങിവരാന്‍ വിസമ്മതിക്കുന്ന മകനോട് ആദ്യം അമ്മ നല്ലവാക്കുകള്‍ പറയും. അതാണ് സാമം. അത് കേള്‍ക്കുന്നില്ലെങ്കിലോ? പോയിവന്നാല്‍ മിഠായിക്കോ പലഹാരത്തിനോ പണം നല്‍കാം എന്നുപറയും. അതാണ് ദാനം. അതും കേട്ടില്ലെങ്കില്‍ അച്ഛന്‍ വരുമ്പോള്‍ പറഞ്ഞു കൊടുക്കും എന്നത് ഭേദം. ഒന്നിലും കേള്‍ക്കാതെ വരുമ്പോള്‍ 'ചൂരല്‍പ്പഴം' സമ്മാനിക്കുമല്ലോ? അതുതന്നെയാണ് ദണ്ഡം.   

എത്ര ആറ്റിക്കുറുക്കി നോക്കിയാലും മനുഷ്യ കഥയല്ലാത്തതൊന്നും പ്രശ്‌നത്തിലാകട്ടെ, ജാതകത്തിലാകട്ടെ, ജ്യോതിഷത്തില്‍ കാണുകയില്ല. അടിമുടി അതൊരു മനുഷ്യേതിഹാസം തന്നെയാണ്....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍