മഹാഭാഗ്യയോഗം നിങ്ങളുടെ ജാതകത്തില്‍ ഉണ്ടോ?
ലേഖനം: 90
നല്ലതും ചീത്തയുമായ ഫലങ്ങള്‍ സമ്മാനിക്കുന്ന നിരവധി യോഗങ്ങളുണ്ട്, ജ്യോതിഷത്തില്‍. അവയില്‍ പലതും സുപരിചിതമാണ്, സാധാരണക്കാര്‍ക്ക് പോലും. ഗജകേസരിയോഗം, നിപുണ യോഗം, മഹാപുരുഷയോഗം, നീചഭംഗരാജയോഗം, കേമദ്രുമയോഗം, ശകടയോഗം, ദാരിദ്ര്യയോഗം എന്നിങ്ങനെയുള്ള പേരുകള്‍ ഒരുപക്ഷേ മിക്കവരും കേട്ടിട്ടുണ്ടാവും.
സമുന്നത ഫലങ്ങള്‍ അരുളുന്ന ഒരു വിശിഷ്ടയോഗമാണ് മഹാഭാഗ്യയോഗം. പൊതുവേ മനുഷ്യന് ഭൗതികജീവിതത്തില്‍ വേണ്ടുന്ന കാര്യങ്ങളെല്ലാം ഈ യോഗമുള്ള വ്യക്തിക്ക് അനുഭവസിദ്ധമാകും എന്ന് പറയപ്പെടുന്നു. ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുകയും ചെയ്യും. കുടുംബ മഹിമ, വിദ്യാഭ്യാസം, ജോലി, സാമ്പത്തികോന്നതി, വിവാഹം, ദാമ്പത്യസൗഖ്യം, സന്താനഭാഗ്യം, ഭൂമിലാഭം, കീര്‍ത്തി, ശത്രുവിജയം, ആരോഗ്യപുഷ്ടി, ദീര്‍ഘായുസ്സ് എന്നിങ്ങനെ നാം ജീവിതവിജയത്തിന്റെ അടയാളങ്ങളായി പറയുന്നവ കഴിവിനനുസരിച്ചോ അതിലധികമായോ മഹാഭാഗ്യയോഗത്തില്‍ ജനിച്ച വ്യക്തിക്ക് കൈവരുമെന്ന് പ്രമാണഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു.
കൗതുകമുള്ള ഒരു കാര്യം, മഹാഭാഗ്യയോഗത്തിന്റെ ലക്ഷണം പറഞ്ഞിരിക്കുന്നത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും രണ്ടു തരത്തിലാണെന്നാണ്. അതിലേക്ക് കടക്കാം.
പുരുഷന്മാര്‍ക്ക് ഈ യോഗം സംഭവിക്കണമെങ്കില്‍ അവരുടെ ജനനം പകലായിരിക്കണം. എന്നുവെച്ചാല്‍ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഉള്ളില്‍. അതാണ് ആദ്യ നിബന്ധന. സൂര്യനും ചന്ദ്രനും ലഗ്‌നവും ഓജരാശികളിലായിരിക്കണം. രണ്ടാമത്തെ നിബന്ധന അതാണ്. അതായത് മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ആറ് രാശികളില്‍. സൂര്യന്‍ മേല്പറഞ്ഞ മലയാള മാസങ്ങളില്‍ ആയിരിക്കുമല്ലോ ഈ ആറുരാശികളില്‍ സഞ്ചരിക്കുക. ഉദാഹരണത്തിന് മേടമാസം എന്നാല്‍ സൂര്യന്‍ മേടരാശിയിലൂടെ കടന്നുപോകുന്ന കാലമെന്നാണ് ആശയം. അപ്പോള്‍ ഈ ആറു മാസങ്ങളില്‍ പകല്‍ ജനിക്കുന്ന പുരുഷന് മാത്രമേ മഹാഭാഗ്യയോഗം ഭവിക്കൂ! അയാളുടെ ലഗ്‌നവും ഈ ആറുരാശികളിലൊന്നാകണം. ഇനി ചന്ദ്രനെ സംബന്ധിച്ച വിശദീകരണമാണ്. അതിലേക്ക് കടക്കാം.
ഒരു വ്യക്തിയുടെ ജനനവേളയില്‍ ചന്ദ്രന്‍ കടന്നുപോകുന്ന നക്ഷത്രമണ്ഡലത്തെയാണല്ലോ വ്യക്തിയുടെ ജന്മനക്ഷത്രമായി കണക്കാക്കുക. ആ നക്ഷത്രം ഉള്‍പ്പെടുന്ന രാശി/കൂറ് മേല്പറഞ്ഞ ആറ് രാശികളിലൊന്നാവുകയും വേണം. അതായത് ഓജരാശികള്‍. അയാള്‍ മേടക്കൂറുകാരനോ മിഥുനക്കൂറുകാരനോ ചിങ്ങക്കൂറുകാരനോ തുലാക്കൂറുകാരനോ ധനുക്കൂറുകാരനോ കുംഭക്കൂറുകാരനോ ആയിരിക്കണം എന്ന് സാരം.
ഒരു വ്യവസ്ഥ കൂടിയുണ്ട്, പക്ഷേ അത് പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കവിഷയമാണ്. പുരുഷ നക്ഷത്രത്തിലായിരിക്കുകയും വേണം ജനനം എന്നതാണ് ആ വ്യവസ്ഥ. അശ്വതി, ഭരണി, പൂയം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പൂരുരുട്ടാതി എന്നിവ പതിന്നാലുമാണ് പുരുഷനക്ഷത്രങ്ങള്‍.
മഹാഭാഗ്യയോഗം സ്ത്രീകള്‍ക്ക് വരണമെങ്കില്‍ ഈ വ്യവസ്ഥയുടെ വിപരീതത്തിലാവണം എല്ലാം. ജനനം രാത്രിയില്‍- സൂര്യാസ്തമയശേഷവും സൂര്യോദയത്തിന് മുന്‍പും. ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ യുഗ്മരാശികളിലാവണം സൂര്യനും ചന്ദ്രനും ലഗ്‌നവും. എന്നുവെച്ചാല്‍ ജനനം മേല്പറയപ്പെട്ട ആറ് മലയാള മാസങ്ങളില്‍ ആവണം. ആ ആറ് രാശികളാവണം ജന്മനക്ഷത്രം ഉള്‍പ്പെടുന്ന ജന്മരാശി അഥവാ കൂറ്. ലഗ്‌നവും അവയിലൊന്നാവണം. സ്ത്രീ നക്ഷത്രങ്ങള്‍ എന്നു പറയുന്നത് കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂരം, അത്തം, ചിത്തിര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ പതിമ്മൂന്ന് നക്ഷത്രങ്ങളെയാണ്.
ഇപ്പോള്‍ വ്യക്തമായിട്ടുണ്ടാവും മഹാഭാഗ്യയോഗത്തില്‍ ജനിക്കുക അത്ര എളുപ്പമല്ലെന്ന്! എന്നാലും കുറഞ്ഞത് നൂറില്‍ നാലോ അഞ്ചോ പേരെന്ന അനുപാതത്തില്‍ മഹാഭാഗ്യയോഗക്കാര്‍ ഉണ്ടാവാതെ വയ്യ! ലോകം ഭാഗ്യവാന്മാര്‍ക്കും ഭാഗ്യവതികള്‍ക്കും വേണ്ടിക്കൂടി ഉള്ളതാണല്ലോ?
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ