ദീപത്തില്‍ തെളിയും അനുഭവസത്യങ്ങള്‍

ലേഖനം: 96

ദീപലക്ഷണം

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഈശ്വരന്റെ നിശ്ചയവും നിയോഗവും എന്തെന്നറിയാന്‍ ദൈവജ്ഞന്‍ ദീപത്തെയും ഉപാധിയാക്കുന്നു. 'ദീപലക്ഷണം' എന്നാണ് ഇതിന്റെ സാങ്കേതിക ഭാഷ. അഗ്‌നിസാക്ഷികമാണ് ഭാരതീയരുടെ സുപ്രധാന കര്‍മ്മങ്ങളെല്ലാം. സ്വാഭാവികമായും ദേവപ്രശ്‌നാദികളിലും അത് സാക്ഷാല്ക്കരിക്കപ്പെടുന്നുണ്ട്.   

'സര്‍വ്വപ്രശ്‌നേഷു സര്‍വ്വേഷു / കര്‍മ്മസ്വപി വിശേഷത: / പ്രസാദേനൈവദീപസ്യ / ഭവിഷ്യച്ഛുഭമാദിശേല്‍' - സര്‍വ്വപ്രശ്‌നങ്ങളിലും സര്‍വ്വകര്‍മ്മങ്ങളിലും ദീപത്തിന്റെ പ്രകാശത്തെ മുന്‍നിര്‍ത്തി ഭാവികാലം ശുഭമാണെന്ന് പറയാം. വിളിക്കിന്റെ തെളിച്ചക്കുറവാകട്ടെ ഭാവികാലം ഇരുണ്ടതാണെന്ന് സൂചിപ്പിക്കുകയുമാണ്. 

'വാമാവര്‍ത്തോ മലിന കിരണ; സസ്ഫുലിംഗോfല്പ - മൂര്‍ത്തി: /  ക്ഷിപ്രംനാശം വ്രജതി വിമലസ്‌നേഹവര്‍ത്യന്വിതോfപി /   
ദീപ: പാപം കഥയതി ഫലം ശബ്ദവാന്‍ വേപനശ്ച / വ്യാകീര്‍ണ്ണാച്ചി- സ്സപുനരസകൃദ്യശ്ച നാശം പ്രയാതി'.  

സാരം:- പ്രശ്‌നവേളയില്‍ ദീപം ഇടത്തോട്ട് ചുഴിഞ്ഞു കത്തുന്നത് നന്നല്ല. ജ്വാല എന്നത് ആയുസ്സിനെ സൂചിപ്പിക്കുന്നതാണ്. അതിനാല്‍ അതിന്റെ പൊരിച്ചിലും മറ്റും ആയുര്‍ ദോഷത്തെ കുറിക്കുന്നു. എണ്ണ ആവശ്യത്തിനുണ്ട്, തിരിയുണ്ട് എന്നിരിക്കെ വിളക്കണയുന്നത് അശുഭകരമാണ്. ശബ്ദമുണ്ടാക്കി കത്തുക, ജ്വാലയ്ക്ക് ചാഞ്ചല്യം വരിക, വീണ്ടും വീണ്ടും കത്തിക്കേണ്ടി വരിക തുടങ്ങിയവയും ദുര്‍നിമിത്തങ്ങളാണ്.   

വിറയലോ ശബ്ദമോ കൂടാതെ, തേജോമയമായി, വലത്ത് ചുഴിയായി, സ്വര്‍ണം, വൈഡൂര്യം ഇതുകളുടെ പ്രകാശത്തോടെ ജ്വലിക്കുന്ന ദീപം സര്‍വ്വൈശ്വര്യകരമാണ്. ശാരീരികമായും ആത്മീയമായും പുച്ഛകന് (പ്രശ്‌നം അറിയേണ്ടുന്ന ആളിന്) തെളിഞ്ഞ ഭാവികാലം ഉണ്ടാവുമെന്ന് ദീപലക്ഷണം വ്യക്തമാക്കുന്നു.   

ദീപത്തെ മുന്‍നിര്‍ത്തി ഇനിയും ചില ചിന്തകളുണ്ട്. ദീപത്തില്‍ ഒഴിച്ചിട്ടുള്ള എണ്ണകൊണ്ട് പ്രഷ്ടാവിന്റെ ശരീരസ്ഥിതി അറിയാം. അത് മലിനമെങ്കില്‍ അയാളുടെ ആരോഗ്യസ്ഥിതി നല്ലതല്ലെന്നും അത് ശുദ്ധമാണെങ്കില്‍ അയാളുടെ ആരോഗ്യസ്ഥിതി മെച്ചമാണെന്നും വ്യക്തമാകുന്നു.   

വിളക്കിലെ തിരി ആത്മശക്തിയെ ദ്യോതിപ്പിക്കുന്നു. തിരിക്ക് പൂര്‍ണതയും ശുദ്ധിയുമുണ്ടെങ്കില്‍ അയാളുടെ ആത്മശക്തി ദൃഢമാണെന്ന് പറയാം. തിരി ദുര്‍ബലവും അശുദ്ധവുമാണെങ്കില്‍ മറിച്ചും. ജ്വാല ആയുസ്സിനെ സൂചിപ്പിക്കുന്നു. തെളിഞ്ഞ ജ്വാല സംശയമില്ല, ദീര്‍ഘായുസ്സിനെയാണ് അഭിവ്യക്തമാക്കുന്നത്. ഇളകിയാടുന്ന നാളം ക്ഷീണായുസ്സിനെ, അയാളുടെ ആയുരാരോഗ്യാദികള്‍ നേരിടുന്ന വെല്ലുവിളികളെ കുറിക്കുകയാണ്.   

ജ്വാല കിഴക്കോട്ട് ചരിഞ്ഞിട്ടാണെങ്കില്‍ അഭീഷ്ടസിദ്ധിയുണ്ടാകും. അഗ്നികോണിലോട്ട് ചരിഞ്ഞാല്‍ അഗ്‌നിഭയം, തെക്കോട്ട് ചരിഞ്ഞാല്‍ മരണവും, തെക്ക് പടിഞ്ഞാറോട്ടായാല്‍ ജാഡ്യവും, പടിഞ്ഞാറോട്ടായാല്‍ രോഗമുക്തിയും, വായുകോണിലോട്ടായാല്‍ ശൂന്യതയും വടക്കോട്ടായാല്‍ ആരോഗ്യവും ഈശാനകോണിലോട്ടായാല്‍ ശ്രേയസ്സും ഫലം.   

ദീപനാളം ഊര്‍ദ്ധ്വമായിരുന്നാല്‍, മുകളിലോട്ടായിരുന്നാല്‍ രോഗശാന്തി, ദേഹസൗഖ്യം മുതലായവ ഭവിക്കും. നിരന്തരമായ കാറ്റടിച്ച് ജ്വാല ഇളകിയാടികൊണ്ടിരിക്കുകയാണ് എങ്കില്‍ തന്റെ വളര്‍ച്ചയെ, ഉയര്‍ച്ചയെ തടയുന്ന ശത്രുക്കളുണ്ടെന്ന് വ്യക്തമാണ്. പ്രകാശം പരക്കാന്‍ ഉതകുന്ന ഇളംകാറ്റടിച്ചാല്‍ ബന്ധുക്കളുടെ സഹായവും പിന്തുണയും ഉണ്ടെന്ന് ഊഹിക്കാം. എണ്ണ, തിരി, ജ്വാല ഇവയ്‌ക്കെല്ലാം ആധാരമായ വിളക്കിന്റെ പാത്രം പ്രഷ്ടാവിന്റെ ഭവനത്തെ സൂചിപ്പിക്കുന്നു. എണ്ണ ചോരുന്നതാകട്ടെ ആ വീട്ടില്‍ മൃത്യുദുഃഖം തുടരെയുണ്ടാകുന്നുവെന്നതിന്റെ ലക്ഷണവുമാണ്.    

ജ്യോതിഷത്തില്‍ സ്ഥാവരവും ജംഗമവും, സചേതനവും അചേതനവും, എല്ലാം, ശക്തമായ പ്രതീകങ്ങളാണ്. ആ നിലയ്ക്ക് പ്രതീകങ്ങളുടെ കല കൂടിയാണ്, രീതിശാസ്ത്രം കൂടിയാണ് ജ്യോതിഷം എന്ന്  'ദീപലക്ഷണം' സാക്ഷ്യപ്പെടുത്തുന്നു. പ്രശ്‌നാരംഭവേളയിലും തുടര്‍വേളകളിലും ഇതുപോലെ ഏറെ നിമിത്തങ്ങള്‍ ദൈവജ്ഞന്റെ കണ്‍വെട്ടത്തില്‍ സംഭവിക്കുന്നു. അവയുടെ പ്രാധാന്യവും, അവ പകര്‍ന്നു തരുന്ന വിലയേറിയ അറിവുകളും വായിച്ചെടുക്കുന്നതിലാണ് ഒരു ദൈവജ്ഞന്റെ ദൈവികത കുടികൊള്ളുന്നത്.  

(ഈ ലേഖകന്റെ 'ജ്യോതിഷ ഗുരുനാഥന്‍' എന്ന ഗ്രന്ഥത്തില്‍ ഇത്തരം കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍