ഭാവഫലത്തിന്റെ ചമല്‍ക്കാരങ്ങള്‍



എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്

'നാരായണീയം' എന്ന വിശ്രുത ഭക്തികാവ്യത്തിന്റെ രചയിതാവായ മേല്പത്തൂര്‍ നാരായണ ഭട്ടതിരി രചിച്ചതായി വിശ്വസിക്കപ്പെടുന്ന ജ്യോതിഷഗ്രന്ഥമാണ് 'ചമല്‍ക്കാര ചിന്താമണി'. 'നാരായണന്‍ എന്ന് പേരായ ഞാന്‍ രാധാസമേതനും പീതപട്ടാംബരം ധരിച്ചവനും മിന്നല്‍പ്പിണരുകള്‍ നിറഞ്ഞ മേഘത്തിന്റെ നിറമൊത്തവനുമായ ശ്രീകൃഷ്ണനെ വന്ദിച്ചു കൊണ്ട് 'ചമല്‍ക്കാര ചിന്താമണി' എന്ന് പേരായ ഗ്രന്ഥം ആരംഭിക്കുന്നു' എന്നിങ്ങനെയാണ് ആരംഭപദ്യം. പക്ഷേ മേല്പത്തൂര്‍ എന്ന വാക്ക് ഗ്രന്ഥത്തില്‍ എവിടെയുമില്ല. 'കേരള സാഹിത്യ ചരിത്ര'ത്തില്‍ (രണ്ടാം വോള്യം) മഹാകവി ഉള്ളൂര്‍ മേല്പത്തൂരിന്റെ നാനാ മേഖലകളിലേക്ക് പടര്‍ന്നു കിടക്കുന്ന സാഹിത്യ സംഭാവനകളെ വിലയിരുത്തുന്നുണ്ട്. നാരായണീയം, ശ്രീപാദസപ്തശതി തുടങ്ങിയ ഭക്തിഗ്രന്ഥങ്ങള്‍ മാത്രമല്ല ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട ധാരാളം ഗ്രന്ഥങ്ങളും ഇതര കാവ്യങ്ങളും അദ്ദേഹം രചിച്ചതായി ഉള്ളൂര്‍ വ്യക്തമാക്കുന്നു. പക്ഷേ 'ചമല്‍ക്കാരചിന്താമണി' യുടെ പേര് അദ്ദേഹം പരാമര്‍ശിക്കുന്നില്ല എന്നാണ് എന്റെ ഓര്‍മ്മ. എന്നാല്‍ നാരായണ ഭട്ടാചാര്യര്‍, നാരായണ ഭട്ടപാദര്‍ എന്നീ പേരുകളെ മേല്പത്തൂര്‍ തന്നെയായി കരുതുകയാണ് പല ആചാര്യന്മാരും. അത് ശരിയാവാം. ഗ്രന്ഥത്തിലെ ഭാഷ നോക്കിയാല്‍ നാരായണീയത്തിന്റെ പ്രൗഡോജ്ജ്വലതയുടെ മണിമുഴക്കം ചമല്‍ക്കാര ചിന്താമണിയിലും മുഴങ്ങുന്നുണ്ട്. ഇതിലെ രണ്ടാം പദ്യം ചേര്‍ക്കുന്നു. ശ്രീകൃഷ്ണ ധ്യാനമാണ്.   

'ക്വണല്‍ കിങ്കിണീജാല കോലാഹലാഢ്യം / ലസല്‍ പീതവാസോ വസാനം ചലന്തം / യശോദാങ്കണേ യോഗിനാമപ്യഗമ്യം / 
ഭജേഹം മുകുന്ദം ഘനശ്യാമവര്‍ണ്ണം'.
  

നാല് പ്രാരംഭ പദ്യങ്ങളും വിഷയ സംബന്ധിയായ നൂറ്റിയെട്ട് ശ്ലോകങ്ങളും (109), ഒരു ഉപസംഹാര ശ്ലോകവുമാണുള്ളത്. ഭുജംഗപ്രയാതം എന്ന വൃത്തത്തിലാണ് എല്ലാ പദ്യങ്ങളും രചിച്ചിരിക്കുന്നത്. ഈ വൃത്തത്തില്‍ പ്രായേണ പന്ത്രണ്ടക്ഷരങ്ങള്‍ ഒരു വരിയില്‍ വരും.    

ബൃഹജ്ജാതകം എന്ന പ്രാചീന ഗ്രന്ഥത്തിലെ ആശയങ്ങള്‍ ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. നവഗ്രഹങ്ങള്‍ പന്ത്രണ്ട് ഭാവങ്ങളില്‍ നിന്നാലുള്ള ഫലങ്ങളാണ് ഇതിലെ ഉള്ളടക്കം. ഓരോ ഗ്രഹത്തിനും പന്ത്രണ്ട് ശ്ലോകങ്ങള്‍, ഒരു ഭാവത്തിന് ഒരു ശ്ലോകം എന്നതാണ് രീതി. സൂര്യനില്‍ തുടങ്ങി കേതുവില്‍ അവസാനിക്കുന്നു. രാഹുകേതുക്കളുടെ  ഭാവഫലങ്ങള്‍ ഇത്ര വിശദമായി അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിരീക്ഷണങ്ങളെല്ലാം മര്‍മ്മസ്പര്‍ശികളാണ്. ഭാഷ അലങ്കാര സമൃദ്ധമാണ്, അതിനാല്‍ തന്നെ ചമല്‍ക്കാരപൂര്‍ണവും.  

ഈ സംസ്‌കൃത ഗ്രന്ഥത്തിന് പണ്ഡിതരത്‌നം പുന്നശ്ശേരി നീലകണ്ഠശര്‍മ്മ ഗംഭീരമായ വ്യാഖ്യാനം തയ്യാറാക്കിയിട്ടുണ്ട്. അതാണ് എത്രയോ കാലമായി വിദ്യാര്‍ത്ഥികള്‍ അവലംബിച്ചു പോരുന്നത്. രവിഭാവഫലത്തിലെ ഒന്നാം ശ്ലോകം  ഉദാഹരണമായി നോക്കാം.   

'തനുസ്ഥേ രവിസ് തുംഗയഷ്ടിം വിധത്തേ /  
മന: സന്തപേദ്ദാര ദായാദവര്‍ഗ്ഗാല്‍ /  
വപു: പീഡ്യതേ വാതപിത്തേന നിത്യം /  
സ വൈ പര്യടല്‍ ഹ്രാസ വൃദ്ധീ പ്രയാതി'

       പുന്നശ്ശേരിയുടെ വ്യാഖ്യാനം നോക്കാം. 'ആദിത്യന്‍ ലഗ്‌നത്തില്‍ നിന്നാല്‍ ഉയര്‍ച്ചയുള്ള യഷ്ടിയെ ചെയ്യുന്നു. എന്നാല്‍ വളരെ എകരമുള്ള ഒരു ദണ്ഡത്തെപ്പോലെയാക്കി ചെയ്യും. ശൗര്യഗുണം കൊണ്ട് പ്രഖ്യാതിയുള്ളവനായി വരും. ഗര്‍വം കൊണ്ട് അഹംഭാവിയായി തീരും. അഥവാ കണ്ണിന് അസ്വാസ്ഥ്യം സംഭവിച്ച് അതുനിമിത്തം താനേ നടക്കാന്‍ വയ്യാതെ വലിയ വടി എടുത്തു നടക്കേണ്ടിവരും. അല്ലെങ്കില്‍ മനസ്സില്‍ ആര്‍ദ്രതയില്ലാതെ വലിയ കഠിന സ്വഭാവനായിത്തീരും. വരാഹമിഹിരാചാര്യന്‍ ബൃഹജ്ജാതകത്തില്‍ 'ശൂരസ്തബ്ധോ വികലനയനോ നിര്‍ഘൃണോര്‍ക്കേ തനുസ്ഥേ' എന്നിങ്ങനെ പറഞ്ഞിരിക്കുന്ന നാലുഫലങ്ങളേയും ഈ വാക്യം കൊണ്ട് സംഗ്രഹിച്ചിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്‍ക'.   

ഇങ്ങനെ ശ്ലോകം ഗംഭീരമായി പുരോഗമിക്കുന്നു; അതേ രുചിപ്രതാപത്തോടെ പുന്നശ്ശേരിയുടെ വ്യാഖ്യാനവും വികസിക്കുന്നു.   

സമര്‍പ്പണത്തോടെ ജ്യോതിഷം പഠിക്കുന്നവര്‍ക്ക് ഉത്തമമായ വഴി കാട്ടിയാണ് 'ചമല്‍ക്കാര ചിന്താമണി' എന്ന ഈ ഉദ്ദീപ്ത ഗ്രന്ഥം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി