സൂര്യന്റെ കാരകധര്‍മ്മങ്ങള്‍


എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

നിരന്തരം ഉപയോഗിക്കപ്പെടുന്ന ഒരു ജ്യോതിഷപദം അഥവാ സംജ്ഞയാണ് കാരകന്‍ എന്നത്. പ്രതീകം, സൂചകം, പ്രതിനിധി, വകുപ്പ്, ഉടമ എന്നിങ്ങനെ പലതലമുണ്ട് കാരകന്‍ എന്ന വാക്കിന്. സൂര്യന്റെ കാരകധര്‍മ്മങ്ങള്‍ എന്നുവെച്ചാല്‍ സൂര്യന്‍ വ്യക്തമാക്കിത്തരുന്ന, സൂര്യന്‍ പ്രതിനിധാനം ചെയ്യുന്ന, സൂര്യനെക്കൊണ്ട് ചിന്തിക്കുന്ന, സൂര്യനാല്‍ മനസ്സിലാക്കപ്പെടുന്ന കാര്യങ്ങള്‍ എന്ന നിര്‍വചനം കുറച്ചൊക്കെ കൃത്യമാണ്.   

പ്രപഞ്ചത്തില്‍ ഉള്ള ചെറുതും വലുതുമായ എല്ലാ വസ്തുക്കളെയും ഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന രീതി ജ്യോതിഷത്തിന്റെ അടിസ്ഥാനതത്ത്വമാണ്. അവയില്‍ സ്ഥാവരങ്ങളും ജംഗമങ്ങളും സചേതനങ്ങളും അചേതനങ്ങളും ഉള്‍പ്പെടും. 'പുല്‍ക്കൊടിതൊട്ട് പൂര്‍വ്വാചലംവരെ' എന്ന പഴയശൈലിയില്‍ പറഞ്ഞാലും തെറ്റില്ല. അപ്പോള്‍ മനുഷ്യനും, എന്തിന് ദൈവങ്ങളും ആ പരിഗണനയില്‍ വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.    

ഓരോ ഗ്രഹത്തിന്റെയും കാരകധര്‍മ്മങ്ങള്‍ വളരെ സംക്ഷേപിച്ചും വിസ്തരിച്ചും പ്രാചീന പ്രാമാണിക ഗ്രന്ഥങ്ങളില്‍ വായിക്കാം. ഗ്രഹകാരകധര്‍മ്മങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുള്ള ഒരു പഴയ സംസ്‌കൃത ഗ്രന്ഥമാണ് 'ഉത്തരകാലാമൃതം'. അതില്‍ എഴുപതിലധികം സൂര്യകാരക ധര്‍മ്മങ്ങള്‍ വായിക്കാം. (ശ്ലോകം തല്‍ക്കാലം വിടുന്നു)        

1. ആത്മാവ്. 2.ശരീരശക്തി 3. അതി തീക്ഷ്ണത 4. കോട്ടകള്‍ 5. ബലം 6. ഉഷ്ണം 7.സ്വാധീനത 8. അഗ്നി 9. ശിവപൂജ 10. ധൈര്യം 11. മുള്ളുള്ള വൃക്ഷങ്ങള്‍ 12.രാജാശ്രയം (സര്‍ക്കാര്‍ ജോലി) 13.എരിവ് 14. വാര്‍ധക്യം 15. ജന്തുക്കള്‍ 16.ദുഷ്ടത 17. ഭൂമി 18. അച്ഛന്‍ 19. സ്വാദ് 20.അറിവ് നേടല്‍ 21.ആകാശനിരീക്ഷണം 22. ഭീരുത്വം 23.മനുഷ്യലോകം 24 .ചതുരാകൃതി 25. എല്ല് 26. പരാക്രമം. 27. പുല്ല് 28. വയറ് 29. ഉത്സാഹം. 30. കാട്  31. അയനം (വഴി) 32. കണ്ണുകള്‍. 33. വനസഞ്ചാരം 34. നാല്‍ക്കാലി 35.രാജാവ് 36. യാത്ര 37. ചൂട്  38. വൃത്തം 39. വനയാത്ര  40. പെരുമാറ്റം 41. പിത്തം 42. പ്രാണന്‍ 43. നേത്രരോഗം 44. വൃക്ഷം 45.നൈര്‍മല്യം  46. രാജ്യാധിപത്യം 47. രോഗമുക്തി 48. സൗരാഷ്ട്രദേശം 49. ആഭരണം 50. ശിരോരോഗം 51. മുത്ത് 52. ആകാശാധിപത്യം 53. ഹ്രസ്വത 54. കിഴക്ക് 55. ചെമ്പ് 56. രക്തം 57. രാജ്യം 58. രക്തനിറവസ്ത്രം 59. ചുവന്ന രത്‌നം 60. കല്ല് 61. തുറന്നപെരുമാറ്റം 62. നദീതീരം 63. പത്മരാഗം 64. നട്ടുച്ച 65. മുഖം 66. കോപം 67.ശത്രുവിജയം 68. സാത്വികഗുണം 69. രക്തചന്ദനം 70. കാവിനിറം 71. തടിച്ചനൂല്‍ കൊണ്ടുള്ള വസ്ത്രം.   

മലയാളശ്ലോകം കൂടി വായിക്കാം.  

'അച്ഛനും ദേവനും രാജാ/വാത്മാവും പ്രാണനസ്ഥിയും / വൈദ്യം ജ്യോതിര്‍ ദിവാ/ ധൈര്യം പ്രതാപം രാജസേവയും / താമ്രം സുവര്‍ണം വിജയം/ ഹോമകാര്യങ്ങള്‍ പര്‍വ്വതം / ശിവകാര്യം വനം ശൗര്യം / ഉത്സാഹം ദേവതാഗൃഹം / നഖവും ദന്തവും ചര്‍മ്മം/ ഓജസ്സും നേത്രമുന്നതി/ ഗായത്രീമന്ത്രവും ശൈവ / തന്ത്രവും ശിവലിംഗവും / താപസന്മാര്‍ തപസ്ഥാനം / ഇതെല്ലാം സൂര്യനൊത്തിടും'  

(ജാതക ദര്‍പ്പണം).  

ഇവ കൂടാതെ രാഷ്ട്രീയം, വൈദ്യം, തലച്ചോര്‍, ഹൃദയം, ആമാശയം, ഭരണകൂടം, സമിതികള്‍, അവയുടെ നേതൃത്വം, താമരപ്പൂവ്, ഗോതമ്പ്, എരിക്ക്, പകല്‍, ജ്യോതിഷവിദ്യ, പുരുഷന്‍, പൗരുഷം, പുരുഷ മേധാവിത്വം, വീരരസം, ഭേദോപായം, ഗര്‍വ്വ്, തല ഉയര്‍ത്തി നടക്കുന്ന ശീലം, ഊര്‍ജതന്ത്രം, നയം, ചുവന്നകാള, കൂവളം, വേനല്‍, ഗ്രീഷ്മ ഋതു, കാട്ടുതീ, വ്യവസ്ഥയെ അനുസരിക്കല്‍, പിതാവിന്റെ തൊഴില്‍ ചെയ്യല്‍, അധികാരം, ചൂടുള്ള ഭക്ഷണം, രാജവഴി, രാജതന്ത്രങ്ങള്‍, രാഷ്ട്രമീമാംസ, കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയര്‍ - അങ്ങനെ നിത്യജീവിതത്തിലെ ഒരുപിടി കാര്യങ്ങള്‍കൂടി സൂര്യനെക്കൊണ്ട് ചിന്തിക്കാം. 

ഇതോടൊപ്പം ഭാവകാരകത്വവുമുണ്ട്,  ഓരോ ഗ്രഹത്തിനും. ലഗ്‌നഭാവത്തിന്റെ കാരകന്‍ സൂര്യനാണ്. വ്യക്തി, വ്യക്തിത്വം, ഓജസ്സ്, തേജസ്സ്, ആരോഗ്യം, കീര്‍ത്തി, ജയം എന്നിവ ലഗ്‌നം കൊണ്ട് ചിന്തിക്കുന്നു. കൂടാതെ പിതൃഭാവമായ ഒമ്പതാം ഭാവത്തിന്റെയും കര്‍മ്മഭാവമായ പത്താമെടത്തിന്റെയും ഭാഗിക കാരകത്വവും സൂര്യന്‍ വഹിക്കുന്നുണ്ട്.

ഓര്‍മ്മിക്കുക, ഇത് അര്‍ദ്ധവിരാമം മാത്രമാണ്. എല്ലാം പറയാനായിട്ടില്ല. കാലത്തിന്റെ മാറ്റവും പ്രപഞ്ച പരിണാമവും ദൈവജ്ഞന്റെ പരിഗണനയില്‍ വരണം. അപ്പോള്‍ യുക്തിപൂര്‍വം എന്തും അയാള്‍ക്ക് ഗ്രഹങ്ങളുടെ അധികാരത്തിനൊപ്പം കൂട്ടിച്ചേര്‍ക്കാനാവും. ജീവിതം അടിമുടി മാറി, ജ്യോതിഷം പഴഞ്ചനായല്ലോ? എന്ന തോന്നല്‍ ശരിയല്ല. സ്വയം നവീകരിക്കാനും കാര്യങ്ങളെ യുക്തിസഹമായി വ്യഖ്യാനിക്കാനും ഉള്ള കഴിവ് ദൈവജ്ഞന്‍ നേടിയെടുക്കുമ്പോള്‍ ഒന്നും കാലഹരണപ്പെടില്ല. അപ്പോള്‍ മാത്രമാണ് ദൈവജ്ഞനും ജ്യോതിഷവും ലോകവും സമന്വയത്തിലാവുക. ആ വേളയിലാണ്,  സഹവര്‍ത്തിത്വത്തോടെയും  തുല്യവേഗതയിലും തോളോട്‌തോള്‍ ചേര്‍ന്നും തന്നെയാണ് അവ സഞ്ചരിക്കുന്നതെന്ന് പറയാന്‍ കഴിയുന്നതും. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി