ദൈവജ്ഞ ലക്ഷണം
ലേഖനം: 92
ആരാണ് ദൈവജ്ഞന്‍? എന്ന ചോദ്യത്തിന് പലതരം നിര്‍വ്വചനങ്ങള്‍ കാണാം പ്രമാണഗ്രന്ഥങ്ങളില്‍. (അവയുടെയെല്ലാം കാതല്‍ ഏറെക്കുറെ ഒന്നുതന്നെയാണ്) അത്യുന്നതമായ ആദര്‍ശമാണ് ജ്യോതിഷശില്പികള്‍ അക്കാര്യത്തില്‍ പുലര്‍ത്തിയിരുന്നത്. എളുപ്പം ദുഷിച്ചു പോകാം, നേരാംവണ്ണം കൈകാര്യം ചെയ്തില്ലെങ്കില്‍ എന്നബോധ്യം അവര്‍ക്കുണ്ടായിരുന്നുവെന്ന് വിവിധഗ്രന്ഥങ്ങളിലെ നിര്‍വചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തമാകും.
'ദൈവത്തെ അറിയുന്നവന്‍' എന്നതാണല്ലോ 'ദൈവജ്ഞന്‍' എന്ന ആ ഉജ്ജ്വല പദത്തിന്റെ അര്‍ത്ഥം. അയാള്‍ മനുഷ്യനെയും ലോകത്തെയും കൂടി അറിയുന്നയാളാണ്; ആളാവണം. ആ നിലയ്ക്ക് ദൈവജ്ഞനെ 'മനുഷ്യജ്ഞന്‍' എന്നും 'ലോകജ്ഞന്‍' എന്നും വിളിക്കുന്നതില്‍ തെറ്റില്ല. സത്യത്തില്‍ ദൈവവും മനുഷ്യനും ലോകവും ചേര്‍ന്ന ഒരു ത്രികോണത്തിന്റെ മദ്ധ്യബിന്ദുവാണ് ഓരോ ജ്യോതിഷിയും. ('ജ്യൗതിഷി' എന്നതാണത്രെ ശരിക്കുള്ള പദം, അല്ലാതെ ജ്യോതിഷി എന്നതല്ല - ഇപ്രകാരം ഭാഷാജ്ഞാനികള്‍ വ്യക്തമാക്കുന്നു.) മുഹൂര്‍ത്തം നോക്കുന്നയാളെ 'മൗഹൂര്‍ത്തികന്‍,' പ്രശ്‌നം നോക്കുന്നയാളെ 'പ്രാശ്‌നികന്‍' എന്നിങ്ങനെയും സംബോധന ചെയ്യാറുണ്ട്. അതും ഇവിടെ സ്മരണീയം.
ജ്യോതിശാസ്ത്രം, ഗണിതം എന്നിവയില്‍ വിദഗ്ദ്ധനും സത്യം പറയുന്നവനും സാത്വികമായ ജീവിതം നയിക്കുന്നവനും ആയിരിക്കണം ദൈവജ്ഞനെന്ന് 'പ്രശ്‌നമാര്‍ഗം' വ്യക്തമാക്കുന്നു. സൂര്യാദിഗ്രഹങ്ങളെ പൂജിക്കാനുള്ള അറിവും അയാള്‍ നേടിയിരിക്കണം.
പ്രശസ്തമാണ് ഈ ശ്ലോകവും:
'അനേകഹോരാ തന്ത്ര(ത്ത്വ)ജ്ഞ: / പഞ്ചസിദ്ധാന്ത കോവിദ: / ഊഹാപോഹപടുര്‍ സിദ്ധ- / മന്ത്രോ ജാനാതി ജാതകം'
സാരം: 'ഒരു ദൈവജ്ഞന്‍, ഗര്‍ഗന്‍, മയന്‍, യവനന്‍, വരാഹമിഹിരന്‍, പരാശരന്‍ തുടങ്ങിയ ആചാര്യന്മാരാല്‍ നിര്‍മ്മിക്കപ്പെട്ട ജ്യോതിഷശാസ്ത്ര ഗ്രന്ഥങ്ങളില്‍ തികഞ്ഞ അവഗാഹം നേടിയിരിക്കണം. അയാള്‍ ബ്രാഹ്മം, സൗരം, വാസിഷ്ഠം, രൗമശം, പൗലിശം എന്നീ അഞ്ചു സിദ്ധാന്തങ്ങളും സുസൂക്ഷ്മം അറിഞ്ഞിരിക്കണം. മുന്നില്‍ വന്നിരിക്കുന്നയാളിന്റെ മനസ്സും വികാരവിചാരങ്ങളും ശരിയാംവണ്ണം ഊഹിക്കാനാവണം. അഥവാ ചോദ്യത്തിന്റെയും ചോദ്യകര്‍ത്താവിന്റെയും ആത്മരഹമ്പ്യങ്ങളിലേക്ക് കടക്കാനുള്ള പരഹൃദയജ്ഞാനം സ്വായത്തമായിരിക്കണം. ഗുരുമുഖത്തുനിന്നും ദീക്ഷയേറ്റ് തപസ്സിന് തുല്യമായ ഉപാസനയിലൂടെ ഇഷ്ടദൈവത്തെ ഭജിച്ച് മന്ത്രസിദ്ധിയും നേടിയിരിക്കണം.'
എത്ര വലിയ കാര്യങ്ങളാണ്, ഇവയെല്ലാം. എന്നാല്‍ ഇന്ന് ഏതാണ്ട് അസാധ്യം എന്ന് തോന്നുന്ന ഈ സിദ്ധിസാധനകള്‍ നമ്മുടെ നാട്ടിലെ പൂര്‍വ്വികരായ ദൈവജ്ഞര്‍ സ്വന്തമാക്കിയിരുന്നു എന്നതാണ് സത്യം!
ദൈവജ്ഞനെ ഇങ്ങനെയും നിര്‍വചിക്കാം. ഈ വിവരണം നോക്കുക: (ഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എഴുതിയ വാക്കുകളാണിത്) 'നമ്മള്‍ പറയുന്ന ചെറിയ വിവരങ്ങള്‍ കൊണ്ട്, ചെറിയപദങ്ങള്‍ കൊണ്ട്, ഒന്നോ രണ്ടോ വാക്യമോ അക്ഷരമോ കൊണ്ട് നമ്മുടെ ഭൂതവര്‍ത്തമാനഭാവികാലങ്ങളെ സുവ്യക്തമാക്കിത്തരുന്ന ഒരു പുതിയ മനുഷ്യനെയും അക്കാലം മുതല്‍ നാം പരിചയപ്പെട്ടു. അതൊരു പുത്തന്‍ താരോദയം തന്നെയായിരുന്നു. ആശാനെന്നും പണിക്കരെന്നും ഗണകനെന്നും വാമൊഴി വഴക്കത്തില്‍ വിളിക്കപ്പെടുന്ന ആ മനുഷ്യന്‍, തോമസ് ആല്‍വാ എഡിസന്റെ തലച്ചോറും കാളിദാസന്റെ ഭാവനയുമുളള ഒരു വ്യക്തിയായിരുന്നു. ചെറിയ ഒരു രാശിപ്പലകയും, അതില്‍ വരച്ച പന്ത്രണ്ട് കളങ്ങളും, അവയില്‍ അടയാളപ്പെടുത്തിയ ഗ്രഹങ്ങളുടെ ചുരുക്കെഴുത്തക്ഷരങ്ങളും, തുമ്പപ്പുപോലെ വെളുത്ത കവടികളും കൊണ്ട് ഈ മനുഷ്യന്‍ നമ്മള്‍ ഓരോരുത്തരുടേയും വേദനകളെ സംഹരിച്ച്, ഉല്‍ക്കണ്ഠകളെ ഉപശമിപ്പിച്ച്, ഭാവിയുടെ ഇരുള്‍മൂടിയ വഴിത്താരകളെ ദീപ്തിമത്താക്കി. ജ്യോതിഷവിജ്ഞാനത്തിന്റേതായ ഉരുക്കുപോലെ ഉറച്ച സിംഹാസത്തിലിരുന്നു കൊണ്ട് അയാള്‍ നവംനവങ്ങളായ മനുഷ്യേതിഹാസങ്ങള്‍ രചിച്ചു. അയാളോളം ജ്ഞാനിയായ, ഋഷിയായ, കവിയായ, സര്‍വ്വോപരി ഹൃദയാലുവായ മനുഷ്യകഥാനുഗായിയെ നാം മറ്റെങ്ങും കണ്ടിരുന്നില്ല.' (ജ്യോതിഷ ഗുരുനാഥന്‍)
ലളിതമാണ് ചുവടെ ചേര്‍ക്കുന്ന ശ്ലോകം. ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമായിരിക്കും
'ദൈവജ്ഞന്‍ നിത്യവും
പ്രാത:-/ കാലത്തങ്ങെഴുന്നേറ്റുടന്‍ /
ദേഹശോധനയും ചെയ്തു / സ്‌നാനവും ചെയ്തുകൊണ്ടുടന്‍ /
നിത്യമായുളള കര്‍മ്മങ്ങള്‍ / ചെയ്തു മന്ത്രജപാദിയും / പഞ്ചാംഗവും കണ്ടുകൊണ്ടു / ഗ്രഹാണാം ഗണനം പുന: / വിധിവല്‍ ചെയ്തു വന്ദിച്ചു / ഗുരുഭൂതനെയും തഥാ /
സ്വസ്ഥചിത്തനായിട്ടു വസിക്കേണമനന്തരം'. (പ്രശ്‌നരീതി)
'മാധവീയം' എന്ന ഗ്രന്ഥത്തിലെ ഒരാശയം കൂടി പങ്കുവെച്ചുകൊണ്ട് ഈ പ്രകരണം അവസാനിപ്പിക്കാം. 'ദേവന്മാരെ അര്‍ച്ചിച്ചതിനാലും മന്ത്രസിദ്ധിയാലും നക്ഷത്രാദികളായ സപ്താംഗങ്ങളുടെ ബലാബലം ഉള്‍ക്കൊണ്ടറിഞ്ഞതിനാലും വലിയ കഴിവ് സമാര്‍ജ്ജിച്ചവനാണ് ഒരു മൗഹൂര്‍ത്തികന്‍. അയാള്‍ മുഹൂര്‍ത്തത്തെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ ഋഷിമാരുടെ വാക്കുകള്‍ക്ക് തുല്യം സത്യമായിത്തീരുന്നതായിരിക്കും. അവ ഒരിക്കലും മിഥ്യയായിത്തീരുകയില്ല'
ആ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാനും പരിപാലിക്കാനും ജ്യോതിഷരംഗത്ത് പ്രവര്‍ത്തിക്കുന്നവരും പുതിയതായി കടന്നുവരുന്നവരും ബാധ്യസ്ഥരാണ്. ഇത് വിനീതമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ