ദീക്ഷിതരുടെ രചനകള്‍

ലേഖനം: 84

നവഗ്രഹ കീര്‍ത്തനങ്ങള്‍

എസ്. ശ്രീനിവാസ് അയ്യര്‍ 
അവനി പബ്ലിക്കേഷന്‍സ്
98460 23343

കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന വാഗ്ഗേയകാര പ്രതിഭകളാണ് ശ്യാമശാസ്ത്രികള്‍, ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍ എന്നിവര്‍. ഏ.ഡി. 1750 നും 1850 നും മധ്യേയായിരുന്നു ഇവരുടെ ജീവിതകാലം. മൂവരും തമിഴ്‌നാട്ടിലെ തിരുവാരൂരിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ജനിച്ചത്.   

മൂവരില്‍ മുത്തുസ്വാമി ദീക്ഷിതര്‍ മന്ത്രതന്താദികളിലെല്ലാം നിപുണനായിരുന്നു. മുഖ്യമായും സംസ്‌കൃതത്തിലായിരുന്നു ഗാനങ്ങള്‍ രചിച്ചത്. വലിയ ശ്രീവിദ്യോപാസകനായിരുന്നു ദീക്ഷിതരെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ തെളിയിക്കുന്നു. ഭാരതം മുഴുവന്‍ ചുറ്റി സഞ്ചരിച്ച ദീക്ഷിതര്‍ ഓരോ നാട്ടിലെയും പ്രധാനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ ദേവീദേവന്മാരെക്കുറിച്ച് കീര്‍ത്തനങ്ങള്‍ എഴുതുകയും ചെയ്തു. സംഗീതപ്രേമികള്‍ക്ക് അവയെല്ലാം സുപരിചിതങ്ങളുമാണ്.

ജ്യോതിഷവും മുത്തുസ്വാമി ദീക്ഷിതരുടെ പ്രിയവിഷയമായിരുന്നു. എന്നല്ല, അദ്ദേഹത്തിന് അതില്‍ സമുന്നതമായ പാണ്ഡിത്യവുമുണ്ടായിരുന്നു. ഒരിക്കല്‍ ശിഷ്യനായ 'ശുദ്ധമദ്ദളംതമ്പിയപ്പാ' എന്നയാള്‍ ഉദരരോഗം കൊണ്ടു വലഞ്ഞു. അയാളുടെ ജാതകം പരിശോധിച്ചപ്പോള്‍ ദശാപഹാരനാഥന്മാര്‍ - ഗ്രഹങ്ങള്‍ - സൃഷ്ടിക്കുന്ന പ്രശ്‌നമാണതെന്ന് ദീക്ഷിതര്‍ക്ക് വ്യക്തമായി. മുഖ്യമായും വ്യാഴപ്പിഴയാണ് കാരണമെന്നതിനാല്‍ വ്യാഴത്തെ പ്രീതിപ്പെടുത്തുവാനുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ശിഷ്യനെ ഉപദേശിച്ചു. അതിനായി കര്‍ണാടക സംഗീതത്തിന്റെ ചിട്ടവട്ടങ്ങള്‍ സ്വീകരിച്ചു കൊണ്ട് 'അഠാണ'എന്ന രാഗത്തില്‍, 'ത്രിപുടതാളത്തില്‍' 'ബൃഹസ്പതേ താരാപതേ' എന്നാരംഭിക്കുന്ന വ്യാഴകീര്‍ത്തനം രചിച്ചുനല്‍കി. തുടര്‍ച്ചയായ അതിന്റെ ആലാപനം തമ്പിയപ്പായുടെ രോഗം ശമിപ്പിച്ചു.   

പിന്നീടാണ്, ചിലപ്പോള്‍ ശിഷ്യന്മാരാരെങ്കിലും ആവശ്യപ്പെട്ടിട്ടാണെന്നും വരാം,  ദീക്ഷിതര്‍ മറ്റ് എട്ടു ഗ്രഹങ്ങളെക്കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ എഴുതിയത്. ഇന്ന് പ്രശസ്തഗായകര്‍ അവ ആലപിക്കുന്നു. ഒമ്പത് ഗ്രഹകീര്‍ത്തനങ്ങളും ഒരുമിച്ച് പാടിയിട്ടുളള കാസെറ്റുകള്‍ പലരും പുറത്തിറക്കിയിട്ടുമുണ്ട്.   

ഓരോ ഗ്രഹകൃതിയിലും അതാതു ഗ്രഹങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കും അവ പ്രയോജനകരമാണ്. കീര്‍ത്തനങ്ങളില്‍ ഗ്രഹങ്ങളുടെ രാശ്യധിപത്യം, രത്‌നം, വസ്ത്രം, അലങ്കാരം, വാഹനം, മന്ത്രം, കുടുംബിനികളുടെ പേര്, ഗ്രഹങ്ങളുടെ ശത്രുമിത്രത്വം, അധിഷ്ഠാനദേവത എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഓരോ കീര്‍ത്തനവും ഓരോ രാഗത്തിലും ഓരോ താളത്തിലുമാണ്.    

സൂര്യനെ കുറിച്ചുള്ള കീര്‍ത്തനം സൗരാഷ്ട്ര രാഗത്തിലാണ്. ചന്ദ്രകീര്‍ത്തനം അസാവേരി രാഗത്തിലും ചൊവ്വയുടേത് സുരുട്ടിയിലും നിബന്ധിച്ചിരിക്കുന്നു. ബുധന്റേത് നാട്ടക്കുറിഞ്ചിയിലും ശുക്രന്റേത് പരശിലും ശനിയുടേത് യദുകുല കാംബോജിയിലുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാഹുവിന്റെയും കേതുവിന്റെയും കീര്‍ത്തനങ്ങള്‍ യഥാക്രമം രാമപ്രിയ, ചാമരം എന്നീ രാഗങ്ങളിലാണ്. അവരണ്ടും 72 മേളകര്‍ത്താരാഗങ്ങളുടെ രണ്ടാം പകുതിയില്‍ വരുന്ന പ്രതിമധ്യമ രാഗങ്ങളാണ്. ഗ്രഹങ്ങളുടെ കൂട്ടത്തില്‍ രാഹുവിനും കേതുവിനും ഉള്ള വ്യത്യസ്തത ഇപ്രകാരമുളള രാഗവിന്യാസത്തിലൂടെ ദീക്ഷിതര്‍ പരോക്ഷമായി സൂചിപ്പിക്കുകയുമാണ്.

രാഹുവിനെയും കേതുവിനെയും  ഒഴിവാക്കി സൂര്യാദി സപ്തഗ്രഹങ്ങളുടെ കീര്‍ത്തനങ്ങള്‍ മാത്രം പില്‍ക്കാലത്ത് ഹരികേശനല്ലൂര്‍ മുത്തയ്യാ ഭാഗവതര്‍ രചിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് പ്രചാരമുണ്ടായിട്ടില്ല.   

ഗ്രഹദോഷം മാറാന്‍ നവഗ്രഹ കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതും ശ്രവിക്കുന്നതും ഉത്തമമാണ് എന്ന് ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി