കഥയും പൊരുളും

ലേഖനം: 91

പഞ്ചകോശങ്ങള്‍

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഭാരതീയ തത്ത്വചിന്തയുടെ സ്രോതസ്സുകളാണ് ഉപനിഷത്തുക്കള്‍. അവയില്‍ പലതിലും കഥകളിലൂടെ ആശയം ആവിഷ്‌ക്കരിക്കുന്ന രീതിയുണ്ട്. ദശോപനിഷത്തുക്കളില്‍ ഒന്നായ തൈത്തിരീയത്തിലെ ഒരു ചെറിയ കഥാസന്ദര്‍ഭമാണ് ഇവിടെ വിവരിക്കുന്നത്. 

അച്ഛനായ വരുണന്‍ മകനായ ഭൃഗുവിനെ അരികില്‍ വിളിച്ച് പരമസത്യമായ ബ്രഹ്മം എന്താണ് എന്ന് പറഞ്ഞു കൊടുത്തു: 'ഏതില്‍ നിന്നാണോ ഈ സകലചരാചരങ്ങളും ഉണ്ടാകുന്നത്, അങ്ങനെ ഉണ്ടായവ ഏതിനെ ആശ്രയിച്ചാണോ ജീവിക്കുന്നത്, ഒടുവില്‍ ഏതിലാണോ അവ തിരിച്ചു ലയിക്കുക അതാണ് ബ്രഹ്മം. മകനേ നീ ആ ബ്രഹ്മത്തെ അറിഞ്ഞു വരൂ'    

പിതുരാജ്ഞ കൈക്കൊണ്ട് ഭൃഗു തപസ്സ് തുടങ്ങി. അന്നമാണ് ബ്രഹ്മമെന്ന് കണ്ടെത്തി പിതാവിനെ വിവരമറിയിച്ചു. പിന്നെയും തപസ്സനുഷ്ഠിക്കാനായിരുന്നു വരുണന്റെ നിര്‍ദ്ദേശം. മകന്‍ കുറെക്കാലത്തെ തപശ്ചര്യക്കുശേഷം പ്രാണനാണ് ബ്രഹ്മമെന്ന് പിതാവിനെ അറിയിച്ചു. തപസ്സുതുടരാനായിരുന്നു വരുണന്‍ നിര്‍ദ്ദേശിച്ചത്.

മൂന്നാമത്തെ തപസ്സിനൊടുവില്‍ മനസ്സാണ് ബ്രഹ്മമെന്നും, നാലാമത്തെ തപസ്സിനുശേഷം വിജ്ഞാനമാണ് ബ്രഹ്മമെന്നും ഭൃഗു പിതാവിനെ അറിയിച്ചു. 'തപസ്സ് തുടരട്ടെ' എന്നായിരുന്നു അപ്പോഴെല്ലാം വരുണന്റെ നിര്‍ദ്ദേശം. ഒടുവില്‍ ആനന്ദമാണ് ബ്രഹ്മമെന്ന് മനസ്സിലാക്കുന്നതുവരെ ഭൃഗുവിന്റെ തപസ്സ് തുടര്‍ന്നു. നിരന്തരമായ തപസ്സ് - ആലോചനയും പഠനവും അന്വേഷണവും - ആണ് സത്യത്തെ കണ്ടെത്താന്‍ സഹായിക്കുക എന്ന ആശയം ഭംഗ്യന്തരേണ ഈ കഥയില്‍ ഋഷിമാര്‍ പറഞ്ഞുവെക്കുന്നുണ്ട്. 

ചില ജ്യോതിഷ രഹസ്യങ്ങളിലേക്ക് കൂടി ഈ തെത്തിരീയ കഥ നമ്മെ നയിക്കുന്നു. വരാഹമിഹിരന്‍ ബൃഹജ്ജാതകത്തിന്റെ രണ്ടാം അധ്യായത്തില്‍ ഗ്രഹങ്ങളുടെ പഞ്ചകോശകാരകത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. (ആറാം ശ്ലോകം) 'ശിഖി, ഭൂ, ഖ, പയോ, മരുല്‍ ഗണാനാം / വശിനോ ഭൂമിസുതാദയ: ക്രമേണ' സാരം: 'അഗ്‌നിഗണങ്ങളുടെ അധിപന്‍ ചൊവ്വയും, ഭൂഗണങ്ങളുടെ അധിപന്‍ ബുധനും, ആകാശഗണങ്ങളുടെ അധിപന്‍ വ്യാഴവും, പയോഗണങ്ങളുടെ അധിപന്‍ ശുക്രനും, വായുഗണങ്ങളുടെ അധിപന്‍ ശനിയും ആകുന്നു'. 

ഇവയില്‍ പഞ്ചകോശങ്ങളും അടങ്ങിയിട്ടുണ്ട്. എന്താണ് പഞ്ചകോശങ്ങള്‍? ആത്മാവിനെ വലയം ചെയ്തിരിക്കുന്നവയാണ്, അഞ്ച് ആവരണങ്ങളാണ്, പഞ്ചകോശങ്ങളെന്ന് കരുതപ്പെടുന്നു. 'വാളുറ' എന്നതാണ് സങ്കല്പം. വാളുറ വാളിനെ മറച്ചുവയ്ക്കുന്നതുപോലെ പഞ്ചകോശങ്ങള്‍ ആത്മാവിനെ, ബ്രഹ്മത്തെ മറച്ചുവെക്കുന്നുവെന്നാണ് വേദാന്തികളുടെ വിശ്വാസം. ഭൗതികജീവിതത്തിന്റെ ഉള്ളിലേക്കുള്ളിലേക്ക് പോകുന്ന അടരുകളാണ് ഇവ. അവയെ ഭേദിച്ച് ചെല്ലുമ്പോഴാണ് ഒരു സത്യാന്വേഷിക്ക് അത്മാവിനെ കാണാനാവുന്നത്. ലളിതാസഹസ്രനാമത്തില്‍ ദേവിയെ 'പഞ്ചകോശാന്തരസ്ഥാ' എന്ന് വിശേഷിപ്പിക്കുന്ന നാമമുണ്ട് എന്നതും ഇവിടെ പ്രസ്താവ്യമാണ്.  

ചൊവ്വ മനോമയ കോശത്തിന്റെയും, ബുധന്‍ അന്നമയ കോശത്തിന്റെയും, വ്യാഴം ആനന്ദമയകോശത്തിന്റെയും, ശുക്രന്‍ പ്രാണമയ കോശത്തിന്റെയും, ശനി ജ്ഞാനമയ കോശത്തിന്റെയും അധിപഗ്രഹങ്ങളാണ്. സ്ഥൂലശരീരമാണ് അന്നമയകോശം. പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ എന്നിവയാണ് പഞ്ചപ്രാണങ്ങള്‍. ഇവയുടെ ഏകോപിച്ച പ്രവര്‍ത്തനമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അതാണ് പ്രാണമയകോശം എന്ന് കരുതാം. മനസ്സ് തന്നെയാണ് മനോമയകോശം. വിജ്ഞാനപ്രധാനമാണ് ജ്ഞാനമയകോശം. വ്യഷ്ടിസമഷ്ടികളുടെ, അഥവാ ജീവാത്മാപരമാത്മാക്കളുടെ സമന്വയമാണ് ആനന്ദമയകോശം. സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകൂ എന്ന പരോക്ഷ സന്ദേശവും പഞ്ചകോശങ്ങളുടെ കല്പനയിലുണ്ട്.  

ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ ഏത് ഗ്രഹമാണോ ബലവാന്‍ അയാളുടെ ജീവിതത്തിലും തല്‍ സംബന്ധിയായ കാര്യത്തിനാവും മുന്‍തൂക്കം വരിക. ബുധന്‍ ബലവാനായിരിക്കുന്ന വ്യക്തി പണ്ഡിതനായിരിക്കും എന്നതില്‍ സംശയമില്ല. പക്ഷേ അന്നമയകോശത്തിനപ്പുറം, ആഹാരാദി ചിന്തകള്‍ക്കും കേവലം ഭൗതികതയ്ക്കുമപ്പുറം അയാളുടെ ചിന്ത ഉയരില്ല. ഗ്രഹനിലയില്‍ വ്യാഴം ബലവാനായിരിക്കുന്ന വ്യക്തിയാവും ഈശ്വര സാക്ഷാല്ക്കരത്തിന് സമര്‍ഹന്‍ എന്ന് ആനന്ദമയകോശത്തിന്റെ കാരകന്‍ വ്യാഴനാണെന്ന് കല്പിച്ചിട്ടുള്ളതില്‍ നിന്നും ഊഹിക്കാം. അയാള്‍ക്ക് ഭൗതികതയുടെയും ആധ്യാത്മികതയുടെയും സൂക്ഷ്മമായ അതിര്‍വരമ്പുകള്‍ സുവ്യക്തമായിരിക്കും. വേണമെങ്കില്‍ ബ്രഹ്മസാക്ഷാല്ക്കാരം, മാനുഷിക പരിമിതികളോടെ തന്നെ, നേടിയെടുക്കാനുമാവും ആ വ്യക്തിക്ക്.  

വിപുലവും അഗാധവുമാണ് ഈ വിഷയം. കൂടുതല്‍ പഠിക്കാന്‍ എനിക്കെന്നപോലെ വായിക്കുന്ന നിങ്ങള്‍ക്കും  പ്രേരണയാവുമെന്ന് കരുതാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍