നിത്യയോഗം എന്നാല്‍

ലേഖനം: 93

കണ്ടെത്തുംവിധം, പേരുകള്‍

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

പഞ്ചാംഗത്തിലെ അഞ്ച് ഘടകങ്ങളിലൊന്നാണ് നിത്യയോഗം. സൂര്യചന്ദ്രന്മാരുടെ സ്ഫുടം കൂട്ടിയാണ് ഇവ കണ്ടെത്തുന്നത്.  

നിത്യയോഗങ്ങള്‍ ആകെ 27 എണ്ണം - എണ്ണം കൊണ്ട് നക്ഷത്രത്തെപ്പോലെ. നക്ഷത്ര ദൈര്‍ഘ്യം/ വ്യാപ്തിയായ 13 ഡിഗ്രി 20 മിനിറ്റാണ് ഒരു നിത്യയോഗത്തിന്റെ അളവും.    

അവയുടെ ക്രമവും പേരും ചുവടെ ചേര്‍ക്കുന്നു. ക്രമംതെറ്റിക്കാതെ മനസ്സിലാക്കേണ്ടതുണ്ട്.  

  1. വിഷ്‌കംഭം
  2. പ്രീതി
  3. ആയുഷ്മാന്‍
  4. സൗഭാഗ്യം
  5. ശോഭനം
  6. അതിഗണ്ഡം
  7. സുകര്‍മ്മം
  8. ധൃതി
  9. ശൂലം
  10. ഗണ്ഡ
  11. വൃദ്ധി
  12. ധ്രുവം
  13. വ്യാഘാതം
  14. ഹര്‍ഷണം
  15. വജ്രം
  16. സിദ്ധി
  17. വ്യതിപാതം
  18. വരിയാന്‍
  19. പരിഘ
  20. ശിവ:
  21. സിദ്ധ:
  22. സാദ്ധ്യ:
  23. ശുഭ:
  24. ശുഭ്ര(ക്ല)
  25. ബ്രാഹ്മ:
  26. ഇന്ദ്ര:
  27. വൈധൃതി:

നിത്യയോഗം കണ്ടെത്തുന്ന രീതിയാണിനി. അത് സാധാരണക്കാര്‍ക്ക് ആവശ്യമില്ല; ജ്യോതിഷ വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി മാത്രം!

ഇന്നത്തെ - 1196 ഇടവം 10 ന്, 2021 മെയ് 24ന് തിങ്കളാഴ്ചത്തെ സൂര്യ-ചന്ദ്രസ്ഫുടം നോക്കാം. (പ്രഭാതത്തില്‍ 5.30 ന്). സൂര്യന്‍ ഇടവംരാശി 8 ഡിഗ്രി 55 മിനിറ്റിലാണ്. ഓരോ രാശിക്കും 30 ഡിഗ്രി വീതമാണ് എന്നറിയാമല്ലോ? മേടം മുതല്‍ ഇത് കണക്കാക്കുകയും വേണം. അപ്പോള്‍ സൂര്യന്‍ നില്‍ക്കുന്നത് മേടത്തിന്റെ 30 ഡിഗ്രി + ഇടവത്തില്‍ നില്‍ക്കുന്ന 8 ഡിഗ്രി 55 മിനിറ്റ് ചേര്‍ത്താല്‍ 38 ഡിഗ്രി 55 മിനിറ്റ് എന്ന് കിട്ടും.  

ഇതിനൊപ്പം ഇനി ചന്ദ്രസ്ഫുടം ചേര്‍ക്കണം. ആ സമയത്ത് ചന്ദ്രന്‍ നില്‍ക്കുന്നത് തുലാം രാശിയില്‍ 3 ഡിഗ്രി 58 മിനിറ്റിലാണ്. മേടം മുതല്‍ കന്നി വരെ ആകെ ആറ് രാശികള്‍. അവയ്ക്ക് 30 ഡിഗ്രി വീതം കൂട്ടുമ്പോള്‍ (6 രാശി X 30 ഡിഗ്രി = 180 ഡിഗ്രി) അപ്പോള്‍ ചന്ദ്രന്‍ നില്‍ക്കുന്നത് 180 + 3 ഡിഗ്രി 58 മിനിറ്റ് = 183 ഡിഗ്രി 53 മിനിറ്റില്‍ എന്ന് വ്യക്തം. സൂര്യചന്ദ്രസ്ഫുടം പരസ്പരം കൂട്ടിയാല്‍ (38 ഡിഗ്രി 55 മിനിറ്റ് + 183 ഡിഗ്രി 58 മിനിറ്റ്) 222 ഡിഗ്രി 53 മിനിറ്റ് എന്ന് കിട്ടും. (ഒരു ഡിഗ്രി എന്നത് 60 മിനിറ്റ് ആണ്)

നിത്യയോഗം കണ്ടെത്താന്‍ ഇനി ഒരു ഗണിതം കൂടി ബാക്കിയുണ്ട്. സൂര്യചന്ദ്ര സ്ഫുടത്തിനെ നക്ഷത്രദൈര്‍ഘ്യമായ 13 ഡിഗ്രി 20 മിനിറ്റ് കൊണ്ട് ഹരിച്ചാല്‍ എത്രയടങ്ങുന്നുവോ അതാണ്, ആ സംഖ്യയായിരിക്കും നിത്യയോഗത്തിന്റെ ക്രമസംഖ്യ. അന്നത്തെ സൂര്യചന്ദ്രസ്ഫുടം 222 ഡിഗ്രി 53 മിനിറ്റാണല്ലോ? അതിനെ 13 ഡിഗ്രി 20 മിനിറ്റു കൊണ്ട് ഹരിച്ചാല്‍ 213 ഡിഗ്രി 20 മിനിറ്റില്‍ 16 തവണ അടങ്ങും. അതുമുതല്‍ അടുത്ത 13 ഡിഗ്രി 20 മിനിറ്റായ 226 ഡിഗ്രി 40 മിനിറ്റിനുള്ളിലാണല്ലോ 222 ഡിഗ്രി 53 മിനിറ്റ് വരിക. അപ്പോള്‍ പതിനേഴാമത്തെ നിത്യയോഗമായ വ്യാതീപാതം ആണ് നടക്കുന്നതെന്ന് കാണാം. (ഈ ഗ്രഹസ്ഫുടങ്ങള്‍ക്ക് ചന്ദ്രാപ്രസ്സിന്റെ വലിയ പഞ്ചാംഗം ആധാരം)

സൂര്യ ചന്ദ്രസ്ഫുടം 360 ല്‍ അധികമാകുന്ന പക്ഷം 360 കുറച്ച് ശേഷിക്കുന്ന സ്ഫുടത്തെ 13 ഡിഗ്രി 20 മിനിറ്റു കൊണ്ട് ഹരിച്ചാല്‍ അതാത് ദിവസത്തെ നിത്യയോഗം കണ്ടെത്താം.

ഓരോ നിത്യയോഗത്തിലും ജനിച്ചാലുള്ള ഫലം ജാതകത്തില്‍ രേഖപ്പെടുത്തപ്പെടും. പഞ്ചാംഗത്തില്‍ ഓരോ ദിവസത്തെയും നക്ഷത്രം, വാരം, തിഥി, കരണം, നിത്യയോഗം എന്നീ അഞ്ച് ഘടകങ്ങളും ഉണ്ടാവും. ഇവ ജന്മഫലത്തിനെന്ന പോലെ മുഹൂര്‍ത്തഫലത്തിനും നോക്കാറുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍