ഉഷ്ണശിഖ

ലേഖനം: 86

നവദോഷങ്ങളില്‍ ഒന്ന്

എസ്. ശ്രീനിവാസ് അയ്യര്‍,   
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഉഷ്ണം, ഉഷ്ണശിഖ, ഉഷ്ണഘടിക എന്നെല്ലാം വിളിക്കപ്പെടുന്ന ഒരു അശുഭസമയമുണ്ട്. എല്ലാ നക്ഷത്രങ്ങളിലും വരുന്ന നിശ്ചിത വേളയാണത്. മുഹൂര്‍ത്തം കൊള്ളുവാന്‍ പാടില്ലാത്ത ഒമ്പത് സമയ വിശേഷങ്ങളെ 'നവദോഷങ്ങള്‍' എന്ന് പറയും. അതിലൊന്നാണ് ഉഷ്ണവും. ഈ സമയത്ത് പ്രശ്‌നം വെക്കുന്നത് പോലും ഉചിതമല്ലെന്ന പക്ഷക്കാരാണ് ദൈവജ്ഞര്‍. അഥവാ പ്രശ്‌നം നോക്കേണ്ടിവന്നാല്‍ അഗ്‌നിഭയം ഉണ്ടാകുമെന്നതിന്റെ സൂചനയായെടുക്കാമെന്നും പറയാറുണ്ട്, ജ്ഞാനവൃദ്ധന്മാരായ പ്രാശ്‌നികര്‍.

ഉഷ്ണശിഖയെ/ ഉഷ്ണഘടികയെ/ ഉഷ്ണത്തെ ഒരു ഉഗ്രദേവതയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന രീതിയും കാണാം. ഏഴ് മുഖവും ഏഴ് കൈകളും വാലും കറുത്ത നിറവും പാറിപ്പറക്കുന്ന തലമുടിയും ഉള്ള ഈ ദേവത മുഴുവന്‍ പ്രപഞ്ചത്തെയും ദഹിപ്പിക്കാന്‍ ശക്തിയുള്ളതാണത്രെ! ഓരോ നക്ഷത്രത്തിലെയും ഉഷ്ണഘടികാ വേളയിലാണ് ഈ ദേവതയുടെ ആവിര്‍ഭാവം.  

ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും എപ്പോഴാണ് ഉഷ്ണശിഖ വരുന്നതെന്ന് നോക്കാം. സൂക്ഷ്മചിന്തയില്‍ ഒരുകാര്യം ബോധ്യമാവുന്നത് എന്തെന്നാല്‍ ചൊവ്വയുടെ സ്വക്ഷേത്രങ്ങളായ മേടം, വൃശ്ചികം എന്നീ രാശികളിലും ഉച്ചക്ഷേത്രമായ മകരം രാശിയിലും അംശകിക്കുന്ന നക്ഷത്രപാദങ്ങളിലാണ് ഉഷ്ണം തട്ടുന്നത്, അഥവാ ഉഷണഘടിക വരുന്നത് എന്നുള്ളതാണ്. ചൊവ്വ അഗ്‌നിമയഗ്രഹവും അഗ്‌നികാരകനും ആണല്ലോ! അതാവാം കാരണം. 

അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം എന്നീ അഞ്ചു നാളുകളുടെയും ഒന്നാം പാദത്തില്‍ ഉഷ്ണം വരുന്നു. (ഇവ ചൊവ്വയുടെ സ്വക്ഷേത്രമായ മേടം രാശിയില്‍ അംശിക്കുന്നു) കൃത്യമായിപ്പറഞ്ഞാല്‍ അവയുടെ ഏഴരനാഴികയ്ക്കു മേല്‍ ഏഴര നാഴിക - അതായത് പതിനഞ്ച് നാഴിക വരെയാണ് ഉഷ്ണം തട്ടുന്നത്. ഡിഗ്രിക്കണക്കില്‍ പറഞ്ഞാല്‍ ഈ നക്ഷത്രങ്ങളുടെ 1.40 ഡിഗ്രി മുതല്‍ 3.20 ഡിഗ്രി വരെ.    

ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര എന്നീ അഞ്ചു നക്ഷത്രങ്ങളുടെ നാലാം പാദത്തില്‍, വൃശ്ചികാംശത്തില്‍ ഉഷ്ണശിഖ വരുന്നു. അവയുടെ അമ്പത്തഞ്ച് നാഴിക മുതല്‍ അഞ്ചു നാഴിക - അതായത് അറുപത് നാഴിക വരെ. ഡിഗ്രി കണക്കില്‍ 12.13 മുതല്‍ 13.20 വരെ.   

കാര്‍ത്തിക, തിരുവാതിര, ആയില്യം, ഉത്രം, ചോതി എന്നീ അഞ്ച് നക്ഷത്രങ്ങളുടെ രണ്ടാം പാദത്തില്‍ അഥവാ മകരാംശത്തില്‍ ഉഷ്ണഘടിക വരുന്നു. അവയുടെ ഇരുപത്തിയൊന്ന് നാഴിക മുതല്‍ ഒമ്പത് നാഴിക - അതായത് മുപ്പത് നാഴിക വരെ . ഡിഗ്രിയില്‍ 4.40 മുതല്‍ 6.40 വരെ.   

വിശാഖം, മൂലം, തിരുവോണം, പൂരുരുട്ടാതി എന്നിവ നാലിനും ഒന്നാംപാദത്തില്‍, മേടനവാംശകത്തില്‍ ഉഷ്ണം വരുന്നു. തുടക്കം മുതല്‍ എട്ട് നാഴിക വരെ, അതായത് പൂജ്യം ഡിഗ്രി മുതല്‍ 1.47 വരെ.   

അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളുടെ നാലാം പാദത്തില്‍ അഥവാ വൃശ്ചിക നവാംശത്തിലാണ് ഉഷ്ണം ഭവിക്കുന്നത്. കൃത്യമായിപ്പറഞ്ഞാല്‍ അമ്പത്തിരണ്ട് നാഴിക മുതല്‍ എട്ട് നാഴിക- അതായത് അറുപത് നാഴിക വരെ. ഡിഗ്രിയില്‍ 11.33 മുതല്‍ 13.20 വരെ. 

തൃക്കേട്ട, ഉത്രാടം, ചതയം, രേവതി എന്നീ നാളുകളില്‍ അവയുടെ രണ്ടാം പാദത്തില്‍, മകരാംശത്തില്‍ ഉഷ്ണം വരുന്നു. ഇരുപത് നാഴിക മുതല്‍ പത്ത് നാഴിക - മുപ്പത് നാഴിക വരെ. ഡിഗ്രിക്കണക്കില്‍ 4.26 മുതല്‍ 6.40 വരെ.     

ഒരു നക്ഷത്രത്തിന്റെ ദൈര്‍ഘ്യം 60 നാഴികയാണെന്നും ഓരോ പാദവും 15 നാഴിക വീതമാണെന്നും ഓര്‍ക്കുക. ഡിഗ്രി കണക്കില്‍ ഓരോ നക്ഷത്രവും 13 ഡിഗ്രി 20 മിനിറ്റ് വീതമാണ്. ഓരോ പാദവും 3 ഡിഗ്രി 20 മിനിറ്റ് വീതവും.  

ഇരുപത്തിയേഴ് നാളുകളില്‍ ഒമ്പത് നക്ഷത്രങ്ങളുടെ നാലുപാദങ്ങള്‍ മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവയിലായി ക്രമത്തില്‍ വരും. ആ നക്ഷത്രങ്ങള്‍ അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം, വിശാഖം, മൂലം, തിരുവോണം, പൂരുരുട്ടാതി എന്നിവയാണ്. അവയുടെ ഒന്നാം പാദത്തിലാണ് (മേടം നവാംശക്തില്‍) ഉഷ്ണശിഖ ഭവിക്കുന്നത്.  

അതുപോലെ ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങളുടെ നാലു പാദങ്ങള്‍ ക്രമത്തില്‍ ചിങ്ങം, കന്നി, തുലാം, വൃശ്ചികം എന്നീ രാശികളിലായി വരും. ഇതില്‍ വൃശ്ചികമാണ് ചൊവ്വയുടെ രാശി. അതായത് ഈ നക്ഷത്രങ്ങളുടെ നാലാംപാദം. അതിലാണ് ഉഷ്ണഘടിക ഭവിക്കുക.

കാര്‍ത്തിക, തിരുവാതിര, അയില്യം, ഉത്രം, ചോതി, തൃക്കേട്ട, ഉത്രാടം, ചതയം, രേവതി എന്നീ ഒമ്പത് നക്ഷത്രങ്ങളുടെ നാലുപാദങ്ങള്‍ യഥാക്രമം ധനു, മകരം, കുംഭം, മീനം എന്നീ രാശികളിലായി വരുന്നു. അതില്‍ ചൊവ്വയ്ക്ക് ബന്ധമുള്ളത് മകരം രാശിയാണ്. കാരണം അത് ശനിക്ഷേത്രമാണെങ്കിലും ചൊവ്വയുടെ ഉച്ചരാശിയാണ്. അക്കാരണത്താലാണ് അവയ്ക്ക് ഉഷ്ണം രണ്ടാംപാദമായ മകരാം ശത്തില്‍ വന്നത്.

ഇതില്‍ നിന്നും ഉഷ്ണശിഖയും ചൊവ്വയും തമ്മിലുള്ള ബന്ധം വ്യക്തമാണ്. ഉഷ്ണഘടികയുടെ മുഹൂര്‍ത്തദോഷം വ്യക്തമാക്കപ്പെട്ടിട്ടുണ്ടെങ്കിലും ആ നേരത്ത് ജനിച്ചാല്‍ ഉള്ള ഫലം എന്ത് എന്ന് പക്ഷേ ഗ്രന്ഥങ്ങളില്‍ കാണുന്നില്ല. വിദ്വജ്ജനങ്ങള്‍ക്ക്  അറിയാമായിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍