നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ലേഖനം: 94

എസ്. ശ്രീനിവാസ് അയ്യര്‍ 
അവനി പബ്ലിക്കേഷന്‍സ്
98460 23343

പഞ്ചാംഗത്തില്‍ ഓരോ ദിവസത്തെയും 'നിത്യയോഗം' ഏതാണെന്ന് എഴുതിയിട്ടുണ്ടാവും. വ്യക്തികളുടെ ജാതകത്തിലും നിത്യയോഗവും ഫലവും രേഖപ്പെടുത്തിയിരിക്കും അവ ഓരോന്നായി നോക്കാം (നിത്യയോഗം ആകെ 27 എണ്ണം).

  1. വിഷ്‌കംഭം: പൊതുവേ പോരാളികളാവും. സ്വതന്ത്ര ബുദ്ധികളായിരിക്കും. ഭോഗ താത്പര്യമുണ്ടാവുക, കന്നുകാലി സമ്പത്തുണ്ടാവുക, ശത്രുക്കളെ ജയിക്കുക എന്നിവ മറ്റുഫലങ്ങള്‍. 'കുബ്ജാംഗോ' എന്ന വിശേഷണവുമുണ്ട് - കൂനുണ്ടാവുക എന്നര്‍ത്ഥം.
  2. പ്രീതി: സഹജീവികളോട് പ്രീതിയും കാരുണ്യവുമുള്ളവരായിരിക്കും. ഈശ്വര ഭക്തിയുള്ളവര്‍ അഥവാ ആസ്തികരായിരിക്കും. സജ്ജനങ്ങളോട് ആദരവ് പുലര്‍ത്തും. മറ്റുളളവരെ കഴിയുന്നതും ഇണക്കിക്കൊണ്ടു പോകാന്‍ ശ്രമിക്കും.
  3. ആയുഷ്മാന്‍: പേരുപോലെ ദീര്‍ഘായുസ്സുള്ളവരായിരിക്കും. ദേഹഭംഗിയുണ്ടാവും. പാണ്ഡിത്യം, സല്‍കീര്‍ത്തി, സുഖതാത്പര്യം എന്നിവ മറ്റുഫലങ്ങള്‍.
  4. സൗഭാഗ്യം: ഭാഗ്യവാന്‍/ ഭാഗ്യവതി ആയിരിക്കും. കൃഷിയില്‍ താത്പര്യം ഉള്ളവരാവാം. കഫപ്രകൃതം, അന്യനാട്ടില്‍ താമസം, രൂപഭംഗി എന്നിവയും പറയപ്പെടുന്നുണ്ട്, ഫലങ്ങളായി.
  5. ശോഭനം: വലിയ ഭക്ഷണപ്രിയരാവും. നിതാന്ത പരിശ്രമത്തിലൂടെ വലിയകാര്യങ്ങള്‍ നേടിയെടുക്കും. അഭിമാനികളും സമ്പത്തുള്ളവരും സുഖേച്ഛയോടു കൂടിയവരുമായിരിക്കും.
  6. അതിഗണ്ഡം: ശരീരത്തിന് നീളം കൂടും. ക്ഷമാശീലരായിരിക്കും. പരേംഗിതജ്ഞാനമുണ്ടായിരിക്കും. അഭിമാനികളുമായിരിക്കും. കലാകാരന്‍/കലാകാരി ആയിരിക്കും.
  7. സുകര്‍മ്മം: ഗൃഹസ്ഥ ജീവിതത്തില്‍ സന്തോഷിക്കും. ഭക്ഷണപ്രിയരാവും. ഒന്നിലധികം സന്താനങ്ങളുണ്ടാവും. പുണ്യകര്‍മ്മങ്ങള്‍ ചെയ്യും. ഗുണവാന്‍ എന്ന് വിലയിരുത്തപ്പെടും.
  8. ധൃതി: വേഗത്തില്‍ നടക്കുന്ന ശീലക്കാരായിരിക്കും. അതുപോലെ കാര്യങ്ങളും എളുപ്പം പൂര്‍ത്തിയാക്കും. വലിയ ധൈര്യശാലികളായിരിക്കും. ശാഠ്യമേറും.
  9. ശൂലം.: കോപശീലം, കലഹവാസന എന്നിവയുണ്ടാവും. ബലിഷ്ഠകായരായിരിക്കും. ധനോന്നതി, അചഞ്ചലത്വം എന്നിവ മറ്റുഫലങ്ങള്‍. വലിയ പദവികള്‍ വഹിക്കും.
  10. ഗണ്ഡ: ദീര്‍ഘായുസ്സുണ്ടാവും. ശത്രുക്കളെ പരാജയപ്പെടുത്തും. കൈവേലകളില്‍ ചാതുര്യമേറും. അമിതഭക്ഷകരാവാം. കാര്യപ്രാപ്തിയില്‍ മുമ്പരായിരിക്കും.
  11. വൃദ്ധി: ഭൗതികസമൃദ്ധി വേണ്ടുവോളമുണ്ടാവും. എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായിരിക്കും നല്ല കുടുംബജീവിതം നയിക്കും. വാതപിത്തകഫാദികള്‍ ഉപദ്രവിച്ചേക്കും.
  12. ധ്രുവം: വാക്കിന് വ്യവസ്ഥയുള്ളവരായിരിക്കും. ധനസ്ഥിതി മെച്ചപ്പെട്ടതാവും. സുഖവും ഭോഗവും ഇഷ്ടപ്പെടും. നല്ല ക്ഷമാശീലമുള്ളവരുമായിരിക്കും.
  13. വ്യാഘാതം: കോപമേറും, കടുത്ത വാക്കുകള്‍ പറയും. ഉപകാരസ്മരണയുള്ളവരായിരിക്കും. എല്ലാവരുടേയും അംഗീകാരം നേടും. നന്മയുടെ പക്ഷത്ത് നില്‍ക്കുന്നവര്‍ തന്നെയായിരിക്കും.
  14. ഹര്‍ഷണം: കുലമഹിമയറിഞ്ഞ് ജീവിക്കും. ദേഹസൗന്ദര്യം ഉള്ളവരായിരിക്കും. പണം നോക്കിയും കണ്ടും മാത്രമേ ചിലവഴിക്കൂ! കാര്യസാമര്‍ത്ഥ്യം മറ്റൊരു ഗുണവശം.
  15. വജ്രം: കഠിനമനസ്സിന്റെ ഉടമകളായിരിക്കാമെങ്കിലും ആകര്‍ഷണീയമായ വ്യക്തിത്വമുള്ളവരായിരിക്കും. പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെടും. ശത്രുക്കളെ തറപറ്റിക്കും. പിത്തപ്രകൃതികളും ഐശ്വര്യമുള്ളവരും ആയിരിക്കും.
  16. സിദ്ധി: ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതില്‍ ഒട്ടൊക്കെ വിജയിക്കും. തണുപ്പ് ഇഷ്ടപ്പെടാത്തവരാണ്. സ്ഥിരചിത്തരും പ്രഭുക്കളെപ്പോലെ ജീവിക്കുന്നവരുമായിരിക്കും.
  17. വ്യതീപാതം: വമ്പന്‍ കാര്യങ്ങള്‍ നേടിയെടുക്കുന്നവരായിരിക്കും. തണുപ്പ് ഇഷ്ടപ്പെടും. വ്യക്തിത്വം ആകര്‍ഷകമായിരിക്കും വിജയിക്കുക എന്നതില്‍ നിന്നും മനസ്സിനെ ഒരിക്കലും പിന്‍തിരിപ്പിക്കാത്തവരുമായിരിക്കും.
  18. വരിയാന്‍: ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യേണ്ടി വരാം. അറിഞ്ഞോ അറിയാതെയോ ചെയ്ത കാര്യങ്ങളുടെ പേരില്‍ പഴി കേള്‍ക്കും. പരധനത്തില്‍ ഇച്ഛയുണ്ടാകാം. എന്നാലും ജീവിതത്തില്‍ വിജയിക്കുമെന്നുതന്നെ ആചാര്യന്മാര്‍ വ്യക്തമാക്കുന്നു.
  19. പരിഘ: സ്വതന്ത്രശീലരായിരിക്കും. അന്യരെ വെറുപ്പിക്കും. ആവശ്യത്തിനും അനാവശ്യത്തിനും നിര്‍ബന്ധം കാട്ടും. ചാപല്യം മൂലം പലതും നഷ്ടപ്പെടുത്തും. സമൂഹത്തെ ഭയക്കുന്നവരുമായിരിക്കും.
  20. ശിവ: ശാന്തനും ശുദ്ധഹൃദയനുമായിരിക്കും. പഠിച്ചറിയും, എല്ലാം. സാത്വികരെ ബഹുമാനിക്കും. ഒരുപാടുപേരുടെ നേതാവാകും. കഫപ്രകൃതിയായിരിക്കും.
  21. സിദ്ധ: കീര്‍ത്തിനേടും. ധാര്‍മ്മികകാര്യങ്ങള്‍ ചെയ്യും. ഭൗതികജീവിതത്തില്‍ വിജയം നേടും. പാണ്ഡിത്യത്താല്‍ സമാദരണീയരാവും.
  22. സാദ്ധ്യ: ബലിഷ്ഠദേഹം, രോമബാഹുല്യം, കലഹപ്രിയത്വം, വാഗൈ്വഭവം, പിശുക്ക്, ഭോഗാസക്തി എന്നിവയെല്ലാം രൂപ-ഭാവവിശേഷങ്ങള്‍.
  23. ശുഭ: മനോബലം, ധാര്‍മ്മികത, പാണ്ഡിത്യം, സ്ത്രീലോലത, കഫപ്രകൃതം, ധനധാന്യസമൃദ്ധി എന്നിവ ഫലം.
  24. ശുഭ്ര/ശുക്ല: വലിയ സമ്പത്തുണ്ടാവും. ശഠത്വം കൊണ്ട് ആളുകളെ വെറുപ്പിക്കും. സ്വാഭാവത്തില്‍ നല്ലവശങ്ങളുമുണ്ടാവും. കഫവാതപ്രകൃതമായിരിക്കും.
  25. ബ്രാഹ്മ: സ്ത്രീസ്വഭാവമേറും. രഹസ്യമായ പ്രവര്‍ത്തന ശൈലിയായിരിക്കും. വിവേകപൂര്‍വം പെരുമാറും. ഭൗതിക ജീവിതത്തില്‍ വിജയിക്കും.
  26. മാഹേന്ദ്ര: പരോപകാരിയായിരിക്കും. ഭാവികാര്യങ്ങള്‍ കൃത്യമായറിയും. പെരുമാറ്റത്തില്‍ കോപംകലരും. ഇന്ദ്രനെപ്പോലെ പരാക്രമശാലിയുമായിരിക്കും.
  27. വൈധൃതി: പൂന്തോട്ടം, ജലാശയം എന്നിവയിഷ്ടപ്പെടും. നല്ല ദേഹകാന്തിയുള്ളവരായിരിക്കും. സുഖദു:ഖാദികളില്‍ സമചിത്തതയോടെ പെരുമാറും. ത്യാഗശീലം, പരോപകാരം എന്നിവയും ഫലങ്ങളിലുള്‍പ്പെടും.   
നിത്യയോഗങ്ങള്‍ മുഹൂര്‍ത്താദികള്‍ക്ക് ഏതുവിധത്തിലാണ് പരിഗണിക്കുന്നതെന്ന വിഷയവും പ്രധാനമാണ്. അത് മറ്റൊരു ലേഖനത്തിന്റെ ഉള്ളടക്കമാകയാല്‍ തല്‍ക്കാലം നിര്‍ത്തുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി