പഞ്ചവര്‍ഗവേധം എന്നാല്‍?
ലേഖനം: 98
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
ഒരു നക്ഷത്രത്തിന് വിവാഹത്തിന് ഒട്ടും സ്വീകരിക്കാന്‍ പാടില്ലാത്ത മറ്റൊരു നക്ഷത്രം - ആ വേധമാണ് (ഉദാഹരണം - അശ്വതിയും തൃക്കേട്ടയും, ഭരണിയും അനിഴവും, കാര്‍ത്തികയും വിശാഖവും) കേരളത്തില്‍ വിവാഹപ്പൊരുത്തത്തില്‍ പ്രചാരത്തിലുള്ളത്. അങ്ങനെ പന്ത്രണ്ട് ജോടികള്‍, ഇതില്‍ വരാത്ത മകയിരം, ചിത്തിര, അവിട്ടം എന്നീ മൂന്നു നക്ഷത്രങ്ങള്‍ തമ്മില്‍ തമ്മിലും വേധം. പരസ്പര വേധനക്ഷത്രങ്ങള്‍ വിവാഹാര്‍ഹങ്ങളല്ല. പ്രാധാന്യമുള്ളതും 'ദശവിധപ്പൊരുത്തങ്ങളില്‍' ഒന്നുമാണ് ഈ വേധപ്പൊരുത്തം, അഥവാ വേധദോഷം. ഇത് മുന്‍പ് ഒരു ലേഖനത്തില്‍ വിശദമാക്കിയിട്ടുമുണ്ട്.
കേരളത്തില്‍ സര്‍വ്വാത്മനാ അംഗീകരിക്കപ്പെട്ടിട്ടുള്ളതല്ല ഈ ലേഖനത്തില്‍ വിവരിക്കുന്ന പഞ്ചവര്‍ഗവേധം. പഴയകാലത്ത് പരിഗണിച്ചിരുന്നോ എന്നുമറിയുന്നില്ല. അതെന്തായാലും പ്രമാണഗ്രന്ഥങ്ങളില്‍ 'പഞ്ചവര്‍ഗവേധം' വിസ്തരിക്കപ്പെട്ടിട്ടുണ്ട്.
നക്ഷത്രങ്ങളെ അഞ്ച് വിഭാഗങ്ങളാക്കുന്നു. അതിനാലാണ് പഞ്ചവര്‍ഗം എന്ന പേരുണ്ടായത്. ആദ്യവര്‍ഗത്തില്‍ മൂന്ന് നക്ഷത്രങ്ങള്‍ മാത്രം. അവ മകയിരം, ചിത്തിര, അവിട്ടം എന്നിവയാണ്. ഈ മൂന്ന് നക്ഷത്രങ്ങളാണ് ഈ വേധരീതിയുടെ തന്നെ ആണിക്കല്ല്. ഒന്നാമത് അവ മൂന്നിന്റെയും നാഥന്‍ ചൊവ്വയാണ് എന്നതാണ്. പിന്നെ നടുക്ക് മുറിഞ്ഞ് - രണ്ട് പാദങ്ങള്‍ വീതം - രണ്ടുരാശികളിലായി വരുന്ന നക്ഷത്രങ്ങളുമാണ്. ഈ നാളുകള്‍ മൂന്നും സ്ത്രീനക്ഷത്രങ്ങളാണെന്നതും ശ്രദ്ധേയം. ഇവ മൂന്നും ദമ്പതികളുടെ നക്ഷത്രങ്ങളാവരുത് എന്നതാണ് പഞ്ചവര്‍ഗവേധത്തിലെ ആദ്യ വേധം, അഥവാ ആദ്യ നിയമം. ഇതിനെ 'ശിരോവേധം' എന്ന് പറയും.
ഇനിയുള്ള നാല് വേധങ്ങളിലും ആറ് നക്ഷത്രങ്ങള്‍ വീതം വരും.
മകയിരം, ചിത്തിര, അവിട്ടം എന്നീ മൂന്ന് നക്ഷത്രങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് അടുത്ത നാല് വേധങ്ങളിലും വരുന്ന നക്ഷത്രങ്ങളെ കണ്ടെത്തുന്നതെന്ന് വ്യക്തമാക്കിയത് ഓര്‍ക്കുക. ഇതില്‍ ഓരോ നക്ഷത്രത്തിന്റെയും മുന്‍-പിന്‍ വരുന്ന ഓരോ നാളുകളെ ഉള്‍പ്പെടുത്തിയതാണ് , ആറ് നക്ഷത്രങ്ങള്‍ ചേര്‍ന്ന 'കണ്ഠവേധം.' മകയിരത്തിന്റെ മുന്‍-പിന്‍നാളുകള്‍ രോഹിണിയും തിരുവാതിരയും. ചിത്തിരയുടെ മുന്‍-പിന്‍ നാളുകള്‍ അത്തവും ചോതിയും. അവിട്ടത്തിന്റെ മുന്‍-പിന്‍ നാളുകള്‍ തിരുവോണവും ചതയവും - ഇങ്ങനെ വരുന്ന ആറ് നക്ഷത്രങ്ങളാണ് 'കണ്ഠവേധ'ത്തില്‍.
'കുക്ഷിവേധം' എന്നത് മൂന്നാംവര്‍ഗ വേധമാകുന്നു. ഏതെല്ലാം നാളുകള്‍ ചേര്‍ന്നതാണെന്ന് നോക്കാം. നേരത്തെ വ്യക്തമാക്കിയ ആറ് നക്ഷത്രങ്ങളുടെ മുന്നില്‍- പിന്നില്‍ വരുന്ന നക്ഷത്രങ്ങളാണ് അവ. കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നിവ മുന്‍ നക്ഷത്രങ്ങള്‍. പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നിവ പിന്‍ നക്ഷത്രങ്ങള്‍. അങ്ങനെ ഇവയാറും കുക്ഷിവേധ നക്ഷത്രങ്ങള്‍.
'കടീവേധം' അഥവാ 'സക്‌നിവേധം' നാലാം വിഭാഗമാണ്. മുന്‍ പറഞ്ഞ നക്ഷത്രങ്ങളുടെ മുന്നിലും പിന്നിലും വരുന്ന നാളുകള്‍ തന്നെ. ഭരണി, പൂരം, പൂരാടം (മുന്‍ നാളുകള്‍) എന്നിവയും പൂയം, അനിഴം, ഉത്രട്ടാതി (പിന്‍നാളുകള്‍) എന്നിവയും.
അവസാനമായി (അഞ്ചാമതായി) 'പാദവേധം'. ഇതിന്റെ കണക്കും മുകളില്‍ പറഞ്ഞിട്ടുള്ളതുപോലെ തന്നെയാണ്. അശ്വതി, മകം, മൂലം (മുന്‍ നക്ഷത്രങ്ങള്‍), ആയില്യം, തൃക്കേട്ട, രേവതി (പിന്‍ നക്ഷത്രങ്ങള്‍) എന്നിവ.
വേറൊരു തരത്തില്‍ കൂടി വിശേഷിപ്പിക്കാം. ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ അധിപന്മാര്‍ ഗ്രഹങ്ങളാണ്. അവയെ കേന്ദ്രീകരിച്ച് ഓരോ വേധത്തിലും വരുന്ന നാളുകളെ നിര്‍ണയിക്കാനാവുന്ന രീതിയാണത്. ഓരോ ഗ്രഹത്തിനും മൂന്ന് നക്ഷത്രങ്ങളുടെ ആധിപത്യം സങ്കല്പിച്ചിട്ടുണ്ട്.
- ശിരോവേധം:- ചൊവ്വയുടെ നാളുകള്‍ മാത്രം (മകയിരം, ചിത്തിര, അവിട്ടം).
- കണ്ഠവേധം:- ചന്ദ്രന്റെയും (രോഹിണി, അത്തം, തിരുവോണം) രാഹുവിന്റെയും (തിരുവാതിര, ചോതി, ചതയം) നാളുകള്‍.
- കുക്ഷിവേധം:- സൂര്യന്റെയും (കാര്‍ത്തിക, ഉത്രം, ഉത്രാടം), വ്യാഴത്തിന്റെയും (പുണര്‍തം, വിശാഖം, പൂരുരുട്ടാതി) നാളുകള്‍.
- കടീവേധം:- ശുക്രന്റെയും (ഭരണി, പൂരം, പൂരാടം), ശനിയുടെയും (പൂയം, അനിഴം, ഉത്രട്ടാതി) നാളുകള്‍.
- പാദവേധം:- കേതുവിന്റെയും (അശ്വതി, മകം, മൂലം), ബുധന്റെയും (ആയില്യം, തൃക്കേട്ട, രേവതി) നാളുകള്‍.
ദമ്പതികള്‍ ഒരേ വിഭാഗത്തിലായാല്‍ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് നേരിയ അഭിപ്രായവ്യത്യാസമുണ്ട്, ഗ്രന്ഥകാരന്മാര്‍ക്കിടയില്‍. 'മുഹൂര്‍ത്താഭരണം' എന്ന ഗ്രന്ഥത്തിലെ പക്ഷമാണ് അധികവും പിന്‍തുടരപ്പെടുന്നത്.
'വൈധവ്യ, മര്‍ത്ഥനാശം
സ്ഥാനഭ്രംശം, സുതക്ഷയം, നിധനം
കണ്ഠ, ഊരു, ചരണ കുക്ഷിജ
മൂര്‍ദ്ധോത്ഥാസ്താ: ക്രമാല്‍ ഫലം' എന്ന ശ്ലോകം പ്രസക്തമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ ശിരോവേധമായാല്‍ മരണവും, കണ്ഠവേധമായാല്‍ വൈധവ്യവും, കുക്ഷിവേധമായാല്‍ സന്താനനാശം, ഉദരരോഗം എന്നിവയും കടീവേധമായാല്‍ ധനനാശവും പാദവേധമായില്‍ സ്ഥാനഭ്രംശം, ദേശാന്തരത്വം എന്നിവയും ഫലം.
ഈ വേധ വിചിന്തനം അപ്രസക്തമാണ് കേരളത്തിലെന്ന് ചില ആചാര്യന്മാരെങ്കിലും വ്യക്തമാക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ ദാമ്പത്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ ശിവഭഗവാന് ഉചിതവഴിപാടുകളും സമര്‍പ്പണ ബുദ്ധിയോടെയുളള പ്രാര്‍ത്ഥനകളും കൊണ്ട് ദോഷത്തെ മറികടക്കാമെന്നും വിധിയുണ്ട്. അനാവശ്യമായ ആകുലതകള്‍ക്ക് സ്ഥാനമില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുക. ഗൃഹാരംഭ മുഹൂര്‍ത്തത്തില്‍ ഉപയുക്തമാക്കുന്ന ഒരു നിയമം കൂടിയാണിത്. അശുഭഗ്രഹം നില്‍ക്കുന്ന നക്ഷത്രമുള്‍ക്കൊള്ളുന്ന ഗണം മുഴുവന്‍/വര്‍ഗം മുഴുവന്‍ ത്യജിക്കണമെന്നാണ് അഭിപ്രായം. ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കായി .ഒരു നിയമം ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ