ഗുളികന്‍ എന്ന ഉഗ്രശക്തി

ലേഖനം: 87

എസ്. ശ്രീനിവാസ് അയ്യര്‍,
അവനി പബ്ലിക്കേഷന്‍സ്
98460 23343

കേരളീയ ജ്യോതിഷത്തിന്റെ അനേകം വേറിട്ട വിശേഷങ്ങളിലൊന്നാണ് ഗുളികന്‍ എന്ന പ്രതിഭാസം. മറ്റ് സംസ്ഥാനങ്ങളില്‍ ഗുളികനെക്കുറിച്ച് കാര്യമായ ചിന്തയില്ല. ഗ്രഹനിലയില്‍ ഗുളികനെ അടയാളപ്പെടുത്താറുമില്ല. നമ്മുടെ നാട്ടില്‍ ജാതകപ്രശ്‌നാദികളിലെല്ലാം ഗുളികസാന്നിധ്യം പരിഗണിക്കുന്നു. മുഹൂര്‍ത്തവിഷയത്തില്‍ ഒമ്പത് കാര്യങ്ങള്‍ ഒഴിവാക്കും. അതിനെ 'നവദോഷങ്ങള്‍' എന്നാണ് പറയുക. ഗുളികനും നവദോഷങ്ങളില്‍ ഒന്നാണ്.

ഗ്രഹനിലയില്‍ 'മാ' എന്ന പേരില്‍ ആണ് ഗുളികനെ അടയാളപ്പെടുത്തുന്നത്. മന്ദന്‍ എന്നത് ശനിയുടെ പേരാകയാല്‍ 'മ' എന്ന അക്ഷരം ശനിയെ കുറിക്കാന്‍ ഉപയോഗിക്കുന്നു. ശനിയുടെ മകനാണ് ഗുളികന്‍ എന്നാണ് വിശ്വാസം. അതിനാല്‍ 'മന്ദന്റെ മകന്‍' എന്ന അര്‍ത്ഥത്തില്‍ 'മാന്ദി'  എന്ന് ഗുളികനെ വിളിക്കുന്നു. അങ്ങനെ ആ പേരിലെ  ആദ്യാക്ഷരമായ 'മാ' എന്നത് ഗുളികനെ രേഖപ്പെടുത്തുന്ന അക്ഷരവുമായി മാറി. 

'ഗുളികോല്പത്തി' എന്ന ഒരു ലഘുകാവ്യമുണ്ട്. സംസ്‌കൃതരചനയാണ്. ഗുളികന്റെ ജനനം അതില്‍ വിവരിക്കുന്നു. ഒരിക്കല്‍ ശനിയും വ്യാഴവും തമ്മില്‍ ഉഗ്രയുദ്ധമുണ്ടായി. നെറ്റിയില്‍ ശരമേറ്റ് നിലംപതിച്ച ശനിയെ ബ്രഹ്മദേവന്‍ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ശരം വലിച്ചെടുക്കുകയും ചെയ്തു. അപ്പോള്‍ ശനിയുടെ നെറ്റിയില്‍ നിന്നും കടുംനീലനിറത്തിലുള്ള ഒരുതുള്ളിച്ചോര താഴെ വീണു. ആ ചോരത്തുള്ളിയില്‍ നിന്നും നീലദേഹത്തോടുകൂടിയ ഒരു ഭയങ്കരരൂപം ഉയിരാര്‍ന്നുവന്നു. സര്‍പ്പാകൃതിയും പേടിപ്പിക്കുന്ന നോട്ടവും ഉഗ്രവീര്യവുമൊത്ത അവനെ ശനിപുത്രനായി ബ്രഹ്മാവ് പ്രഖ്യാപിച്ചു. വിഷ്ണുവാണ് 'മാന്ദി' എന്ന പേരുനല്‍കിയത്. കുറിയരൂപമാവണം ഗുളികന്‍ എന്ന പേരിനാസ്പദം. വിഷ്ണു അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു: 'സമസ്ത ജന്തുക്കളെയും മരിപ്പിക്കുവാന്‍ ഇവന് ജന്മായത്തമായ കഴിവുള്ളതിനാല്‍ മൃത്യു എന്ന പേരിലും അറിയപ്പെടും.' ശനിയുടെ ഉപഗ്രഹം എന്ന പദവിയും ദേവന്മാരാണ് ഗുളികന് നല്‍കിയത്. (ഗുളികന്റെ ജനനകഥ വേറെ വിധത്തിലും പ്രചാരത്തിലുണ്ട്)

ഗുളികന്‍ ഏതു ഭാവത്തിലും ഒട്ടൊക്കെ ദോഷപ്രദനാണ്, പതിനൊന്നാമെടം ഒഴികെ. ശനിയുമായി ചേരുമ്പോഴാണ് ഗുളികന്റെ ദോഷശക്തി ഒരു 'സുനാമി'യായി മാറുന്നത്. ഗുളികന്‍ നില്‍ക്കുന്ന ഭാവം മാത്രമല്ല മലിനമാകുന്നത്, ആ രാശിയുടെ അധിപനും, ആ അധിപഗ്രഹം ചെന്നു നില്‍ക്കുന്ന രാശിയും/ഭാവവും അശുഭമാകുന്നു. 'ഗുളികഭവനാധിപത്യം' എന്ന വാക്കിന്റെ അര്‍ത്ഥം ഇതാണ്. 'ഗുളികസ്ഥിത രാശീശന്‍ / നിന്ന ഭാവമനിഷ്ടദം' എന്ന ശ്ലോകാര്‍ദ്ധത്തിലും ഇപ്പൊരുളുണ്ട്.   

ഗുളികോദയം പകലും രാത്രിയും വ്യത്യസ്തരീതിയില്‍ കണക്കാക്കുന്നു. സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള പകല്‍വേളയെ എട്ട് സമഭാഗമാക്കുമ്പോള്‍ ഒന്നരമണിക്കൂര്‍വീതം കിട്ടുമല്ലോ? (ശരാശരി). ആ ഒന്നരമണിക്കൂര്‍ സൂര്യാദിഗ്രഹങ്ങളുടെ ഉദയകാലമാണ്. എട്ടാമത് വീണ്ടും ആദ്യഗ്രഹം തന്നെ വരും. (ചിലരുടെ പക്ഷത്തില്‍ എട്ടാമത് രാഹുവിന്റെ ഉദയവേള. ഇതില്‍ കേതുവിനെ ചേര്‍ക്കുകയുമില്ല) വാരാധിപനാണ് ആദ്യം ഉദിക്കുക. ഞായറാഴ്ചയെങ്കില്‍ സൂര്യനാദ്യം. തിങ്കള്‍, ചൊവ്വാ എന്നിങ്ങനെ ഓരോ ദിവസത്തിന്റെയും അധിപഗ്രഹങ്ങളുടെ ഉദയകാലമാണ് ക്രമത്തില്‍. എട്ടാമത് ആദ്യഗ്രഹത്തിന്റെ അവര്‍ത്തനം, അല്ലെങ്കില്‍ രാഹുവിന്റെ ഉദയം. ഇതില്‍ ഓരോ ദിവസവും ശനിയുടെ ഉദയവേള വരുമ്പോഴാണ് മിക്കവാറും ഗുളികോദയവും (ഗുളികകാലവും) വരിക. അത് ഞായറാഴ്ച 26 നാഴികയ്ക്ക്, തിങ്കള്‍ 22 നാഴികയ്ക്ക്, ചൊവ്വ 18 നാഴികയ്ക്ക്, ബുധന്‍ 14 നാഴികയ്ക്ക്, വ്യാഴം 10 നാഴികയ്ക്ക്, വെള്ളി 6 നാഴികയ്ക്ക് എന്നിങ്ങനെ 4 നാഴികവീതം കുറഞ്ഞു വരും. ശനിയാഴ്ച 2 നാഴികയ്ക്കാവും ഗുളികോദയം. അപ്പോള്‍ മേടം മുതലുള്ള പന്ത്രണ്ട് രാശികളില്‍ ഏത് രാശിയാണോ ഉദിച്ച് നില്‍ക്കുക ആ രാശിയില്‍ ഗുളികനെ അടയാളപ്പെടുത്തും. 

രാത്രിയിലെ ഗുളികോദയം പകലിന്റെ അഞ്ചാം രാശിയിലാവും. അതായത് ഞായറാഴ്ച രാത്രിയിലെ ഗുളികോദയ സമയം ഞായറിന്റെ അഞ്ചാം ആഴ്ചയായ വ്യാഴത്തിന്റെ സമയത്താവും (10നാഴികയ്ക്ക്). അസ്തമയാല്പരം അപ്പോള്‍ ഏത് രാശിയാണോ ഉദിച്ചുനില്‍ക്കുക അതില്‍ ഗുളികനെ രേഖപ്പെടുത്തും.   

പേരില്‍ മാത്രമാണ് ഗുളികത്വം കാണുക. കാര്യചിന്തയില്‍ വാമനന്‍ ത്രിവിക്രമനാകുന്ന മഹാവൈഭവം ഗുളികനുണ്ട്. ഇതുപോലെ ഒരു ചെറുകുറിപ്പിലൊന്നും ഗുളികതത്ത്വം പറഞ്ഞുതീരില്ല. ജ്ഞാനികളായ ദൈവജ്ഞന്മാരില്‍ നിന്നും ആവേദനം ചെയ്തറിയേണ്ട കാര്യങ്ങളാണ്. ജ്യോതിഷവിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു പരിചായകം എന്ന നിലയിലാണ് ഈ ഹ്രസ്വലേഖനം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍