നല്ലവാക്കോതുവാന്‍
ലേഖനം: 165
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
നല്ലവാക്കും നല്ലഭാഷയും പറയുന്നയാളിന്റെ ചിത്തസംസ്‌ക്കാരത്തെ വ്യക്തമാക്കുന്നു. വെറും പഠിപ്പു മാത്രം പോര; വിജ്ഞാനത്തിനൊപ്പം വിവേകവും വേണം. അപ്പോഴാണ് കവി പ്രാര്‍ത്ഥിച്ചതുപോലെ ഒരാള്‍ക്ക്, നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാവുന്നത്.
രണ്ടാമെടം കൊണ്ടാണ് വാക്കുകളെ ചിന്തിക്കുക. ഭാവകാരകന്‍ വ്യാഴവും. എന്നാല്‍ 'ജ്ഞോ വചാ:' എന്ന പ്രമാണപ്രകാരം വാക്കിന്റെ, വചനത്തിന്റെ വിഭുത്വം ബുധനുമുണ്ട്. രണ്ടാം ഭാവത്തിന്റെ ബലം, ഭാവനാഥന്റെ ബലം, എന്നിവയ്‌ക്കൊപ്പം ഗുരുബുധന്മാരുടെ ബലവും ഒരാളുടെ സംഭാഷണത്തെ, വാങ്മയത്തെ, വാഗര്‍ത്ഥവിചാരത്തെ സ്വാധീനിക്കുമെന്ന് ചുരുക്കം.
രണ്ടാംഭാവത്തില്‍ സൂര്യബന്ധം വന്നാല്‍- സൂര്യരാശി, സൂര്യയോഗം, സൂര്യദൃഷ്ടി ഇത്യാദി- ആ വ്യക്തി പൗരുഷപൂര്‍ണമായ വാക്കുകള്‍ പറയും. ആജ്ഞയോലും, അവയില്‍. ചിലപ്പോള്‍ അധികാരത്തിന്റെ സ്വരവും ഉണ്ടാവുമതില്‍. നേര്‍വാക്കും നിറയും. ഉച്ചസൂര്യന്‍ സാത്വികതയുടെ മൊഴിയാവും ഉരയ്ക്കുക.
രണ്ടിലേക്ക് ഇപ്പറഞ്ഞതിന്‍വണ്ണം ചന്ദ്രന്റെ നില്പ്/ നോട്ടം/ ആധിപത്യം എന്നിവ വന്നാല്‍ മാധുര്യം വചനത്തില്‍ നിറയും. യാഥാര്‍ത്ഥ്യത്തോടൊപ്പം വചനങ്ങളില്‍ കല്പനയും കൊടിയേറും. വെണ്മ മനസ്സില്‍ വിളങ്ങുമെങ്കില്‍ വാക്കും പൗര്‍ണമിപ്രഭയുള്ളതാവും, എന്നതല്ലേ ആത്യന്തിക സത്യം?
ചൊവ്വയുടെ സ്വാധീനമാണെങ്കിലോ? പാരുഷ്യമേറും. 'കല്പന കല്ലേ പിളര്‍ക്കും' എന്ന മട്ടുവരാം. സുഗ്രീവാജ്ഞ തന്നെയാവും, നിര്‍ദ്ദേശങ്ങള്‍ പോലും. 'മധുരകോമളകാന്ത പദാവലി'
ആ വ്യക്തിയുടെ നിഘണ്ടുവില്‍ തന്നെ ഉണ്ടാവണമെന്നില്ല. 'കട്വമ്‌ള തീക്ഷ്ണം' ആവാം ഭാഷ. അതാണ് കുജഭാഷയുടെ രീതി.
ബുധനെങ്കില്‍ വിദ്വജ്ജനോചിതമായി സംസാരിക്കും. കൃത്യതയുണ്ടാവും, ആശയങ്ങള്‍ക്ക്. വക്താവിന്റെ ബുദ്ധിയുടെ തിളക്കം വാള്‍ത്തലപോലെ വാക്കില്‍ നിറയും. ഗണിതത്തിന്റെ സൂക്ഷ്മതയും സാഹിത്യത്തിന്റെ സാരസ്യവും കലര്‍ന്നൊഴുകും. പരിഹാസകലവികള്‍ കലര്‍ത്താനും സന്ദര്‍ഭം പോലെ മുതിരും. ബുധന് ദൗര്‍ബല്യമുണ്ട്, ഗ്രഹനിലയിലെങ്കില്‍ വികട സരസ്വതിയാവും. 'വാക്ക്' ശ്രോതാവിനെ വിരസതയിലേക്കും വിരോധത്തിലേക്കും നയിക്കാം.
വ്യാഴത്തിന് പ്രഭാവമുണ്ടെങ്കില്‍ ഔചിത്യം, സംസ്‌ക്കാരം, പാണ്ഡിത്യം എന്നിവ മൂന്നും വചനത്തെ ഒരു ത്രിവേണിസംഗമമാക്കും ആളറിഞ്ഞും സഭയറിഞ്ഞും പറയും. ശരിക്കും 'മിതം ച സാരം ച' എന്ന് ആരും സമ്മതിക്കും, ആ വചനശൈലിയെ.
ശുക്രന്റെ ഭാഷ അടിമുടി സൗന്ദര്യം നിറഞ്ഞതാവും. തേച്ചുമിനുക്കിയ ഭാഷ എന്നും പറയാം. പ്രയോഗങ്ങള്‍ ചെത്തി ചിന്തേരിട്ടാവും അവതരിപ്പിക്കുക. ഭൗതികവിഷയങ്ങളും കലയും എതിര്‍ലിംഗത്തില്‍പെട്ടവരുടെ കാര്യങ്ങളും അറിഞ്ഞോ അറിയാതെയോ വാക്കില്‍ തുളുമ്പും. അതിന് ഒരു കാന്തശക്തിയുണ്ടാവും. ശ്രോതാവിനെ ഭ്രമകല്പനകളില്‍ ആമഗ്നനാക്കാനും അതിന് ആവതുണ്ടാവും. വേണമെങ്കില്‍ അതൊരു 'അഴകൊഴമ്പന്‍' ശൈലിയുമായി മാറും. ശ്രോതാവില്‍ ഒരു 'അഴകിയ രാവണന്റെ' ചിത്രമാവും അപ്പോള്‍ കിട്ടുക.
ബലമുള്ള ശനി ആദ്ധ്യാത്മികതയെ, ജീവിതത്തിന്റെ നിരര്‍ത്ഥകതയെ ഒക്കെ വചനപ്രത്യക്ഷതയാക്കും. ഭൗതികതയുടെ തുച്ഛതയെ തള്ളിപ്പറയും. ശനി ദുര്‍ബലനെങ്കില്‍ ഭാഷയുടെ ജനിതക ഘടന ആകപ്പാടെ മാറും. കള്ളത്തരത്തിന്റെ 'ഹരി:ശ്രീ' യാവും നാവില്‍പിറന്നു പ്രതാപംതേടുക. വളച്ചുചുറ്റി മൂക്കില്‍ തൊടുന്ന സംവേദനമാവും ആശയങ്ങള്‍ക്കുണ്ടാവുന്നതും. ഒറ്റവാക്കില്‍ പറയേണ്ടവ നീട്ടിപ്പരത്തും. അലസതയുടെ നീട്ട് ഭാഷാശൈലിയില്‍ ഒരു ഒഴിയാബാധയായി കൂടും.
രാഹു/ കേതു/ മാന്ദി എന്നിവയ്ക്ക് രണ്ടാം ഭാവവുമായി പൂര്‍ണബന്ധം വന്നാല്‍ വാക്കുകള്‍ കൊണ്ട് കപടലോകം ചമയ്ക്കും. ശനിയുടെ ഒരിരട്ടി കൂടിയാവും. ചിലപ്പോള്‍ ആഭാസം, അശ്ലീലം, ചൊറിച്ചുമല്ലല്‍, പോക്കണം കേട്, പൊട്ടത്തരം എന്നിങ്ങനെ പന്തലിക്കാം. വാക്കുകൊണ്ട് വീഴാനും വീഴ്ത്താനും പറ്റുമെന്ന് ആരും ഓര്‍മ്മിച്ചു പോകുമപ്പോള്‍.
ഈ ലേഖനം സാമാന്യവല്ക്കരണം എന്നതിനപ്പുറം കടക്കുന്നില്ല എന്നറിയാം. സത്യത്തിന്റെ ഒരു വശം മാത്രവുമാണ്! 'വാക്കേ വാക്കേ കൂടെവിടെ?' എന്ന അന്വേഷണം എളുതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് കവിക്ക് പാടേണ്ടിവന്നത്:
'ഇന്നു ഭാഷയപൂര്‍ണമിങ്ങഹോ / വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍' എന്ന്!
I sent you a check and a letter in October. The check has been cashed, so I believe you got my letter to. When are you going to respond ?DKM Kartha
മറുപടിഇല്ലാതാക്കൂ