'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

രേവതി നാളുകാരെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനിപബ്‌ളിക്കേഷന്‍സ്
98460 23343

    ക്രമസംഖ്യ പ്രകാരം പിന്നിലായിപ്പോയി എന്നേയുള്ളു. രേവതിയ്ക്ക് ' അന്ത്യഭം' എന്ന പേരുവരാന്‍ ഒടുവിലത്തെ നക്ഷത്രമാണ് എന്നതാണ് കാരണം. കഴിവിലും കരുത്തിലും നേട്ടങ്ങളിലും മുന്‍പന്തിയില്‍ തന്നെ സ്ഥാനം പിടിക്കും രേവതി നാളുകാര്‍.

       ദേവഗണനക്ഷത്രം ആകെ ഒമ്പതെണ്ണം. അവയിലൊന്നാണ് രേവതി. പുരുഷനക്ഷത്രമെന്നും സ്ത്രീനക്ഷത്രമെന്നും തരംതിരിവുണ്ടല്ലോ . രേവതി ഒരു സ്ത്രീ നക്ഷത്രമാണ്. സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ വിഭജനങ്ങളും നക്ഷത്രങ്ങളുടെ കാര്യത്തിലുണ്ടെന്ന് നമുക്കറിയാം. രേവതിയെ സംഹാര നക്ഷത്രമായി പരിഗണിക്കുന്നു. കല്പങ്ങളും മന്വന്തരങ്ങളും ഒടുങ്ങി ബ്രഹ്മപ്രളയം പ്രപഞ്ചത്തെ അഴിക്കുന്നത് രേവതിയിലാണത്രെ! അശ്വതിയില്‍ വീണ്ടും സൃഷ്ടി; പ്രപഞ്ചാരംഭം. അങ്ങനെ രേവതി സംഹാരനക്ഷത്രമായി, അശ്വതി സൃഷ്ടിനക്ഷത്രവും. ജ്യോതിഷശില്പികളായ മഹര്‍ഷിമാരുടെ ഇങ്ങനെയുള്ള ഉപപത്തികള്‍, അന്വേഷണങ്ങള്‍, അപഗ്രഥനങ്ങള്‍ എന്നിവ അനന്തമാണ്....

  രേവതിനക്ഷത്രം മീനക്കൂറില്‍ വരുന്നു. രാശിനാഥന്‍ വ്യാഴമാണ്. നക്ഷത്ര നാഥന്‍ ബുധനാകുന്നു. നവഗ്രഹങ്ങളുടെ ജന്മനക്ഷത്രത്തെക്കുറിച്ച് പ്രാചീന ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. ശനിയുടെ ജന്മനക്ഷത്ര മാണ് രേവതി. ( മീനമാസത്തിലെ രേവതി ) ശുക്രന്റെ ഉച്ചരാശി മീനമാണ്. അതില്‍തന്നെ 'അത്യുച്ചം ' എന്നും 'പരമോച്ചം ' എന്നും വിളിക്കപ്പെടുന്ന ഒരു അധിത്യകാസ്ഥാനം ഉണ്ട്. അത് മീനം രാശിയുടെ ഇരുപത്തിയേഴാം ഡിഗ്രിയിലാണ് ഭവിക്കുന്നത്. രേവതി നാളിലാണ്, കൃത്യമായിപ്പറഞ്ഞാല്‍ രേവതിയുടെ നാലാം പാദത്തിലാണ് ഈ സൂക്ഷ്മബിന്ദുസ്ഥാനം വരുന്നത്.

    രേവതിയുടെ ദേവത പൂഷാവാകുന്നു. 'പൗഷ്ണം ' എന്ന പേര് രേവതിയ്ക്ക് ലഭിച്ചത് ഇങ്ങനെയാണ്. ദ്വാദശാദിത്യന്മാരില്‍ ഒരാള്‍ക്ക് പൂഷാവെന്ന പേരുണ്ട്. വിപുലമായ ചിന്തയില്‍ സൂര്യന്‍ തന്നെയാണ് പൂഷാവ് എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ' യദ് രശ്മി പോഷം പുഷ്യതി തത് പൂഷാ ഭവതി' എന്നിങ്ങനെ പൂഷാവ് എന്ന പദത്തെ നിരുക്തകാരനായ യാസ്‌ക മഹര്‍ഷി വിശദീകരിക്കുന്നു. തന്റെ രശ്മികളാല്‍ ജീവജാലങ്ങളെയും ഈ പ്രപഞ്ചത്തെത്തന്നെയും പോഷിപ്പിക്കുന്നവന്‍ / പുഷ്ടിപ്പെടുത്തുന്നവന്‍ ആണ് പൂഷാവ് എന്ന് സാരം. അതിനാല്‍ സ്വയം വളരുകയും ഭൗതികനേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നവരാണ് രേവതി നാളുകാര്‍. കഴിയുന്നിടത്തോളം ഒപ്പമുള്ളവരെയും കൈപിടിച്ചുയര്‍ത്തുന്നു. ഉയര്‍ന്ന നീതിബോധവും സഹജീവികളെക്കുറിച്ചുള്ള ധാരണയും രേവതി നാളുകാരില്‍ നിന്നും പ്രതീക്ഷിക്കാം. പക്ഷിമൃഗാദികളോടും സ്‌നേഹവായ്പുണ്ടാവും.

    ഋഗ്വേദത്തില്‍ ഒരുപാടിടങ്ങളില്‍ പൂഷാവ് വര്‍ണിതനാകുന്നു. വെളിച്ചത്തിന്റെയും കൃഷിപ്പണിയുടെയും പുഷ്ടിയുടെയും കന്നുകാലി സമ്പത്തിന്റെയും അധീശ്വരനാണ് പൂഷാവെന്ന് സ്തുതിക്കപ്പെടുന്നുണ്ട്. വഴിവിളക്ക് പോലെയാണ് പൂഷാവെന്നും ഒരു പരികല്പന വായിക്കാം. എല്ലാ യാത്രകളുടെയും തുടക്കത്തില്‍ വെളിച്ചം വിതറുന്ന ദീപസ്തംഭം പോലെ പൂഷാവ് നിലകൊള്ളുന്നുണ്ടത്രെ! വെളിച്ചത്തിന്റെ മൂര്‍ത്തിമദ്ഭാവമാകയാല്‍ പൂഷാവ് സൂര്യന്‍ തന്നെയാണ് എന്ന് മിക്ക ആചാര്യന്മാരും വ്യക്തമാക്കുന്നു.

     വെളിച്ചത്തെ സ്‌നേഹിക്കുകയും വെളിച്ചം പരത്താന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുക എന്നതാണ് രേവതി നാളുകാരുടെ നിയോഗം. അതിനാല്‍ ബോധനകലയില്‍, ആശയവിനിമയ ശേഷിയില്‍ ഇവര്‍ തന്റെ അസ്മിത ഭംഗിയായി രേഖപ്പെടുത്തുന്നു. വാക്കുകളുടെ ഊര്‍ജപ്രസരണം ശ്രോതാവ് ഉള്‍ക്കൊള്ളും.

    മഹാകവി ഇടശ്ശേരിയുടെ വരികള്‍ പ്രസക്തമാകുകയാണ്: ' വെളിച്ചം തൂകിടുന്നോളം / പൂജാര്‍ഹം താനൊരാശയം / അതിരുണ്ടഴല്‍ ചാറുമ്പോള്‍ / പൊട്ടിയാട്ടുക താന്‍ വരം '. വെളിച്ചം തൂകീ ടാനല്ലാതെ, ഇരുളാവാനും ഇരുട്ടിന്റെ സന്തതികളാവാനും രേവതി നാളുകാര്‍ക്ക് കഴിയില്ല....

    ഇന്ന് പിറന്നാളും പക്കപ്പിറന്നാളും കൊണ്ടാടുന്ന എല്ലാ രേവതി നാളുകാര്‍ക്കും പിറന്നാള്‍ ആശംസകള്‍!
    'രേവതി: അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്.
പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

കരണം എന്നാല്‍