നോട്ടം

ലേഖനം: 164

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

'ഗ്രഹദൃഷ്ടി' എന്നത് ജ്യോതിഷത്തിലെ സജീവവിഷയമാണ്. ഗ്രഹങ്ങള്‍ ജീവനുള്ളവയാണ്. അവ ഏതു രാശിയില്‍ / ഏതു ഭാവത്തില്‍ നില്‍ക്കുന്നു എന്നതുപോലെ പ്രാധാന്യമുളള ചിന്തയാണ് ഏത് രാശിയിലേക്ക് /  ഏത് ഭാവത്തിലേക്ക് നോക്കുന്നു എന്നതും. ഗ്രഹത്തിന്റെ ശുഭാശുഭത്വം അവയുടെ നോട്ടത്തെയും പവിത്രമോ പങ്കിലമോ ആക്കുന്നു. പണ്ഡിതന്മാരുടെ പക്ഷത്തില്‍ ഗ്രഹത്തിന്റെ ഭാവസ്ഥിതിയോളം, അല്ലെങ്കില്‍ അതിലധികം, ശക്തമാണ് ഗ്രഹത്തിന്റെ ഭാവത്തിലേക്കുള്ള നോട്ടം....

ഗ്രഹങ്ങളുടെ നോട്ടം കാല്‍ദൃഷ്ടി, അരദൃഷ്ടി, മുക്കാല്‍ദൃഷ്ടി എന്നിങ്ങനെയുണ്ട്. എങ്കിലും ഗ്രഹങ്ങളുടെ മുഴുദൃഷ്ടിയാണ് മുഖ്യമായി സ്വീകാര്യം. എല്ലാ ഗ്രഹങ്ങള്‍ക്കും അവനില്‍ക്കുന്ന ഭാവത്തിന്റെ ഏഴാം ഭാവത്തിലേക്ക് പൂര്‍ണദൃഷ്ടിയുണ്ട്. മൂന്ന് ഗ്രഹങ്ങള്‍ക്കു മാത്രം, അതുകൂടാതെ വിശേഷദൃഷ്ടിയുമുണ്ട്-- ശനിക്കും വ്യാഴത്തിനും ചൊവ്വയ്ക്കും. ശനി 3,10 എന്നീ ഭാവങ്ങളിലേക്കും, വ്യാഴം 5,9 എന്നീ ഭാവങ്ങളിലേക്കും, ചൊവ്വ 4,8 എന്നീ ഭാവങ്ങളിലേക്കും കൂടി നോക്കുന്നു. ഉദാഹരണത്തിന് ഇടവത്തില്‍ നില്‍ക്കുന്ന ശനിയുടെ ഏഴാംദൃഷ്ടി വൃശ്ചികം രാശിയില്‍, മൂന്നാംദൃഷ്ടി കര്‍ക്കടകം രാശിയില്‍, പത്താംദൃഷ്ടി കുംഭം രാശിയില്‍ പതിക്കുന്നു. മിഥുനത്തിലാണ് വ്യാഴമെങ്കില്‍ ഏഴാംദൃഷ്ടി ധനുവിലാവും. അഞ്ചാംദൃഷ്ടി തുലാത്തിലാവും. ഒമ്പതാംദൃഷ്ടി കുംഭത്തിലുമാവും. മകരത്തിലാണ് ചൊവ്വയെങ്കില്‍ ഏഴാംദൃഷ്ടി പതിയുക കര്‍ക്കടകത്തില്‍. നാലാംദൃഷ്ടി മേടത്തില്‍, എട്ടാംദൃഷ്ടി ചിങ്ങത്തില്‍. 

ശുഭഗ്രഹങ്ങളുടെ നോട്ടം ഉജ്ജീവകമാണ്. ഇരുട്ടുകീറുന്ന പ്രഭാവിശേഷമാവും, അത്. പാപന്മാരുടെ ദൃഷ്ടിയാകട്ടെ ദുരിതം വിതറും. പുണ്ണില്‍ തീക്കൊള്ളി കാട്ടും പോലെ ചിലപ്പോള്‍ ക്ലേശത്തെ ഇരട്ടിപ്പിച്ചെന്നുവരാം. ഗ്രഹങ്ങളില്ലാത്തതിനാല്‍ ശൂന്യമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ഒരുഭാവം ഗ്രഹങ്ങളുടെ നോട്ടത്തിലൂടെ പോഷകമായി മാറുകയും ചെയ്യും. തലയെടുപ്പോടെ നില്‍ക്കുന്ന പ്രതാപികളായ ഗ്രഹങ്ങളുടെ മേല്‍ പാപന്മാരുടെ നോട്ടം കരിനിഴല്‍ വീഴ്ത്തി അവയുടെ സിംഹാസനത്തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്ന അനുഭവങ്ങളും, ദുര്‍ബലനായ ഒരു ഗ്രഹത്തിനുമേല്‍ ശുഭനും ശക്തനുമായ മറ്റൊരു ഗ്രഹത്തിന്റെ നോട്ടം പതിയുമ്പോള്‍ 'എലിയെപ്പോലെ ഇരുന്ന പ്രസ്തുതഗ്രഹം പുലിയെപ്പോലെ വരുന്നതും' സഹജമാണ്. ഗ്രഹങ്ങളുടെ ഇടയിലെ ശത്രുമിത്രാദിഭേദങ്ങള്‍, ലഗ്‌നത്തിന് പ്രസ്തുതഗ്രഹങ്ങള്‍ ശിക്ഷകനോ രക്ഷകനോ തുടങ്ങി പലഘടകങ്ങള്‍ നോട്ടത്തിന്റെ ആഴം ചിന്തിക്കുമ്പോള്‍ പരിഗണനയര്‍ഹിക്കുന്നു. നോട്ടങ്ങളുടെ മൂല്യം ധനാത്മകവും ഋണാത്മകവും ആവുന്നത് അങ്ങനെയാണ് / അപ്പോഴാണ്...

ഒരു പ്രശസ്ത പ്രമാണശ്ലോകം പറയുന്നത് ഗ്രഹദൃഷ്ടിയിലെ രസകരമായ വൈവിദ്ധ്യമാണ്. സൂര്യനും ചൊവ്വയും ഊര്‍ദ്ധ്വദൃഷ്ടികളാണത്രെ! അതായത് മുകളിലോട്ട് നോക്കുന്നവര്‍. ഒന്നിനോടുമില്ല പക്ഷപാതമെന്ന നിസ്സംഗത ആ നോട്ടത്തിന്റെ പ്രത്യേകതയാണെന്നു പറയാം. ശുക്രന്റെയും ബുധന്റെയും നോട്ടം കടാക്ഷം/ കടക്കണ്‍ നോട്ടം തന്നെയാണ്. അതിലുണ്ട്, വൈകാരികതയുടെ തുടിപ്പ് / ഒരു സ്‌നേഹോഷ്മള സ്പര്‍ശം! ചന്ദ്രനും വ്യാഴവും സമഭാഗദൃഷ്ടികളാണ്-- നേരേ നോക്കുന്നു. അഭിമുഖം നില്‍ക്കുന്നയാളിന്റെ കണ്ണിലേക്കുള്ള നോട്ടമാണത്. തികഞ്ഞ ആത്മവിശ്വാസത്തില്‍ നിന്നും വന്നതാവുമല്ലോ അത്? ശ്ലോകത്തിന്റെ നാലാംപാദത്തില്‍ ശനിയുടെയും രാഹുവിന്റെയും നോട്ടത്തെപ്പറയുന്നു. അത് താഴേക്കുള്ള നോട്ടമാണത്രെ! തോറ്റവന്റെ, കള്ളന്റെ, ആത്മവിശ്വാസക്കുറവുള്ളവന്റെ നോട്ടം! ഗ്രഹങ്ങളുടെ വ്യക്തിത്വത്തിലേക്ക് ഒരു മിന്നല്‍പ്രഭയായി മാറാനും ഈ ശ്ലോകം പ്രയോജനപ്പെടുന്നുണ്ട്...

ചോരവിഷയം അഥവാ ചോരപ്രശ്‌നം ചിന്തിക്കുമ്പോള്‍  മുകളില്‍ വിവരിച്ചിട്ടുള്ള ഗ്രഹദൃഷ്ടിയുടെ സവിശേഷതകള്‍ ആചാര്യന്മാര്‍ സമര്‍ത്ഥമായി പ്രയോജനപ്പെടുത്താറുണ്ട്. കള്ളനുമായി ഏതുഗ്രഹമാണ് ബന്ധപ്പെടുന്നതെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍, തുരന്നിട്ടാണോ, ഓടുപൊളിച്ചിട്ടാണോ, വശങ്ങളിലൂടെയാണോ, നേര്‍വാതിലിലൂടെയാണോ കള്ളന്‍ ഭവനഭേദനം നടത്തിയത് എന്ന് വ്യക്തമാവും. ആ നിലയ്ക്ക് നോക്കിയാല്‍ 'ഗ്രഹദൃഷ്ടി' എന്ന ഒറ്റവിഷയത്തിലൂടെ മികച്ച ഒരു 'ഫസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്' - (FIR) - തയ്യാറാക്കാന്‍ ഒരു ദൈവജ്ഞന് സാധിക്കുന്നതാണ്.

ചെറിയകാര്യം എന്നൊന്നില്ല, ജ്യോതിഷവിദ്യയില്‍. 'പൊട്ടുംപൊടിയും' എന്നു പ്രത്യക്ഷത്തില്‍ തോന്നിയാല്‍ പോലും ചുഴിഞ്ഞുനോക്കിയാല്‍ അതിന് അകക്കാതലുണ്ടാവും. അവഗണിക്കാനാവാത്തവിധം ഗഹനദീപ്തിയുണ്ടാവും. അത്തരം ഒരു പരിപ്രേഷ്യം 'ഗ്രഹങ്ങളുടെ നോട്ടം' എന്ന വിഷയത്തിലും സ്വാഭാവികമായിത്തന്നെ കാണാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍