അശുഭ യോഗങ്ങള്‍

ലേഖനം: 163

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

'യോഗം' എന്ന വാക്ക് പല ഭാരതീയചിന്തകളിലും ജ്ഞാനശാഖകളിലും ഇടം പിടിച്ചിട്ടുള്ളതാണ്. പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍, ആയുര്‍വേദത്തിലെ യോഗങ്ങള്‍, 'കടുശര്‍ക്കരയോഗം' പോലുള്ള തന്ത്രശാസ്ത്രവിഷയങ്ങള്‍ എന്നിവ അക്കൂട്ടത്തില്‍ വരും. എന്നാല്‍ 'യോഗം' എന്ന വാക്ക് ജ്യോതിഷത്തിലുമുണ്ട്.
ജ്യോതിഷത്തില്‍ വിഭിന്നാര്‍ത്ഥങ്ങളില്‍ യോഗം എന്ന വാക്ക് പ്രയോഗിക്കപ്പെടുന്നതായി കാണാം. പഞ്ചാംഗത്തിലെ വിഷ്‌ക്കംഭം തുടങ്ങിയ നിത്യയോഗങ്ങള്‍ അവയിലൊന്നാണ്. ഒരു രാശിയില്‍ നില്‍ക്കുന്ന ഒന്നിലധികം യോഗങ്ങളെ ദ്വിഗ്രഹയോഗം, ത്രിഗ്രഹയോഗം, ചതുര്‍ഗ്രഹയോഗം  എന്നിങ്ങനെ അവയുടെ സംഖ്യയെ മുന്‍നിര്‍ത്തി വിശേഷിപ്പിക്കുന്നു. രാശികള്‍, ഭാവങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചും ഏറെ യോഗങ്ങളുണ്ട്.

രണ്ട് ഗ്രഹങ്ങള്‍ ചേരുമ്പോള്‍ ചില സവിശേഷമായ അനുഭവങ്ങള്‍ ജാതകന്/ ജാതകയ്ക്ക് ഉണ്ടാകുന്നു. അവ നല്ലതാണെങ്കില്‍ ശുഭയോഗമായി. ഗജകേസരിയോഗവും മഹാഭാഗ്യയോഗവും വസുമദ്യോഗവും അധിയോഗവും മഹാപുരുഷയോഗങ്ങളും മറ്റും അങ്ങനെയുള്ളവ. ദുര്‍ഫലങ്ങള്‍ നല്‍കുന്നവ അശുഭയോഗങ്ങളുടെ ഗണത്തില്‍ വരും. അവയില്‍ 'ജാതകപാരിജാത'ത്തില്‍ വിവരിക്കുന്ന 'ദൈന്യയോഗങ്ങള്‍' എന്താണെന്ന് ഇവിടെ പരിശോധിക്കാം.

പരിവര്‍ത്തന യോഗങ്ങളില്‍ ഉള്‍പ്പെട്ടവയാണ് ദൈന്യയോഗങ്ങള്‍. ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങള്‍ അനിഷ്ടഭാവങ്ങളാണ് അഥവാ ദുഃസ്ഥാനങ്ങളാണ് എന്ന് ജ്യോതിഷത്തിന്റെ ബാലപാഠം പഠിച്ചിട്ടുള്ളവര്‍ക്കറിയാം ഈ ഭാവങ്ങള്‍ ഓരോന്നും ലഗ്‌നം മുതല്‍ 6,8,12 എന്നീ ഭാവങ്ങളൊഴികെ മറ്റു ഭാവങ്ങളുമായി നടത്തുന്ന പരിവര്‍ത്തനമാണ് ദൈന്യയോഗം. ഇവയെല്ലാം 6, 8, 12 എന്നീ ഭാവങ്ങളുമായി പരിവര്‍ത്തനത്തിലേര്‍പ്പെടുന്ന ഭാവങ്ങളുടെ ദോഷത്തിനും ദുരിതത്തിനും കാരണമാകും. മൊത്തത്തില്‍ അത് ജാതകന്റെ ജീവിതത്തെ ക്ലേശിപ്പിക്കുന്നതിനും ഇടവരുത്തും. ഉദാഹരണത്തിന് ലഗ്‌നാധിപനും ആറാംഭാവാധിപനും സ്ഥാന വിപര്യയത്തിലായാല്‍ ദൈന്യയോഗമായി. അതായത് മേടലഗ്‌നാധിപനായ ചൊവ്വ ആറാംഭാവമായ കന്നിയില്‍, കന്നിയുടെ നാഥനായ ബുധന്‍ ലഗ്‌നമായ മേടത്തില്‍. ഇത് ജാതകനെ നിത്യരോഗിയും കടക്കാരനും വ്രണിതനുമാക്കും. ഇതുപോലെ 6,8,12 എന്നിവയൊഴികെ മറ്റ് ഒമ്പത് ഭാവങ്ങളുമായി ആറാം ഭാവാധിപനും എട്ടാം ഭാവാധിപനും പന്ത്രണ്ടാം ഭാവാധിപനും പരിവര്‍ത്തനം ചെയ്യുന്നത് അഹിതവും അശുഭവുമായ ഫലങ്ങളെ സൃഷ്ടിക്കും.

എന്നാലോ ഈ മൂന്ന് ദുഃസ്ഥാനങ്ങളുടെ അധിപന്മാര്‍ പരസ്പരം പരിവര്‍ത്തനം ചെയ്യുന്നത് ഉത്തമഫലമായി പറയാറുമുണ്ട്. ആറാം ഭാവാധിപന്‍ അഷ്ടമത്തിലോ, അഷ്ടമാധിപന്‍ പന്ത്രണ്ടിലോ, പന്ത്രണ്ടാം ഭാവാധിപന്‍ ഷഷ്ഠാഷ്ടമങ്ങളിലോ ഒക്കെ നില്‍ക്കുന്നത് ആയുര്‍പുഷ്ടിക്കും രോഗനിവൃത്തിക്കും ഋണമുക്തിക്കും കാര്യവിജയത്തിനും വഴിതുറക്കുമെന്ന് ചൂണ്ടിക്കാണിക്കാറുണ്ട്. അവിടെ രണ്ട് പ്രതിലോമതകള്‍ സ്ഥാനവിപര്യയം ചെയ്യുന്നത് പുരോഗതിക്ക് ഇടവരുത്തുന്നു. ഇത്തരം പരിവര്‍ത്തനങ്ങള്‍ രാജയോഗത്തിന് തുല്യമാണെന്ന് അനുഭവസമ്പന്നരായ ചില ദൈവജ്ഞര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മൂന്നാംഭാവാധിപതിയെ ഈ കൂട്ടത്തില്‍ ചേര്‍ക്കാം എന്നും വാദമുണ്ട്. മൂന്നാം ഭാവാധിപതിക്ക് 6,8,12 എന്നീ ഭാവാധിപന്മാരൊഴികെ മറ്റ് ഭാവാധിപന്മാരുമായുള്ള സ്ഥാനമാറ്റം 'ഖലയോഗം' എന്ന പേരില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്, 'ജാതക പാരിജാതത്തില്‍'. അതിന്റെ ഫലം സമ്മിശ്രമാണെന്നാണ് ആചാര്യന്മാരുടെ പക്ഷം.

യോഗം എന്ന വിഷയം തന്നെ അതിവിപുലമാണ്. അതില്‍ നിന്നും ചീന്തിയ ഒരു ചെറുകണം മാത്രമാണിവിടെ വിവരിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍