ഗണ്ഡാന്തം

ലേഖനം: 156

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

രാശിചക്രത്തെ 360 ഡിഗ്രിയായി നാം സങ്കല്പിച്ചിട്ടുണ്ട്. ഓരോ ഡിഗ്രിയും 60 മിനിറ്റു വീതമെന്ന് പുനര്‍വിഭജനവുമുണ്ട്. ഓരോ രാശിയും 30 ഡിഗ്രി വീതം. (30 x 12 രാശികള്‍ = 360 ഡിഗ്രി) അവയ്ക്കുളളിലായി 27 നക്ഷത്രമണ്ഡലങ്ങളുമുണ്ട്. ഒരു നക്ഷത്രം/ നക്ഷത്രമണ്ഡലം 13 ഡിഗ്രിയും 20 മിനിറ്റും (ഒരു മിനിറ്റിന്റെ മൂന്നിലൊന്ന്) ആണെന്നും നിജപ്പെടുത്തിയിരിക്കുന്നു. (13.20 x 27 നക്ഷത്രം = 360 ഡിഗ്രി).  

ഇപ്രകാരം ചിന്തിക്കുമ്പോള്‍ രാശിയും അവയ്ക്കുള്ളിലെ നക്ഷത്രമണ്ഡലവും ഒരുമിച്ച് അവസാനിക്കുന്നത് 120 ഡിഗ്രിയിലും, 240 ഡിഗ്രിയിലും, 360 ഡിഗ്രിയിലുമാണെന്ന് കാണാം. 4 രാശിയും 9 നക്ഷത്രവും ആയി രാശിചക്രം മൂന്നു ഭാഗമാക്കപ്പെടുന്നു. ഇതാണ് ഗണ്ഡാന്തം അഥവാ ഖണ്ഡത്തിന്റെ അവസാനം.  

നാലാംരാശിയായ കര്‍ക്കടകം രാശി തീരുന്ന 120  ഡിഗ്രിയില്‍ ഒമ്പതാം നക്ഷത്രമായ ആയില്യവും അവസാനിക്കുന്നു. പൂര്‍വ്വരാശിയുമായി തൊടാതെ പുതിയ ആരംഭമാണ് അഞ്ചാം രാശിയായ ചിങ്ങം മുതലും പത്താം നക്ഷത്രമായ മകം മുതലും കാണുന്നത്. ആ ഗണ്ഡത്തിന്റെ / ഖണ്ഡത്തിന്റെ/ഭാഗത്തിന്റെ ഒടുക്കം വരുന്നത് എട്ടാം രാശിയായ വൃശ്ചികത്തിലും പതിനെട്ടാം നക്ഷത്രമായ തൃക്കേട്ടയിലുമാകുന്നു. (240 ഡിഗ്രിയില്‍). ഒമ്പതാം രാശിയായ ധനു മുതല്‍ വീണ്ടും പുതിയ തുടക്കം. ആ ഗണ്ഡത്തിന്റെ, ആ ഖണ്ഡത്തിന്റെ, ആ ഭാഗത്തിന്റെ ഒടുക്കം വരുന്നത് പന്ത്രണ്ടാം രാശിയായ മീനത്തിലും ഇരുപത്തിയേഴാം നക്ഷത്രമായ രേവതിയിലുമാകുന്നു. (360 ഡിഗ്രിയില്‍). വീണ്ടും ഒന്നാം രാശിയായ മേടം രാശി മുതലും ഒന്നാം നക്ഷത്രമായ അശ്വതി മുതലും മറ്റൊരു ഭാഗത്തിന്റെ തുടക്കം. 

ഇപ്രകാരം രാശിചക്രം 120 ഡിഗ്രിയായി മുറിയുന്നിടത്തെ മൂന്നു നക്ഷത്രങ്ങളുടെയും ( ആയില്യം, തൃക്കേട്ട, രേവതി) നാലാം പാദത്തിലാണ് ഗണ്ഡാന്തം സംഭവിക്കുന്നത്. അതുപോലെ ഓരോ 120 ഡിഗ്രിക്കുശേഷമുളള രാശിയില്‍ വരുന്ന ആദ്യ മൂന്നു നക്ഷത്രങ്ങളുടെ ഒന്നാം പാദത്തിനും (മകം, മൂലം, അശ്വതി) ഗണ്ഡാന്തദോഷം വിധിക്കപ്പെട്ടിരിക്കുന്നു. ഈ ആറു പാദങ്ങളില്‍ (3+3) ജനിക്കുന്നത് ദോഷപ്രദമാണ് എന്ന് നിയമം. അതുപോലെ ഈ നക്ഷത്രപാദങ്ങളില്‍ മുഹൂര്‍ത്ത ലഗ്‌നം വരരുത് എന്നുമുണ്ട്. മുഹൂര്‍ത്തവര്‍ജ്യങ്ങളായിട്ടുള്ള ഒമ്പത് കാര്യങ്ങള്‍ 'നവദോഷങ്ങള്‍' എന്നറിയപ്പെടുന്നു. അവയില്‍ ഗണ്ഡാന്തദോഷവും ഉള്‍പ്പെടുന്നു. 

മുകളില്‍ പറഞ്ഞ ആറ് നക്ഷത്രപാദങ്ങളില്‍ ജനിക്കുന്ന ശിശുക്കള്‍ അവരവര്‍ക്കും മാതാപിതാക്കള്‍ക്കും ദോഷപ്രദരാണ് എന്നാണ് വിശ്വാസം. ജനനം പകലായാല്‍ പിതാവിനും രാത്രിയിലായാല്‍ മാതാവിനും സന്ധ്യാവേളകളിലായാല്‍ ശിശുവിനും ദോഷകരമെന്നും പറയുന്നു. ഇവയില്‍ പില്‍ക്കാലത്ത് ചില ഭേദഗതികള്‍ വരുന്നതു കാണാം. ആയില്യം, തൃക്കേട്ട, രേവതി എന്നിവയുടെ അവസാന പതിനഞ്ച് നാഴികയില്‍ അഥവാ നാലാം പാദത്തില്‍ പകല്‍ ജനിച്ചാല്‍ മാത്രം പിതാവിനും (ഇവയില്‍ രാത്രി ജനിച്ചാല്‍ മാതാവിന് ദോഷമില്ല) അശ്വതി, മകം, മൂലം എന്നിവയുടെ അവസാന പതിനഞ്ച് നാഴികയില്‍ അഥവാ നാലാം പാദത്തില്‍ രാത്രി ജനിച്ചാല്‍ മാതാവിനും (ഇവയില്‍ പകല്‍ ജനിച്ചാല്‍ പിതാവിന് ദോഷമില്ല) ദോഷമുണ്ട് എന്നും വാദങ്ങള്‍ ഉയരുന്നു. ഇപ്പറഞ്ഞ ആറ് നാളുകളുടെ നിര്‍ദ്ദിഷ്ട പാദങ്ങളില്‍ സന്ധ്യയ്ക്ക് ജനിച്ചാല്‍ മാത്രം ശിശുവിനും ദോഷം ഭവിക്കുന്നു. 'ജാതകപാരിജാതം' തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇത്തരം അഭിപ്രായങ്ങള്‍ കാണാം.  

പിതാവ് നവജാത ശിശുവിന്റെ മുഖം കാണുന്നതോടെയും ജാതകര്‍മ്മാദിക്രിയകള്‍ നടത്തുന്നതോടെയും പിതൃഋണത്തില്‍ നിന്നും മുക്തനാകുമെന്നും അതോടെ ഗണ്ഡാന്ത ജനനം മൂലമുളള ദോഷം തീരുമെന്നും ഉള്ള വിശ്വാസവുമുണ്ട്. ഈ നക്ഷത്രങ്ങളുടെ സന്ധി സമയത്തെ മൂന്നേമുക്കാല്‍ നാഴിക വീതം ഏഴര നാഴിക സമയം ആണ് 'അഭുക്തമൂലം' എന്ന ദോഷത്തില്‍ പെടുക. അതായത് ആയില്യം, തൃക്കേട്ട, രേവതി എന്നിവയുടെ അവസാനത്തെ പതിനഞ്ചുനാഴികയുടെ കാല്‍ഭാഗം ആയ മൂന്നേമുക്കാല്‍ നാഴികയും (24 മിനിറ്റാണ് ഒരു നാഴിക. മൂന്നേമുക്കാല്‍ നാഴിക എന്നാല്‍ 90 മിനിറ്റ് അഥവാ ഒന്നര മണിക്കൂര്‍) അശ്വതി, മകം, മൂലം എന്നിവയുടെ ആദ്യത്തെ പതിനഞ്ചു നാഴികയുടെ തുടക്കത്തിലെ മൂന്നേമുക്കാല്‍ നാഴികയും (ഒന്നരമണിക്കൂര്‍) മാത്രമാണ് കഠിനം. അതായത്, രാശിചക്രത്തിലെ ഏതാണ്ട് 119-121, 239-241, 359-001 എന്നീ ഡിഗ്രികള്‍ക്കുള്ളിലായി ജനിച്ചാല്‍ മാത്രം. അപ്പോഴത്തെ ജനനാദികള്‍ക്കാണ് യഥാര്‍ത്ഥ പരിഹാരം വേണ്ടത്. ആ നിലയ്ക്കുള്ള അഭിപ്രായവുമുണ്ട്. പിതാവ് ശിശുവിനെ കാണുന്നതിനൊപ്പം ശിവഭഗവാന് ഉചിത വഴിപാടുകളും മറ്റു കര്‍മ്മങ്ങളും ശാസ്‌ത്രോക്ത വിധിപ്രകാരം നടത്തണം. ഗണ്ഡാന്തദോഷം ആയുഷ്‌ക്കാലം മുഴുവന്‍ വേട്ടയാടുന്ന ഒരു ദോഷമായി കരുതേണ്ട കാര്യമില്ലെന്ന വാദം ശക്തമാണ്. 

ഒരു നിരീക്ഷണം ഇങ്ങനെ: 'ഗണ്ഡാന്തത്തില്‍ ജനിക്കുന്ന കുഞ്ഞിനെ ഉപേക്ഷിക്കുന്ന പതിവ് പണ്ടുകാലത്ത് നിലനിന്നിരുന്നു. എന്നാല്‍ പിന്നീട് ഈ ദുരാചാരം ഇല്ലാതായി. ജനിച്ച ഉടനെ പിതാവ് കുഞ്ഞിന്റെ മുഖം കണ്ട് പിതൃഋണത്തില്‍ നിന്നും മുക്തിനേടുകയാണ് വേണ്ടതെന്നും, ശിശുവിനെ സ്‌നേഹ വാത്സല്യാദികളോടെ വളര്‍ത്തുന്നതിലൂടെ മാത്രമേ പുണ്യവര്‍ദ്ധന കൈവരൂ എന്നും ആചാര്യന്മാര്‍ ഉപദേശിച്ചു.'  
(ഒ.ജി.ശ്രീനാഥ്, ഭാരതീയ നക്ഷത്ര ജ്യോതിഷം)

വിട്ടുപോയ ആശയങ്ങള്‍ പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുകയും പൂരിപ്പിക്കുകയും ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി