ഒരു നക്ഷത്രം, പല അനുഭവം

ലേഖനം: 123

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

കലണ്ടറിലോ, പഞ്ചാംഗത്തിലോ എല്ലാദിവസവും ഉദയനേരത്തെ നക്ഷത്രവും, അത് എത്ര നാഴികയോളം ഉണ്ടാവുമെന്നും രേഖപ്പെടുത്താറുണ്ട്. ജ്യോതിഷത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവര്‍ക്ക് അതാതു ദിവസത്തെ നക്ഷത്രം സ്വന്തം ജന്മനക്ഷത്രമാണെങ്കില്‍ മാത്രമാണ് പ്രാധാന്യവും പ്രസക്തിയുമുള്ളതായി തോന്നുക. അല്ലെങ്കില്‍ അത് ആരാന്റെ നക്ഷത്രമാണ്; തനിക്ക് അപ്രസക്തമായ കാര്യമാണ്, ആ മട്ടിലാവും ചിന്ത. അത് ശരിയല്ല, കാഴ്ചപ്പാട് മാറ്റണമെന്ന് കാര്യകാരണസഹിതം സമര്‍ത്ഥിക്കുവാനുള്ള എളിയ ശ്രമമാണ് ഇവിടെ നടത്തുന്നത്. നക്ഷത്രം ഏതായിരുന്നാലും നല്ലതോ ചീത്തയോ മിശ്രമോ ആയ ഒരനുഭവം അന്ന് ലഭിക്കുമെന്നുറപ്പാണ്.

ഒരു നക്ഷത്രം ആ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് മാത്രമല്ല, മറ്റ് ഇരുപത്തിയാറ് നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്കും ഗുണമോ ദോഷമോ സമ്മിശ്രമോ ആയ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇതെഴുതുന്ന 2021 ജൂണ്‍ 23 ന് സൂര്യോദയം  മുതല്‍ ഏതാണ്ട് രാവിലെ പതിനൊന്ന്/ പതിനൊന്നേകാല്‍ മണിവരെ അനിഴം നക്ഷത്രമാണ്. ഇന്ന് മിഥുനമാസത്തില്‍ ജനിച്ച അനിഴം നാളുകാരുടെ ജന്മനക്ഷത്രമാണ്. മറ്റുമാസങ്ങളില്‍ ജനിച്ച അനിഴം നാളുകാരുടെ പക്കപ്പിറന്നാളുമാണ്. ജന്മനക്ഷത്രദിവസം പ്രാര്‍ത്ഥനകള്‍ക്കും സല്‍ക്കര്‍മ്മങ്ങള്‍ക്കും ഉചിതദിവസമാണ്. നൂതന വസ്ത്രാഭരണാദികള്‍ അണിയാന്‍ നല്ലദിവസമാണ്. എന്നാല്‍ ദീര്‍ഘയാത്രകള്‍ക്ക് ജന്മനക്ഷത്രം നിഷിദ്ധമാണ്. ജന്മനാളിന്റെ അന്ന് പൊതുവേ സമ്മിശ്ര ഫലങ്ങളാവും ഭവിക്കുക എന്നുമുണ്ട്. ഇതെല്ലാം അനിഴം നാളുകാരുടെ കാര്യമായി! ഇനി മറ്റുനക്ഷത്രങ്ങളില്‍ ജനിച്ചവരുടെ കാര്യം നോക്കാം....

ഉത്രട്ടാതി, പൂയം എന്നിവ അനിഴത്തിന്റെ അനുജന്മനക്ഷത്രങ്ങള്‍. മറിച്ചും പറയാം. ഇവയില്‍ ഏത് നാളില്‍ ജനിച്ചാലും മററുള്ളവ രണ്ടും അനുജന്മനക്ഷത്രങ്ങള്‍. ഈ മൂന്നു നാളുകാര്‍ക്കും സമാനമായ അനുഭവമാവും ഉണ്ടാവുക-- ഇവയില്‍ ഏതു നക്ഷത്രം വരുമ്പോഴും! ജന്മനക്ഷത്രത്തില്‍ മുടങ്ങിപ്പോയ വഴിപാടുകളും മറ്റും അനുജന്മനക്ഷത്രങ്ങളില്‍ അനുഷ്ഠിക്കാമെന്നുമുണ്ട്.  

വിശാഖം നാളുകാര്‍ക്കും അതിന്റെ അനുജന്മങ്ങളായ പൂരൂരുട്ടാതി, പുണര്‍തം നാളുകാര്‍ക്കും അനിഴവും അതിന്റെ അനുജന്മങ്ങളും-- ഉത്രട്ടാതിയും പൂയവും--  രണ്ടാം നക്ഷത്രമാണ്. രണ്ടാം നക്ഷത്രം 'ധന /സമ്പല്‍ നക്ഷത്രം' എന്നറിയപ്പെടുന്നു. അതിനാല്‍ പൊതുവേ സാമ്പത്തികമായി മെച്ചവും പൊതുവേ ഗുണപ്രധാനവും ആയ അനുഭവങ്ങള്‍ ഈ മൂന്നു നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ഉണ്ടാവും.  

ചോതി നാളുകാര്‍ക്കും അനുജന്മങ്ങളായ ചതയം, തിരുവാതിര എന്നിവയില്‍ ജനിച്ചവര്‍ക്കും അനിഴവും അനുജന്മങ്ങളും മൂന്നാംനാളാണ്. അതിനെ 'ആപന്ന / വിപന്ന നക്ഷത്രം' എന്നുവിളിക്കും. ആപത്തുകള്‍ അഥവാ പ്രതിലോമ അനുഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ദിവസമെന്നാണ് ആശയം. കരുതല്‍ വേണ്ടതുണ്ട്.  

ചിത്തിര നാളില്‍ ജനിച്ചവര്‍ക്കും അനുജന്മങ്ങളായ അവിട്ടം, മകയിരം എന്നിവയില്‍ ജനിച്ചര്‍ക്കും അനിഴവും അനുജന്മങ്ങളും നാലാം നക്ഷത്രമാണ്. അതിന് 'ക്ഷേമനക്ഷത്രം' എന്നാണ് വിളിപ്പേര്. അതില്‍ നിന്നും അതിന്റെ ഗുണവശം ഊഹിക്കാവുന്നതേയുള്ളു.   

അത്തം നക്ഷത്രക്കാര്‍ക്കും അതിന്റെ അനുജന്മനാളുകളായ തിരുവോണം, അനിഴം എന്നിവയില്‍ ജനിച്ചവര്‍ക്കും അനിഴവും അനുജന്മങ്ങളും അഞ്ചാം നക്ഷത്രമാണ്. 'പ്രത്യരി' എന്നാണ് അഞ്ചാം നാളിനെ വിശേഷിപ്പിക്കുക. പൊതുവേ കാര്യതടസ്സം, ശത്രൂപദ്രവം, എതിര്‍പ്പുകള്‍ എന്നിവയാണ് അതിന്റെ ഫലങ്ങള്‍.   

ഉത്രം നാളുകാര്‍ക്കും അതിന്റെ അനുജന്മങ്ങളായ ഉത്രാടം, കാര്‍ത്തിക എന്നിവയില്‍ ജനിച്ചവര്‍ക്കും അനിഴവും അനുജന്മങ്ങളും ആറാം നക്ഷത്രമാകുന്നു. ആറാം നാളിന് 'സാധകനക്ഷത്രം' എന്നാണ് നാമം. കുറച്ചുനാളായി കാത്തിരിക്കുന്ന കാര്യങ്ങള്‍ നടക്കാനും ആഗ്രഹ നിവൃത്തിക്കും സാധ്യതയുണ്ട്. പൊതുവേ നല്ലദിവസമായിരിക്കും.  

പൂരം നാളുകാര്‍ക്കും അനുജന്മങ്ങളായ പൂരാടം, ഭരണി എന്നീ നാളുകാര്‍ക്കും അനിഴവും അനുജന്മങ്ങളും ഏഴാം നക്ഷത്രമാണ്. 'വധനക്ഷത്രം ' എന്ന് ഏഴാംനാള്‍ വിളിക്കപ്പെടുന്നു. പ്രായേണ വിപരീത ഫലങ്ങളും ക്ലേശങ്ങളും വരാവുന്നതാണ്.  

മകം നാളുകാര്‍ക്കും അതിന്റെ അനുജന്മങ്ങളായ മൂലം, അശ്വതി എന്നീ നാളുകാര്‍ക്കും അനിഴവും അനുജന്മങ്ങളും എട്ടാം നാളാണ്. അതായത് 'മൈത്രീ' നക്ഷത്രം. സുഹൃത്തിനെപ്പോലെ എന്ന് വാഗര്‍ത്ഥം! ഗുണഫലങ്ങളാണ് ലഭിക്കുക എന്നത് അനുക്തസിദ്ധമാണല്ലോ?   

ആയില്യം നക്ഷത്രക്കാര്‍ക്കും അനുജന്മങ്ങള്‍ ആയ തൃക്കേട്ട, രേവതി എന്നിവര്‍ക്കും അനിഴവും അനുജന്മങ്ങളും ഒമ്പതാം നാള്‍. 'പരമമൈത്രി' എന്നാണ് ഒമ്പതാം നാളിന്റെ വിശേഷണം. ആപ്തമിത്രത്തെപ്പോലെ എന്നര്‍ത്ഥം. സ്‌നേഹസന്തോഷങ്ങള്‍ അധികരിക്കുന്ന, നന്മയുണ്ടാവാനിടയുള്ള ദിവസമെന്ന് പറയാം.   

പൊതുവേ അവരവരുടെ ജന്മനക്ഷത്രവും അതിന്റെ അനുജന്മങ്ങളും സമ്മിശ്രഫലത്തോടു കൂടിയതാവും. ജന്മാനുജന്മങ്ങളുടെ 2,4,6,8,9 ആയി വരും നാളുകള്‍ ഗുണപ്രധാനങ്ങളും 3,5,7 ആയി വരുന്ന നാളുകള്‍ ദോഷപ്രധാനങ്ങളും ആയിരിക്കും.  

അനിഴം നക്ഷത്രം ഭരണി നാളുകാരുടെ വേധനക്ഷത്രവുമാണ്. മേടക്കൂറില്‍ ജനിച്ചവര്‍ക്ക് (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍) വിശാഖം നാലാംകാലും അനിഴവും തൃക്കേട്ടയും ഉള്‍പ്പെട്ട വൃശ്ചികക്കൂറിലെ രണ്ടേകാല്‍ നക്ഷത്രങ്ങള്‍ അഷ്ടമരാശിക്കൂറിലെ നക്ഷത്രങ്ങളുമാണ്!  

ഈ ലേഖനത്തില്‍ വിശദീകരിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ വായനക്കാര്‍ ഉള്‍ക്കൊണ്ടുകാണുമെന്ന് കരുതുന്നു. ജീവിതത്തിന്റെ സൗന്ദര്യം, മഹത്ത്വം എന്നിവ പാരസ്പര്യത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമാണ് എന്നത് നാളുകളുടെ ഈ പാരസ്പര്യത്തിലും പ്രതിഫലിക്കുന്നുണ്ട്.  

ഇരുപത്തിയേഴ്  നാളുകളെക്കുറിച്ചുള്ള എന്റെ ഗ്രന്ഥപരമ്പരയില്‍ മറ്റനേകം നക്ഷത്രവസ്തുതകള്‍ക്കൊപ്പം ഇക്കാര്യങ്ങളും ഞാന്‍ വിശദീകരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍