നന്ദയും ഭദ്രയും മറ്റും

ലേഖനം: 111

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

തിഥി എന്നത് ഒരു ചാന്ദ്രദിവസമാണ്. സൂര്യനില്‍ നിന്നും അകന്ന് ചന്ദ്രന്‍ പന്ത്രണ്ട് ഡിഗ്രിവരെ സഞ്ചരിക്കുന്നത് വെളുത്തപ്രഥമ. പന്ത്രണ്ടു മുതല്‍ ഇരുപത്തിനാല് ഡിഗ്രിവരെ സഞ്ചരിക്കുമ്പോള്‍ വെളുത്ത ദ്വിതീയ. ഇങ്ങനെ വെളുത്തപക്ഷം പുരോഗമിക്കും. സൂര്യനില്‍ നിന്നും 168 മുതല്‍ 180 ഡിഗ്രി വരെ ചന്ദ്രന്‍ സഞ്ചരിക്കുമ്പോള്‍ വെളുത്തവാവ് അഥവാ പൗര്‍ണമിതിഥിയാണ്. ശുക്ലപക്ഷത്തില്‍/ വെളുത്തപക്ഷത്തില്‍ സൂര്യനില്‍ നിന്നും ചന്ദ്രന്‍ അകന്നു കൊണ്ടിരിക്കും.   
വെളുത്തവാവ് കഴിഞ്ഞാല്‍ ഓരോ പന്ത്രണ്ടുഡിഗ്രിയിലും കറുത്ത/ കൃഷ്ണ പ്രഥമ, ദ്വിതീയ തുടങ്ങിയ തിഥികള്‍. അതായത് സൂര്യനില്‍ നിന്നും 180 മുതല്‍ 192 ഡിഗ്രി വരെ, പിന്നെ 204 ഡിഗ്രി വരെ, മൂന്നാമതായി 216 ഡിഗ്രിവരെ എന്നിങ്ങനെ. 360 ഡിഗ്രിയുളള രാശിചക്രത്തില്‍ ചന്ദ്രന്‍, സൂര്യന്‍ നില്‍ക്കുന്നതിന്റെ 348 ഡിഗ്രിയിലെത്തുമ്പോള്‍ കറുത്തവാവ് തുടങ്ങും. ഇരുഗ്രഹങ്ങളും 360 ഡിഗ്രിയില്‍ ഒന്നിക്കുന്നതോടെ അമാവാസി പൂര്‍ണമാകുന്നു. ഓരോ പക്ഷത്തിലും പതിനഞ്ചുതിഥികള്‍ (12ഡിഗ്രി വീതം). പതിനഞ്ചാം തിഥി വെളുത്തവാവോ - കറുത്തവാവോ ആണ്. അതിന്റെ പിറ്റേന്ന് മുതല്‍ വീണ്ടും പതിനഞ്ച് തിഥികള്‍. ഇക്കാര്യമെല്ലാം വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് എഴുതുന്നതാണ്. 
ഇവയില്‍ മൂന്ന് തിഥികള്‍ക്ക് വീതം ഓരോ പേരുനല്‍കിയിട്ടുണ്ട്. കറുത്ത - വെളുത്ത പക്ഷങ്ങളില്‍ ഇത് ഒന്നു പോലെയാണ്. ഇക്കാര്യം സ്പഷ്ടമാക്കുന്ന ലളിതമായ ശ്ലോകമിങ്ങനെ: 
'നന്ദാ ഭദ്രാ ജയാ രിക്താ / പൂര്‍ണാ പ്രതിപദം ക്രമാല്‍ / ഈവണ്ണം രണ്ടുപക്ഷത്തും / കണ്ടുകൊള്‍ക യഥാക്രമം'.   
നന്ദാതിഥികള്‍ പ്രഥമ, ഷഷ്ഠി, ഏകാദശി  എന്നിവ.  
ഭദ്രാതിഥികള്‍ ദ്വിതീയ, സപ്തമി, ദ്വാദശി എന്നിവ.    
ജയാതിഥികള്‍ തൃതീയ, അഷ്ടമി, ത്രയോദശി എന്നിവ.   
രിക്താതിഥികള്‍ ചതുര്‍ത്ഥി, നവമി, ചതുര്‍ദശി എന്നിവ.   
പൂര്‍ണാതിഥികള്‍ പഞ്ചമി, ദശമി, പൗര്‍ണമി/ അമാവാസി എന്നിവ.    
പേരില്‍ നിന്നുതന്നെ തിഥികളുടെ പ്രകൃതവും നന്മതിന്മകളും ഏതാണ്ട് വായിച്ചെടുക്കാം. എല്ലാ തിഥിയും എല്ലാക്കാര്യത്തിനും സ്വീകാര്യമാവില്ല. ചില വിഭാഗത്തിലെ തിഥികള്‍ സമ്മിശ്രങ്ങളുമാണ്. 'പൂര്‍ണാ'  വിഭാഗത്തില്‍ വെളുത്തവാവും കറുത്തവാവു മുണ്ടല്ലോ? അതില്‍ തന്നെ കറുത്തവാവ് ശുഭകാര്യങ്ങള്‍ക്ക് തീര്‍ത്തും അസ്വീകാര്യവുമാണ്.   
പൊതുവേ പറഞ്ഞാല്‍ ഒഴിഞ്ഞത്, ശൂന്യം തുടങ്ങിയ അര്‍ത്ഥങ്ങള്‍ ദ്യോതിപ്പിക്കപ്പെടുന്നതിനാല്‍ 'രിക്താ' തിഥി മിക്കവാറും ശുഭമുഹൂര്‍ത്ത വര്‍ജ്യമാണ്.   
'തിഥികൂപം' എന്ന പേരില്‍ ഒരുദോഷം പറയപ്പെടുന്നു. അതെന്താണെന്ന് നോക്കാം. ഓരോ തിഥികളിലും ചില നിശ്ചിതനാഴിക 'തിഥികൂപ' ദോഷമുളളതാണ്. ഈ ദോഷസമയത്തില്‍ ശുഭകര്‍മ്മങ്ങള്‍ ചെയ്താല്‍ ചെയ്യുന്ന വ്യക്തി കൂപത്തില്‍/കിണറ്റില്‍ വീഴുമത്രെ! ചന്ദ്രന് പക്ഷബലം, ഉച്ചനവാംശകം, വര്‍ഗോത്തമം മുതലായവ ഉണ്ടെങ്കില്‍ തിഥികൂപദോഷം ഭവിക്കുകയില്ലെന്നുമുണ്ട്.    
നന്ദാതിഥികളുടെ 51, ഭദ്രാതിഥികളുടെ 29, ജയാതിഥികളുടെ 7, രിക്താതിഥികളുടെ 22, പൂര്‍ണാതിഥികളുടെ 32 എന്നീ നാഴികകള്‍ക്കാണ് ഈ ദോഷമുള്ളതായി പറയപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം സൂക്ഷ്മകാര്യങ്ങള്‍ ഇന്ന് എത്രകണ്ട് ആചരിക്കപ്പെടുന്നു/ പ്രയുക്തമായിരിക്കുന്നു എന്നത് വലിയചോദ്യം തന്നെയാണ്.  
തിഥികളക്കുറിച്ച് ഇനിയുമിനിയും എത്രയോ അറിയാനുണ്ട് എന്ന സത്യം ബാക്കിയാവുന്നു....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി