ഏകരാശി, ഏകനക്ഷത്രം

ലേഖനം: 148

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

വിവാഹപ്പൊരുത്തം ചിന്തിക്കുമ്പോള്‍ സ്ത്രീപുരുഷന്മാരുടെ നക്ഷത്രം ഒന്നായാല്‍ സ്വീകാര്യമാണോ എന്നത് സ്ഥിരം ചോദ്യമാണ്. ഇതിനെയാണ് 'ഏകനക്ഷത്രം' എന്നുപറയുന്നത്. ഇരുപത്തിയേഴു നാളുകളില്‍ പതിനഞ്ചു നാളുകള്‍ ഒന്നായാല്‍ സ്വീകാര്യം; പന്ത്രണ്ടു നാളുകള്‍ ഒന്നായാല്‍ അസ്വീകാര്യം-- ഇതാണ് പൊതുനിയമം.

'മാധവീയം' എന്ന ഗ്രന്ഥത്തിലെ വാക്യം ഇങ്ങനെ: 'ശക്ര പ്രചേതോമഘാ / മൂലാര്‍ ദ്രാവസു രോഹീണീയമപയോ / ഹസ്താഹി പുഷൈ്യര്‍ വിനാ'! നക്ഷത്രങ്ങളില്‍ ചിലതിനെ അവയുടെ ദേവതാനാമം കൊണ്ടും ചിലതിനെ അവയുടെ പര്യായനാമം കൊണ്ടും ഒക്കെ വിവരിക്കുന്നതിനാലാവാം സാധാരണക്കാരായ വായനക്കാര്‍ക്ക് അപരിചിതത്വം തോന്നുന്നത്. 'ജ്യോതിഷദീപമാല' എന്ന ഗ്രന്ഥത്തിലെ സമാനമായ ആശയം വിവരിക്കുന്ന മണിപ്രവാളശ്ലോകം നോക്കാം. 'പൂയം മൂന്നുമവിട്ടമാര്‍ദ്രഭരണീ തൃക്കേട്ട മൂന്നത്തവും രോഹിണ്യാം ചതയര്‍ ക്ഷമങ്ങിരുവരും നാളൊന്നതാകില്‍ ത്യജേത്'!

രണ്ടു ഗ്രന്ഥങ്ങളിലും പറയുന്ന നാളുകള്‍ ഒന്നുതന്നെ! ഇവയാണ് ആ പന്ത്രണ്ടു നാളുകള്‍: (മണിപ്രവാള ശ്ലോകത്തിലെ ക്രമത്തില്‍ തന്നെ നല്‍കുന്നു) പൂയം, ആയില്യം, മകം, അവിട്ടം, തിരുവാതിര, ഭരണി, തൃക്കേട്ട, മൂലം, പൂരാടം, അത്തം, രോഹിണി, ചതയം എന്നിവ. ഈ നാളുകാര്‍ പരസ്പരം വിവാഹിതരായാല്‍ ദോഷമെന്നല്ലാതെ, ദോഷം ഏതെല്ലാം തരത്തില്‍ അനുഭവപ്പെടുമെന്ന് ഗ്രന്ഥങ്ങളില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ദാരിദ്ര്യം. വിരഹം, വിയോഗം, കലഹം, സന്താനക്ലേശം മുതലായവയില്‍ ഒന്നോ രണ്ടോ ഫലങ്ങള്‍ തന്മൂലം അനുഭവത്തില്‍ വരാമെന്ന് ചില ജ്ഞാനവൃദ്ധന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്...

ഒരേ നക്ഷത്രം പോലെ ഒരേ രാശിക്കാര്‍/ ഒരേ കൂറുകാര്‍ തമ്മില്‍ വിവാഹം ആകാമോ എന്ന ചോദ്യവും ഉണ്ട്. ഒരേ രാശിയില്‍ തന്നെ ഭിന്നനക്ഷത്രം ഉത്തമം എന്ന പക്ഷമാണ് പൊതുവേയുള്ളത്. പൂര്‍വ്വ നക്ഷത്രം വരന്റെയും അപരനക്ഷത്രം വധുവിന്റെയും ആകുന്നതാണ് അഭികാമ്യം എന്നുമുണ്ട്. അതായത് പുരുഷന്‍ അശ്വതിയെങ്കില്‍ സ്ത്രീ ഭരണി, പുരുഷന്‍ പൂയമെങ്കില്‍ സ്ത്രീ ആയില്യം! അപ്പോള്‍ 'സ്ത്രീ ദീര്‍ഘം' എന്ന പൊരുത്തവും വരുമല്ലോ? 'സ്ത്രീ ജന്മ തോfതി ദൂരസ്ഥം പുംജന്മര്‍ഷം ശുഭാവഹം'- സ്ത്രീയുടെ ജന്മനക്ഷത്രം ഒന്ന് എന്നിങ്ങനെ എണ്ണിത്തുടങ്ങിയാല്‍ പുരുഷനക്ഷത്രം എത്ര അകലുന്നുവോ അത്രയും നല്ലത് എന്ന് ആശയം. 'മാധവീയ'ത്തില്‍ തന്നെ പറയുന്നുണ്ട്, സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ എണ്ണിയാല്‍ പുരുഷനക്ഷത്രം ആദ്യ ഒമ്പതിനകം ആയാല്‍ അധമം, ഒമ്പതിനും പതിനെട്ടിനും മധ്യേയായാല്‍ മധ്യമം, പതിനെട്ടിനു മേലായാല്‍ ഉത്തമം എന്നിങ്ങനെ!

ഒരു രാശിയില്‍ സ്ത്രീയുടെ നക്ഷത്രം ആദ്യവും പുരുഷന്റെ നക്ഷത്രം രണ്ടാമതും വരുന്നതു കൊണ്ടു ത്യജിക്കണമെന്നില്ല-- മറ്റു പൊരുത്തങ്ങളുണ്ടെങ്കില്‍ അത് സ്വീകാര്യം തന്നെയാണ്. ആ വിധത്തിലും ആചാര്യവചനമുണ്ട്.

'മാധവീയ'കാരന്റെ പക്ഷത്തില്‍ മാഹേന്ദ്രം, യോനി, ദിനം, രാശി, രാശ്യധിപന്‍ എന്നിവയഞ്ചുമാണ് പൊരുത്തങ്ങളില്‍ മുഖ്യം. ഇതിനെക്കുറിച്ച് ആചാര്യന്മാര്‍ക്കിടയില്‍ വ്യത്യസ്ത നിരീക്ഷണങ്ങളുമുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍