കര്‍ക്കടകമാസത്തിലെ സൂര്യഗോചരഫലം

ലേഖനം: 146

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

മിഥുനം 32 ന് (ജൂലൈ 16 ന്) വെള്ളിയാഴ്ച പകല്‍ 4 മണി 55 മിനിട്ടിന് കര്‍ക്കടകരവി സംക്രമമാണ്. കര്‍ക്കടകം 31 ന് (ആഗസ്റ്റ് 16) തിങ്കളാഴ്ച രാത്രി 1 മണി 19 മിനിറ്റിനാണ് ചിങ്ങരവി സംക്രമം. ആ ഒരു മാസക്കാലത്തെ പന്ത്രണ്ടു രാശിക്കാര്‍ക്ക് / പന്ത്രണ്ടുകൂറില്‍ ജനിച്ചവര്‍ക്ക് സൂര്യന്‍ സൃഷ്ടിക്കുന്ന സാമാന്യഫലങ്ങളാണ് ഇവിടെ എഴുതുന്നത്... 

  1. മേടക്കൂറുകാര്‍ക്ക് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാംപാദം):- സൂര്യന്‍ നാലാം രാശിയില്‍ സഞ്ചരിക്കുകയാല്‍ രോഗങ്ങളുണ്ടാകും. ദേഹത്തിന്റെ സ്വാസ്ഥ്യം കുറയും. ഭോഗാനുഭവങ്ങള്‍ക്ക് വിഘാതം വരും. അലച്ചിലുണ്ടാകും. ജീവിതത്തിന്റെ താളക്രമം അല്പം വലിയുന്നതായി തോന്നാം. അധികാരികളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും പിണക്കങ്ങളുണ്ടാവാം. മാതാവിന്റെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട കാലവും കൂടിയാണ്.
  2. ഇടവക്കൂറുകാര്‍ക്ക് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി):- 3, 6, 10,11 എന്നീ ഭാവങ്ങളില്‍ മാത്രമാണ് ആദിത്യന്‍ അനുകൂലനാവുക. ഇവിടെ മൂന്നാം ഭാവത്തിലൂടെ സഞ്ചരിക്കുകയാല്‍ ക്ഷേമവും കാര്യവിജയവുമുണ്ടാകും. സ്ഥാനമാനങ്ങള്‍ വന്നുചേരും. മത്സരങ്ങളില്‍ വെന്നിക്കൊടി പാറിക്കും. ധനപരമായി ആശ്വാസം കിട്ടും. ശത്രുക്കളെ പ്രതിരോധിക്കാനുമാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. 
  3. മിഥുനക്കൂറുകാര്‍ക്ക് (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍):- സൂര്യന്‍ രണ്ടാമെടത്തു സഞ്ചരിക്കുന്നു. ധനപരമായി ഒട്ടും അനുകൂല കാലമല്ല. നേത്രസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ട്. മൃദുലവാക്കുകള്‍ പറയേണ്ടിടത്ത് പോലും ആജ്ഞാശക്തി നിറയുന്ന വാക്കുകള്‍ മൊഴിയും. പഠനത്തില്‍ പുരോഗതിയുണ്ടാവില്ല. പരവഞ്ചനയെ കരുതിയിരിക്കണം. കര്‍മ്മരംഗത്തെ കൃത്യത അല്പമൊന്ന് ക്ഷീണിക്കാം. സഹായിക്കേണ്ടവര്‍ പിന്‍വലിയും.
  4. കര്‍ക്കടകക്കൂറുകാര്‍ക്ക് (പുണര്‍തം നാലാം പാദം, പൂയം, ആയില്യം):- ജന്മരാശിയിലൂടെ സൂര്യന്‍ കടന്നുപോകുന്ന കാലമാണ്. അത്ര നല്ലഫലങ്ങള്‍ പറയപ്പെടുന്നില്ല. ആയാസം - ശാരീരികമായും മാനസികമായും - അനുഭവപ്പെടും. വിഭവക്ഷയം, അഥവാ കരുതല്‍ ധനത്തിനും മറ്റും ചെലവ് വരും. സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ 'തുക വഴി മാറി ചെലവിടും'. യഥാര്‍ത്ഥമായ ആവശ്യങ്ങള്‍ക്ക് പിന്നെയും പണം കണ്ടെത്തേണ്ടതായി വരും. യാത്രകള്‍ ഗുണകരമാവില്ല. ചിന്താ ജാഡ്യമുണ്ടാവും. ഊര്‍ജവും സമയവും പാഴാകുന്നത് മിച്ചം. 
  5. ചിങ്ങക്കൂറുകാര്‍ക്ക് (മകം, പൂരം, ഉത്രം കാല്‍):- സൂര്യന്‍ പന്ത്രണ്ടിലാണ്. മിഥുന മാസത്തെ അപേക്ഷിച്ച് സാമ്പത്തിക സ്ഥിതി അല്പം പരുങ്ങലിലാവും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട ധനം വൈകാം. നല്ല കാര്യങ്ങള്‍ ചെയ്താലും നല്ല പേരോ നല്ല ഫലമോ കിട്ടണമെന്നില്ല. പിതാവിന്/ പിതൃസ്ഥാനീയര്‍ക്ക് രോഗാദി ക്ലേശാനുഭവങ്ങള്‍ വരാം. പാഴ്‌ച്ചെലവുകളെ നിയന്ത്രിക്കാനാവാതെ കുഴങ്ങും. വീടു വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്. വിദേശത്തു കഴിയുന്നവര്‍ക്ക് നാട്ടിലെത്താന്‍ അല്പം കൂടി കാത്തിരിക്കേണ്ടിവരും. 
  6. കന്നിക്കൂറുകാര്‍ക്ക് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി):- ആദിത്യന്‍ പതിനൊന്നിലാണ്. കാര്യ/കര്‍മ്മ വിജയം പറയാം. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. അധികാരികളുടെ 'നല്ല പുസ്തകത്തില്‍' ഇടം പിടിക്കും. സ്ഥാനപ്രാപ്തി ഭവിക്കും. ചികില്‍സകള്‍ ഫലിക്കും. മനസ്സന്തോഷമുണ്ടാവുന്ന കാലവുമാണ്. ഭാവിയെക്കുറിച്ച് നല്ല തീരുമാനങ്ങള്‍ എടുക്കും. 
  7. തുലാക്കൂറുകാര്‍ക്ക് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍):- സൂര്യന്‍ പത്താം ഭാവത്തിലാണ്. വലിയ നേട്ടങ്ങള്‍ വന്നെത്തും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. എല്ലായിടത്തും വിജയിക്കാനാവും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന കാലവും കൂടിയാവും. വായ്പകള്‍/ ചിട്ടി മുതലായവയില്‍ നിന്നും തൊഴിലിനാവശ്യമായ ധനം ലഭിക്കും. 
  8. വൃശ്ചികക്കൂറുകാര്‍ക്ക് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട):- ഒമ്പതാം ഭാവത്തിലാണ് സൂര്യ സഞ്ചാരം. അത്ര നല്ല കാലമല്ലെങ്കിലും മിഥുനരവി ( അഷ്ടമത്തിലെ സൂര്യനെക്കാള്‍) മെച്ചമാവും. ചെറുരോഗങ്ങളായാലും ഉയര്‍ന്ന ശ്രദ്ധ പുലര്‍ത്തണം. പുണ്യകാര്യങ്ങള്‍ ചെയ്യാന്‍ മടിയോ മറവിയോ ഉണ്ടാവാം. പിതാവിനോ ഗുരുജനങ്ങള്‍ക്കോ ക്ലേശം വരാം. പലതും മാറ്റി വെക്കേണ്ടതായി വന്നേക്കും. ഇഷ്ടജനങ്ങളുമായി നീരസത്തിലാവും. 
  9. ധനുക്കൂറുകാര്‍ക്ക് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം):- ആദിത്യന്‍ അഷ്ടമ ഭാവത്തിലാകയാല്‍ അനിഷ്ടങ്ങളുണ്ടാകും. നല്ലവണ്ണം ആസൂത്രണം ചെയ്തവ പോലും വിജയിച്ചില്ലെന്നു വരാം. എതിര്‍ ലിംഗത്തില്‍പെട്ടവരില്‍ നിന്നും ശത്രുതയുണ്ടാകും. രാഷ്ട്രീയക്കാര്‍/അധികാരികള്‍ പിണങ്ങിയേക്കും. ഉറക്കക്കുറവ്, അരുചി ഇവയും സാധ്യതകള്‍.  
  10. മകരക്കൂറുകാര്‍ക്ക് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി):- രവി ഏഴാം ഭാവത്തിലാണ്. സ്വാഭിപ്രായങ്ങള്‍ സ്വയം തിരുത്തേണ്ടിവന്നേക്കും ആവശ്യത്തിനോ അനാവശ്യത്തിനോ ഉത്ക്കണ്ഠയുണ്ടാകും. യാത്രകള്‍ പ്രയോജനരഹിതമായേക്കും. ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ അല്പം കൂടി കാത്തിരിക്കുന്നതാവും സമുചിതം. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാം. ഗാര്‍ഹസ്ഥ്യം അത്ര മികച്ചതായിരിക്കുമെന്ന് പറയാന്‍ കഴിയില്ല.  
  11. കുംഭക്കൂറുകാര്‍ക്ക് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരൂരുട്ടാതി ):- ആദിത്യന്‍ ആറിലാകയാല്‍ അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. രോഗങ്ങള്‍ ശമിക്കും. മനസ്സും ദേഹവും ബലവത്താകും. ദുഃഖങ്ങളില്‍ നിന്നും ആശ്വാസമുണ്ടാവും. ശത്രുക്കളെ തോല്‍പ്പിക്കും. അഥവാ സ്വന്തം ദൗര്‍ബല്യങ്ങളെ സമര്‍ത്ഥമായി മറികടക്കും. സഹായിക്കാനും പിന്തുണ നല്‍കാനും വേണ്ടപ്പെട്ടവരുണ്ടാവും. പൊതുവേ ജീവിതത്തോടുള്ള ഇഷ്ടം വര്‍ദ്ധിക്കും. 
  12. 1മീനക്കൂറുകാര്‍ക്ക് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി):- അഞ്ചിലെ ആദിത്യനാണ്. സന്താനങ്ങളെ സംബന്ധിച്ച ഉല്‍ക്കണ്ഠകള്‍ വരാം. പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടും. ബുദ്ധികൊണ്ട് പരിഹാരം കാണേണ്ടിടത്ത് വൈകാരികമായി പ്രതികരിക്കും. ചിലപ്പോള്‍ മറിച്ചും സംഭവിക്കും. ആറാം ഭാവാധിപന്‍ അഞ്ചില്‍ സഞ്ചരിക്കുകയാല്‍ ശത്രുവുണ്ടെങ്കിലും ഇല്ലെങ്കിലും വെറുതേ ആശങ്കപ്പെടുവാന്‍ ഇടയുണ്ട്.   
ഇതെല്ലാം പൊതുഫലങ്ങള്‍ ആണെന്ന് ഓര്‍മ്മിക്കുക. മറ്റു ഗ്രഹങ്ങളുടെ ഗോചര ഫലവുമായി ഒത്തുനോക്കുമ്പോള്‍ ഇവിടെ വ്യക്തമാക്കിയ ഫലങ്ങള്‍ പാടേ മാറിമറിയാം. ചില സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുക മാത്രമാണ്. അവരവരുടെ ദശാപഹാരഛിദ്രാദി ഫലങ്ങളും പരിഗണിക്കേണ്ടതുണ്ട്. അതിനിവിടെ കഴിയില്ലല്ലോ?   
സൂര്യന്റെ അനിഷ്ട ശാന്തിക്ക് സൂര്യ ഭജനം, ശിവഭജനം എന്നിവ ഉത്തമം. രാമായണ മാസക്കാലവും കൂടിയാകയാല്‍ നിത്യവും മലയാളത്തിലോ സംസ്‌കൃതത്തിലോ ഉള്ള 'ആദിത്യഹൃദയ സ്‌തോത്രം' ശ്രദ്ധാ ഭക്തിപുരസ്സരം പാരായണം ചെയ്യുന്നതും ഉത്തമമാണ്. താഴെച്ചേര്‍ക്കുന്ന 'ആദിത്യ പീഡാഹര മന്ത്രം' ചൊല്ലുന്നതും നല്ലത്.  
'ഗ്രഹാണാം ആദിരാദിത്യോ / ലോകരക്ഷണകാരക: /  
വിഷമസ്ഥാന സംഭൂതോ/ 
പീഡാം ഹരതു മേ രവി:'

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍