നഷ്ടനക്ഷത്രം വീണ്ടെടുക്കുമ്പോള്‍

ലേഖനം: 142

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

പ്രശ്‌നമാര്‍ഗം മുപ്പതാം അദ്ധ്യായം നഷ്ടജാതകത്തെയും നഷ്ടപ്രശ്‌നത്തെയും വിവരിക്കുന്നതാണ്. തന്റെ ജന്മനക്ഷത്രം അറിയാത്ത വ്യക്തി അതറിയണമെന്നുള്ള താത്പര്യത്തോടെ ദൈവജ്ഞനെ സമീപിക്കുന്നു. അതിന് പല രീതികളിലൂടെ ദൈവജ്ഞന്‍ ഉത്തരം കണ്ടെത്തുകയാണ്. നമുക്ക് ആ വിജ്ഞാനത്തിന്റെ വഴിത്താരകളിലൂടെ, വിധാനങ്ങളിലൂടെ കടന്നുപോകാം. എല്ലാമെഴുതാനും വിശദീകരിക്കാനും ഇതുപോലൊരു ഹ്രസ്വനിബന്ധനം തീര്‍ത്തും അപര്യാപ്തമാണ്! എന്നിരുന്നാലും പഠിച്ചതും അറിഞ്ഞതും പങ്കുവെക്കുന്നത് സന്തോഷകരം തന്നെ...  

പ്രഷ്ടാവ് അഥവാ ഉത്തരം തേടി വന്നയാള്‍ ദൈവജ്ഞനോട് തന്റെ നക്ഷത്രം ഏതാണ് എന്ന് ചോദിക്കുന്ന സമയത്ത് ആടിനെ കാണുക, ആടിന്റെ ശബ്ദം കേള്‍ക്കുക, ആടിന്റെ ചിത്രങ്ങള്‍ കാണാനാവുക എന്നിവയുണ്ടായാല്‍ മേടക്കൂറില്‍ വരുന്നതാവും (അശ്വതി, ഭരണി, കാര്‍ത്തികക്കാല്‍) അയാളുടെ ജന്മനക്ഷത്രം. മേടം രാശിയുടെ സ്വരൂപം ആടാണെന്ന് ഓര്‍ക്കുമല്ലോ?   

പ്രശ്‌നവേളയില്‍ കാള, പശു ഇവയുടെ ചിത്രങ്ങള്‍, ശബ്ദങ്ങള്‍, ചര്‍മ്മങ്ങള്‍, കലപ്പ, നെയ്യ്, പുല്ല്, വൈക്കോല്‍ എന്നിവ കാണാനും കേള്‍ക്കാനുമായാല്‍ പ്രഷ്ടാവിന്റെ നക്ഷത്രം ഇടവക്കൂറില്‍ വരുന്നതായിരിക്കും. (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം പകുതി എന്നിവ). ഇടവം രാശിസ്വരൂപം കാളയുടേതാണല്ലോ? 

വീണ, ഗദ, ദമ്പതികള്‍, മെത്ത ഇവയെക്കാണുക, ഇവയെക്കുറിച്ചുളള സംഭാഷണം കേള്‍ക്കുക എന്നിവ പ്രശ്‌നസമയത്ത് ഭവിച്ചാല്‍ ജന്മനക്ഷത്രം മിഥുനക്കൂറില്‍ വരുന്ന മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര മുഴുവന്‍, പുണര്‍തം 1,2,3 പാദങ്ങള്‍ എന്നിവയിലൊന്നായിരിക്കും. കാരണം വീണയും ഗദയുമേന്തിയ സ്ത്രീപുരുഷന്മാരാണ് മിഥുനരാശിയുടെ സ്വരൂപം.  

ഞണ്ട്, വെള്ളം, കരിയില, മണ്ണ് ഇവയെക്കുറിച്ചുള്ള കാഴ്ചയോ കേള്‍വിയോ പ്രശ്‌നസന്ദര്‍ഭത്തിലുണ്ടായാല്‍ പ്രഷ്ടാവിന്റെ ജന്മനക്ഷത്രം കര്‍ക്കടകക്കൂറില്‍ വരുന്നതാവും. (പുണര്‍തം നാലാംപാദം, പൂയം, ആയില്യം എന്നിവയിലൊന്ന്). ഞണ്ടും വയലും ഒക്കെയാണല്ലോ കര്‍ക്കടകത്തിന്റെ സ്വരൂപം.   

സിംഹം, വ്യാഘ്രം, ആന, പന്നി എന്നിവയുമായി ബന്ധമുള്ള കാര്യങ്ങള്‍ പ്രശ്‌നനേരത്ത് കണ്ടാലും കേട്ടാലും പ്രഷ്ടാവിന്‍ നാള്‍ ചിങ്ങക്കൂറില്‍ വരുന്ന മകം, പൂരം, ഉത്രം ഒന്നാംപാദം എന്നിവയിലൊന്നാകും. ചിങ്ങക്കൂറ് സിംഹസ്വരൂപമാണല്ലോ!  

കന്യക, തോണി, ചൂട്ട്, ദീപം, നെല്ല് മുതലായവ നേത്രശ്രവണാദികള്‍ക്ക് വിഷയമായാല്‍ പ്രഷ്ടാവിന്റെ ജന്മനക്ഷത്രം ഉത്രം മുക്കാല്‍, അത്തം, ചിത്തിര അര എന്നിവയിലൊന്നാവും. കാരണം ചൂട്ടും കറ്റയുമായി തോണിയില്‍ പോകുന്ന കന്യകയാണ് കന്നിരാശിയുടെ സ്വരൂപം.      

ത്രാസ്സ്, നാഴി, പറ, എണ്ണുക, തൂക്കുക, അളക്കുക എന്നിവ സംഭാഷണ വിഷയമാവുക, കച്ചവടക്കാരന്‍ വരുക, മുകളില്‍ പറഞ്ഞവയെ കാണാനാവുക എന്നിവ പ്രശ്‌നവേളയില്‍ ഭവിച്ചാല്‍ പ്രഷ്ടാവിന്റെ ജന്മരാശി തുലാമായിരിക്കും. ചിത്തിര അരയും ചോതിയും വിശാഖം മുക്കാലും അതിലെ നക്ഷത്രങ്ങള്‍. ത്രാസ്സുമേന്തി അങ്ങാടിയില്‍ ക്രയവിക്രയം നടത്തുന്ന പുരുഷനാണ് തുലാരാശിസ്വരൂപം എന്നത് സ്മരണീയം.   

സര്‍പ്പം, തേള്‍, വിഷം, വിഷഹാരി, സുഷിരം മുതലായവ കാഴ്ചയുടെയും കേള്‍വിയുടെയും ശ്രദ്ധ കവര്‍ന്നാല്‍ പ്രഷ്ടാവ് വൃശ്ചികക്കൂറില്‍ ജനിച്ചയാളാവും. വിശാഖം നാലാംപാദവും, അനിഴവും തൃക്കേട്ടയും ചേര്‍ന്നതാണ് വൃശ്ചികക്കൂറ് എന്നോര്‍ക്കാം. തേളാണ് രാശിസ്വരൂപവും.   

വില്ലും അമ്പും ധരിച്ച പുരുഷന്‍, കുതിര, തേര്, തേര്‍ച്ചക്രം ഇവയുമായി ബന്ധമുള്ള കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ ചോദ്യകര്‍ത്താവിന്റെ ജന്മരാശി ധനുവാകും. മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം എന്നിവയാണ് ധനുക്കൂറില്‍ വരുന്നവ. കുതിരയും വില്ലേന്തിയ മനുഷ്യനും കലര്‍ന്നു വരുന്നതാണല്ലോ ധനുരാശിയുടെ  ലാഞ്ഛനങ്ങള്‍.   

മാന്‍, മാനിന്റെ കൊമ്പ്, ശബ്ദം, മാന്‍തോല്‍, മുതല ഇവ ഏതെങ്കിലും തരത്തില്‍ ദൃശ്യാദൃശ്യ സാന്നിധ്യങ്ങളായാല്‍ പ്രഷ്ടാവ് മകരക്കൂറില്‍ ജനിച്ചിരിക്കാം. ഉത്രാടം 2, 3, 4 പാദങ്ങളും തിരുവോണവും അവിട്ടം 1,2 പാദങ്ങളുമാണ് അതില്‍ വരുന്ന നക്ഷത്രങ്ങള്‍. മകരമത്സ്യം, മുതല, മാന്‍ ഇവയാണ് മകരംരാശിസ്വരൂപം.  

കുടം, ജലം, ജലപാത്രങ്ങള്‍, പാത്രം നിര്‍മ്മിക്കുന്നവര്‍ എന്നിവയെ/എന്നിവരെ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ കുംഭക്കൂറാവാം ജന്മരാശി. ജന്മനക്ഷത്രം അവിട്ടം രണ്ടാം പകുതി, ചതയം, പൂരൂരുട്ടാതി മുക്കാല്‍ എന്നിവയിലൊന്നാവും. ഇവ മൂന്നും ചേര്‍ന്നതാണല്ലോ കുംഭക്കൂറ്. കുടമേന്തിയ പുരുഷനാണ് രാശിസ്വരൂപം.  

മീന്‍, വല, ചൂണ്ട, വെള്ളം, ജലാശയം എന്നിവയെ കണ്ടാലും കേട്ടാലും ചോദ്യകര്‍ത്താവിന്റെ നക്ഷത്രം മീനക്കൂറില്‍ പെട്ട പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി എന്നിവയിലൊന്നാവും. അന്യോന്യം വാലും തലയുമായിക്കിടക്കുന്ന ഇരുമത്സ്യങ്ങളാണ് മീനം രാശിയുടെ സ്വരൂപം. 

അറിയാത്ത നക്ഷത്രം അറിയാന്‍ വേണ്ടിയാണല്ലോ ദൈവജ്ഞനെ സമീപിക്കുന്നത്. ഉത്തരം കൃത്യമാവണമെങ്കില്‍ മുകളില്‍ നിരത്തിയ രാശികളെ സംബന്ധിച്ച ലക്ഷണങ്ങള്‍ കൃത്രിമവും മനപ്പൂര്‍വം സൃഷ്ടിക്കപ്പെട്ടതും ആവരുത് എന്ന് എടുത്തുപറയേണ്ടതുണ്ട്.. 'തത്രൈഷാം ശ്രവണം നിരീക്ഷണമപി ഗ്രാഹ്യം ഹി യാദൃശ്ചികം' എന്നാണ് പ്രശ്‌നമാര്‍ഗത്തിലെ വാക്യം (അധ്യായം 30, ശ്ലോകം 9). എല്ലാം സ്വാഭാവികമായി, യാദൃശ്ചികമായി ഭവിക്കുന്നതാവണം...  

ജന്മനക്ഷത്രം കണ്ടെത്താന്‍ വേറെയും ഉപാധികളുണ്ട്. അവ മറ്റൊരു ദിവസം ചര്‍ച്ചചെയ്യാമെന്ന് കരുതുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍