ലേഖനം: 139

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

മുജ്ജന്മത്തിലെ കര്‍മ്മങ്ങളാണ് രോഗത്തിന് കാരണം എന്ന വാദം ജ്യോതിഷസൈദ്ധാന്തികന്മാര്‍ ആവര്‍ത്തിക്കുന്നു, പലയിടത്തും. രോഗശാന്തിക്കായി ചെയ്യേണ്ട കാര്യങ്ങളും വ്യക്തമായി നിര്‍ദ്ദേശിക്കപ്പെടുന്നതും കാണാം. പ്രശ്‌നമാര്‍ഗം ത്രയോവിംശാദ്ധ്യായ (23) ത്തെ കേന്ദ്രീകരിച്ചാണ് ഈ കുറിപ്പ്. മുന്‍ ഗ്രന്ഥകാരന്മാരെ താന്‍ ഉപജീവിച്ചിട്ടുണ്ടെന്ന് പ്രശ്‌നമാര്‍ഗകാരനും വ്യക്തമാക്കുന്നു. ഉചിത പരിഹാര നിര്‍ദ്ദേശങ്ങളും ഗ്രന്ഥത്തിലുണ്ട്. പൊതുരീതി കാണിക്കാന്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ നല്‍കുന്നത്....

രാജയക്ഷ്മാവ് അഥവാ ക്ഷയരോഗത്തിന് കാരണം മുജ്ജന്മത്തില്‍ സജ്ജനങ്ങളെ നിന്ദിച്ചതും ഗുരുജനങ്ങളെ ദ്വേഷിച്ചതുമാണ്. ഗ്രഹണം, വാവ്, മുതലായ പുണ്യവേളകളില്‍ മൈഥുനത്തില്‍ ഏര്‍പ്പെട്ടതും രോഗകാരണമാണ്. പ്രായശ്ചിത്തമായി സഹസ്രനാമജപം, രുദ്രസൂക്തജപം, ഐന്ദ്രാഗ്നിസൂക്തജപം എന്നിവ ചെയ്യുകയോ പുരോഹിതന്മാരെക്കൊണ്ട് ചെയ്യിക്കുകയോ വേണം. ദാനധര്‍മ്മങ്ങളും അനുഷ്ഠിക്കേണ്ടതുണ്ട്.

കുഷ്ഠരോഗം ബ്രഹ്മഹത്യ, ഗുരുതല്പഗാമിത്വം, വിഷംകൊടുക്കുക, വഞ്ചകന്മാര്‍ക്ക് വിധേയരായി ദോഷകരങ്ങളായ ഔഷധങ്ങള്‍ പ്രയോഗിക്കുക എന്നിവ മൂലമാണ് ഉണ്ടാവുന്നത്. സൂര്യപ്രതിമാദാനം, വൃഷഭ പ്രതിമാദാനം, കൂശ്മാണ്ഡഹോമം എന്നിവക്കൊപ്പം രുദ്രസൂക്തവും ആയുസ്സൂക്തവും ജപിക്കുക എന്നതും പരിഹാരങ്ങള്‍.

പാണ്ഡുരോഗം, ദേവന്മാരുടെയും സജ്ജനങ്ങളുടെയും ധനാപഹരണം മൂലമാണ് ഉണ്ടാകുന്നത്. അഭക്ഷ്യങ്ങളെ ഭക്ഷിക്കുന്നതും കാരണമായിട്ടുണ്ട്. കൂശ്മാണ്ഡഹോമവും യഥാവിധിയുളള ദാനധര്‍മ്മങ്ങളും രോഗശാന്തിയെ ചെയ്യും.  

മുഖരോഗങ്ങള്‍, ഇന്നത്തെ ഭാഷയില്‍ ഇ.എന്‍.ടി രോഗങ്ങള്‍, ഉണ്ടാവുന്നത് ഗുരുക്കന്മാരെ നിന്ദിച്ചു സംസാരിച്ചതുകൊണ്ടും അന്യന്മാരുടെ മുഖത്ത് പരുക്കേല്പിച്ചതു കൊണ്ടുമാണ്. അസത്യം പറയുക, കള്ളസാക്ഷി നില്‍ക്കുക എന്നിവയും രോഗനിദാനമാണ്. ഗായത്രീമന്ത്രജപവും അനുബന്ധ ദാനധര്‍മ്മങ്ങളുമാണ് പ്രതിവിധികള്‍.  

കര്‍ണരോഗത്തിന് ഏഷണി പറഞ്ഞത്, കാര്യവിഘ്‌നം ഉണ്ടാക്കല്‍, അന്യന്റെ ചെവിക്ക് പരുക്കേല്പിക്കല്‍ എന്നിവയാണ് കാരണം. ഭൂമി, സ്വര്‍ണം, കമ്പിളി, ധാന്യങ്ങള്‍ എന്നിവ ദാനം ചെയ്യണം. സൂര്യമന്ത്രങ്ങള്‍ ജപിക്കുകയും വേണം.   

ഇങ്ങനെ വിവിധ രോഗങ്ങളും അവയ്ക്കുളള പരിഹാര നിര്‍ദ്ദേശങ്ങളും ഈ അദ്ധ്യായത്തില്‍ വിവരിക്കപ്പെടുന്നു. 39, 40 ശ്ലോകങ്ങള്‍ സവിശേഷ പ്രാധാന്യമുള്ളതായി തോന്നുന്നു. 'രാജാക്കന്മാരും ധനവാന്മാരും വൈദ്യശാലകള്‍ സ്ഥാപിച്ച് ധര്‍മ്മമായി രോഗികളെ ചികിത്സിക്കണം. എണ്ണ, കിടക്ക, ആഹാരം, ഔഷധം ഈവക ഉപചാരങ്ങള്‍ എപ്പോഴും രോഗാവസ്ഥയിലുള്ള വ്യക്തി പഥ്യമറിഞ്ഞു ചെയ്യണം. ആതുരശാല സ്ഥാപിക്കാന്‍ ധനസ്ഥിതിയില്ലാത്തവര്‍ കഴിവിന്‍വണ്ണം ആഹാരവും ഔഷധവും നല്‍കി രോഗികളെ ശുശ്രൂഷിക്കണം. എല്ലാവിധ പ്രായശ്ചിത്തങ്ങളെക്കാളും ഈ കര്‍മ്മം ഉത്കൃഷ്ടമാണ്.' (ശ്ലോകം 39).  

'ആരോഗ്യദാനം സര്‍വ്വേഷാം ദാനാനാം ഉത്തമം സ്മൃതം / 
പ്രയത്‌നതോപി തല്‍കാര്യമാത്മന: സുഖമിച്ഛതാ' 

(ശ്ലോകം 40) സാരം: 'രോഗക്ലേശത്താല്‍ വലയുന്നവര്‍ക്ക് ആരോഗ്യദാനം ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ ദാനകര്‍മ്മം. അതായത് അന്യന്റെ രോഗശാന്തിക്കായി ചെയ്യുന്ന എല്ലാക്കര്‍മ്മങ്ങളും ആരോഗ്യദാനം തന്നെയാണ്. അതിനാല്‍ ആത്മാവിന് സുഖം, (തനിക്ക് സുഖം) വേണം എന്ന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും കഷ്ടപ്പെട്ടിട്ടാണെങ്കിലും രോഗികളെ അരോഗികളാക്കാന്‍ ശ്രമിക്കണം.... എത്ര വലിയ സന്ദേശമാണത്. പഴഞ്ചന്‍ എന്ന് പുതിയകാലം വിധിക്കുന്ന ഒരു പുസ്തകം സ്വയം ഉയര്‍ത്തപ്പെട്ട് വിശുദ്ധമാവുകയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി