ദുര്‍ബലനായ വ്യാഴം നല്‍കുന്ന അനുഭവങ്ങള്‍
ലേഖനം: 134
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
നീചം, മൗഢ്യം, ശത്രുക്ഷേത്രസ്ഥിതി, പാപമധ്യസ്ഥിതി, നീചാംശകം, ശത്രു/ പാപയോഗദൃഷ്ടികള്‍ എന്നിവയോടുകൂടിയ -- ഇവയില്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ ആയാലും മതി -- ഗ്രഹം ദുര്‍ബലനാണ്. നന്മകള്‍ നഷ്ടമായി കലിയുടെ അവതാരം പോലെയാകും പ്രസ്തുത ഗ്രഹങ്ങള്‍! ദൈവം എന്ന പദവിയില്‍ നിന്നുമുളള ഗ്രഹത്തിന്റെ പതനമാണത്! നിരന്തര ശത്രുവിനോട് എന്നവിധം ജാതകനോട് അവ പെരുമാറുന്നു. കയ്പുചവര്‍പ്പുകള്‍ മുറ്റിയ അനുഭവങ്ങള്‍ നല്‍കുന്നു. പാപഗ്രഹങ്ങള്‍ കൂടിയാണെങ്കില്‍ പിന്നെ പറയാനുമില്ല, അവയുടെ ദുര്‍വീര്യം ഇരട്ടിക്കുകയുമായി...
ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ വ്യാഴത്തിനാണ് ഇപ്രകാരമൊരു 'സ്വര്‍ഗനഷ്ടം' അഥവാ സ്വശക്തികളുടെ തേജോഹാനിയെങ്കില്‍ അത് എവ്വിധം ജാതകനെ/ജാതകയെ ബാധിക്കുമെന്ന് നോക്കാം.
അയാളുടെ ദൈവാധീനം നഷ്ടമാകും. അദൃശ്യമായ ഒരു കൈത്താങ്ങ്, രക്ഷാകവചം മനുഷ്യര്‍ക്കുണ്ട്. വ്യാഴം ദുര്‍ബലനായ വ്യക്തിക്ക് അതിന്റെ പരിരക്ഷ അത്രയൊന്നും അനുഭവപ്പെടുകയില്ല. അശരണത്വവും ആപച്ഛങ്കയും ഉണ്ടാകും. ഈ മഹാബ്രഹ്മാണ്ഡത്തില്‍ താനൊറ്റയ്ക്കാണെന്ന തോന്നല്‍ അയാളെ ഭീരുവും അധീരനുമാക്കും. ഓരോ ചുവടുവെയ്പിലും ആശങ്കകള്‍ നിറയും.
നവഗ്രഹങ്ങളില്‍ സന്താനകാരകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് വ്യാഴത്തെയാണ്. പുരുഷാര്‍ത്ഥങ്ങളുടെ അനുസ്യൂതിക്ക് വ്യാഴത്തിന്റെ ശക്തി പ്രധാനമാണ്. ഗ്രഹനിലയില്‍ വ്യാഴം പരിക്ഷീണിതനായാല്‍ സന്താനങ്ങള്‍ ഉണ്ടാവാതിരിക്കുക, സന്താന പ്രാപ്തിക്ക് വിളംബം വരിക, സന്താനങ്ങള്‍ക്ക് ക്ലേശം വരിക എന്നിവ ഒരു സാധ്യതയാണ്. ജ്യേഷ്ഠഭ്രാതാവിന്റെ കാരകത്വവും വ്യാഴത്തിനുണ്ട്. വ്യാഴം ദുര്‍ബലനായ വ്യക്തിയുടെ ജ്യേഷ്ഠന്‍ ജീവിതത്തില്‍ പരാജയപ്പെടുന്ന ആളാവും. ദേഹവൈകല്യാദികള്‍, രോഗാദികള്‍ എന്നിവ അലട്ടുന്ന ആളുമാവാം. അയാള്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക് ഒരു ബാധ്യതയായേക്കാം.
ധനകാരകത്വം വ്യാഴത്തിന്റെ മറ്റൊരു പ്രധാന വശമാണ്. വ്യാഴം ദുര്‍ബലനായ വ്യക്തിക്ക് പണക്കഷ്ടം ഒരു നിത്യജീവിതയാഥാര്‍ത്ഥ്യമായിരിക്കും. നിസ്വത അയാളെ കാര്‍ന്നുതിന്നും. അതേസമയം കടത്തിനുമേല്‍ കടം വാങ്ങിക്കൂട്ടും. ചിലരില്‍ ഇത് ധൂര്‍ത്തായി മാറാം. പണമാണ് അന്തസ്സിന്റെ അളവുകോല്‍ എന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ധനശോച്യത വലിയ അപമാനം തന്നെയാവും. ഇക്കാരണത്താല്‍ അയാളുടെ ആത്മവിശ്വാസം കടലെടുത്തു പോകും. പഴയ ശൈലി കടമെടുത്താല്‍ അയാള്‍ എപ്പോഴും 'സ്വന്തം ഗാത്രത്തിനുള്ളില്‍ ഒളിഞ്ഞിരിക്കാന്‍' ആഗ്രഹിക്കും. പൊതുമധ്യത്തില്‍ നിന്നും മറഞ്ഞിരിക്കും.
ഈശ്വരവിശ്വാസം കുറയുക എന്ന അനുഭവത്തെക്കുറിച്ചും ആചാര്യന്മാര്‍ സൂചിപ്പിക്കുന്നുണ്ട്. തീര്‍ത്ഥയാത്രകള്‍ നടത്തിയാലും 'തീര്‍ത്ഥക്കരപാപി'യായി മടങ്ങും. സാധനകളിലേര്‍പ്പെട്ടാലും മുഴുമിച്ചുവെന്ന് വരില്ല. വിദ്യാഭ്യാസത്തില്‍ മിടുക്ക് കാട്ടാനും കഴിയാതെ വരും. 'മുറിവൈദ്യം കൊണ്ട് ആളെക്കൊല്ലുക' എന്നിടത്തോളം അധപ്പതനം വരാം.
ഭാഗ്യവാനെ പ്രസവിക്കുവാനാണല്ലോ കുന്തീദേവി പാഞ്ചാലിയെ അനുഗ്രഹിച്ചത്. ('ഭാഗ്യവന്തം പ്രസൂയേഥാ മാ ശൂരം മാ ച പണ്ഡിതം') ഭാഗ്യമാണ് ജീവിതത്തെ പൂര്‍ണമായ അര്‍ത്ഥത്തില്‍ തന്നെ വിജയിപ്പിക്കുന്നതും തോല്‍പ്പിക്കുന്നതുമെല്ലാം. ഭാഗ്യം കപ്പിനും ചുണ്ടിനുമിടയില്‍ കമിഴ്ന്നു പോകുമെന്നതാണ് വ്യാഴം ദുര്‍ബലരാകുന്നവരുടെ സ്ഥിരം ശാപം!
കരള്‍, കഫ രോഗങ്ങള്‍ ഇവരെ വേഗം ബാധിക്കും. പ്രമേഹം, മറ്റു ജീവിത ശൈലീ രോഗങ്ങള്‍ ഇവയും ആക്രമിച്ചേക്കാം. ബുദ്ധിപരമായ വൈകല്യങ്ങളും വ്യാഴദോഷത്തില്‍ ഉള്‍പ്പെടും.
ഉത്തമ ദൈവജ്ഞന്റെ ഉപദേശത്തോടെ ഉചിതമായ പരിഹാരങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ വ്യാഴം പ്രസാദിക്കാം. ദുര്‍ബലതകളുടെ കനമെങ്കിലും കുറഞ്ഞേക്കാം.
ഈ ഗ്രന്ഥകാരന്റെ നവഗ്രഹ ഗ്രന്ഥങ്ങളില്‍ ഗ്രഹങ്ങളെക്കുറിച്ച് ഏറെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ