വ്രതങ്ങളില്‍ കഠിനം ചാന്ദ്രായണ വ്രതം
ലേഖനം: 133
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
മുജ്ജന്മത്തിലെ പാപത്തിന്റെ ഫലമായി ഉണ്ടാകുന്ന സുകൃതക്ഷയത്തിനും മഹാരോഗങ്ങളുടെ നിവൃത്തിക്കും ഉത്തമമായി പറയപ്പെടുന്ന ഋഷിപ്രോക്തമായ വിധിയാണ്, ചാന്ദ്രായണവ്രതം.
പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സായണാചാര്യര്‍ എഴുതിയ കര്‍മ്മവിപാക പ്രായശ്ചിത്ത വിധിയാണ് 'പ്രായശ്ചിത്ത സുധാനിധി' എന്ന ഗ്രന്ഥം. 'സായണീയം' എന്ന പേരിലും പ്രശസ്തമാണിത്. ഇതിലെ നാലാംപ്രകരണത്തില്‍ ചാന്ദ്രായണ വ്രതത്തിന്റെ ആചരണം എങ്ങനെ എന്ന് വ്യക്തമായി വിവരിക്കപ്പെടുന്നു.
ചാന്ദ്രായണ വ്രതം പല രൂപത്തിലുണ്ട്. പല പേരുകളുമുണ്ട്, അതനുസരിച്ച്. എങ്ങനെയായാലും വ്രതാനുഷ്ഠാനം എളുപ്പപ്പണിയല്ലെന്ന് അതിന്റെ വിധാനത്തില്‍ നിന്നും വിധിരീതികളില്‍ നിന്നും അറിയാം. ചന്ദ്രന്റെ അയനം, കറുത്ത/ വെളുത്ത പക്ഷങ്ങളിലേക്കുള്ള ഗതി, അതാണ് ഈ വ്രതത്തിന്റെ ആധാരം. ചാന്ദ്രായണം എന്ന പേരിന്റെ ആശയവും അതുതന്നെ!
അമാവാസി നാള്‍ മുഴു ഉപവാസമാവണം. പിറ്റേന്ന്, വെളുത്ത പ്രഥമ മുതല്‍ മയില്‍ മുട്ടയുടെ വലിപ്പത്തില്‍ ഒരു ചോറുരുള കഴിക്കണം. ദ്വിതീയക്ക് രണ്ടുരുള, തൃതീയക്ക് മൂന്നുരുള, അങ്ങനെ ഓരോ ദിവസവും ഓരോ ഉരുളവീതം കൂട്ടി വെളുത്തവാവിന്‍ നാള്‍ പതിനഞ്ചുരുള കഴിക്കണം. അതിന്റെ പിറ്റേന്ന്, കറുത്ത പ്രഥമയില്‍ ഒരുരുള കുറച്ച് പതിന്നാലുരുള കഴിക്കണം. കറുത്ത ദ്വിതീയയില്‍ പതിമ്മൂന്നുരുള, കറുത്ത തൃതീയയില്‍ പന്ത്രണ്ടുരുള -- അങ്ങനെ കുറച്ചുകുറച്ച് കറുത്ത ചതുര്‍ദ്ദശിയില്‍ ഒരുരുള മാത്രമാവും കഴിക്കേണ്ടത്. അമാവാസിയില്‍ പൂര്‍ണ ഉപവാസം നടത്തുന്നതോടെ ചാന്ദ്രായണ വ്രതത്തിന് പരിസമാപ്തിയാകുന്നു. ഏറ്റക്കുറച്ചില്‍ ക്രമീകരിച്ച് ഒരു മാസം ഇരുന്നൂറ്റിനാല്പത് ഉരുള കഴിക്കാം എന്ന് വിധിയുണ്ട്. ഇതിനെ 'യവ ചാന്ദ്രായണ വ്രതം' എന്നു വിളിക്കുന്നു.
'തിഥി വൃദ്ധ്യാ ചരേത് പിണ്ഡാന്‍ / ശുക്ലേ ശിഖ്യണ്ഡസമ്മിതാന്‍ / ഏകൈകം ഹ്രാസയേത് പിണ്ഡം / കൃഷ്‌ണേ, ശുക്ലേ ച വര്‍ദ്ധയേത്' എന്നാണ് പ്രമാണം.
'പിപീലികാ മധ്യം' എന്നതാണ് മറ്റൊന്ന്. കറുത്തവാവിന്റെ അന്ന് പതിനഞ്ചുരുള കഴിക്കാം. പിറ്റേന്ന്, ശുക്ല പ്രതിപദത്തിന് പതിന്നാലുരുള, ക്രമേണ കുറച്ച് പൗര്‍ണമി ദിനം ശുദ്ധോപവാസം. കൃഷ്ണപക്ഷത്തില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുവരണം. ഇത് ഉറുമ്പിന്റെ ഉടല്‍ പോലെ വലുതില്‍ നിന്നും ചുരുങ്ങി, പിന്നെ വലുതായി മാറുന്നു. അതാണ് 'പിപീലികാമധ്യം' എന്നതിന്റെ ആശയം. പിപീലിക എന്നാല്‍ ഉറുമ്പ്.
'ശിശു ചാന്ദ്രായണ വ്രതം' ഇങ്ങനെ: സൂര്യോദയം കഴിഞ്ഞയുടന്‍ നാലുരുള, അസ്തമയം കഴിഞ്ഞതും നാലുരുള-- അങ്ങനെ ഒരു ദിവസം എട്ടുവീതം ഒരുമാസം ആകെ 240 ചോറുരുള കഴിക്കാം.
ഒരു ദിവസം ഒരുരുള വീതം മുപ്പതുദിവസം മുപ്പതുരുള മാത്രം! ചാന്ദ്രായണ വ്രതങ്ങളില്‍ കടുപ്പമേറിയത് ഇതാണ്. ഋഷിമാര്‍ക്ക് സാധ്യമാകുന്നത് എന്ന അര്‍ത്ഥത്തില്‍ അത് 'ഋഷി ചാന്ദ്രായണവ്രത'മായി...
'ഉരുള കഴിക്കുക' എന്നത് മാത്രമല്ല അനുഷ്ഠാനം. മുകളില്‍ വിവരിച്ചതു വായിച്ച് ആ ആശയത്തിലെത്തരുത്. പ്രാര്‍ത്ഥനയ്ക്കും ദൈവ സമര്‍പ്പണത്തിനുമാണ് മുഖ്യത്വം നല്‍കേണ്ടത്. വിവിധ രീതികളില്‍ ഏതു വേണമെങ്കിലും സ്വയം/ ഗുരൂപദേശപ്രകാരം സ്വീകരിക്കാം. ചന്ദ്രദശയില്‍/ അപഹാരത്തില്‍ ചാന്ദ്രായണ വ്രതം ശ്രേയസ്സുണ്ടാക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ