സ്വപ്നങ്ങള്‍ സ്വര്‍ഗകുമാരികളോ?

ലേഖനം: 131

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

സ്വപ്നങ്ങള്‍ സ്വര്‍ഗകുമാരികളാണെന്നും സ്വപ്നങ്ങള്‍ ഭൂമിയിലില്ലെങ്കില്‍ ഇവിടം ശൂന്യവും നിശ്ചലമായേനേ എന്നും വയലാര്‍ എഴുതി! ഏഴല്ല, എഴുന്നൂറു വര്‍ണങ്ങളായി വാര്‍മഴവില്ലുകള്‍ ആകാശച്ചെരിവില്‍ പടരുകയാണ്. ഗാനഗന്ധര്‍വനും പി. ലീലയും വയലാറും ദക്ഷിണാമൂര്‍ത്തി സ്വാമിയും കൂടി ഏതോ മായിക ലോകത്തേക്ക് ശ്രോതാക്കളെ എടുത്തുയര്‍ത്തുന്നു. സഹാനയും കല്യാണിയും ഷണ്‍മുഖപ്രിയയും മറ്റും ഹൃദ്യമായ രാഗരസമായി മാറുന്നുണ്ട്.. സ്വപ്നം കാണാന്‍ കഴിയുന്നത് ഭാവിയെക്കുറിച്ചാവുമ്പോള്‍ ഭാവന പീലി വിടര്‍ത്തുകയും ചെയ്യും. ജീവിക്കാനുളള പ്രേരണയാവാം, അപ്പോള്‍ സ്വപ്നം കാണാനുള്ള കഴിവ് എന്നാവുന്നു. അത് ദൈവം തന്ന ഒരനുഗ്രഹമാണെന്നതില്‍ തര്‍ക്കമില്ല.

സ്വപ്നത്തെ ജ്യോതിഷത്തില്‍ എന്തൊക്കെ ചിന്തകളും ആശയങ്ങളും കൊണ്ടാണ് പണ്ഡിതന്മാര്‍ വിവരിക്കുന്നത് എന്നതാണ് ഇവിടുത്തെ ചിന്താവിഷയം. സുസ്വപ്നമാവുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും വിരുന്നുവരുന്ന ചിത്രശലഭങ്ങളെപ്പോലെയും ദുഃസ്വപ്നമാവുമ്പോള്‍ നരകത്തിലെ ചെകുത്താന്‍സാന്നിധ്യമായും മാറുന്ന ഈ പ്രതിഭാസത്തിന്റെ വിശകലനം ദൈവജ്ഞന്മാരുടെ പാണ്ഡിത്യത്തിന്റെ വീര്യവിശകലനവിഹാര വേദിയായി മാറാറുണ്ട്. സ്വപ്നങ്ങള്‍ എന്നത് ജ്യോതിഷ സാഹിത്യത്തിലെ ഉജ്ജ്വലനക്ഷത്രമായ 'പ്രശ്‌നമാര്‍ഗത്തില്‍' ഗംഭീരചര്‍ച്ചയാണ്. പ്രശ്‌നങ്ങളില്‍ സ്വപ്നപ്രശ്‌നം രസോന്നതമായ വിഷയം തന്നെയാണ്. ദൈവജ്ഞന്‍ സൂചകങ്ങളിലൂടെ അവിടെ ഭാവിയുടെ ഭൂപടം വരച്ചിടുന്നത് കാണാം. കവിയും ദൈവജ്ഞനും തമ്മിലുള്ള ഗംഭീരമായ ലയവും വിടര്‍ന്നു മലരുകയാണതില്‍. ഗ്രഹങ്ങളും രാശികളും തന്നെയാണ് ഉപാധികള്‍. മനസ്സിന്റെ ഇരുള്‍മൂലകളിലേക്ക് വെട്ടം വിതറുന്ന നിരീക്ഷണങ്ങളുമുണ്ട്. ദൈവജ്ഞന്‍ പ്രജാപതിയായി മാറുന്ന രംഗമാണത്.   

രാത്രിയുടെ ഒന്നാം യാമത്തില്‍ (ഒരു യാമം മൂന്നു മണിക്കൂര്‍) കാണുന്ന പ്രശ്‌നം ഒരു കൊല്ലത്തിനുള്ളിലും രണ്ടാം യാമത്തിലുള്ള സ്വപ്നം എട്ടുമാസത്തിനുള്ളിലും മൂന്നാം യാമത്തില്‍ കാണുന്ന പ്രശ്‌നം മൂന്നു മാസത്തിനുള്ളിലും നാലാം യാമത്തില്‍ കാണുന്ന സ്വപ്നം പത്തുദിവസത്തിനുള്ളിലും ഫലിക്കുമത്രെ!  

സ്വപ്നം ഏഴുവിധമാണ് എന്ന് ആചാര്യന്‍ നിര്‍ണയിക്കുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ കണ്ടതിനെ സ്വപ്നത്തില്‍ കാണുക, ഉണര്‍ന്നിരിക്കുമ്പോള്‍ കേട്ടത് സ്വപ്നത്തില്‍ കേള്‍ക്കുക, ഘ്രാണം, സ്പര്‍ശം, രസനം, ഇവയിലൂടെ ഉണര്‍ന്നിരുന്നപ്പോള്‍ അനുഭവിച്ചത് സ്വപ്നത്തിലും അനുഭവിക്കുക, ഉണര്‍ന്നിരുന്നപ്പോള്‍ ആശിച്ചവിധം സ്വപ്നത്തില്‍ കാണുക, മുമ്പൊരിക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവയെ വെറുതെ ആഗ്രഹിച്ചവിധം സ്വപ്നത്തില്‍ കാണുക, മേല്‍പ്പറഞ്ഞവിധത്തിലൊന്നുമല്ലാത്തത്, ത്രിദോഷകോപം നിമിത്തം ശരീരമാറ്റത്തിനുസരിച്ചുണ്ടാകുന്ന സ്വപ്നം - ഇവയാണ് ഏഴുവിധം സ്വപ്നങ്ങള്‍. ഇവയില്‍ ഒന്നൊഴിച്ച് ഏതാണ്ട് എല്ലാം തന്നെ ഫലിക്കാത്തതാണ് എന്നാണ് ആചാര്യപക്ഷം.   

സ്വപ്നം കണ്ട് സങ്കടവും ഭയവും ഉല്‍ക്കണ്ഠയും നിറഞ്ഞ വ്യക്തി ദൈവജ്ഞനെ സമീപിക്കുകയാണ്. കവടികള്‍ കാട്ടിയ ആരുഢത്തിലൂടെയുളള സ്വപ്ന വിചാരണയാണ് പിന്നെ. ലഗ്‌നത്തില്‍ ആദിത്യന്‍ നിന്നാല്‍ കത്തുന്ന തീയും, ചുവന്ന വസ്തുക്കളുമാവും കണ്ടത് എന്നും ചന്ദ്രന്‍ നിന്നാല്‍ സ്ത്രീകള്‍/വെളുത്ത വസ്തുക്കളെയാവും എന്നും ചൊവ്വ നിന്നാല്‍ സ്വര്‍ണം, പവിഴം, പച്ചമാംസം ഇത്യാദികളാവും  സ്വപ്നദര്‍ശനത്തില്‍ എന്നും ദൈവജ്ഞന്‍ വ്യക്തമാക്കുന്നു. ലഗ്‌നത്തില്‍ നില്‍ക്കുന്ന ഗ്രഹം ദുര്‍ബലനായിരുന്നാല്‍ ദുസ്വപ്നം കണ്ടതായിട്ടാവും വിധി. മൗഢ്യമുള്ള ഗ്രഹത്തെക്കൊണ്ട് കണ്ട സ്വപ്നം പൂര്‍ണമായില്ല, ഇടയ്ക്ക് മുറിഞ്ഞു പോയല്ലോ എന്നാണ് വിലയിരുത്തല്‍.  

രാശികളെ മുന്‍നിര്‍ത്തിയും അന്വേഷണമുണ്ട്. ആരൂഢം മേടം രാശിയെങ്കില്‍ ക്ഷേത്രം, മിഥുനമെങ്കില്‍ സന്ന്യാസി, കര്‍ക്കടകമെങ്കില്‍ ജലാശയം, തുലാം രാശിയെങ്കില്‍ കച്ചവടം, വൃശ്ചികമായാല്‍ വിഷവസ്തുക്കള്‍, മീനമായാല്‍ സമുദ്രം എന്നിങ്ങനെയും സ്വപ്നം എന്തായിരുന്നുവെന്നതിന് ഉത്തരം പറയാറുണ്ട് ദൈവജ്ഞന്‍.  

ചുരുക്കത്തില്‍ സിഗ്മണ്ട് ഫ്രോയിഡ് സ്വപ്നത്തെക്കുറിച്ച് പറഞ്ഞതും കണ്ടെത്തിയതും നമ്മുടെ മുന്നിലുള്ളതു പോലെ അതിനും മുന്‍പേ തന്നെ ജ്യോതിഷത്തിലും മറ്റൊരുരൂപത്തില്‍, ഭാവത്തില്‍, നാം പരിചയപ്പെടുകയാണ്. സമാന്തരരേഖകള്‍ ചക്രവാളത്തില്‍ സംഗമിക്കുന്നുവെന്നാണല്ലോ?     

എഴുതിയതിന്റെ എത്രയോ പുറങ്ങള്‍ എഴുതാനും വായിക്കാനും പഠിക്കാനും ബാക്കിയാണ് - അതാണ് നിത്യസ്രവന്തിയായ ജ്യോതിഷം ഉണര്‍ത്തുന്ന ഉണ്‍മ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം