കരണഫലം

ലേഖനം: 128

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്‌
98460 23343

ലേഖനം 127 ല്‍ (27/06/2021 ല്‍ പ്രസിദ്ധീകരിച്ചത്) 'കരണം' എന്നാല്‍ എന്താണെന്നും ഓരോ തിഥിയിലും വരുന്ന ഈരണ്ട് കരണങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കി. ഈ ലേഖനത്തില്‍ ഓരോ കരണത്തിലും ജനിച്ചാലുള്ള ഫലം വിവരിക്കുന്നു.... 

  1. സിംഹക്കരണ ഫലം:- സാഹസശീലവും ദേഹബലവും പ്രതാപവും ഉള്ളവരായിരിക്കും. ഏകാന്തതയെ ഇഷ്ടപ്പെടും. ദീര്‍ഘായുസ്സ്, ഭാഗ്യം മുതലായവയാല്‍ അനുഗ്രഹിക്കപ്പെട്ടവരായിരിക്കും. 'ബാലകൃത്യ:' എന്നൊരു വിശേഷണവുമുണ്ട്. കുട്ടികളെപ്പോലെ പെരുമാറുന്നവര്‍ എന്നാണ് വാക്യാര്‍ത്ഥം,. നിഷ്‌ക്കളങ്കന്‍ എന്നുമാവാം ആശയം.   
  2. വ്യാഘ്ര/പുലിക്കരണ ഫലം:- കാര്യതടസ്സം വരും വിധം പ്രവര്‍ത്തിക്കും. ക്രൂരതയുണ്ടാവും. ധനവാനായിരിക്കും. ബന്ധുക്കളധികമുണ്ടാവുകയില്ല. 'രാജപൂജ്യ:' എന്ന വിശേഷണം സൂചിപ്പിക്കുന്നത് അധികാരികളുടെ  'നല്ലപുസ്തകത്തില്‍' ഉള്ളയാളായിരിക്കുമെന്നാണ്.   
  3. വരാഹ/പന്നിക്കരണ ഫലം:- സുഖദുഃഖങ്ങളുടെ സമ്മിശ്രതയുണ്ടാവും. വലിയ അധികാരം കൈവരും. കന്നുകാലി സമ്പത്തുണ്ടായിരിക്കും. 'ചാരുകര്‍മ്മ:' എന്ന വിശേഷണം ചെയ്യുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്നവരാവും എന്നതിനെ സൂചിപ്പിക്കുന്നു.   
  4. ഗര്‍ദ്ദഭ/ കഴുതക്കരണ ഫലം:- ചാപല്യം, അതിബുദ്ധി, സ്ഥിരമായി ഒരു ദിക്കില്‍ താമസിക്കാന്‍ ഇഷ്ടക്കേട്, സ്വാതന്ത്ര്യമില്ലായ്മ എന്നിവ ഫലങ്ങള്‍. 'പുണ്യശീല:' എന്ന വിശേഷണവുമുണ്ട്. ധാരാളം പുണ്യകര്‍മ്മങ്ങള്‍ ചെയ്യും എന്ന് സാരം.
  5. ഗജ/ ആനക്കരണ ഫലം:- തടിച്ചദേഹം, ശരീരശക്തി, പക, അതിഭക്ഷണശീലം, മന്ദഗതി, വ്രതാനുഷ്ഠാനങ്ങളില്‍ അനിഷ്ടം എന്നിവയോടു കൂടിയവരാവും. 'സര്‍വവിഖ്യാതോ' എന്നവിശേഷണം വലിയ കീര്‍ത്തിയുണ്ടാവുമെന്നതിനെ വെളിവാക്കുന്നു.  
  6. സുരഭി/ പശുക്കരണ ഫലം:- 'പരകാര്യരത:' എന്ന വിശേഷണം അന്യന്റെ കാര്യത്തില്‍ തലയിടുന്നവര്‍ എന്നതിനെ കുറിക്കുന്നതാണ്. എല്ലാക്കാര്യത്തിലും സാമര്‍ത്ഥ്യമുണ്ടാവും. രോഗങ്ങളാല്‍ വലയും. കാമികളുമായിരിക്കും.  
  7. വിഷ്ടിക്കരണ ഫലം:- ക്രൂരതയുള്ളവരും സമരോത്സുകരും ദാരിദ്ര്യമനുഭവിക്കുന്നവരും എല്ലാവരോടും വിരോധിക്കുന്നവരുമായിരിക്കും. 'പാപകര്‍മ്മാപവാദി' എന്ന വിശേഷണം പാപകര്‍മ്മം ചെയ്യുന്നവരും അപവാദത്തിന് വിധേയരാവുന്നവരും ആകുമെന്നതിനെ കുറിക്കുന്നു.  
  8. ശകുന/പുള്ളുക്കരണ ഫലം:-  സുഖിമാന്മാരാവും. ഭൂത വര്‍ത്തമാനഭാവികളെ, ത്രികാലങ്ങളെ, അറിഞ്ഞ് പെരുമാറും. 'ക്ഷീണായു:' എന്ന വിശേഷണം ആയുര്‍പുഷ്ടിയില്ലായ്മയെ കുറിക്കുന്നതാണ്. അറിഞ്ഞോ അറിയാതെയോ നാശനഷ്ടങ്ങള്‍ വരുത്തുന്നവരുമാവാം.  
  9. ചതുഷ്പാത്/ നാല്‍ക്കാലിക്കരണ ഫലം:- എല്ലാ ശാസ്ത്രങ്ങളെയും അറിയും. എല്ലാവരാലും ബഹുമാനിക്കപ്പെടും. ദീര്‍ഘായുസ്സുണ്ടാവും. ധനപുഷ്ടിയുണ്ടായിരിക്കും. 'പശുമാന്‍' എന്ന പ്രയോഗം നാല്‍ക്കാലി സമ്പത്തുണ്ടാവും എന്നതിന്റെ സൂചനയാവാം.  
  10. നാഗ/ പാമ്പുക്കരണഫലം:- 'സന്മന്ത്രനിരത' എന്ന വിശേഷണം മന്ത്രസിദ്ധിയും സാധനയും ഉള്ളവരാവും എന്നതിന്റെ അടയാളമാവാം. രഹസ്യമായി പാപം ചെയ്‌തേക്കും. സ്വതന്ത്ര ശീലം, വാചാലത, ധനോന്നതി എന്നിവ മറ്റു ഫലങ്ങള്‍.   
  11. കിംസ്തുഘ്‌നം/ പുഴുക്കരണ ഫലം:- ചാപല്യം, ഹാസ്യപ്രിയം, ദാസ്യം എന്നിവ ഉണ്ടാവാം. 'സ്വകാര്യപരകാര്യകൃത്' എന്ന വാക്യം സ്വന്തം കാര്യവും മറ്റുള്ളവരുടെ കാര്യവും ഭംഗിയായി നടത്തുന്നവരാവും എന്നതിന്റെ വിശേഷണമാണ്. 'ഭാഗ്യസന്ത്യക്ത:' എന്ന പ്രയോഗം ഭാഗ്യപുഷ്ടിയില്ലായ്മയിലേക്ക് വിരല്‍ ചൂണ്ടുന്നതുമാണ്.    
സ്വജാതകത്തില്‍ പഞ്ച അംഗങ്ങളുടെയും - വാരം, നക്ഷത്രം, തിഥി, കരണം, നിത്യയോഗം- ഫലം എഴുതിയിട്ടുണ്ടാവും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി