ശനിയുടെ കാരകധര്‍മ്മങ്ങള്‍

ലേഖനം: 126

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഗ്രഹങ്ങളുടെ കാരകധര്‍മ്മങ്ങള്‍ വിപുല വിഷയമാണ്. ഓരോ ഗ്രഹവും എന്തെല്ലാം കാര്യങ്ങളുമായി ബന്ധപ്പെടുന്നു, എന്തെല്ലാം കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നതൊക്കെ കാരകധര്‍മ്മങ്ങളാണ്. ഇന്നത്തെ ഭാഷയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പോലെ എന്ന് സാമാന്യവല്‍ക്കരിച്ചു പറയാം. ഗ്രഹങ്ങളുടെ കാരകധര്‍മ്മങ്ങള്‍ അക്കമിട്ട് അവതരിപ്പിക്കുന്ന സംസ്‌കൃത പ്രമാണഗ്രന്ഥമാണ് 'ഉത്തര കാലാമൃതം'. അതിലെ ചില കാര്യങ്ങള്‍ ഇവിടെ എടുത്തുചേര്‍ക്കുന്നു.  

1. ആലസ്യം 
2. തടസ്സം  
3. രോഗം  
4. ശത്രുത   
5. ദുഃഖം  
6. മരണം    
7. ആയുസ്സ്  
8. കഴുത 
9. ഒട്ടകം  
10. എരുമ/ പോത്ത് 
11. കീഴ്ജീവനക്കാര്‍  
12. ജീര്‍ണത  
13. വലിയ കാര്യങ്ങള്‍  
14. ഒറ്റപ്പെടല്‍                 
15 തൈലം  
16. വനവാസികള്‍  
17. നീച പ്രവൃത്തികള്‍    
18. അംഗവൈകല്യം  
19. നപുംസകങ്ങള്‍  
20. അധ:സ്ഥിതര്‍  
21. അനാചാരം  
22. പാരമ്പര്യ വിരുദ്ധത  
23. കറുത്തവസ്തുക്കള്‍ 
24. ജാരസന്തതി  
25. എള്ള്                          
26. മലമൂത്രാദികള്‍
27. വര്‍ഷം  
28. ദുഷ്ടത  
29. ചീത്തക്കാര്യങ്ങള്‍  
30. പടിഞ്ഞാറ് ദിക്ക്  
31. ചവര്‍പ്പ് 
32. കമ്പിളി  
33. പാപകര്‍മ്മാസക്തി  
34. കപടത 
35. വൃദ്ധത  
36. ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നവ  
37. ഭസ്മം                       
38. പെരുഞരമ്പ്   
39. മുള്‍ച്ചെടികള്‍ 
40. ഭ്രഷ്ട്  
41. കാരീയം 
42. കഠിനാദ്ധ്വാനം  
43. ജരാനരകള്‍   
44. നീലരത്‌നം/ഇന്ദ്രനീലം  
45. താഴോട്ടുള്ള നോട്ടം 
46. പിതൃകാരകത്വം (രാത്രിയില്‍)  
47. ഭേദോപായം  
48. യുദ്ധം/ കലഹം  
49. കളവ് പോകല്‍  
50. തമോഗുണം 
51. ഭയബീഭത്സങ്ങള്‍  
52. അലച്ചില്‍  
53. കാര്യപരാജയം  
54. ശിശിര ഋതു  
55. മലിനത  
56. ക്രൂരകര്‍മ്മങ്ങള്‍  
57. ശനിയാഴ്ച  
58. ദീര്‍ഘസൂത്രിത്വം  
59. ത്യാഗശീലം 
60. ക്ഷമ    
61. കൃഷ്ണാ നദി  
62. നീല പുഷ്പങ്ങള്‍ 
63. കീറിപ്പറിഞ്ഞ വസ്ത്രം  
64. ബ്രഹ്മാവ്/ ബ്രഹ്മാണി  
65. ലോകപാലന്മാര്‍ 
66. പാപം 
67. ദുര്‍വ്യയം  
68. പതനം 
69. നരകം  
70. മരണാനന്തര - ചടങ്ങുകള്‍/കാര്യങ്ങള്‍  
71.ഗ്രാമം, പുരം, നഗരം എന്നിവകളുടെ ആധിപത്യം.

'ജാതക ദര്‍പ്പണം' എന്ന ഗ്രന്ഥത്തിലെ മണിപ്രവാളമധുരമായ ചുവടെ ചേര്‍ക്കുന്ന ശ്ലോകം കൂടി നോക്കാം. സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന പ്രസന്നമധുരമായ ഭാഷയില്‍ ശനിയുടെ കാരകധര്‍മ്മങ്ങളെ ഇതില്‍ കൃത്യമായി വിവരിക്കുന്നു. അനുഷ്ടുപ്പ് വൃത്തത്തിന്റെ കൃത്യതയും ലാളിത്യവും കൂടി ഇതിലറിയാനുണ്ട്.

'ആയുസ്സും മരണം ഭീതി 
ജാതി ഭ്രഷ്ടവമാനവും 
ദുഃഖവും പലരോഗങ്ങള്‍ 
ദാരിദ്ര്യം ദാസഭൃത്യരും  
ശവസംസ്‌ക്കാര- കാര്യങ്ങള്‍  
ബലിപിണ്ഡങ്ങളൊ- ക്കെയും  
നീചന്മാര്‍ നീചകര്‍മ്മങ്ങള്‍  
മടിയും നീചസേവയും  
ഒട്ടകം, കഴുത, പോത്ത്  
വൃദ്ധന്മാര്‍, വൃദ്ധനാരികള്‍;  
കടം കാരാഗൃഹം കാട്, 
ബന്ധനം ചുടലക്കളം  
കൃഷി സാധനമെപ്പേരും 
വട്ടികൊട്ടകള്‍ ചൂലുകള്‍  
അലസത്വം മനോദുഃഖം ലജ്ജവിട്ടുള്ള കര്‍മ്മവും  
ഒറ്റാലുംവലയും ചൂണ്ടല്‍ 
ഇവകൊണ്ടുളള കാര്യവും;  
ഇരുമ്പും പീലിയും പുല്ലും  
ബലിപുഷ്പങ്ങള്‍ - എള്ളുകള്‍  
ഉലക്കയുരല്‍ കൂന്താണി 
നെല്ലുകുത്തും - പ്രദേശവും 
ഉച്ഛിഷ്ട മലമൂത്രങ്ങള്‍ 
കളയുന്ന പ്രദേശവും  
ചക്കാലന്മാര്‍, വാണിയന്മാര്‍ ;  
ശീതികന്‍ - പുലയുള്ളവന്‍  
ഇരുമ്പുകൊല്ലന്‍, ദീക്ഷക്കാര്‍  
ജാതിഭ്രഷ്ടുഭവിച്ചവര്‍  
മണ്ണാന്‍ പുലയന്‍-  
വേടന്മാര്‍  
പറയന്‍ കളെളടുപ്പവന്‍  
കളളസന്ന്യാസി-  വേഷക്കാര്‍  
ക്ഷുദ്രം വെച്ചതെടുപ്പവര്‍  
വേട്ടക്കൊരുമകന്‍, ശാസ്താ 
ചാത്തന്മാര്‍, മലബാധകള്‍   
ഭൂതപ്രേതപിശാചുക്കള്‍ 
ഇതെല്ലാം മന്ദനൊത്തിടും'

അത്ര മാത്രമല്ല, വിദ്യയും അവിദ്യയും, വേദാന്തം, സന്ന്യാസം, വിഷാദരോഗം, പുരാവസ്തുക്കള്‍, പഴങ്കാലം, മാറാരോഗം, പരുത്തി, ജഡം, സര്‍വ്വനാശം, പദവിയില്‍ തരം താഴ്ത്തല്‍, മദ്യാസക്തി, ചാമ, തിന തുടങ്ങിയവ, നിഷേധവാസന എന്നിങ്ങനെ പലതും ശനികാര്യങ്ങളില്‍ ഉള്‍പ്പെടും. പക്ഷേ ഈ പട്ടിക അപൂര്‍ണമാണ്. ശനി വിവിധ ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ തത്സംബന്ധമായ കാര്യങ്ങളും കൂടി കാരകത്വത്തില്‍ ചേരും. ഉദാഹരണം അഞ്ചില്‍ ശനി നില്‍ക്കുന്ന വ്യക്തിക്ക് സന്താന തടസ്സമോ, കാലവിളംബമോ വരാം. പുതിയ കാലമാവശ്യപ്പെടുന്ന വിഷയങ്ങളും വസ്തുക്കളും കൂടി യുക്തികുശലനായ ദൈവജ്ഞന് ശനിയെക്കൊണ്ട് ചിന്തിക്കുകയും പറയുകയും ചെയ്യാം. ജ്യോതിഷം എന്നത് ഒരിക്കലും ഒരു അടഞ്ഞ അധ്യായമല്ല. കാലമാവശ്യപ്പെടുന്ന വിധത്തില്‍ എന്നാല്‍ പ്രമാണങ്ങളെ കാറ്റില്‍പ്പറത്താതെ, വ്യാഖ്യാനിക്കുമ്പോഴാണ് ജ്യോതിഷം സാധ്യതകളുടെ അക്ഷരവിശുദ്ധിയായി മാറുന്നത്....

നവഗ്രഹങ്ങളില്‍ ഓരോ ഗ്രഹത്തെയും കുറിച്ച് ഈ ഗ്രന്ഥകാരന്‍ പഠനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷ പഠിതാക്കള്‍ക്കും വിശ്വാസികള്‍ക്കും അവ പ്രയോജനപ്പെട്ടേക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍