പൊരുത്ത ദോഷത്തിനുള്ള പ്രായശ്ചിത്ത കര്‍മ്മങ്ങള്‍


ലേഖനം: 119
എസ്. ശ്രീനിവാസ് അയ്യര്‍
അവനി  പബ്ലിക്കേഷന്‍സ്
9846023343

വിവാഹത്തിന് ദശവിധപ്പൊരുത്തങ്ങളാണ് നമ്മുടെ നാട്ടില്‍ വിഹിതമായിട്ടുള്ളത്. ആ പൊരുത്തങ്ങള്‍  ഇല്ലാതെ ദാമ്പത്യത്തില്‍ പ്രവേശിച്ചാല്‍ നാനാപ്രകാരേണയുള്ള ദോഷാനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. അവയ്ക്കുളള പരിഹാരങ്ങള്‍ വിവിധഗ്രന്ഥങ്ങളില്‍ സൂചിതമായിട്ടുണ്ട്. മുഖ്യമായും 'ശശാങ്കശാരദീയം' എന്ന ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയുള്ള ഏതാനും നിരീക്ഷണങ്ങളാണ് ഇന്നത്തെ ലേഖനത്തില്‍ പങ്കുവെയ്ക്കുന്നത്.    

രാശീശം അഥവാ രാശ്യധിപം എന്ന പൊരുത്തം ഇല്ലാതെ വിവാഹിതരായാല്‍ സീതാസമേതനായി നില്‍ക്കുന്ന കോദണ്ഡരാമസ്വാമിയുടെ പ്രതിമ വേദോക്തവിധിപ്രകാരം പൂജാദികള്‍ നടത്തി ദാനം ചെയ്യണം.  രാശിപ്പൊരുത്തമില്ലാതെ വന്നാല്‍ സ്വര്‍ണംകൊണ്ടുള്ള ഉമാമഹേശ്വരപ്രതിമയുണ്ടാക്കി ക്ഷേത്ര പ്രതിഷ്ഠനടത്തുമ്പോള്‍ ചെയ്യും വിധം കര്‍മ്മങ്ങള്‍ നടത്തി, ദേവതാസാന്നിധ്യം വരുത്തി, വധൂവരന്മാരുടെ വയസ്സുകൂട്ടി അത്രയും മന്ത്രജപം നടത്തി, യഥാവിധി ദാനം ചെയ്യണം.   

ഗണപ്പൊരുത്തം ഇല്ലാതെ വന്നാല്‍ ഗണപതി വിഗ്രഹവും വശ്യപ്പൊരുത്തമില്ലാതെ വന്നാല്‍ ശുക്രപ്രതിമയും മാഹേന്ദ്രപ്പൊരുത്തമില്ലാതെ വന്നാല്‍ ഭഗവാന്‍ നാരായണന്റെ പ്രതിമയും മന്ത്രജപപുരസ്സരം ദാനം ചെയ്യണം.  

ദിനപ്പൊരുത്തം ഇല്ലാതെ വന്നാല്‍ സൂര്യപ്രതിമയുണ്ടാക്കി വിധിപ്രകാരം ഒരു ബ്രഹ്മജ്ഞാനിക്ക് ദാനം ചെയ്യണം. യോനിപ്പൊരുത്തദോഷത്തിനുള്ള പ്രായശ്ചിത്തമായി കാമധേനുവിന്റെ സ്വര്‍ണരൂപം നിര്‍മ്മിച്ച് പുഷ്പാലങ്കാരങ്ങള്‍ നടത്തി, ജപമന്ത്രാദികള്‍ ചെയ്ത്, ദാനം ചെയ്യണം. രജ്ജുദോഷത്തിനുള്ള പരിഹാരം സ്വര്‍ണഖചിതമായ ശിവലിംഗം വേദവിധിപ്രകാരം സംസ്‌ക്കാരങ്ങള്‍ നടത്തി ദാനം ചെയ്യണമെന്നതാണ്. വേധദോഷ ശാന്തിക്കായി 'വരാഹം വാ കൂര്‍മ്മം വിധിവദിഹ ദദ്യാത് കനകത:' എന്നാണ് നിയമം. അതായത് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച വരാഹ(പന്നി)ത്തിന്റെയോ, കൂര്‍മ്മ(ആമ)ത്തിന്റെയോ പ്രതിരൂപങ്ങള്‍ വിധിപ്രകാരം ദാനം ചെയ്യണമെന്നാണ്.   

വധൂവരന്മാരുടെ ദശാസന്ധികളിലാണ് വിവാഹം നടക്കുന്നതെങ്കില്‍ തത് ദോഷപരിഹാരാര്‍ത്ഥം ശിവനെ പ്രീതിപ്പെടുത്തണം. മന്ത്രജപം, ഹോമം, ഭജനം, പ്രദോഷാദി വ്രതാനുഷ്ഠാനങ്ങള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കണം.  

വധൂവരന്മാരുടെ ഏഴാംഭാവത്തില്‍ നില്‍ക്കുന്ന പാപഗ്രഹങ്ങളുടെ ദോഷനിവൃത്തിക്കായും പരിഹാരങ്ങള്‍ പറയപ്പെടുന്നുണ്ട്. ഈ ശ്ലോകത്തില്‍ അക്കാര്യം വിവരിക്കുന്നു: 'ആരാസ്‌തേ ശിഖിവാഹനം സുരുചിരം, മന്ദേ കിരാതം ശിവം / രാഹൗ പഞ്ചശിര: പ്രകാശിതമണിം ദേവം ഫണീന്ദ്രം തഥാ / കേതൗ മൃത്യുശരീര, മബ്ജ സുഹൃദി ശ്രീശങ്കരം ദൈവതം / ദദ്യാത് സപ്തമ ദോഷശാന്തി വിധയേ സൗഭാഗ്യ സൗഖ്യാപ്തയേ'! സാരം ഇപ്രകാരമാണ്: 'ഏഴില്‍ ചൊവ്വയെങ്കില്‍ മനോഹരമായ സുബ്രഹ്മണ്യന്റെ പ്രതിമയും ഏഴില്‍ ശനിനിന്നാല്‍ കിരാതഭാവത്തിലുള്ള ശിവന്റെ പ്രതിമയും ഏഴില്‍ രാഹുവാണെങ്കില്‍ രത്നംപതിച്ച അഞ്ചുശിരസ്സുള്ള സര്‍പ്പപ്രതിമയും കേതുവെങ്കില്‍ പ്രേതപ്രതിരൂപവും സൂര്യനെങ്കില്‍ ശിവരൂപവും ദാനം ചെയ്യണം. അങ്ങനെ ചെയ്താല്‍ സുഖവും സൗഭാഗ്യവുമുണ്ടാകും'! വെറുതെ ആര്‍ക്കെങ്കിലും കൊടുത്താല്‍ പോര, വിധിപൂര്‍വകമായ മന്ത്രാനുഷ്ഠാനങ്ങളും പൂജാദികളും ചെയ്തുവേണം ദാനകര്‍മ്മം ചെയ്യേണ്ടത് എന്നത് പ്രധാനമാണ്! അപ്പോള്‍ മാത്രമാണ് ഫലസിദ്ധിയുണ്ടാവുക!  

(തെക്കുംഭാഗം പി.വി. സുകുമാരന്‍ ശാസ്ത്രിയുടെ 'സ്ത്രീജാതകം' എന്ന പുസ്തകത്തെ ഉപജീവിച്ചെഴുതിയത്.)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി