ഏഴിനെക്കുറിച്ച് ഏഴ് കാര്യങ്ങള്‍

ലേഖനം: 117

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

ഏഴല്ല, അതിലുമെത്രയോ കാര്യങ്ങള്‍ പറയാനും കണ്ടെത്താനുമാവും ഓരോ വിഷയത്തെക്കുറിച്ചും. അത് നമ്മുടെ അന്വേഷണം പോലെയിരിക്കും. ഏഴിനെക്കുറിച്ച് കുറച്ചു ജ്യോതിഷകാര്യങ്ങള്‍, ജ്യോതിഷ പഠിതാക്കള്‍ക്കായി അവതരിപ്പിക്കുകയാണ് ഇവിടെ. ഒരു സംഖ്യാകൗതുകമായി കണ്ടാല്‍ മതി. പറഞ്ഞതിന്റെ എത്രയെത്രയോ പതിന്മടങ്ങുകള്‍ ബാക്കിയാണ് എന്നതും ഉള്ളിലുണ്ട്...

  1. 'സൂര്യാദി സപ്തഗ്രഹങ്ങള്‍ ':-  സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളെ ഇപ്രകാരം പരാമര്‍ശിക്കുന്നു. രാഹുകേതുക്കള്‍ പട്ടികയിലില്ല. അവയെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ നവഗ്രഹങ്ങളായി.   
  2. സപ്തമാതൃക്കള്‍:- നമ്മുടെ ദേവതാസങ്കല്പത്തില്‍ അവരുടെ സാന്നിധ്യം ശക്തമാണ്. കേരളത്തില്‍ സപ്തമാതൃക്കളുടെ ക്ഷേത്രം എമ്പാടുമുണ്ടായിരുന്നു, ഒരുകാലത്ത്. പിന്നീട് അവ ഭദ്രാ, ദുര്‍ഗാ തുടങ്ങിയവരുടെ ആലയങ്ങളായി മാറി. ബ്രാഹ്മി (ബ്രഹ്മാണി), വൈഷ്ണവി, മാഹേശ്വരി, കൗമാരി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നിവരാണ് സപ്തമാതൃക്കള്‍. ദേവീമാഹാത്മ്യത്തില്‍ ഇവരെക്കുറിച്ച് സ്തുതിയുണ്ട്. നാലമ്പലത്തിനകത്ത് പ്രദക്ഷിണവഴിയില്‍ തെക്കുവശത്ത്, മധ്യഭാഗത്തായി, ദീര്‍ഘചതുരാകൃതിയില്‍ ഒരു ശില കാണാം. ഇതില്‍ വീരഭദ്രനും ഗണപതിയും ഉള്‍പ്പെടെ സപ്തമാതൃക്കളെ പ്രതിഷ്ഠിച്ചിരിക്കുന്നു. (ഒമ്പത് ചെറുശിലാരൂപങ്ങളാണ്  ഈ ബലിപീഠത്തില്‍). സപ്തഗ്രഹങ്ങളില്‍ ശനിയെക്കൊണ്ട് ബ്രഹ്മാണിയേയും, സൂര്യനെക്കൊണ്ട് മാഹേശ്വരിയേയും, ബുധനെക്കൊണ്ട് വൈഷ്ണവിയേയും, ചൊവ്വയെക്കൊണ്ട് കൗമാരിയേയും, ശുക്രനെക്കൊണ്ട് വാരാഹിയേയും, വ്യാഴത്തെക്കൊണ്ട് ഇന്ദ്രാണിയേയും ചന്ദ്രനെക്കൊണ്ട് ചാമുണ്ഡയേയും ചിന്തിക്കുന്നു.    
  3. സപ്തര്‍ഷികള്‍:- മരീചി, വസിഷ്ഠന്‍, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു എന്നിവരാണ് പുരാണപ്രസിദ്ധരായ സപ്തര്‍ഷികള്‍ അഥവാ ഏഴ്മഹര്‍ഷിമാര്‍. ഇവര്‍ ഉത്തരാകാശത്തില്‍ കിഴക്കുനിന്ന് ക്രമത്തില്‍ കാണപ്പെടുന്നു. വസിഷ്ഠനൊപ്പം വസിഷ്ഠപത്‌നിയായ അരുന്ധതി നക്ഷത്രവുമുണ്ട്. സപ്തര്‍ഷികള്‍ക്ക് അഭിജിത്ത് ഉള്‍പ്പെടെ 28 നക്ഷത്രങ്ങളുടെ ആധിപത്യം നല്‍കിയിരിക്കുന്നു. ഒരേ മഹര്‍ഷിയുടെ ഗോത്രത്തില്‍ വരുന്ന നാളുകാര്‍ തമ്മില്‍ വിവാഹിതരാവരുത് എന്ന് നിയമമുണ്ട്. ഇത് ഗോത്രപ്പൊരുത്തമെന്ന പേരില്‍ പണ്ട് പരിഗണിച്ചിരുന്നു.    
  4. സപ്തദ്വീപുകള്‍:- ഭൂമിയെ ഏഴായി ഭാഗിച്ച് ഏഴ് ദ്വീപുകളാക്കുന്നതിന്റെ വിപുലവിവരണം ഭാഗവതത്തിലുണ്ട്. ഏതാണ്ട് നമ്മുടെ ഇന്നത്തെ ഏഴ് ഭൂഖണ്ഡങ്ങളുടെ പ്രാഗ്രൂപം തന്നെയാണത്. ജംബു, പ്ലക്ഷ, പുഷ്‌ക്കരം, ക്രൗഞ്ചം, ശാകം, ശാല്മലം, കുശം എന്നിവയാണ് സപ്തദ്വീപുകള്‍. ഇതില്‍ ജംബുദ്വീപം ആണ് ഏഷ്യാഭൂഖണ്ഡം. പൂജാകര്‍മ്മങ്ങളുടെ ആരംഭത്തില്‍ സങ്കല്പം പറയുമ്പോള്‍ ജംബുദ്വീപിന്റെയും അതില്‍ വരുന്ന ഭാരതത്തിന്റെയും സ്ഥലരാശികള്‍ അടയാളപ്പെടുത്തിപ്പറയാറുണ്ട്. പൂജ ചെയ്യുന്നയാളിന്റെ സ്ഥലബിന്ദു അതില്‍ വ്യക്തമാക്കപ്പെടും.  
  5. സപ്തനദികള്‍:- 'ഗംഗേ ച യമുനേ ചൈവ / ഗോദാവരി സരസ്വതി/ നര്‍മ്മദേ സിന്ധു കാവേരി/ ജലേ fസ്മിന്‍ സന്നിധിം കുരു' എന്ന നദീമന്ത്രത്തില്‍ സപ്തനദികളുണ്ട്. ദേവപ്രശ്‌നത്തിലും മറ്റും ദേവവിഗ്രഹം നദിയില്‍ നിന്നും കിട്ടിയതാണോ എന്ന വിചിന്തനം വരുമ്പോള്‍ സപ്തഗ്രഹങ്ങളെക്കൊണ്ട് നദികളെ ചിന്തിക്കും. ക്ഷേത്രപൂജയില്‍ ശംഖപൂരണത്തില്‍ സപ്തനദികളെ ആവാഹിക്കുന്നു. വ്യാഴത്തെക്കൊണ്ട് ഗംഗയേയും, ശുക്രനെക്കൊണ്ട് യമുനയേയും, ചന്ദ്രനെക്കൊണ്ട് സിന്ധുവിനെയും, ബുധനെക്കൊണ്ട് സരസ്വതിയെയും, കുജനെക്കൊണ്ട് ഗോദാവരിയേയും, സൂര്യനെക്കൊണ്ട് കാവേരിയേയും ശനിയെക്കൊണ്ട് കൃഷ്ണയേയും ചിന്തിക്കുന്നു. നര്‍മ്മദ യുടെ കാര്യം ഇതില്‍ പറയുന്നില്ലെങ്കിലും ശനിയെക്കൊണ്ടാണെന്നു തോന്നുന്നു, വിചിന്തനം.
  6. സപ്തമി തിഥി:- ഏഴാമത്തെ തിഥി അഥവാ ചാന്ദ്രദിവസം. വെളുത്തപക്ഷത്തില്‍ ഏതാണ്ട് സപ്തമി മുതലാണ് ചന്ദ്രബലം പരിഗണിക്കുന്നത്. അതുപോലെ കറുത്തപക്ഷത്തില്‍ സപ്തമി മുതല്‍ ചന്ദ്രബലം കുറയുന്നതായും പരിഗണിക്കുന്നു. വെളുത്തപക്ഷ സപ്തമിയില്‍ ആദ്യപകുതി ആനക്കരണം, രണ്ടാംപകുതി പശുക്കരണം. കറുത്ത സപ്തമിയില്‍ ആദ്യം വിഷ്ടിക്കരണം, രണ്ടാമത് സിംഹക്കരണവും. സപ്തമി പൊതുവേ വിവാഹം, യാത്ര മുതലായ ശുഭകാര്യങ്ങള്‍ക്ക് സ്വീകാര്യമായ തിഥിയാണ്. എന്നാല്‍ വിഷ്ടിക്കരണം വരുന്ന സമയം മുഹൂര്‍ത്താദികള്‍ക്ക് വര്‍ജിക്കണം. ഗൃഹനിര്‍മ്മാണാദികള്‍ക്ക്  സപ്തമി അത്ര മികച്ചതല്ലെന്നുമുണ്ട്. സപ്തമിയില്‍ ജനിച്ചാല്‍ കഫപ്രകൃതിയും ശുഭകര്‍മ്മ തത്പരനും സംയമിയും രോഗാര്‍ത്തനുമാവും എന്നാണ് ഫലം. ദ്വിതീയ, സപ്തമി, ദ്വാദശി എന്നീ തിഥികളെ 'ഭദ്രാ' എന്നു പറയുന്നു. ആദിത്യനാണ് തിഥി ദേവത. മാഘമാസശുക്ലപക്ഷത്തിലെ 'രഥസപ്തമി' ഭാരതത്തില്‍ പലയിടത്തും ആഘോഷിക്കപ്പെടുന്നു.   
  7. കേതുവിന്റെ സംഖ്യ:- നവഗ്രഹങ്ങള്‍ക്ക് ഒന്നു മുതല്‍ ഒമ്പത് വരെ സംഖ്യ നല്‍കുന്ന രീതിയുണ്ട്. സൂര്യന്റെ സംഖ്യ 1, ചന്ദ്രന്റെ 2, വ്യാഴത്തിന്റെ 3, രാഹുവിന്റെ 4, ബുധന്റെ 5, ശുക്രന്റെ 6, കേതുവിന്റെ 7, ശനിയുടെ 8, ചൊവ്വയുടെ 9 എന്നിങ്ങനെയാണ് പിന്‍തുടരുന്നത്. ഈ തീയതികളെയും, കൂട്ടിയെടുക്കുമ്പോള്‍ ഈ തീയതിയില്‍ ജനിച്ചവരെയും ഒക്കെ പ്രസ്തുത ഗ്രഹങ്ങളുടെ സ്വാധീനത്തില്‍ വരുന്നവരായി പറയാറുണ്ട്. ചില ഭിന്നപക്ഷങ്ങളുമുണ്ട്.  
ഏഴിനെക്കുറിച്ച് ഏഴുകാര്യങ്ങളായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി