കേതുവിനെ പരിചയപ്പെടുമ്പോള്‍

ലേഖനം: 116 

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

ഹേതു വേണ്ടാത്ത ഒരു ഗ്രഹമായി കേതു വിലയിരുത്തപ്പെടുന്നു. അതിന്റെ ശരിതെറ്റുകള്‍ പകുത്തറിയുക ഇവ്വിധം ഒരു ചെറു ലേഖനത്തിലൊതുങ്ങുന്ന വിഷയമല്ല. കേതു നല്‍കും ഫലങ്ങളില്‍ പ്രായേണ ക്ലേശങ്ങളാണധികവും. ജ്ഞാനമോക്ഷകാരകത്വം ഉള്ളതിനാല്‍ ഭൗതിക നേട്ടങ്ങളെക്കാള്‍ ആത്മീയമായ ഉണര്‍വിനും ആദ്ധ്യാത്മിക സാധനകള്‍ക്കും വേണ്ടി ഉള്‍ക്കണ്ണ് തുറപ്പിക്കാന്‍ കേതുവിന് കഴിയും.
നവഗ്രഹങ്ങളുടെ ഇടയില്‍ സ്വഭാവപരമായി ഏതാണ്ട് ജോടികളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഗ്രഹങ്ങളുണ്ട്. സൂര്യന്‍-ചൊവ്വ അത്തരമൊരു ജോടി. ശനി-രാഹു മറ്റൊരു ദ്വന്ദ്വം. സാമ്യങ്ങളുടെ 'ഒരേതൂവല്‍ പക്ഷികള്‍'  എന്ന വിശേഷണം ചൊവ്വയ്ക്കും കേതുവിനും തമ്മിലുമുണ്ട്. അതുകൊണ്ടാണ് ആചാര്യന്മാര്‍ 'കുജവത് കേതു' എന്ന് പ്രയോഗിച്ചത്. പ്രവര്‍ത്തനരീതിയില്‍, ഫലദാനത്തില്‍ ഒക്കെ കേതുവില്‍ ചൊവ്വയെത്തന്നെ കാണാം. ഇരുഗ്രഹങ്ങളുടെയും ദശാവര്‍ഷങ്ങള്‍ തുല്യ(7വര്‍ഷം)മാണെന്നതും സ്മരണീയമാണ്.   
എങ്കിലും, ഏറ്റവും കുറച്ച് മാത്രം പ്രമാണഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിരിക്കുന്നത് കേതുവിന്റെ വിശേഷങ്ങളാണ്. മിക്കപ്പോഴും രാഹുകേതുക്കളെ ഒരുമിച്ച് വിലയിരുത്തിപ്പോകുന്ന രീതിയുമുണ്ട്. ഇവയുടെ സ്വക്ഷേത്രം, ഉച്ചം മുതലായവ തര്‍ക്കവിഷയമാണ്. 'മിത്രാണി വാച്ഛനിസിതാസ്തമ സോര്‍ ദ്വയോസ്തു /  ഭൗമസ്സമോ നിഗദിതോ രിപുവശ്ച ശേഷാ:'- എന്ന ഫലദീപികാവാക്യം രാഹുകേതുക്കളുടെ ബന്ധുശത്രുസമന്മാരായ ഗ്രഹങ്ങളെ ഒരുമിച്ച് പ്രതിപാദിക്കുകയാണ്.   
കേതുവിന്റെ ചില സവിശേഷതകള്‍ പ്രചാരത്തിലുള്ള 'കേതു അഷ്ടോത്തര ശതനാമത്തി'ല്‍ (108 നാമങ്ങള്‍) നിന്നറിയാം. കാലാഗ്‌നി സന്നിഭനെന്നും ഫുല്ലധൂമസങ്കാശനെന്നും തീവ്രകോപനെന്നും ക്രോധനിധിയെന്നും ചില വിശേഷണങ്ങളുണ്ട്. ചില ഫലങ്ങളും അവിടവിടെയുണ്ട്. ശുക്രമിത്രായ, മന്ദസഖായ, പഞ്ചമേ ശ്രമകാരകായ, (അഞ്ചാമെടത്ത് നില്‍ക്കുന്ന കേതു ശ്രമങ്ങള്‍/ക്ലേശങ്ങള്‍ ഉണ്ടാക്കും), ചതുര്‍ത്ഥേ മാതൃനാശായ, (നാലില്‍ നില്‍ക്കും കേതും മാതാവിന് ദോഷപ്രദന്‍), നവമേ പിതൃനാശകായ (ഒമ്പതിലെ കേതു പിതൃക്ലേശം ഉണ്ടാക്കും) എന്നിങ്ങനെ കേതുവിനെ പഠിക്കുന്നവര്‍ക്ക് പ്രയോജനപ്രദങ്ങളായ ഒരുപാട് ഫലസൂചനകള്‍ ഈ 108 നാമങ്ങളിലുണ്ട്. രണ്ടിലെ കേതു വിക്ക്, കൊഞ്ഞ് , അസ്പഷ്ടവാക്ക്, അപൂര്‍ണവിദ്യ എന്നിവയ്ക്ക് കാരണമാകാം. 'ദ്വിതീയേ അസ്ഫുട വാക്ദാത്രേ നമ:' എന്ന നാമം ഇതിലേക്ക് വെളിച്ചം വിതറുന്നു. 'ഉപാന്തേ കീര്‍ത്തിദായ നമ:' എന്ന നാമം പതിനൊന്നിലെ കേതു (ഉപാന്ത്യം എന്നാല്‍ അന്ത്യത്തിന് അതായത് പന്ത്രണ്ടിന് സമീപം, എന്നുവെച്ചാല്‍ പതിനൊന്നാമെടം എന്നര്‍ത്ഥം) കീര്‍ത്തിയുണ്ടാക്കും എന്ന് ദ്യോതിപ്പിക്കുന്നു. 'അന്ത്യേ വൈരപ്രദായകായനമ:' എന്ന നാമം പന്ത്രണ്ടില്‍ നില്‍ക്കുന്ന കേതു ശത്രുതയ്ക്ക്, അതിലുപരി ജീവിത വൈരാഗ്യത്തിന് കാരണമാകുന്നു എന്ന് കരുതണം. ഇനിയുമുണ്ട് ഫലസൂചകമായ ഏതാനും നാമങ്ങള്‍ കൂടി. അവ വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.
ശിഖി എന്ന പേരില്‍ അറിയപ്പെടുന്നതിനാല്‍ ഗ്രഹനിലയില്‍ ആ പേരിന്റെ ആദ്യാക്ഷരം കൊണ്ട് (ശി) കേതുവിനെ കുറിക്കുന്നു. സൂര്യാദി സപ്തഗ്രഹങ്ങള്‍ സവ്യഗതിയില്‍ - പ്രദക്ഷിണമായി - രാശിചക്രത്തില്‍ സഞ്ചരിക്കുമ്പോള്‍ രാഹുവും കേതുവും അപസവ്യമായി - അപ്രദക്ഷിണമായി - ചുറ്റുന്നു. ശരാശരി 18 മാസം രാഹു - കേതു ഒരുരാശിയിലുണ്ടാവും. ഒരുവട്ടം രാശിചക്രം ചുറ്റാന്‍ 18 വര്‍ഷം വേണം. രാഹുനില്‍ക്കുന്നതിന്റെ ഏഴാം രാശിയില്‍ കേതു നില്‍ക്കുന്നു. മറിച്ചും പറയാം. 180 ഡിഗ്രി അകലമാണ് അവയ്ക്കിടയില്‍.   
അശ്വതി, മകം, മൂലം എന്നീ മൂന്ന് നക്ഷത്രങ്ങളില്‍ ജനിക്കുന്നവരുടെ ആദ്യദശ അഥവാ ജന്മദശ കേതുദശയാണ്. അതിനാല്‍ ഈ നാളുകാരുടെ 'നക്ഷത്രനാഥന്‍ ' കേതുവാണെന്ന് സങ്കല്പമുണ്ട്. വൈഡൂര്യരത്‌നധാരണം കേതുദോഷശാന്തിക്ക് പറയാറുണ്ട്. പക്ഷേ രത്‌നധാരണം ലാഘവത്തോടെ ചെയ്യേണ്ടതല്ല. ഒരു ബാഗോ ചെരുപ്പോ വാങ്ങുന്നതു പോലെയാവരുത്. ദൈവജ്ഞനിര്‍ദ്ദേശപ്രകാരം, അനിവാര്യമാണെങ്കില്‍ മാത്രം രത്‌നം ധരിക്കുന്നതാവും ഉചിതം. രത്‌നശാസ്ത്ര വിദഗ്ദ്ധന്റെ ഉപദേശവും സ്വീകരിക്കണം. ഗ്രഹനിലയില്‍ കേതു അനിഷ്ടനായാല്‍ ഗണപതിഭജനം, ചതുര്‍ത്ഥീ വ്രതം എന്നിവ ദോഷശാന്തികരമാണ്. അങ്ങനെ തന്നെയാണ് വേണ്ടതും.
പൂയം, അനിഴം, ഉത്രട്ടാതി എന്നീ നാളുകളില്‍ ജനിച്ചവര്‍ക്ക് കേതുദശ മൂന്നാമതും, തിരുവാതിര, ചോതി, ചതയം നാളുകാര്‍ക്ക് കേതുദശ അഞ്ചാമതും, രോഹിണി, അത്തം, തിരുവോണം നാളുകാര്‍ക്ക് കേതുദശ ഏഴാമതും വരുന്നു. പൊതുവേ 3,5,7 ആയി വരുന്ന ദശകള്‍, മറ്റു ദശകളില്‍ പ്രസ്തുത ഗ്രഹങ്ങളുടെ അപഹാരങ്ങള്‍ എന്നിവ ക്ലേശാനുഭവങ്ങള്‍ക്ക് കാരണമാകാം. ദൈവജ്ഞ നിര്‍ദ്ദേശപ്രകാരമുള്ള സമര്‍പ്പണങ്ങളും പ്രാര്‍ത്ഥനകളും വേണ്ടതുണ്ട്.   
ഓം കേതവേ നമ: എന്ന മന്ത്രം ജപിക്കുന്നത് ഫലദായകമാണ്.   
ഈ ഗ്രന്ഥകാരന്റെ നവഗ്രഹഗ്രന്ഥങ്ങളില്‍ ഓരോ ഗ്രഹത്തെക്കുറിച്ചും സമഗ്രമായി പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി