ഗ്രഹപ്പിഴകളില്‍ എന്താണ് പരിഹാരം?
ലേഖനം: 114
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
9846023343
അനിഷ്ടത്തെ ചെയ്യുന്നത് ഏത് ഗ്രഹം / ഗ്രഹങ്ങള്‍ എന്നതനുസരിച്ച് പരിഹാരങ്ങളും വ്യത്യാസപ്പെടും. പൊതുവായ പ്രാര്‍ത്ഥനകള്‍ വേണം. ഒപ്പം ഓരോ ഗ്രഹത്തിനും ഓരോവിധത്തിലാണ് പരിഹാരങ്ങള്‍ പറയപ്പെട്ടിരിക്കുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്.
സൂര്യനെയും ചൊവ്വയേയും ചുവന്ന പൂക്കളാലും, ചന്ദ്രനെയും ശുക്രനെയും വെളുത്ത പൂക്കളാലും, വ്യാഴത്തിനെ മഞ്ഞപ്പൂക്കളാലും ബുധനെ പച്ചനിമുള്ള പൂക്കളാലും ശനിയെ കറുത്ത/നീല പൂക്കളാലും അര്‍ച്ചിക്കുകയും പൂജിക്കുകയും വേണം. രാഹുവിന് ശനിയുടെയും കേതുവിന് ചൊവ്വയുടെയും വിഹിത പുഷ്പങ്ങള്‍ കൊണ്ട് പൂജചെയ്യാം. ഗ്രഹങ്ങള്‍ക്ക് പൂക്കളുടെ നിറമുള്ള വസ്ത്രങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
ഗ്രഹപ്പിഴകളില്‍ ഗ്രഹങ്ങള്‍ക്ക് വിധിച്ച രത്‌നങ്ങള്‍ മന്ത്രോക്തമായി ദാനം ചെയ്യണം. വിഹിത ലോഹങ്ങളില്‍ ചേര്‍ത്ത് ധരിക്കുകയും ചെയ്യാം. അത് ദൈവജ്ഞന്റെ നിര്‍ദ്ദേശപ്രകാരമാവണം. എന്നുവെച്ചാല്‍ ജാതക പരിശോധനയ്ക്ക് ശേഷം എന്ന് സാരം.
ഗ്രഹരത്‌നങ്ങള്‍ ഇനിപ്പറയുന്നു: സൂര്യന് മാണിക്യവും ചന്ദ്രന് മുത്തും ചൊവ്വയ്ക്ക് പവിഴവും ബുധന് മരതകവും വ്യാഴത്തിന് പുഷ്യരാഗവും ശുക്രന് വജ്രവും ശനിക്ക് ഇന്ദ്രനീലവും രാഹുവിന് ഗോമേദകവും കേതുവിന് വൈഡൂര്യവുമാകുന്നു രത്‌നങ്ങള്‍!
മറ്റു ചില ദാനധര്‍മ്മങ്ങള്‍ പറയപ്പെടുന്നുണ്ട്. അനിഷ്ടസ്ഥാനത്ത് ആദിത്യനെങ്കില്‍ പരിഹാരാര്‍ത്ഥം ചുവന്ന നിറമുള്ള പശുവിനെ ദാനം ചെയ്യണം. ചന്ദ്ര ദോഷശാന്തിക്ക് ശംഖ്, ചൊവ്വാദോഷ ശാന്തിക്ക് ചുവന്ന നിറമുള്ള കാള, ബുധന് സ്വര്‍ണം, വ്യാഴത്തിന് മഞ്ഞപ്പട്ട്, ശുക്രന് വെള്ളി/ വെളുത്ത കുതിര, ശനിക്ക് കറുത്ത പശു, രാഹുവിന് ഇരുമ്പ്/ ആട്, കേതുവിന് ആന/ആട് ഇവ ദാനം ചെയ്യേണ്ടതാണ്. ഇത് എഴുതിയ കാലഘട്ടത്തെ ഓര്‍ക്കുകയും പ്രായോഗികമായതും അവനവന് സാധ്യമായതും ദാനം ചെയ്യുകയും വേണം.
ഗ്രഹധാന്യങ്ങളും ദാനം ചെയ്യാമെന്നുണ്ട്. സൂര്യന് ഗോതമ്പ്, ചന്ദ്രന് നെല്ലരി, ചൊവ്വയ്ക്ക് തുവര, ബുധന് പയറ്, വ്യാഴത്തിന് കടല, ശുക്രന് മൊച്ച (ബര്‍ബരം എന്ന് സംസ്‌കൃതം), ശനിക്ക് എളള്, രാഹുവിന് ഉഴുന്ന്, കേതുവിന് മുതിര എന്നിവയാണ് നവഗ്രഹ ധാന്യങ്ങള്‍.
നിത്യവും ദേവന്മാരെയും സജ്ജനങ്ങളെയും ആദരിക്കുക, ഗുരുവചനം കേള്‍ക്കുക, വേദപുരാണാദികള്‍ ശ്രവിക്കുക, ഹോമകര്‍മ്മങ്ങള്‍ ചെയ്യുക, മന്ത്രം ജപിക്കുക, സല്‍ക്കര്‍മ്മം ചെയ്യുക മുതലായവ ഉണ്ടായാല്‍ ഗ്രഹങ്ങള്‍ പ്രസാദിക്കും. അനിഷ്ടഫലങ്ങള്‍ അകലും.
മറ്റുചില പരിഹാരങ്ങള്‍ കൂടിയുണ്ട്. പ്രഭാത സ്‌നാനം, ഗ്രഹണകാലത്ത് ബൗധായനീയ രീതിയനുസരിച്ച് സ്‌നാനം, ഓരോ ഗ്രഹങ്ങള്‍ക്കും വിധിച്ചതിന്‍വണ്ണം ഔഷധ സ്‌നാനം എന്നിവയാണവ.
രാജാവ് പോലും, എന്നു വെച്ചാല്‍ വലിയ ഭാഗ്യശാലികള്‍ പോലും, ഗ്രഹപ്പിഴയുള്ളപ്പോള്‍ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്! അസമയസഞ്ചാരം, നായാട്ട്, ദൂരദിക്കിലേക്ക് യാത്ര, ആന/ കുതിര മുതലായവയില്‍ കയറുക, അനാവശ്യമായി അന്യന്മാരുടെ വീടുകളില്‍ പോവുക മുതലായവയാണവ. ഇവയെ കാലോചിതമായി വ്യാഖ്യാനിക്കുകയാണ് കരണീയം. കുടുംബദൈവജ്ഞനെക്കൊണ്ടോ മറ്റുള്ള ആചാര്യന്മാരെക്കൊണ്ടോ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ജാതകപരിശോധന നടത്തിക്കുകയും അവരുടെ ഉപദേശ പ്രകാരമുളള ഉചിത/വിഹിത പ്രാര്‍ത്ഥനകളും ഗ്രഹദോഷ പ്രായശ്ചിത്തങ്ങളും അനുഷ്ഠിക്കുകയും വേണം. അത് ശ്രേയസ്സ് വരുത്തും.
(പ്രശ്‌നമാര്‍ഗം ഇരുപത്തിരണ്ടാം അധ്യായത്തെ അവലംബിച്ച് എഴുതിയത്).
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ