പഞ്ചഭൂതപ്പൊരുത്തം
ലേഖനം: 109
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
9846023343
നാമിന്ന് സ്വീകരിച്ചു പോരുന്ന വിവാഹപ്പൊരുത്തങ്ങളെക്കാള്‍ ഇരട്ടിയോ അതിലുമധികമോ പൊരുത്തനിയമങ്ങള്‍ പ്രമാണഗ്രന്ഥങ്ങളില്‍ കിടപ്പുണ്ട്. ഒരുകാലത്ത് അവ പ്രയുക്തമായിരുന്നിരിക്കാം, ഏതെങ്കിലും നാട്ടില്‍. അവയിലൊന്നാണ് പഞ്ചഭൂതങ്ങളെ മുന്‍നിര്‍ത്തിയുള്ള പൊരുത്ത വിചിന്തനം. മാധവീയം, സര്‍വ്വസിദ്ധി തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇതിന്റെ വിശദീകരണം വായിക്കാവുന്നതാണ്.
നക്ഷത്രങ്ങള്‍, രാശികള്‍, ഗ്രഹങ്ങള്‍ എന്നിവയെല്ലാം തന്നെ പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പൃഥ്വി (ഭൂമി), ജലം, അഗ്‌നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങളെന്ന് പ്രത്യേകം പറയേണ്ടതില്ല. മനുഷ്യശരീരവും പഞ്ചഭൂതാത്മകമാണ്. പക്ഷേ അഞ്ചും ഏകീഭവിച്ച് മനുഷ്യദേഹത്തില്‍ വര്‍ത്തിക്കുന്നു. മരണം വന്നു കഴിയുമ്പോള്‍ അവ ഈ കൂടൊഴിഞ്ഞ് വേറെവേറെയായി മാറുന്നു. അതുകൊണ്ടാണ് മരണത്തിന് 'പഞ്ചത്വം' (അഞ്ചും അഞ്ചായി മാറുന്ന) എന്ന വിശേഷണമുണ്ടായത്. ഇവയുടെ സമാകലനമാണ് പ്രപഞ്ചം. അതിലെ 'പഞ്ചം' എന്ന വാക്ക് അക്കാര്യമാണ് വെളിപ്പെടുത്തുന്നത്.
ആദ്യമായി നക്ഷത്രങ്ങളുടെ കാര്യം നോക്കാം. അശ്വതി മുതല്‍ മകയിരം വരെ അഞ്ചു നാളുകള്‍ ഭൂമി ഭൂതത്തില്‍ വരുന്നു. തിരുവാതിര മുതല്‍ പൂരം വരെ ആറ് നക്ഷത്രങ്ങള്‍ ജലഭൂതത്തില്‍ വരുന്നു. ഉത്രം മുതല്‍ അനിഴം വരെ ആറ് നാളുകള്‍ അഗ്‌നിഭൂത നക്ഷത്രങ്ങള്‍. (മാധവീയകാരന്റെ പക്ഷത്തില്‍ അനിഴം മുതല്‍ വായുഭൂത നക്ഷത്രമാണ്) തൃക്കേട്ട മുതല്‍ തിരുവോണം വരെ അഞ്ചുനാളുകള്‍ വായുഭൂതവും, അവിട്ടം മുതല്‍ രേവതി വരെ അഞ്ചുനാളുകള്‍ ആകാശഭൂതവുമാണ്.
ഇനി അറിയേണ്ടത് ഗ്രഹങ്ങളുടെയും രാശികളുടെയും ഭൂത കാരകത്വമാണ്. ചിങ്ങം രാശിയും രാശിനാഥനായ സൂര്യനും അഗ്‌നിഭൂതത്തിലും കര്‍ക്കടകവും രാശിനാഥനായ ചന്ദ്രനും ജലഭൂതത്തിലും വരുന്നു. മേടവൃശ്ചികങ്ങള്‍ ചൊവ്വയുടെ വീടുകള്‍. അവിടെ അഗ്‌നിബന്ധമാണുള്ളത്. ഇടവം, തുലാം ജലബന്ധം. അവയുടെ നാഥനായ ശുക്രന്‍ ജലഗ്രഹം. മിഥുനവും കന്നിയും അവയുടെ നാഥനായ ബുധനും പൃഥ്വി/ഭൂമി ബന്ധമുള്ളവ. ധനുമീനങ്ങളും അവയുടെ അധിപനായ വ്യാഴവും ആകാശഭൂതം. മകരവും കുംഭവും അവയുടെ അധിപനായ ശനിയും വായുഭൂതം.
ദമ്പതികളുടെ നക്ഷത്രം ഒരേ ഭൂതനക്ഷത്രത്തില്‍ വരുന്നത് ഏറ്റവും ഉത്തമം. വായുവും അഗ്‌നിയുമാകുന്നതും ഉത്തമം. ഭൂമി ഭൂതത്തില്‍ വരുന്ന നക്ഷത്രങ്ങള്‍ക്ക് മറ്റ് ഏത് ഭൂത നക്ഷത്രങ്ങളുമായും പൊരുത്തമുണ്ടാകും. ജലവും അഗ്‌നിയുമായാല്‍ ചേര്‍ച്ച ഒട്ടുമില്ല. ആകാശത്തിന് മറ്റ് ഭൂതങ്ങളുമായി പൊരുത്തം മധ്യമത്വേന മാത്രം.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായ ഒരു ശ്ലോകം ചേര്‍ക്കുന്നു.
'പൃഥിവീ മിഥുനം കന്നി /
വൃഷകര്‍ക്കി തുലാം ജലം / അഗ്‌നിയാം മേഷസിംഹം / വായുവാം മൃഗകുംഭവും / ധനുമീനങ്ങളാകാശം / രാശീനാം പഞ്ചഭൂതികള്‍' (ജ്യോതിഷദീപമാല).
'മാധവീയ' ത്തിലെ രണ്ട് ശ്ലോകങ്ങള്‍ കൂടി.
'അശ്വാദികാശ്ശരരസേ ഷുരസേഷുസംഖ്യാ- / സ്താരാ: ക്രമാല്‍ ക്ഷിതിജലാഗ്‌നിമരുല്‍ഖ രൂപാ / അര്‍ക്കാദിരാശി വശഗാനി വദന്തി കേചില്‍ / തേജോംബു വഹ്ന്യവനിഖാംബ്വ നിലാത്മകാനി'. (ശ്ലോകം 31, എട്ടാം അധ്യായം).
'ഭൂതൈക്യമാഹുശ്ശുഭദം വിവാഹേ/ വഹ്ന്യംബു യോഗ: പരിവര്‍ജനീയ: / വഹ്നേസ്സമീരണേ ഭൂവശ്ച സര്‍വ്വൈ-/ ര്യോഗശ്ശുഭോfര്‍ ഗ്ഗഗനസ്യ മദ്ധ്യ:' ( ശ്ലോകം 32, എട്ടാമദ്ധ്യായം).
കാലത്തിന്റെ മഹാപ്രവാഹത്തില്‍ ചിലത് ഒലിച്ചുപോകും. ചിലത് പിടിച്ചു നില്‍ക്കും. വിവാഹപ്പൊരുത്തങ്ങളുടെ കാര്യത്തിലും അത് യാഥാര്‍ത്ഥ്യമാണ്!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ