ഗ്രഹങ്ങളുടെ കാലബലം
ലേഖനം: 108
ഗ്രഹങ്ങളുടെ ബലം കാലത്തിന്റെ വിവിധ ഘടകങ്ങളെ മുന്‍നിര്‍ത്തി എങ്ങനെ എന്ന് കണ്ടെത്തുന്ന രീതിയാണ് കാലബലത്തില്‍ വിശദീകരിക്കപ്പെടുന്നത് ഇത് ആറ് വിധത്തിലാണ് സംഭവിക്കുക. രാപ്പകലുകള്‍ , വെളുത്ത - കറുത്ത പക്ഷങ്ങള്‍, ദിവസാധിപത്യം, മാസാധിപത്യം, സംവത്സരാധിപത്യം, കാലഹോരാധിപത്യം എന്നിവയാണവ.
- രാപ്പകലുകള്‍:- ചന്ദ്രന്‍, ചൊവ്വ, ശനി ഈ മൂന്ന് ഗ്രഹങ്ങള്‍ക്കും രാത്രിയും വിശേഷിച്ചും അര്‍ദ്ധരാത്രിയിലും പൂര്‍ണബലം. സൂര്യന്‍, വ്യാഴം, ശുക്രന്‍ ഇവര്‍ക്ക് പകലും, വിശേഷിച്ച് നട്ടുച്ചയിലും പൂര്‍ണ്ണബലം. ബുധന് രാപ്പകലുകളില്‍ രണ്ടിലും മുഴുബലമുണ്ട്.
- വെളുത്ത- കറുത്ത പക്ഷങ്ങള്‍:- വെളുത്തപക്ഷത്തില്‍ വിശേഷിച്ചും വെളുത്തവാവടുപ്പിച്ച് ചന്ദ്രന്‍, ബുധന്‍, ഗുരു, ശുക്രന്‍ എന്നീ ശുഭഗ്രഹങ്ങള്‍ക്ക് പൂര്‍ണബലമുണ്ട്. കറുത്തപക്ഷത്തില്‍, വിശിഷ്യാ അമാവാസിയടുപ്പിച്ച് ശനി, ചൊവ്വ, സൂര്യന്‍ എന്നീ പാപഗ്രഹങ്ങള്‍ക്ക് ബല പൂര്‍ണതയുണ്ട്.
- ദിവസാധിപത്യം:- ഓരോ ഗ്രഹത്തിനും അതിന്റെ ആഴ്ചയില്‍ ആധിപത്യമുണ്ടാവും. സൂര്യന് ഞായറാഴ്ച, ചന്ദ്രന് തിങ്കളാഴ്ച, ചൊവ്വയ്ക്ക് ചൊവ്വാഴ്ച എന്നിങ്ങനെ.
- മാസാധിപത്യം:- അമാവാസി/ കറുത്തവാവ് കഴിഞ്ഞു വരുന്ന തൊട്ടടുത്ത നാളിനെ ശുക്ലപ്രതിപദം എന്നുപറയും. അന്നുമുതല്‍ അടുത്ത അമാവാസി വരെയാണ് ഒരു ചാന്ദ്രമാസം. ചാന്ദ്രമാസത്തിലെ ആദ്യനാളായ ശുക്ലപ്രതിപദം ഏതു ദിവസമാണോ വരുന്നത് ആ ദിവസത്തിന്റെ അധിപനായ ഗ്രഹമാണ് ആ ചാന്ദ്രമാസത്തിന്റെ അധിപന്‍. അത് ഞായറാഴ്ചയാണെങ്കില്‍ സൂര്യനും, ബുധനാഴ്ചയെങ്കില്‍ ബുധനും, ശനിയാഴ്ചയെങ്കില്‍ ശനിയ്ക്കും ആ ചാന്ദ്രമാസത്തില്‍ മറ്റു ഗ്രഹങ്ങളെക്കാള്‍ ബലമുണ്ടായിരിക്കും.
- സംവത്സരാധിപത്യം:- ഇതിനെ വര്‍ഷാധിപത്യം എന്നും പറയും. ചൈത്രമാസം മുതലാണ് ഒരു ചാന്ദ്രവര്‍ഷം തുടങ്ങുന്നത്. അതായത് മീനമാസത്തിലെ കറുത്തവാവു കഴിഞ്ഞുള്ള തൊട്ടടുത്തനാള്‍ മുതല്‍. ആ വെളുത്ത പ്രതിപദം ഏതു ദിവസമാണോ വരുന്നത് ആ ദിവസത്തിന്റെ അധിപനായ ഗ്രഹത്തിനാണ് ആ വര്‍ഷം മറ്റു ഗ്രഹങ്ങളേക്കാള്‍ ബലം. ഇതാണ് സംവത്സരാധിപത്യം.
- കാലഹോരാധിപത്യം:- ഒരു ദിവസത്തെ സൂര്യോദയം മുതല്‍ അടുത്ത ദിവസത്തെ സൂര്യോദയം വരെ ഒരു മണിക്കൂര്‍ വീതം ഇരുപത്തിനാല് പിരിവുകള്‍. ഇതിനെ ഹോര/കാലഹോര എന്നുപറയും. അന്നത്തെ ദിവസാധിപനായ ഗ്രഹമാണ് ആദ്യ കാലഹോരാധിപന്‍. (ഞായറെങ്കില്‍ സൂര്യന്‍, വെള്ളിയെങ്കില്‍ ശുക്രന്‍ എന്നിങ്ങനെ). പിന്നീടുള്ള ഓരോ മണിക്കൂറിന്റെയും അധിപന്മാര്‍ അതാതിന്റെ ആറാം ദിവസാധിപനായ ഗ്രഹമായിരിക്കും. ഉദാഹരണം നോക്കാം. ശനിയാഴ്ച ആദ്യ മണിക്കൂറിന്റെ അധിപന്‍ ശനിതന്നെ. രണ്ടാംമണിക്കൂറിന്റെ അധിപന്‍ ശനിയുടെ ആറാംദിവസമായ വ്യാഴാഴ്ചയുടെ അധിപനായ വ്യാഴമാണ്. മൂന്നാംമണിക്കൂറിന്റെ അധിപന്‍ വ്യാഴാഴ്ചയുടെ ആറാം ദിവസമായ ചൊവ്വാഴ്ചയുടെ അധിപനായ ചൊവ്വ. ഇങ്ങനെ ഒരു ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂറിന്നും ഇരുപത്തിനാല് കാലഹോരകളും അവയുടെ അധിപന്മാരായി ഗ്രഹങ്ങളും ഭവിക്കുന്നു. ഓരോ ഗ്രഹത്തിനും അതിന്റെ ഹോരയില്‍ ബലമുണ്ടായിരിക്കും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ