കഥകളുടെ ശുക്രപക്ഷം

ലേഖനം: 107

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഗ്രഹങ്ങളെക്കുറിച്ചുള്ള കഥകള്‍ ചിതറിക്കിടപ്പുണ്ട്. അവയ്ക്ക് ജ്യോതിഷപരമായി വളരെ പ്രസക്തിയുണ്ടായിക്കൊള്ളണം എന്നില്ല. ഗ്രഹത്തിന്റെ സ്വഭാവവിശേഷങ്ങളിലേക്ക് ചിലപ്പോള്‍ അക്കഥകള്‍ക്ക് വല്ല സൂചനയും തരാനും കഴിഞ്ഞേക്കും. അങ്ങനെയും ഒരു വശമുണ്ട്. ഇന്ന് ശുക്രനെക്കുറിച്ചുളള അത്തരമൊരു കഥ ആയാലോ? 

ഭൃഗുമഹര്‍ഷിക്ക് പുലോമ(കയാതി)യില്‍ ജനിച്ച പുത്രനാണ് ശുക്രന്‍. പിതാവില്‍ നിന്നും ബാല്യത്തില്‍ തന്നെ ശുക്രന്‍ വേദാധ്യയനം പൂര്‍ത്തിയാക്കി.    

ഭൃഗു ഒരിക്കല്‍ തപസ്സാരംഭിച്ചു. ശുശ്രൂഷാ ചുമതല മകനായ ശുക്രനായിരുന്നു. പലകാലം- മന്വന്തരങ്ങളിലേക്കും കല്പങ്ങളിലേക്കും ഒക്കെ-- നീണ്ടതായിരുന്നു മഹര്‍ഷിയുടെ തപസ്സ്. 

അന്നൊരിക്കല്‍, ആകാശക്കാഴ്ചകള്‍ കണ്ട് അഭിരമിച്ചിരിക്കുകയായിരുന്നു ശുക്രന്‍! പറന്നു നടന്നിരുന്ന വിശ്വാചി എന്ന ദേവസുന്ദരിയെ ശുക്രന്‍ കാണുകയുണ്ടായി. എന്നും ആ പതിവങ്ങനെ തുടരുകയും ചെയ്തു. പരിചയം പ്രണയത്തിലേക്ക് നീങ്ങി. ഒരുനാള്‍ വിശ്വാചി ശുക്രനെയും കൂട്ടി ദേവലോകത്തേക്ക് മടങ്ങി. എട്ടുചതുര്‍യുഗം അവര്‍ അവിടെ മന്മഥലീലകളില്‍ മുഴുകിക്കഴിഞ്ഞുവത്രെ! ഒടുവില്‍ സകലപുണ്യവും ക്ഷയിച്ചതോടെ ഞെട്ടറ്റപൂവുപോലെ, ശുക്രന്‍ ഭൂമിയില്‍ പതിക്കുകയായി...  

വിണ്ണില്‍ നിന്നും മണ്ണിലെത്തിയ ശുക്രന് ദശാര്‍ണം എന്ന രാജ്യത്തിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ് പുനര്‍ജന്മമുണ്ടായത്. തപസ്സും സ്വാധ്യായവുമായി അവിടെ അല്പകാലമങ്ങനെ കഴിച്ചു. അപ്പോഴാണ് കാമുകിയായ പഴയ അപ്‌സരസ്സ്- വിശ്വാചി- മാന്‍പേടയായി ചുറ്റിനടക്കുന്നത് കണ്ടത്. മുജ്ജന്മവാസനകള്‍ ഇരുവര്‍ക്കും ഉള്ളിലുണരുകയായി.  അവര്‍ക്കിടയില്‍ വീണ്ടും പൂത്തുലഞ്ഞു, മറ്റൊരു പ്രേമവസന്തം കൂടി! യഥാകാലം അവര്‍ക്ക് ഒരു മകന്‍ പിറന്നു. ശുക്രന്‍ പുത്രവത്സലനായ പിതാവായിരുന്നു. അയാളുടെ ഉള്ളില്‍ പുത്രചിന്ത മാത്രമായി. പക്ഷേ ദേവസുന്ദരിക്കുണ്ടോ ഇമ്മാതിരി മനുഷ്യപ്പറ്റുകള്‍? അവള്‍ ശുക്രനെ ഉപേക്ഷിച്ച് അവളുടെ സൈ്വരങ്ങളിലേക്ക് മടങ്ങി. ആയുസ്സിന് ക്ഷീണമെത്തിയപ്പോള്‍ ശുക്രന് സര്‍പ്പദംശനമുണ്ടാവുകയും ആ ജന്മം ഒടുങ്ങുകയും ചെയ്തു എന്ന് കഥ തുടരുന്നു..

പിന്നീട് പല പല ജന്മങ്ങളെടുക്കുവാന്‍ ശുക്രന് നിയോഗമുണ്ടായി. വിദ്യാധരനായും മാനായും പന്നഗമായും കുക്കുടമായും പല പല ജന്മങ്ങള്‍! എന്തൊരു പരിണാമം, അല്ലേ? ഇനി ഈ കഥയുടെ നിര്‍വഹണ സന്ധിയാണ്. അതിലേക്ക് കടക്കാം.

കഥയുടെ തുടക്കം ഓര്‍ക്കേണ്ടിയിരിക്കുന്നു-- തപസ്സുചെയ്തിരുന്ന പിതാവിനെ സഹായിക്കാന്‍ നിന്നപ്പോഴാണല്ലോ ശുക്രന്‍ വിശ്വാചിയുടെ പിന്നാലെ പോയത്! തന്റെ ഭൗതികശരീരം അവിടെ നിര്‍ത്തി മനസ്സിനെ മാത്രമാണത്രെ ശുക്രന്‍ വിശ്വാചിക്കൊപ്പം അയച്ചത്.!  'കൂടുവിട്ട് കൂടുമാറല്‍' ആണെന്നു വരാം! എത്രയെത്രയോ മഹാകാലങ്ങളുടെ ആവര്‍ത്തനങ്ങള്‍ക്കുശേഷം തപസ്സ് പൂര്‍ത്തിയാക്കി, ഭൃഗുമഹര്‍ഷി സമാധിയില്‍ നിന്നും ഉണരുകയാണ്. ജന്മവാസനകള്‍ വീണ്ടും ഉജ്ജീവിച്ചപ്പോള്‍ മഹര്‍ഷി മകനെ ആരാഞ്ഞു. ശുക്രനെ അവിടെയെങ്ങും കാണാനായില്ല. തെല്ലുമാറി ഒട്ടുനശിച്ചും ഒട്ടുനശിക്കാതെയും മകന്റെ ഭൗതികശരീരം മാത്രം കിടപ്പുണ്ട്! ജീര്‍ണിച്ചു തുടങ്ങിയ അതിന്റെ ഉദരത്തില്‍ തവളകളും മറ്റു ഭാഗങ്ങളില്‍ തിത്തിരിപ്പക്ഷികളും പാര്‍പ്പാരംഭിച്ചു കഴിഞ്ഞിരുന്നു. ഭൃഗുമഹര്‍ഷിക്ക് മകന്റെ കിടപ്പ് / ജീവന്റെ ആ പരിണാമം സഹിക്കാനായില്ല. ക്രോധാവിഷ്ടനായ അദ്ദേഹം ഇതിന് കാരണക്കാരന്‍ യമധര്‍മ്മനാണെന്ന് ഊഹിച്ചത് സ്വാഭാവികം. യമനെ മഹര്‍ഷി ശപിക്കാനൊരുമ്പെട്ടു. ഭയന്നുവിറച്ചു കൊണ്ട് മരണദേവന്‍ അപ്പോള്‍ മുന്നിലെത്തുകയും ഇങ്ങനെ സംഭവിച്ചത് ശുക്രന്റെ സ്വയംകൃതാനര്‍ത്ഥങ്ങളുടെ പരിണതഫലമായിട്ടാണെന്ന് മഹര്‍ഷിയെ വ്യക്തമായി ബോധിപ്പിക്കുകയും ചെയ്തു. ജ്ഞാനക്കണ്ണിന്റെ സൂക്ഷ്മവിശകലനത്തിലൂടെ ഭൃഗുമഹര്‍ഷിക്ക് ഭൂതകാലമെല്ലാം കൃത്യമായി തെളിഞ്ഞുവരികയും കാര്യകാരണങ്ങള്‍ സ്പഷ്ടമാവുകയും ചെയ്തു. മഹര്‍ഷിയുടെ അഭ്യര്‍ത്ഥനപ്രകാരം കാലന്‍ ശുക്രന് പുനര്‍ജന്മം നല്‍കി. അങ്ങനെ വീണ്ടും പിതാവിനെ പരിചരിക്കാന്‍ നില്‍ക്കുന്ന വടിവില്‍തന്നെ ആ പഴയ ശുക്രന്‍ ഭൂജാതനാവുകയായി... 

ശുക്രനെക്കുറിച്ച് വേറെയും കഥകളുണ്ട്. അവ മറ്റൊരിക്കലാവാം. ഇക്കഥയുടെ പ്രാഗ്രൂപം 'ജ്ഞാനവാസിഷ്ഠത്തിലാ'ണ് എന്നാണ് കേട്ടിട്ടുളളത്. 

എല്ലാ കഥകളിലും പൊതുവേ കഥയില്ലായ്മകളാണ് ഉള്ളത് എന്ന് നിരൂപകര്‍ പറയാറുണ്ട്. ജ്യോതിഷത്തില്‍ ശുക്രന്‍ ഭോഗത്തിന്റെയും കാമത്തിന്റെയും ലൗകികതയുടെയും സര്‍വ്വോപരി ജീവിത വാഞ്ഛയുടെയും ആള്‍രൂപമാണ്. ആ ആശയധാരയുമായി ഇണങ്ങിപ്പോകുന്നതു തന്നെയാണ് ഇവിടെ നാം വായിച്ച ശുക്രന്റെ കഥ എന്നാണ് എനിക്ക് തോന്നുന്നത്.

'കളത്രം ശയനം കാമം / 
കവിത്വം ഭോഗവും സുഖം / ശുക്ലവസ്ത്രഞ്ച മന്ത്രിത്വം / ശുക്രാല്‍ സിതപശുക്കളും'
-- എന്നിങ്ങനെയാണല്ലോ ശുക്രന്റെ കാരകധര്‍മ്മങ്ങള്‍ പറയപ്പെട്ടിരിക്കുന്നത്.

നവഗ്രഹ പരമ്പരയിലെ ഗ്രന്ഥങ്ങള്‍ രചിച്ചപ്പോള്‍ ഈവിധമുള്ള കഥകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം