ചതുര്‍യുഗരാശികളും മനുഷ്യരും
ലേഖനം: 106
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
'പ്രശ്‌നമാര്‍ഗം' പൂര്‍വാര്‍ധത്തിലെ അവസാന ഭാഗത്തുള്ള (പതിനാറാം അദ്ധ്യായം, 116,117 ശ്ലോകങ്ങള്‍) ആശയമാണ് ഇവിടെ പങ്കുവെക്കുന്നത്.
പന്ത്രണ്ട് രാശികളെ ചതുര്‍യുഗങ്ങളുമായി ബന്ധിപ്പിക്കുന്നു. മേടം, ചിങ്ങം, ധനു ഇവ മൂന്നും കൃതയുഗരാശികള്‍. ഇടവം, കന്നി, മകരം ഇവ ത്രേതായുഗരാശികള്‍. മിഥുനം, തുലാം, കുംഭം ഇവ മൂന്നും ദ്വാപര യുഗരാശികള്‍. കര്‍ക്കടകം, വൃശ്ചികം, മീനം ഇവ മൂന്നും കലിയുഗരാശികള്‍. ഇത്തരം വിഭജനം ആദ്യം. പിന്നെ ചില നിരീക്ഷണങ്ങളിലേക്കാണ് ആചാര്യന്‍ കടക്കുന്നത്.
കൃതയുഗത്തില്‍ മനുഷ്യായുസ്സ് ആയിരം വര്‍ഷവും ത്രേതായുഗത്തില്‍ അഞ്ഞൂറ് വര്‍ഷവും ദ്വാപരയുഗത്തില്‍ ഇരുന്നൂറ്റമ്പത് വര്‍ഷവും കലിയുഗത്തില്‍ കൃതയുഗായുസ്സിന്റെ എട്ടിലൊന്നായ നൂറ്റിയിരുപത്തിയഞ്ച് വര്‍ഷവും മാത്രമാണ്. ഗ്രന്ഥകാരന്‍ പറയുന്നു, കൃതയുഗരാശികളിലോ അംശകത്തിലെ നില്‍ക്കുന്ന ഗ്രഹം തന്റെ ആയുസ്സിനെ - ദശാവര്‍ഷത്തെ - മുഴുവന്‍ കൊടുക്കും. ത്രേതായുഗരാശികളിലോ അംശരാശികളിലോ നില്‍ക്കുന്ന ഗ്രഹം തന്റെ വര്‍ഷങ്ങളുടെ പകുതി കൊടുക്കും. ദ്വാപരയുഗരാശികളിലോ/ തല്‍ അംശങ്ങളിലോ നില്‍ക്കും ഗ്രഹം തന്റെ ദശാവര്‍ഷങ്ങളുടെ കാല്‍ഭാഗം നല്‍കും. കലിയുഗരാശിയിലോ ആ രാശ്യംശങ്ങളിലോ നില്‍ക്കുന്ന ഗ്രഹം തന്റെ ദശാവര്‍ഷങ്ങളുടെ എട്ടിലൊരുഭാഗം നല്‍കും. നക്ഷത്രദശ, നിസര്‍ഗദശ മുതലായവയെ മുന്‍നിര്‍ത്തി ഔചിത്യപൂര്‍വം ദശാവര്‍ഷം കണക്കാക്കിക്കൊള്ളണം എന്നും വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു.
യുഗരാശികളെ മുന്‍നിര്‍ത്തി വേറെയും ചില നിരീക്ഷണങ്ങള്‍ കൂടിയുണ്ട്, തുടര്‍ന്ന്. കൃതയുഗരാശിയില്‍ ജനിച്ചവരെ നേരില്‍ കണ്ട് മറ്റുള്ളവര്‍ പണം നല്‍കും. ഈശ്വരവിലാസവും അവരുടെ ഗുണത്തികവും കൊണ്ടാണ് അപ്രകാരം സംഭവിക്കുന്നത്. ത്രേതായുഗരാശിക്കാര്‍ക്ക് കുറച്ചൊന്ന് അലഞ്ഞാല്‍ മാത്രമേ ധനം വന്നുചേരുകയുള്ളു. 'ത്രേതായാം അര്‍ത്ഥ ലബ്ധിരടനേ' എന്ന് വാക്യം. ദ്വാപരരാശിയില്‍ ജനിച്ചവര്‍ക്കാകട്ടെ സ്വധനം മുതല്‍മുടക്കി, കച്ചവടത്തിലൂടെയും മറ്റും പണം സമ്പാദിക്കാം. ('ദ്വാപരകേ സ്വീയധന വ്യാപാരാല്‍') കലിയുഗരാശികളില്‍ ജനിച്ചവര്‍ക്ക് ഒരുവിധത്തിലും ധനലാഭമുണ്ടാവില്ല. ഈ രാശികളുടെ അംശങ്ങളില്‍ ജനിച്ചാലും ഫലം ഇപ്രകാരം തന്നെ!
കൃതയുഗം തുടങ്ങിയ രാശികളിലും അംശങ്ങളിലും നില്‍ക്കുന്ന ഗ്രഹങ്ങള്‍ അവയ്ക്ക് വിഹിതമായ വിധത്തില്‍ (മുകളില്‍ വിവരിച്ചതിന്‍ പടി) അവയുടെ ദശാപഹാരാദികളിലും അവയുടെ ഋുതുവിലും ദിവസത്തിലും കാലഹോരയിലും ഫലം തരും. കൃതയുഗരാശികളിലോ അംശകത്തിലോ നില്‍ക്കുന്ന ഗ്രഹത്തിന്റെ ദശാപഹാരങ്ങളില്‍ പണം തന്നെ തേടിവരും. മറിച്ച് കലിയുഗരാശിയിലോ അംശകത്തിലോ നില്‍ക്കുന്ന ഗ്രഹത്തിന്റെ ദശാകാലത്ത് ധനാഗമം ഉണ്ടാവില്ല. അല്ലെങ്കില്‍ അത്യന്തം ശുഷ്‌കമായിരിക്കും, ധനസ്ഥിതി. (കരുവാ കിഴക്കടത്ത് കെ.നീലകണ്ഠനാശാരിയുടെ 'ജൗതിഷികമനോരമ' എന്ന വ്യാഖ്യാനത്തെയും ഡോ. എന്‍. ഗോപാലപ്പണിക്കരുടെ സംശോധനത്തെയും ഈ ലേഖനരചനയ്ക്ക് അവലംബിച്ചിട്ടുണ്ട്.).
മഹാഭാരതത്തെ കുറിച്ച് പറയുന്നതുപോലെ ലോകത്തിലുള്ളതെല്ലാം ജ്യോതിഷത്തിലുമുണ്ട്. നമ്മുടെ വ്യാഖ്യാനം കൃത്യവും കാലോചിതവുമായിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം എന്നേയുള്ളു....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ