ശനിയുടെ ഗോചരഫലം
ലേഖനം: 105
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ലിക്കേഷന്‍സ്
98460 23343
ഗോചരഫലം നിര്‍ണയിക്കുന്നത് അവരവരുടെ ജന്മനക്ഷത്രം ഏത് രാശിയില്‍/കൂറില്‍ വരുന്നുവോ അതിനെ മുന്‍ നിര്‍ത്തിയാണ്. അതിനെ ജന്മരാശി/ ചന്ദ്രരാശി/ ചന്ദ്രലഗ്‌നം എന്നെല്ലാം പറയും.
1197 മേടം പകുതി വരെ, അതായത് 2022 ഏപ്രില്‍ അവസാനം വരെ ശനി മകരരാശിയില്‍ തന്നെ തുടരും. അതുവരെയുളള ശനിയുടെ ഗോചരഫലമാണ് ഇവിടെ നല്‍കുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായുള്ള ഫലങ്ങള്‍ തന്നെയാണിത് എന്നും ഓര്‍മ്മിക്കുക. പൊതുവേ ജന്മരാശിയുടെ 3,6,11 എന്നീ ഭാവങ്ങളില്‍/ കൂറുകളില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമാണ് ശനി ഗുണപ്രദനാകുന്നത് എന്ന് തുടര്‍ന്നുള്ള ഫല വിവരണത്തില്‍ നിന്നുമറിയാനാകും.
ശനി ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മകരംരാശി അവരവരുടെ കൂറിന്റെ എത്രാം രാശിയാണെന്ന് അറിഞ്ഞാല്‍ ഇവിടെ വിവരിക്കുന്ന ഫലങ്ങള്‍ വ്യക്തമാവും. ഉദാഹരണത്തിന് മേടക്കൂറില്‍ (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം) ജനിച്ചയാള്‍ക്ക് ശനി പത്താം രാശിയിലാണ്. ഇക്കാര്യം ഓര്‍മ്മിച്ചാല്‍ ഫലം കണ്ടെത്തുന്ന രീതി വ്യക്തമാകും.
ഇവിടെ അവതരിപ്പിക്കുന്ന ശനിയുടെ ഗോചരഫലം 'പ്രശ്‌നമാര്‍ഗം' ഇരുപത്തിരണ്ടാം അധ്യായത്തെ മുന്‍നിര്‍ത്തിയാണ്. വരാഹമിഹിരന്‍ 'ബൃഹല്‍സംഹിത'യില്‍ പറഞ്ഞിട്ടുള്ളത് ഞാന്‍ ചുരുക്കി അവതരിപ്പിക്കുന്നു എന്നാണ് പ്രശ്‌നമാര്‍ഗകാരന്‍ വ്യക്തമാക്കിയിട്ടുള്ളത്.
ജന്മത്തില്‍ ശനി സഞ്ചരിക്കുമ്പോള്‍ (ഇപ്പോള്‍ മകരക്കൂറുകാര്‍ക്ക്) വിഷഭയം, അഗ്‌നിഭയം, ബന്ധുനാശം, മക്കള്‍, സ്വജനങ്ങള്‍ എന്നിവരില്‍ നിന്നും വിരഹം, ധനക്ലേശം, ദൂരദേശ യാത്ര എന്നിവയുണ്ടാകും.
ശനി രണ്ടാം കൂറില്‍ സഞ്ചരിക്കുമ്പോള്‍ (ഇപ്പോള്‍ ധനുക്കൂറുകാര്‍ക്ക്) ധനം, സൗഖ്യം, ദേഹകാന്തി ഇവ ഇല്ലാതാകും. 'കാമസ്യ വാ മന്ദത' എന്ന പ്രയോഗം സൂചിപ്പിക്കുന്നത് അഭിലാഷങ്ങള്‍ മന്ദതയിലാവും എന്നാണ്.
ശനി മൂന്നാം ഭാവത്തിലൂടെ സഞ്ചരിക്കുമ്പോള്‍ (ഇപ്പോള്‍ വൃശ്ചികക്കൂറുകാര്‍ക്ക്) നാല്‍ക്കാലി ലാഭം, ആരോഗ്യപുഷ്ടി, ആഗ്രഹസിദ്ധി എന്നിവ ഭവിക്കും. ('മഹിഷദ്വീപാദികധനാ രോഗ്യാദ്യഭീഷ്ടാഗമാ:' എന്നാണ് വാക്യം). നാലാമെടത്ത് ശനി സഞ്ചരിക്കുമ്പോള്‍ (ഇപ്പോള്‍ തുലാക്കൂറുകാര്‍ക്ക്), മനസ്സിന് കുടിലതയുണ്ടാകും. കുടുംബജീവിതത്തില്‍ വിരഹവും, സ്വന്തം പണത്തിന് പാരതന്ത്ര്യവും, സര്‍വ്വത്ര കലഹവും ഫലം. ശനി അഞ്ചില്‍ സഞ്ചരിക്കുമ്പോള്‍ (ഇപ്പോള്‍ കന്നിക്കൂറുകാര്‍ക്ക്) പുത്രക്ലേശമാണ് പറയപ്പെട്ടിരിക്കുന്നത്. 'നിജാത്മജ വിയോഗേf ര്‍ക്കാത്മജേ പുത്രഗേ' എന്നാണ് വാക്യം.
ശനി ആറില്‍ സഞ്ചരിക്കുമ്പോള്‍ (ഇപ്പോള്‍ ചിങ്ങക്കൂറുകാര്‍ക്ക്), ശത്രുക്കളൊടുങ്ങും. രോഗഹാനി ഭവിക്കും. ശനി ഏഴാമെടത്ത് വന്നാല്‍ (ഇപ്പോള്‍ കര്‍ക്കടകക്കൂറുകാര്‍ക്ക്) ദൂരദേശഗമനം, സന്മാര്‍ഗഭ്രംശം ഇവഫലം. ശനി എട്ടാം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ (ഇപ്പോള്‍ മിഥുനക്കൂറുകാര്‍ക്ക്) ദീനതയും സ്വജന വേര്‍പാടുമുണ്ടാകും. ('അഷ്ടമഗതേ ദൈന്യം വിയോഗ സ്വകൈ:' എന്ന് വാക്യം)
ശനി ഒമ്പതാം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ (ഇപ്പോള്‍ ഇടവക്കൂറുകാര്‍ക്ക്), ശത്രുത, ബന്ധനം, ധര്‍മ്മഭ്രംശം-- 'ആത്മ ധര്‍മ്മ വിഹതി'-- എന്നിവ ഫലം. ശനി പത്താമെടത്തില്‍ സഞ്ചരിക്കുമ്പോള്‍ (ഇപ്പോള്‍ മേടക്കൂറുകാര്‍ക്ക്), ഹൃദ്രോഗാദികളും വിദ്യ, കീര്‍ത്തി, ധനം എന്നിവ കള്‍ക്ക് ക്ഷീണവും വരാം.
ശനി പതിനൊന്നില്‍ സഞ്ചരിക്കുമ്പോള്‍ (ഇപ്പോള്‍ മീനക്കൂറുകാര്‍ക്ക്) ഭോഗവും, 'ധനായാന പ്രതാപോദയാ'-- ധനപുഷ്ടിയും വലിയ പ്രതാപവും വന്നുചേരും. ശനി പന്ത്രണ്ടില്‍ സഞ്ചരിക്കുമ്പോള്‍ (ഇപ്പോള്‍ കുംഭക്കൂറുകാര്‍ക്ക്) ദുഃഖപരമ്പരയും ഫലം.
മറ്റു ഗ്രഹങ്ങളുടെ ഗോചരഫലം, ജാതകമനുസരിച്ചുള്ള ദശാപഹാരാദികള്‍ എന്നിവയനുസരിച്ച് ശനിയുടെ ഗോചരഫലം വ്യത്യാസപ്പെടാം. പൂജാദികര്‍മ്മങ്ങള്‍ ചെയ്താല്‍ ഗ്രഹം പ്രസാദിക്കുകയും സല്‍ഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും എന്നുമുണ്ട്. ('പൂജാദൈ്യര്‍മുദിത: കരോതി ശുഭമേവാനിഷ്ടഗോfപി ഗ്രഹ:').
ഈ ഗ്രന്ഥകാരന്റെ നവഗ്രഹപുസ്തകങ്ങളില്‍ ഓരോ ഗ്രഹത്തെയും കുറിച്ചുള്ള വിവരങ്ങള്‍ സമാഹരിച്ചിരിക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ