സൂര്യന്‍ പന്ത്രണ്ട് രാശികളില്‍

ലേഖനം: 103

എസ്.ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

നവഗ്രഹങ്ങള്‍ ദ്വാദശ രാശികളില്‍ ഒരു വ്യക്തിയുടെ ജനനവേളയില്‍ സ്ഥിതിചെയ്താലുള്ള ഫലങ്ങള്‍ പ്രമാണഗ്രന്ഥങ്ങളില്‍ വിസ്താരപൂര്‍വം വിവരിക്കപ്പെട്ടിട്ടുണ്ട്. വരാഹമിഹിരന്റെ 'ബൃഹജ്ജാതക'ത്തില്‍ പതിനാറാമധ്യായം ഇതിനായി മാറ്റിവെച്ചിരിക്കുന്നു. 'രാരിശീല പ്രകരണം' എന്നാണ് അതിന്റെ നാമം. അതില്‍ പറയുന്ന സൂര്യന്റെ രാശിശീലമാണ് ഇവിടെ വിശദീകരിക്കുന്നത്. അതായത് ഓരോ രാശിയിലും സൂര്യന്‍ നിന്നാലുള്ള ഫലങ്ങള്‍.

ജനിച്ച മലയാള മാസത്തിന്റെ പേരുള്ള രാശിയില്‍ തന്നെയാണ് ഗ്രഹനിലയിലും സൂര്യന്‍ സ്ഥിതിചെയ്യുക. മേടമാസത്തില്‍ ജനിച്ചാല്‍ ഗ്രഹനിലയില്‍ സൂര്യന്‍ മേടം രാശിയിലാവും. ഇടവമാസത്തില്‍ ജനിച്ചാല്‍ ഗ്രഹനിലയില്‍ സൂര്യന്‍ ഇടവം രാശിയിലായിരിക്കും. അതിനാല്‍ ഗ്രഹനില നോക്കാതെ തന്നെ (ഗ്രഹനില ഇല്ലാത്തവര്‍ക്കും) സൂര്യന്റെ രാശിസ്ഥിതി ജന്മമാസത്തെ മുന്‍ നിര്‍ത്തി അറിയാനാവും. (സംക്രമത്തിന്റെ വ്യത്യാസമനുസരിച്ച് മാത്രം ചിലപ്പോള്‍ നേരിയ മാറ്റം വന്നേക്കും.)    

മേടം രാശി സൂര്യന്റെ ഉച്ചരാശിയാണ്. അതില്‍ പത്ത് ഭാഗ/ തീയതി പരമോച്ചമാണ്. സൂര്യബലം അന്യൂനമായിരിക്കും കാലമാണത്. അതില്‍ ജനിച്ചാല്‍ രാജയോഗ തുല്യഫലം അനുഭവത്തില്‍ വരാം. മേടം രാശിയില്‍ ശേഷിക്കുന്ന തീയതികളില്‍ സൂര്യന് ഉച്ചബലമുണ്ടെന്ന് പറഞ്ഞല്ലോ? അക്കാലത്ത് ജനിച്ചാല്‍ പ്രഥിതനും (പ്രസിദ്ധനും), ചതുരനും (കാര്യസാമര്‍ത്ഥ്യമുള്ളവനും), അടനത്തില്‍/ സഞ്ചാരത്തില്‍ തത്പരനും, അല്പമായ സ്വത്തുക്കളുള്ളവനും, ആയുധവിദ്യകളില്‍ കഴിവുള്ളവനും ആയിരിക്കും.  

ഇടവം രാശിയില്‍ സൂര്യന്‍ സഞ്ചരിക്കുമ്പോള്‍ ജനിച്ചാല്‍ വസ്ത്രം, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ വ്യാപാരിയാവും. അയാള്‍ സ്ത്രീകളെ ദ്വേഷിക്കുന്നവന്‍ ആയിരിക്കുമെന്നും വിശേഷണമുണ്ട്. ഗാന, വാദ്യാദികലകളില്‍ വിദ്വാനുമായിരിക്കും.   

മിഥുനസ്ഥിത സൂര്യന്‍ ഒരാളെ വ്യാകരണം, ജ്യോതിഷം മുതലായ വിദ്യകളില്‍ നിപുണനും ധനവാനുമാക്കും. അവ രണ്ടും ചേര്‍ത്തു പറഞ്ഞിരിക്കുകയാല്‍ ആ വിദ്യകളുടെ പഠനം, ബോധനം മുതലായവ ധനാഗമത്തിന് കാരണമാകാം എന്നാവാം ആചാര്യന്റെ മനസ്സിലിരുപ്പ്.  

കര്‍ക്കടകത്തില്‍ ആദിത്യ സ്ഥിതി വന്നാല്‍ തീക്ഷ്ണ പ്രകൃതിയാവും. അന്യന്റെ കാര്യങ്ങളില്‍ ഉത്സുകനാവുക, ക്രൂര കര്‍മ്മങ്ങള്‍ ചെയ്യുക, പലതരം ക്ലേശങ്ങളുണ്ടാവുക എന്നിവയും ഫലം.   

ചിങ്ങം സൂര്യന്റെ സ്വക്ഷേത്രമാണ്. വനം, പര്‍വതം, പശുക്കൂട്ടം എന്നിവയില്‍ ഇഷ്ടമുണ്ടാവും. ഉത്സാഹശീലവും കാര്യജ്ഞാനവും ഉണ്ടായിരിക്കും. കന്നിരാശിയില്‍ സൂര്യന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവര്‍ എഴുത്ത്, ചിത്രരചന, കാവ്യസൃഷ്ടി, ഗണിതം എന്നിവയില്‍ ജ്ഞാനമുള്ളവരാവും. സ്‌ത്രൈണ പ്രകൃതവും ഉണ്ടാവും. (സ്ത്രീ വപു: എന്ന് പദം).  

തുലാം സൂര്യന്റെ നീചക്ഷേത്രമാകുന്നു. അതിനാല്‍ ഫലം പറയുമ്പോള്‍ ആചാര്യന്‍ കടുത്തമഷി ഉപയോഗിക്കുന്നു. തുലാംരാശിയില്‍ സൂര്യന്‍ സ്ഥിതി ചെയ്യുമ്പോള്‍ ജനിക്കുന്നവര്‍ നീചകര്‍മ്മങ്ങള്‍ ചെയ്യാം. 'ഹൈരണ്യകന്‍' എന്നൊരു വാക്കുമുണ്ട്. ഹിരണ്യത്തിന് സ്വര്‍ണം എന്നാണ് അര്‍ത്ഥം. സ്വര്‍ണ സംബന്ധമായ കാര്യങ്ങള്‍ പരാജയമോ അവമതിപ്പോ ഉണ്ടാക്കുമെന്നാവാം വിവക്ഷ. ധാരാളം വഴി നടന്നുള്ള ക്ലേശവും വ്യാഖ്യാതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.  

വൃശ്ചിക സൂര്യന്‍ ഒരാളെ ക്രൂരനും സാഹസികനുമാക്കും. 'വിഷാര്‍ജിത ധന' എന്ന പ്രയോഗം വിഷവസ്തുക്കളുടെ ഉല്പാദന വിപണനാദികള്‍ മൂലം ധനം വരിക, വിഷവൈദ്യനാവുക എന്നീ വിധത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നു. 'ശാസ്ത്രാന്തഗോ' എന്ന പദമാകട്ടെ അപാരമായ ശാസ്ത്ര പാണ്ഡിത്യത്തെ വ്യക്തമാക്കുകയാണ്.  

ധനുവില്‍ സൂര്യന്‍ നില്‍ക്കുമ്പോഴാണ് ജനനമെങ്കില്‍ സജ്ജനങ്ങളുടെ സ്‌നേഹബഹുമാനാദികള്‍ കൈവരും. ധനോന്നതിയുണ്ടാവും. തീക്ഷ്ണശീലം, വൈദ്യവൃത്തിയിലും ശില്പകലയിലും നൈപുണ്യം എന്നിവയും ഫലങ്ങള്‍.  

ഗ്രഹനിലയില്‍ മകര സൂര്യനെങ്കില്‍ പലകാര്യങ്ങളിലും അറിവ് കുറവായിരിക്കും. സമൂഹം മാന്യത നല്‍കാത്ത തൊഴിലുകളില്‍ ഏര്‍പ്പെടേണ്ടിവരാം. 'കുവണിക്ക്' എന്നാണ് പ്രയോഗം. അല്പധനവാനും പിശുക്കനും അന്യന്റെ ഭാഗ്യത്താല്‍ ഉയര്‍ച്ച നേടുന്നവനുമാവും. 'അന്യഭാഗ്യേരത:' എന്ന പദത്തെ ഇപ്രകാരം വ്യാഖ്യാനിക്കാമായിരിക്കും.   

കുംഭരാശിയില്‍ സൂര്യന്‍ നിന്നാല്‍ അധമകര്‍മ്മങ്ങള്‍ ചെയ്യും. തനയ, ഭാഗ്യ, ധനാദികള്‍ക്ക് പരിച്യുതി ഉണ്ടാവുകയും ഫലം. മകരം, കുംഭം രാശികള്‍ ശനിയുടെ അവകാശ രാശികളാണ് എന്നോര്‍ക്കുക. സൂര്യനും ശനിയും പരസ്പര ശത്രുക്കളുമാണല്ലോ?  

മീനം രാശിയില്‍ സൂര്യന്‍ നില്‍ക്കുമ്പോള്‍ ജനിച്ചവര്‍ക്ക് തോയോത്ഥമായ (തോയം എന്നാല്‍ വെള്ളം, തോയോത്ഥം എന്നാല്‍ വെള്ളത്തിലുണ്ടായ) വിഷയം, വസ്തുക്കള്‍, ജീവികള്‍ എന്നിവ മൂലം ധനസ്ഥിതി കൈവരും. വനിതകളാല്‍ ആദരിക്കപ്പെടും.   

കാലോചിതമായ വ്യാഖ്യാനത്തിലൂടെ മാത്രമേ പ്രാചീനശാസ്ത്രങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയുള്ളു. അതിനാവണം (മൂല്യം നഷ്ടപ്പെടുത്താതെ) പണ്ഡിതന്മാരുടെ ശ്രമം. സൂര്യന്‍ ഓരോ രാശിയിലും നില്‍ക്കുമ്പോഴുള്ള ഫലമാണിത്. മറ്റു ഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളും അവയുടെ ബലാബലവുമെല്ലാം കൂട്ടിച്ചേര്‍ത്ത് ഒത്തുനോക്കുമ്പോഴാണ് ഫലം കൃത്യമാവുക. അക്കാര്യം പ്രാധാന്യമുള്ളതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം