വയസ്സെത്രയായി...?
ലേഖനം: 101
ഗ്രഹവയസ്സ്
മനുഷരുടെ രൂപഭാവങ്ങളാണ് ഗ്രഹങ്ങള്‍ക്കും ജ്യോതിഷം വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രഹങ്ങളുടെ വയസ്സും പ്രമാണഗ്രന്ഥങ്ങളുടെ ചിന്താവിഷയമാണ്.
കറുത്തവാവ് കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസത്തിലെ ചന്ദ്രന്‍ അതിബാലനാണ്. ചൊവ്വയെയും അഞ്ചുവയസ്സുകാരന്‍ കുട്ടിയായിട്ടാണ് പരിഗണിക്കുന്നത്. ബുധന്റെ പ്രായം ഏതാണ്ട് എട്ട് വയസ്സടുപ്പിച്ചാണ്. ടീനേജുകാരനാണ്, കുമാരനാണ് ശുക്രന്‍. പതിനാറ് കടന്നിട്ടില്ല. വ്യാഴത്തിന് യൗവ്വനദീപ്തിയാണ് പറയപ്പെട്ടിരിക്കുന്നത്-- ഒരു മുപ്പത് വയസ്സൊക്കെ ഉണ്ടാവണം.
മധ്യവയസ്സിലേക്ക് കടക്കുന്ന അമ്പതുകാരനാണ് സൂര്യന്‍. വെളുത്തവാവിലെ ചന്ദ്രന് നല്ല മുതിര്‍ച്ച പറയുന്നു. എഴുപത് വയസ്സെന്നാണ് വിധി. വാര്‍ദ്ധക്യത്തിന്റെ പരകാഷ്ഠയിലാണ് ശനിയും രാഹുവും. 'അതിവൃദ്ധര്‍' എന്നാണ് പ്രയോഗം. നൂറ് വയസ്സൊക്കെ കണ്ണടച്ച് പറയാം.
പ്രശ്‌നശാസ്ത്ര ഗ്രന്ഥമായ 'പ്രശ്‌നമാര്‍ഗ'ത്തിന്റെ എട്ടാം അദ്ധ്യായത്തില്‍ മറ്റുചില വയ: ക്രമങ്ങള്‍ പറയുന്നതു കാണാം. സമക്ഷേത്രം, ബന്ധുക്ഷേത്രം എന്നിങ്ങനെ നീചം വരെ ഏഴുതരത്തിലുള്ള രാശിസ്ഥിതി കണക്കാക്കിയിട്ട് പ്രായം നിര്‍ണയിക്കുകയാണ് അതില്‍. സമക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹം അതിബാലന്‍, ബന്ധുക്ഷേത്രത്തില്‍ സ്ഥിതിചെയ്യും ഗ്രഹം ബാലന്‍, സ്വക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹം കുമാരന്‍, മൂലത്രികോണത്തില്‍ നില്‍ക്കുന്ന ഗ്രഹം യുവാവ്, ഉച്ചരാശിയിലെ ഗ്രഹത്തിന് പ്രായം പറയുന്നില്ല, പദവി പരിഗണിക്കുന്നു--രാജാവ്, ശത്രുരാശിയില്‍ നില്‍ക്കുന്ന ഗ്രഹം വൃദ്ധന്‍, നീചരാശിസ്ഥിതഗ്രഹം മൃതന്‍! ഇതാണ് വയസ്സിന്റെ വിശേഷങ്ങള്‍.
ഇനിയുമുണ്ട് പ്രായം കണക്കാക്കും വഴികള്‍. അതും നോക്കാം.
സൂര്യ സാമീപ്യം മൂലം ചന്ദ്രനും പഞ്ച താരാഗ്രഹങ്ങള്‍ക്കും (ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി) മൗഢ്യം സംഭവിക്കുമല്ലോ? അതിനെ മുന്‍നിര്‍ത്തി അവയ്ക്ക് വയസ്സെത്രയായി എന്ന് കണ്ടെത്തുകയാണ്. മൗഢ്യം കഴിയുന്ന ദിവസം ഗ്രഹം അതിബാല്യത്തിലാണ്. പിറ്റേന്ന് മുതല്‍ ഏഴുനാള്‍ ബാല്യം. തുടര്‍ന്ന് കുറച്ചുകാലം കൗമാരം. പിന്നെ ഗ്രഹഗതി കുറയും കാലമായ വക്രം ആരംഭിക്കുകയായി. അപ്പോള്‍ ഗ്രഹം യുവാവാകുന്നു. വക്രഗതിയില്‍, ഏതു ഗ്രഹവും രാജാവാണ്! വക്രം അവസാനിക്കുന്നതോടെ വൃദ്ധത്വമായി. മൗഢ്യം തുടങ്ങിക്കഴിഞ്ഞാല്‍ മൃതനാകുന്നു.
ഇതുപോലെ രാശിയില്‍ ഏത് ഡിഗ്രിയില്‍ (ഒരു രാശി ആകെ മുപ്പത് ഡിഗ്രി) നില്‍ക്കുന്നു എന്നതിനെ മുന്‍നിര്‍ത്തിയും ഗ്രഹവയസ്സ് ചിന്തിക്കുന്നു. ഓജരാശിയിലും യുഗ്മരാശിയിലും വിപരീതക്രമമാണ് പരിഗണിക്കുന്നത്. രാശി ഏതായാലും ആറ് ഡിഗ്രി വീതം വിഭജിച്ചാണ് പ്രായചിന്ത നടത്തുന്നത്. ഓജരാശിയില്‍ ആദ്യ ആറ് ഡിഗ്രിക്കുള്ളില്‍ നില്‍ക്കുന്ന ഗ്രഹം ബാലന്‍ (ബാല്യം), ആറ് മുതല്‍ പന്ത്രണ്ട് ഡിഗ്രി വരെ കുമാരന്‍ (കൗമാരം), പന്ത്രണ്ട് മുതല്‍ പതിനെട്ടു ഡിഗ്രിവരെ യുവാവ് (യൗവ്വനം), പതിനെട്ടു മുതല്‍ ഇരുപത്തിനാലു ഡിഗ്രിവരെ വൃദ്ധന്‍ (വാര്‍ദ്ധക്യം), ഇരുപത്തി നാലു മുതല്‍ മുപ്പത് ഡിഗ്രി വരെ മൃതന്‍ (മരണം)-- ഇതാണ് ഗ്രഹാവസ്ഥ. യുഗ്മരാശികളില്‍ നേര്‍വിപരീതത്തിലാണ് വരിക. ആദ്യം മൃതി, രണ്ടാമത് വാര്‍ദ്ധക്യം, മൂന്നാമത് യൗവ്വനം, നാലാമത് കൗമാരം, ഒടുവില്‍ ബാല്യം എന്നിങ്ങനെ. മേടം മുതല്‍ ഒന്നിടവിട്ട രാശികള്‍ ഓജരാശികളും, ഇടവം മുതല്‍ ഒന്നിടവിട്ട രാശികള്‍ യുഗ്മരാശികളും. അങ്ങനെയാണ് രാശികളുടെ സന്നിവേശം.
ജീവിതവും ജീവിതാവസ്ഥകളും, മനുഷ്യനും മനുഷ്യാവസ്ഥകളും ഒരു കാചത്തിലെന്നവണ്ണം പ്രതിഫലിക്കുന്നു, ജ്യോതിഷത്തിലും. കാലത്തിന്റെ പരീക്ഷണങ്ങളെ ഈ മഹാശാസ്ത്രം അതിജീവിക്കുന്നതും അതുകൊണ്ട് തന്നെയായിരിക്കും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ