മാതൃദേവോ ഭവ

ലേഖനം: 78

ഗ്രഹങ്ങളുടെ അമ്മമാര്‍

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്

കശ്യപപ്രജാപതി - അദിതി ദമ്പതികളുടെ പുത്രനായിരുന്നു ആദിത്യന്‍ അഥവാ സൂര്യന്‍. അദിതിയുടെ മകന്‍ എന്നാണ് ആദിത്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ദ്രാദികളായ ദേവന്മാരെല്ലാം തന്നെ അദിതിയുടെ മക്കളായിരുന്നു. അതിനുമപ്പുറം ഹിരണ്യനെ വധിക്കാന്‍ മഹാവിഷ്ണു വാമനാവതാരം കൈക്കൊണ്ടത് അദിതിയുടെ പുത്രനായി ജനിച്ചുകൊണ്ടാണ്. ശ്രീരാമാവതാരത്തിലെ അമ്മയും (കൗസല്യ), ശ്രീകൃഷ്ണാവതാരത്തിലെ അമ്മയും (ദേവകി) അദിതിയുടെ അവതാരങ്ങളായിരുന്നുവെന്ന് രാമായണ- ഭാഗവതാദികളില്‍ നിന്നറിയാം.    

നക്ഷത്രങ്ങള്‍ക്ക്  ദേവതകളുണ്ട്. അതില്‍ അദിതിയ്ക്കും ഇടം നല്‍കിയിരിക്കുന്നു. പുണര്‍തം നക്ഷത്രത്തിന്റെ ദേവതയാണ് അദിതി. ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ പുണര്‍തത്തിന് മാത്രമാണ് സ്ത്രീദേവതയെ കല്പിച്ചിട്ടുള്ളതും. അതും സ്മരണീയമാണ്.   

ചന്ദ്രോല്പത്തി പലകഥകളായിട്ടാണ്. ചന്ദ്രന്‍ പാലാഴികടഞ്ഞപ്പോള്‍ പുറത്ത് വന്നുവെന്നുള്ള കഥയ്ക്ക് പ്രചാരമേറും. ത്രിമൂര്‍ത്തികളുടെ അംശങ്ങള്‍ അത്രിമഹര്‍ഷിയുടെയും പത്‌നിയായ അനസൂയയുടെയും മക്കളായി ജനിച്ചുവെന്ന കഥയും ഓര്‍മ്മിക്കാം. ശിവാംശമായി ദുര്‍വാസാവും, വൈഷ്ണവാംശമായി ദത്താത്രേയനും ബ്രഹ്മാംശമായി ചന്ദ്രനും പിറന്നു. അതാണ് മറ്റൊരു ചന്ദ്രോല്പത്തിക്കഥ.   

ശിവന്‍ ഉഗ്രതപസ്സനുഷ്ഠിക്കുകയായിരുന്നു, ഒരിക്കല്‍. തപോനിഷ്ഠതയുടെ ഉഗ്രതയാല്‍ ഭഗവാന്‍ വിയര്‍ത്തു തുടങ്ങി. നെറ്റിത്തടത്തില്‍ നിന്നും ഒരു വിയര്‍പ്പുതുള്ളി ഭൂമിയിലേക്ക് പതിച്ചു. അതിനെ ഭൂമീദേവി സ്വീകരിക്കുന്നു. ശിവസ്വേദം ഭൂമിയുടെ പുത്രനായി മാറി എന്നാണ് കഥ. ആ പുത്രനാണ് പെറ്റിട്ടപ്പോള്‍ കനല്‍പോലെ, മിന്നല്‍ പോലെ ജ്വലിച്ച ചൊവ്വ! കു എന്നാല്‍ ഭൂമി എന്നാണര്‍ത്ഥം. ഭൂമിയ്ക്ക് ജനിച്ചവനായതിനാലാണ് കുജന്‍ എന്ന് ചൊവ്വ പ്രശസ്തനായത്. ഗ്രഹനിലയില്‍ ചൊവ്വയെ സൂചിപ്പിക്കുവാന്‍  'കു' എന്ന അക്ഷരമാണ് ഉപയോഗിക്കുന്നതും. ഭൗമന്‍, മാഹേയന്‍, അവനീസുതന്‍ മുതലായ ചൊവ്വയുടെ പേരുകള്‍ ഭൂമിയുടെ പുത്രനാണെന്ന് വ്യക്തമാക്കുന്നവയാണ്. ചൊവ്വയുടെ ധ്യാനശ്ലോകം ഇങ്ങനെയാണല്ലോ:  

        'ധരണീഗര്‍ഭസംഭൂതം  
        വിദ്യുത്കാന്തിസമപ്രഭം
        കുമാരം ശക്തിഹസ്തം തം  
        മംഗലംപ്രണമാമ്യഹം'
     (ധരണി എന്നാല്‍ ഭൂമി). 

ബുധോല്പത്തി രസകരമാണ്. അതിലെ സദാചാരഭ്രംശം അക്കാലത്ത് തന്നെ ദേവലോകത്തുണ്ടാക്കിയ 'പൊല്ലാപ്പുകള്‍' ചില്ലറയല്ല. ചന്ദ്രന്‍ എല്ലാ ദേവകുമാരന്മാരെയും പോലെ വിദ്യാഭ്യാസത്തിനായി ദേവഗുരുവായ വ്യാഴത്തിന്റെ ആശ്രമത്തില്‍ ചെന്നു പാര്‍ക്കുകയുണ്ടായി. അക്കാലത്ത് ഗുരുപത്‌നിയായ താരയുമായി ചന്ദ്രന്‍ പ്രണയത്തിലായി. എന്നല്ല ആ പ്രണയം അതിരുവിടുകയും ചെയ്തു. അങ്ങനെ താരഗര്‍ഭവതിയായി;  ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. ആ പുത്രനാണ്, ചന്ദ്രന്റെയും താരയുടെയും മകനാണ് ബുധന്‍. ദേവന്മാരുടെ ഇടയില്‍ ഇതിനെച്ചൊല്ലി കലഹവും കലാപവുമെല്ലാം ഉയര്‍ന്നതായി പുരാണങ്ങളില്‍ വായിക്കാം.  

അംഗിരസ്സ് മഹര്‍ഷിയുടെയും വസുദ എന്ന ദേവവനിതയുടെയും പുത്രനാണ് വ്യാഴം. ഭൃഗുമഹര്‍ഷിയുടെയും കയാതി എന്ന പുലോമയുടെയും പുത്രനാണ് ശുകന്‍.   

സൂര്യന്റെയും ഛായയുടെയും പുത്രനായിട്ടാണ് ശനിയുടെ ജനനം. 'ഛായാ മാര്‍ത്താണ്ഡസംഭൂതം' എന്ന ധ്യാനശ്ലോകവാക്യത്തില്‍ അക്കാര്യം വ്യക്തമാക്കപ്പെടുന്നു. വിശ്വകര്‍മ്മാവിന്റെ മകളായ സംജ്ഞയായിരുന്നു സൂര്യപത്‌നി. സൂര്യപ്രഭയുടെ തീക്ഷ്ണത അസഹ്യമായപ്പോള്‍ ഭര്‍ത്തൃപരിചര്യക്കായി തന്റെ അതേരൂപത്തില്‍ സംജ്ഞ മറ്റൊരു സ്ത്രീയെ സൃഷ്ടിക്കുകയും തണല്‍ തേടി പോവുകയും ചെയ്തു. സംജ്ഞ എന്ന ബോധ്യത്തോടെയാണ് സൂര്യന്‍ ഛായയോട് പെരുമാറിയത്! അതിന്റെ ഫലമാണ് ശനിയുടെ ജനനം എന്നാണ് കഥ!  

വിപ്രചിത്തി എന്ന മഹര്‍ഷിക്ക് ദാനവകുലജാതയായ സിംഹികയില്‍ പിറന്ന പുത്രനാണ് സൈംഹികേയന്‍! അയാള്‍ അമൃതം കട്ടു തിന്നാന്‍ പുറപ്പെട്ടതും കപടബ്രാഹ്മണ വേഷധാരിയെ ദ്വാരപാലകന്മാരായ സൂര്യചന്ദ്രന്മാര്‍ മഹാവിഷ്ണുവിന് കാട്ടിക്കൊടുത്തതും ഭാഗവതപുരാണ കഥയാണ്. വിഷ്ണുചക്രം അതിന്റെ ദൗത്യം നിര്‍വഹിച്ചു, അസുരന്റെ കഴുത്തു മുറിഞ്ഞു. എന്നാല്‍ അമൃതം ഭക്ഷിച്ചിരുന്നതിനാല്‍ മരണമുണ്ടായില്ല. ഉടലും കഴുത്തും വേറെ വേറെ സ്വരൂപങ്ങളായി. അങ്ങനെ സൈംഹികേയന്‍ (സിംഹികയുടെ പുത്രന്‍) രാഹുവും കേതുവും എന്ന ഗ്രഹങ്ങളായി.   

ശങ്കരാചാര്യര്‍ മനീഷാപഞ്ചകം എന്നറിയപ്പെടുന്ന മാതൃപഞ്ചകത്തില്‍ എഴുതുന്നു: 'പ്രസവ സമയത്ത് അമ്മ അനുഭവിച്ച വേദന, പ്രസവകാലത്തെ രുചിക്കേടുകള്‍, ദേഹശോഷണം, പ്രസവാനന്തരം  ശിശുവിനൊപ്പം മലമൂത്രാദികള്‍ നിറഞ്ഞ ശയ്യയിലെ കിടപ്പ് - ഇതിന്റെയൊക്കെ കടം എങ്ങനെ തീരും? എന്തിന്? ഗര്‍ഭം എന്ന ആ വലിയ ചുമടിന്റെ കൂലി നല്‍കാന്‍ പോലും മകന്റെ ഒരു പുരുഷായുസ്സിലെ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമല്ല'.   

ഗ്രഹലോകത്തെ അമ്മമാര്‍ക്കും ഭൂമിയിലെ അമ്മമാര്‍ക്കും സാഷ്ടാംഗ നമസ്‌ക്കാരം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം