മുന്‍ പ്രമാണം/ മുന്നാധാരം നോക്കുമ്പോള്‍
ലേഖനം: 76
രാശിനാഥന്മാര്‍ ആരൊക്കെ?
പന്ത്രണ്ട് രാശികളാണ് രാശിചക്രത്തിലുള്ളത്. മേടം മുതല്‍ മീനം വരെ. (മലയാള മാസങ്ങളുടെ പേരുകളാണ് രാശികള്‍ക്കും). അവയുടെ അധിപന്മാര്‍ സപ്തഗ്രഹങ്ങളാണ്. രാഹുകേതുക്കള്‍ക്ക് രാശികളുടെ ഉടമസ്ഥത നല്‍കപ്പെട്ടിട്ടില്ല.
മേടം, വൃശ്ചികം എന്നീ രണ്ട് രാശികളുടെ അധിപന്‍ ചൊവ്വ. ഇടവം, തുലാം എന്നിവയുടെ അധിപന്‍ ശുക്രന്‍. മിഥുനം, കന്നി എന്നിവയുടെ അധിപന്‍ ബുധന്‍. ധനു, മീനം എന്നിവയുടെ അധിപന്‍ വ്യാഴം . മകരം, കുംഭം എന്നിവയുടെ അധിപന്‍ ശനി. പഞ്ച താരാഗ്രഹങ്ങള്‍ക്ക് രണ്ടുരാശികളുടെ വീതം ഉടമസ്ഥത ലഭിച്ചിരിക്കുകയാണ്. അവശേഷിക്കുന്നത് കര്‍ക്കടകവും ചിങ്ങവും മാത്രം. അവയില്‍ ചിങ്ങം സൂര്യന്റെയും കര്‍ക്കടകം ചന്ദ്രന്റെയും ആധിപത്യത്തിലായി.
ഇങ്ങനെയാണ് നാം പഠിച്ചിട്ടുള്ളത്. പക്ഷേ ആദിയില്‍ ഇങ്ങനെയായിരുന്നില്ലെന്ന് വിദ്വാന്മാര്‍ ചൂണ്ടിക്കാട്ടുന്നു. പന്ത്രണ്ട് രാശികളും അടങ്ങിയ സൗരയൂഥത്തിന്റെ ഉടമസ്ഥര്‍, വടക്കന്‍പാട്ട് ശൈലിയില്‍ പറഞ്ഞാല്‍ നേരവകാശികള്‍ സൂര്യനും ചന്ദ്രനും മാത്രമായിരുന്നു. സൂര്യനെന്ന മഹാരാജാവും ചന്ദ്രനെന്ന മഹാരാജ്ഞിയും (ചന്ദ്രനെ സ്ത്രീഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്ന് ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുമല്ലോ?) സൗരയൂഥത്തെ അടക്കിഭരിച്ച ഒരു കാലമുണ്ടായിരുന്നു. ചിങ്ങം മുതല്‍ ക്രമത്തില്‍ മകരം വരെ ആറ് രാശികള്‍ സൂര്യന്റെ അവകാശത്തില്‍/ ഉടമസ്ഥതയില്‍. കര്‍ക്കടകം തൊട്ട് കുംഭം വരെ പിന്നിലോട്ട് ആറ് രാശികള്‍ ചന്ദ്രന്റെ അവകാശത്തില്‍/ ഉടമസ്ഥതയില്‍. ഇങ്ങനെയായിരുന്നു ഒരുകാലത്ത് രാശ്യധിപത്യം. പിന്നീട് സൂര്യനും ചന്ദ്രനും ഇവയെ പഞ്ചതാരാഗ്രഹങ്ങളായ കുജാദികള്‍ക്ക് നല്‍കുകയാണുണ്ടായത്. അതിന്റെ ക്രമവും കൗതുകപ്രദമാണ്.
സൂര്യനും ചന്ദ്രനും ഓരോ രാശിമാത്രം സ്വന്തമാക്കി. ഇരുവരും സ്വാവകാശമായ ബാക്കി അഞ്ചുരാശികളെ പഞ്ചതാരാഗ്രഹങ്ങള്‍ക്ക് നല്‍കി. സൂര്യന്‍ ചിങ്ങത്തിന്റെയും ചന്ദ്രന്‍ കര്‍ക്കടകത്തിന്റെയും മാത്രം ഉടമസ്ഥത നിലനിര്‍ത്തി.
സൂര്യന്‍ തന്റെ കൈയ്യിലുളള കന്നിരാശി ബുധന് നല്‍കി. സമാന്തരമായി തന്റെ കൈയ്യിലുള്ള മിഥുനം രാശി ചന്ദ്രന്‍ ബുധന് നല്‍കി. സൂര്യന്‍ തുലാം ശുക്രന് നല്‍കി, ചന്ദ്രന്‍ ഇടവവും. സൂര്യന്‍ ചൊവ്വയ്ക്ക് വൃശ്ചികം നല്‍കിയപ്പോള്‍ ചന്ദ്രന്‍ ചൊവ്വയ്ക്ക് മേടം സമ്മാനിച്ചു. സൂര്യന്‍ വ്യാഴത്തിന് ധനുരാശിയും ചന്ദ്രന്‍ വ്യാഴത്തിന് മീനംരാശിയും നല്‍കി. ശേഷിക്കുന്ന മകരകുംഭങ്ങള്‍ യഥാക്രമം സൂര്യനും ചന്ദ്രനും ശനിക്കേകി. അങ്ങനെ പഞ്ചതാരാഗ്രഹങ്ങള്‍ക്ക് സൂര്യദത്തവും ചന്ദ്രദത്തവും ആയ രണ്ടുരാശികളുടെ അവകാശം കൈവന്നു.
ചൊവ്വാമുതലായ പഞ്ചതാരാഗ്രഹങ്ങളുടെ ഉച്ചവും നീചവും കൃത്യമായി സൂര്യദത്തവും ചന്ദ്രദത്തവുമായ രാശികളിലായി എന്നതും കൗതുകമുളള നിരീക്ഷണമാണ്. ചൊവ്വയുടെ ഉച്ചം സൂര്യന്‍ ശനിക്ക് നല്‍കിയ മകരം രാശിയില്‍. ചൊവ്വയുടെ നീചം ചന്ദ്രന്റെ ക്ഷേത്രമായ കര്‍ക്കടകത്തില്‍. ബുധന്റെ ഉച്ചം കന്നിരാശി, അത് ആദിയില്‍ സൂര്യന്റെ അവകാശത്തില്‍ ആയിരുന്നല്ലോ? ബുധന്റെ നീചരാശി ചന്ദ്രന്‍ വ്യാഴത്തിന് നല്‍കിയ മീനം രാശിയും. വ്യാഴത്തിന്റെ ഉച്ചക്ഷേത്രം ചന്ദ്രന്റെ സ്വക്ഷേത്രമായ കര്‍ക്കടകം. നീചക്ഷേത്രമായ മകരമാകട്ടെ സൂര്യന്‍ ശനിക്ക് നല്‍കിയ രാശിയും. ശുക്രന്റെ ഉച്ചം മീനം, നീചം കന്നി - അവിടെയും ചന്ദ്രസൂര്യന്മാരുടെ പൂര്‍വ്വബന്ധം സ്പഷ്ടം. ശനിയുടെ ഉച്ചവീടായ തുലാം രാശി സൂര്യന്‍ ശുക്രന് നല്‍കിയതാണ്. ശനിയുടെ നീചഗൃഹമായ മേടം ചന്ദ്രന്‍ ചൊവ്വയ്ക്ക് നല്‍കിയതും.
നാം വസ്തു വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഒക്കെ അതിന്റെ മുന്‍ ആധാരം/ മുന്‍ പ്രമാണം, അതിന്റെ ഉടമസ്ഥത നോക്കാറുണ്ട്. അങ്ങനെ രാശിചക്രത്തിലേക്ക് നോക്കിയാല്‍ അതിന്റെ പഴയ ഉടമസ്ഥരെ കാണാം. എത്ര ഇഴയടുപ്പുള്ള ബന്ധമാണ് പുതിയ ഉടമയ്ക്ക് രാശിയുമായി ഉള്ളത് എന്നുവന്നാലും അതിന്റെ പഴയ ഉടമസ്ഥനോട് രാശിക്കുള്ള ആത്മബന്ധം/ ഹൃദയൈക്യം അത്രയൊന്നും മായ്ച്ചുകളയാനാവില്ല തന്നെ! ഇടക്കെങ്കിലും അത് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്ത് വരാതിരിക്കില്ല. രാശികളുടെ കാര്യത്തില്‍ ഈ മനശ്ശാസ്ത്രതത്ത്വം ആഴത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ സൂര്യ-ചന്ദ്ര ബന്ധം മുഴുവനായും മാഞ്ഞുപോയിട്ടില്ല. അത് അത്രയൊന്നും മുറിച്ചു കളയാന്‍ കഴിയുകയുമില്ല. 'ജന്തുവിന്നു തുടരുന്നു, വാസനാ -/ ബന്ധമിങ്ങുടലു വീഴുവോളവും ' എന്ന കവിവാക്യം ഇവിടെ ഏറ്റവും പ്രസക്തമായിത്തീരുകയാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ