അഗ്നിനക്ഷത്രം ജ്വലിക്കുമ്പോള്‍

ലേഖനം: 73

ഞാറ്റുവേലകള്‍

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഗ്രഹങ്ങള്‍ വ്യത്യസ്ത വേഗത്തില്‍ രാശികളിലൂടെ, അവയിലുള്‍ച്ചേര്‍ന്ന നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. അത് നമുക്കറിയാവുന്ന ജ്യോതിഷ പാഠഭാഗമാണ്!   

സൂര്യന്‍ ഒരു രാശികടക്കാന്‍ ശരാശരി 30 തീയതി അഥവാ 30 ദിവസമെടുക്കും. ഓരോ രാശിക്കുള്ളിലും രണ്ടേകാല്‍ നക്ഷത്രമണ്ഡലങ്ങള്‍ അഥവാ ഒമ്പത് നക്ഷത്രപാദങ്ങളുണ്ട്. (ഒരു നക്ഷത്രത്തിന് നാലുപാദങ്ങള്‍). മേടം രാശിയില്‍ മേടസംക്രമം മുതല്‍, സൂര്യന്‍ പ്രവേശിക്കുന്നു. സ്വാഭാവികമായും ആ രാശിയിലെ ആദ്യ നക്ഷത്രമണ്ഡലമായ അശ്വതി നക്ഷത്രമണ്ഡലത്തിലും അതുമുതല്‍ സൂര്യന്‍ പ്രവേശിക്കുകയായി.   

ഓരോ നക്ഷത്രമണ്ഡലവും കടക്കാന്‍ സൂര്യന് ഏകദേശം 13/14 ദിവസം വേണ്ടിവരും. അതുപോലെ ഓരോ നക്ഷത്രപാദവും കടക്കാന്‍ ശരാശരി മൂന്ന് ദിവസവും എട്ട് മണിക്കൂറും (ഏറ്റക്കുറച്ചിലുകളുണ്ടാവാം) വേണം. 

ഇപ്രകാരം സൂര്യന്‍ ഏതു നക്ഷത്രത്തിലൂടെയാണോ കടന്നുപോകുന്നത് അതിനെ ഞാറ്റുവേല/ ഞാറ്റുതല എന്ന് വിളിക്കുന്നു. അശ്വതി ഞാറ്റുവേലയാണ് മേടസംക്രമം മുതല്‍ ആദ്യ 13/14 ദിവസം. മേടം 14 ന് ഭരണി ഞാറ്റുവേല തുടങ്ങി. മേടം 28 ന് അടുത്തതായ കാര്‍ത്തിക ഞാറ്റുവേല തുടങ്ങും. പിന്നെ ഇടവം 11 ന് രോഹിണി ഞാറ്റുവേലയുടെ ആരംഭമായി. ഓരോ ചന്ദ്രരാശിയെക്കുറിച്ച് അഥവാ കൂറിനെക്കുറിച്ച് പറയുന്നതു പോലെയാണ് ഇതും. അശ്വതിയും ഭരണിയും കാര്‍ത്തികക്കാലും ചേര്‍ന്നത് മേടക്കൂറ് എന്ന് നമുക്കറിയാം. ഇവിടെ രാശിക്കുപകരം മാസം എന്നുമാത്രം. കൂറിന്റെ കാര്യത്തില്‍ ചന്ദ്രന്റെ നക്ഷത്രസഞ്ചാരമാണ് വിവക്ഷ!  എന്നാല്‍ ഇവിടെ സൂര്യന്‍ അശ്വതിയിലും, ഭരണിയിലും, കാര്‍ത്തിക ഒന്നാംപാദത്തിലും ആയി ക്രമത്തില്‍ കടന്നുപോകുകയാണ്. അതാണ് ഞാറ്റുവേല.  

ഇടവമാസത്തിലെ ഞാറ്റുവേലകള്‍ അതിന്റെ തുടര്‍ച്ച തന്നെ! സൂര്യന്‍ കാര്‍ത്തികയുടെ 2,3,4 പാദങ്ങളിലും പിന്നെ രോഹിണിയിലും തുടര്‍ന്ന് മകയിരത്തിന്റെ ആദ്യ രണ്ടു പാദങ്ങളിലും കടന്നുപോകുന്നതാണ് ഇടവമാസം. അതിനനുസരിച്ച് ഞാറ്റുവേലകളും നക്ഷത്രത്തിന്റെ പേരുകളില്‍ സൃഷ്ടിക്കപ്പെടുകയാണ് 'ഞായറിന്റെ വേല' എന്നതു തന്നെ ഞാറ്റുവേലയുടെ പൊരുള്‍. ഞായര്‍ എന്നാല്‍ സൂര്യന്‍, വേല എന്നാല്‍ സൂര്യന്റെ ആ നക്ഷത്രത്തിലെ സഞ്ചാരകാലാവധിയും! അങ്ങനെ നിര്‍വചിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

ഇതില്‍ സൂര്യന്‍ ഭരണി നക്ഷത്രത്തിന്റെ മൂന്നാം പാദത്തില്‍ പ്രവേശിക്കുന്ന മേടം 21 ന് രാത്രി മുതല്‍ രോഹിണിയുടെ ഒന്നാംപാദം പിന്നിടുന്ന ഇടവം 14ന് അര്‍ദ്ധരാത്രി വരെ ഏകദേശമുളള 24/25 ദിവസങ്ങള്‍ ആണ് 'അഗ്നിനക്ഷത്രം' എന്ന് വിളിക്കപ്പെടുന്നത്. അതായത് ഭരണിയുടെ അവസാന രണ്ടുപാദങ്ങളിലും, കാര്‍ത്തികയുടെ നാലുപാദങ്ങളിലും രോഹിണിയുടെ ഒന്നാം പാദത്തിലും സൂര്യന്‍ സഞ്ചരിക്കുന്ന കാലം. അതിനെയാണ് ജ്യോതിഷത്തില്‍ അഗ്നിനക്ഷത്രകാലം എന്ന് പറയുന്നത്!    

കാര്‍ത്തിക നക്ഷത്രത്തിന്റെ ദൈവം തന്നെ അഗ്നിദേവനാണ്. സൂര്യനും കൂടി ആ നക്ഷത്രമണ്ഡലത്തിലൂടെ കടന്നുപോവുമ്പോള്‍ ചൂടിനാല്‍ തീക്ഷ്ണവും അഗ്നി സമപ്രഭവുമാകുന്നു, അന്തരീക്ഷവും ഭൂമിയുമെല്ലാം. ശരിക്കും വേനലിന്റെ ഉച്ചഘട്ടം!   

ഇതിനെ 'കത്തിരി' എന്ന പേരില്‍ തമിഴില്‍ വ്യവഹരിക്കുന്നു. കാര്‍ത്തിക സൂര്യന്റെ താണ്ഡവമെന്നു തന്നെയാണ് വിവക്ഷ! കത്രികയുടെ ആകൃതിയാണ് കാര്‍ത്തിക നാളിനെന്ന് വാദമുണ്ട്. കത്തിരി എന്ന തമിഴ് പദത്തിന് കത്രിക എന്നുമുണ്ടര്‍ത്ഥം! അഗ്നിനക്ഷത്രകാലത്ത് പുര ചമയ്ക്കരുത് (ഗൃഹാരംഭം) എന്നാണ് മുഹൂര്‍ത്തവിജ്ഞാനം വിളംബരം ചെയ്യുന്നത്!. വേറെയും അരുതുകള്‍ പണ്ഡിതന്മാര്‍ക്ക് ഒരുപക്ഷേ അറിയാമായിരിക്കും. ഇക്കാലത്ത് ജനിക്കുന്നവരില്‍ ശരീരോഷ്മാവ് ഉയര്‍ന്നിരിക്കുമെന്ന് പറയപ്പെടുന്നു. അവര്‍ പൊതുവെ വൈകാരികദീപ്തി ഏറിയവരും ആയേക്കാം.    

അഗ്നിനക്ഷത്രം അവസാനിക്കുന്നതോടെ, രോഹിണി ഞാറ്റുവേലയുടെ ശേഷിക്കുന്ന സമയത്ത് തന്നെയാണ് ഇടിമുഴക്കവുമായി ഇടവപ്പാതിയെത്തുന്നത് മകയിരം, തിരുവാതിര, പുണര്‍തം, പൂയം എന്നിങ്ങനെ മഴയുടെ സംഗീതം പൊഴിച്ചുകൊണ്ട്, ചിലപ്പോള്‍ രൗദ്രതാളം മുഴക്കിക്കൊണ്ട് ഓരോ ഞാറ്റുവേലകളും പെയ്തിറങ്ങുകയായി... 

കേരളത്തിന്റെ കൃഷിരീതിയുടെ ആത്മാവ് തന്നെ ഞാറ്റുവേലകളുടെ ഗതിയാണ്. കുരുമുളക് തിരി വെള്ളക്കാരന്‍ കൊണ്ടുപോയാലും നാം പേടിക്കേണ്ടതില്ലെന്നും തിരിമുറിയാതെ ചെയ്യുന്ന തിരുവാതിര ഞാറ്റുവേല നമുക്കുണ്ടെന്നും പണ്ടൊരു വിദ്വാന്‍ ചങ്കൂറ്റം കാട്ടിയില്ലേ? അത് കറകളഞ്ഞ മഴയറിവും മണ്ണറിവും ഗ്രഹവിജ്ഞാനവും മുപ്പിരിയായൊഴുകിയ പ്രകൃതിബോധം തന്നെയാണ്!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം