മുന്നണി രാഷ്ട്രീയം അവിടെയും

ലേഖനം : 71

ഗ്രഹമൈത്രി

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

നമ്മുടെ നാട്ടില്‍ മുന്നണി രാഷ്ട്രീയത്തിന്റെ വസന്തമാണ്, കുറേ ദശകങ്ങളായി. സത്യത്തില്‍ അത് ശക്തമാണ് ഗ്രഹങ്ങളുടെ ലോകത്തിലും. ചിലപ്പോള്‍ അവിടുന്നാവും നാമത് കണ്ടുപഠിച്ചത് എന്നുവരാം. 

ഇടതും വലതും മൂന്നാംമുന്നണിയും കുറുമുന്നണിയും തിരുത്തല്‍വാദികളും കരിങ്കാലികളുമൊക്കെ ഗ്രഹങ്ങളുടെ കൂട്ടത്തിലുമുണ്ട്. ആകെ ഒമ്പത് ഗ്രഹങ്ങള്‍ മാത്രം! പക്ഷേ നൂറ്റിമുപ്പതുകോടി മനുഷ്യരുടെ രാഷ്ട്രീയത്തെക്കാള്‍ ശക്തവും തീവ്രവുമാണ് ഗ്രഹലോകത്തെ രാഷ്ട്രീയവും രാഷ്ട്രതന്ത്രവും!    

ഗ്രഹങ്ങള്‍ക്കിടയില്‍ മൂന്നുതരം ബന്ധമാണുള്ളത്. അത് മിത്രം, ശത്രു, സമന്‍ എന്നിങ്ങനെയാണ്. മിത്രം/ബന്ധു, ശത്രു എന്നിവയുടെ അര്‍ത്ഥം നമുക്കറിയാം. സമന്‍ എന്ന വാക്കിന്റെയോ? ഉദാസീനന്‍ എന്ന വാക്കും അതിന് ബദലായി ഉപയോഗിക്കാറുണ്ട്. ആരോടും ബന്ധുത്വവുമില്ല, ശത്രുത്വവുമില്ല - അതിനെയാണ് സമന്‍/ ഉദാസീനന്‍ എന്നൊക്കെപ്പറയുന്നത്.   

കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കിയാല്‍ ഗ്രഹങ്ങള്‍ക്കിടയില്‍ രണ്ട് ശക്തമായ വിഭാഗങ്ങളുണ്ടെന്ന് കാണാം. സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ത്രിമൂര്‍ത്തികള്‍ ചേര്‍ന്നതാണ് ഒരു വിഭാഗം. ഇവര്‍ മൂവരും പരസ്പരം മിത്രങ്ങളാണ്. ഈ മൂന്ന് ഗ്രഹങ്ങളും ലിംഗകല്പനയില്‍ പുരുഷഗ്രഹങ്ങളുമാണ്.     
ഇതിന്റെ നേര്‍ എതിര്‍വിഭാഗം രണ്ട് ഗ്രഹങ്ങളുടെ മുന്നണിയാണ്-- ശുക്രനും ശനിയും! ശുക്രനെ സ്ത്രീഗ്രഹമായും ശനിയെ നപുംസകമായും കണക്കാക്കുന്നു. ഇവരുടെ കൂട്ടത്തില്‍ വേണമെങ്കില്‍ ബുധനെയും ചേര്‍ക്കാം. എന്നാല്‍ ബുധന്‍ ചിലപ്പോള്‍ മറുകണ്ടവും ചാടും. ബുധന്റെ ബന്ധുക്കള്‍ അഥവാ മിത്രങ്ങള്‍ ശുക്രനും സൂര്യനുമാണ്. ഇരുമുന്നണിയില്‍ നിന്നും ഓരോരുത്തര്‍! അതില്‍ നിന്നുമറിയാം ബുധന് രണ്ട് വള്ളത്തില്‍ കാലിടുന്ന സ്വഭാവമുണ്ടെന്ന്!   

ഇനിയറിയാന്‍ സപ്തഗ്രഹങ്ങളില്‍ ബാക്കി ചന്ദ്രനാണ്. ആദ്യമുന്നണിയില്‍ വരുന്ന ഗ്രഹമാണ് ചന്ദ്രനെന്ന് പറയാമെങ്കിലും ചന്ദ്രന് ബുധനോടും മൈത്രിയുണ്ട്. (എന്നാല്‍ ആരോടും ശത്രുതയില്ല, ചന്ദ്രന്). ചുരുക്കത്തില്‍ സൂര്യനും ചൊവ്വയും വ്യാഴവും തമ്മില്‍ തമ്മിലുള്ള ഐക്യമാണ് ദൃഢതയേറിയത്. അതുപോലെ അങ്ങേത്തലയ്ക്കല്‍ ശുക്രനും ശനിയും തമ്മിലാണ് ഗാഢമൈത്രി. ചന്ദ്രനും ബുധനും അവസരവാദ രാഷ്ട്രീയക്കാരെപ്പോലെ കസേരനോക്കി ചായുന്നവരാണ് എന്ന് ചുരുക്കം.    

ഇവിടെപ്പറഞ്ഞ ഏഴ് ഗ്രഹങ്ങള്‍ക്കും സ്വന്തമായി വീടുണ്ട് (സ്വക്ഷേത്രം). അതില്ലാത്ത രണ്ട് ഗ്രഹങ്ങളാണ് രാഹുവും കേതുവും. അവരെ സംബന്ധിച്ച മിക്കകാര്യങ്ങളും അവ്യക്തമാണ്. രാഹുവിന് ശനിയോടാണത്രെ ചാര്‍ച്ച! 'ശനിവത് രാഹു' എന്ന പ്രയോഗം അതാണ് ചൂണ്ടുന്നത്. കേതുവിന് സ്ഥായി ചൊവ്വയോടും! 'കുജവത് കേതു' എന്ന ചൊല്ല് അതിനെ കുറിക്കുന്നതാണ്!

   പക്ഷേ സൂര്യനും ചന്ദ്രനും രാഹു -കേതുക്കളുടെ നിത്യശത്രുക്കളാണെന്ന് പുരാണങ്ങളില്‍ പറയുന്നു. വിധുന്തുദന്‍, രവീന്ദുഭീകരന്‍, ചന്ദ്രാദിത്യവിമര്‍ദ്ദകന്‍ എന്നിങ്ങനെ രാഹു-കേതുക്കളുടെ സൂര്യ-ചന്ദ്രശത്രുത്വം ഗ്രന്ഥങ്ങളില്‍ തീക്ഷ്ണതയോടെ പ്രതിപാദിക്കപ്പെടുന്നുമുണ്ട്. അവരെ പ്രത്യേകം ഒരു കുറുമുന്നണിയായി കണക്കാക്കുന്നതാണ് സമീചീനം.  

ഇങ്ങനെയൊക്കെ ഗ്രഹപാരസ്പര്യം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വിവാഹപ്പൊരുത്ത വിഷയത്തില്‍ ഇതെല്ലാം കീഴ്‌മേല്‍ മറിയുന്നുണ്ട്.. അവിടെ ശത്രു, മിത്രവും,  മിത്രം, ശത്രുവുമായി മാറുകയാണ്. പത്തുപൊരുത്തങ്ങളില്‍ ഒന്നായ രാശീശ അഥവാ രാശ്യധിപ പൊരുത്തമാണ് ഇവിടെ ഉദ്ദേശിച്ചത്.     

ഇവിടെ ചില ദൃഷ്ടാന്തങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടാം.   

സൂര്യന് (ചിങ്ങക്കൂറുകാരിക്ക് - മകം, പൂരം, ഉത്രം ആദ്യപാദം എന്നിവയില്‍ ജനിച്ചവള്‍ക്ക്) ഗുരു (വ്യാഴം) മാത്രമാണ് ബന്ധു. (സ്ത്രീയില്‍ നിന്നുമാണ് പൊരുത്തം നോക്കുക എന്നത് ഓര്‍ക്കേണ്ടതുണ്ട്) അതായത് വ്യാഴരാശികളായ ധനു, മീനം എന്നിവയില്‍ ജനിച്ച പുരുഷന്മാര്‍ മാത്രം! ചന്ദ്രന് (കര്‍ക്കടകക്കൂറുകാരിക്ക്) വ്യാഴവും ബുധനും മാത്രം അനുരൂപര്‍! അതായത് ധനുമീനങ്ങളിലും മിഥുനം, കന്നി രാശികളിലും ജനിച്ചവര്‍! ചൊവ്വയ്ക്കാകട്ടെ സൂര്യനും ചന്ദ്രനും വ്യാഴവുമൊന്നുമല്ല വിവാഹപ്പൊരുത്ത വിഷയത്തില്‍ ബന്ധുക്കള്‍! അത് ശുക്രനും ബുധനും മാത്രമാണ്. അഥവാ അവരുടെ രാശികളായ തുലാം, ഇടവം, മിഥുനം, കന്നി എന്നീ കൂറുകളില്‍ ജനിച്ചവര്‍ മാത്രം!   

ബുധന് സൂര്യനൊഴികെ മറ്റ് അഞ്ച് ഗ്രഹങ്ങളും ബന്ധുക്കള്‍! വ്യാഴത്തിന് ചൊവ്വയൊഴികെ എല്ലാവരും, ശുക്രന് സൂര്യ ചന്ദ്രന്മാര്‍ ഒഴികെ എല്ലാവരും ബന്ധുക്കള്‍. ഇനി ശനിയുടെ രാശികളായ മകരം, കുംഭം എന്നീ കൂറുകളില്‍ ജനിച്ച പെണ്‍കുട്ടിക്ക് ബുധന്‍, വ്യാഴം, ശുക്രന്‍ എന്നിവരുടെ രാശികളില്‍ ജനിച്ചവര്‍ മാത്രമാണ് അനുകൂലര്‍. ചുരുക്കത്തില്‍ ജാതകം മുന്‍നിര്‍ത്തി നോക്കുമ്പോഴുള്ള ബന്ധുത്വ ശത്രുത്വങ്ങളില്‍ നിന്നും ചില വ്യതിയാനങ്ങള്‍ വിവാഹപ്പൊരുത്ത വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നത് കാണാനാവും. അവിടെ 'സമന്‍' എന്നൊരവസ്ഥയുണ്ട്. പൊരുത്ത വിഷയത്തില്‍ ഗ്രഹങ്ങള്‍ക്കിടയില്‍ ബന്ധുവും ശത്രുവുമേയുള്ളു. ഉദാസീനത/സമത്വം ഇല്ല.      

ഇങ്ങനെ ഗ്രഹങ്ങളുടെ ഇടയിലെ ഐക്യാനൈക്യങ്ങള്‍ സങ്കീര്‍ണമാണ്. മനുഷ്യരുടെ ഇടയില്‍ ഉള്ള രാഷ്ട്രീയം പോലെ അവിടെയും ശക്തമായ ചില നിലപാടുകളുണ്ട്. ഒപ്പം തനി അവസരവാദവും!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം