ആരാണ് നമ്മുടെ ബോസ്..?

ലേഖനം : 70

കര്‍മ്മരംഗം

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

പല്ല് വേദനയ്ക്ക് നാം പല്ല് ഡോക്ടറെക്കാണുന്നു. ചെവി, മൂക്ക്, നാക്ക് ആണ് പ്രശ്‌നമെങ്കില്‍ ഇ.എന്‍.ടി. ഡോക്ടറെ സമീപിക്കുന്നു. ഈ സരളയുക്തി ജ്യോതിഷത്തിലുമുണ്ട്. തൊഴിലാണ്, കര്‍മ്മരംഗമാണ് അറിയേണ്ടതെങ്കില്‍ ദൈവജ്ഞന്‍ നിങ്ങളുടെ പത്താംഭാവത്തിലേക്ക് കണ്ണയക്കുന്നു. അതേ, ജന്മലഗ്‌നം തൊട്ട് പന്ത്രണ്ട് ഭാവങ്ങളില്‍ പത്താംരാശി/ പത്താമെടം/ പത്താം ഭാവം ആണ് നിങ്ങളുടെ ഉപജീവനത്തെ അഥവാ തൊഴിലിനെക്കുറിക്കുന്ന രാശി.    

പ്രാചീന ജ്യോതിഷഗ്രന്ഥങ്ങളില്‍ സവിശദം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് കര്‍മ്മം എന്താണെന്നത്. ഇതിനെ പൊതുവേ 'കര്‍മ്മാജീവം' എന്നുപറയുന്നു. ഒരാളുടെ ഗ്രഹനിലയില്‍ ലഗ്‌നം/ ചന്ദ്രന്‍/ സൂര്യന്‍ എന്നീ മൂന്ന് ഘടകങ്ങളില്‍  ഏതിനാണ് ബലം എന്ന് ദൈവജ്ഞന്‍ മനസ്സിലാക്കുന്നു. അതിന്റെ പത്താ മെടമായിരിക്കും അയാളുടെ ഉപജീവനത്തെക്കുറിക്കുന്നത്.  

പണ്ടില്ലാത്ത നൂറായിരക്കണക്കിന് തൊഴിലുകള്‍ ഇന്നുണ്ട്. ഇവയെല്ലാം എങ്ങനെ ദൈവജ്ഞന്‍ പറഞ്ഞുതരും എന്നത് വലിയ ചോദ്യം തന്നെയാണ്! പക്ഷേ ദൈവജ്ഞന്‍ മണ്ണില്‍ തലപൂഴ്ത്തി ഉറങ്ങുന്ന ഒട്ടകപ്പക്ഷിയല്ല. അയാള്‍ ചുറ്റുപാടുകളെ കാണുന്നുണ്ട്, ജീവിതത്തിന്റെ സ്പന്ദനമറിയുന്നുണ്ട്. മാറ്റത്തിന്റെ കാറ്റ് വീശുന്നത് അനുഭവിക്കുന്നുണ്ട്. കാലോചിതമായ വ്യാഖ്യാനത്തിന് വേണ്ടതെല്ലാം പൂര്‍വ്വികരായ ഋഷീന്ദ്രര്‍ എഴുതി വെച്ചിട്ടുണ്ട്. സ്വയം നവീകരിച്ചുകൊണ്ട് സിദ്ധാന്തങ്ങളുടെ ഘനിഷ്ഠതയില്‍ അയാള്‍ക്ക് കാലഘട്ടമാവശ്യപ്പെടുന്ന വിഷയങ്ങളെ സന്ദര്‍ഭോചിതമായി വ്യാഖ്യാനിക്കാനാവും. അത് ജ്യോതിഷത്തിന്റെ കരുത്തായിത്തന്നെ വിലയിരുത്തപ്പെടണം.

പത്താമെടവുമായി സൂര്യന് രാശ്യാധിപന്‍, നവാംശാധിപന്‍, യോഗദൃഷ്ട്യാദികള്‍ ഉള്ള ഗ്രഹം എന്ന നിലയ്ക്ക് ബന്ധമുണ്ടെങ്കില്‍ പ്രായേണ സര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങള്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ലഭിക്കുന്നതായിരിക്കും. സൂര്യന്‍ ഒരു രാഷ്ട്രീയ ഗ്രഹവുമാണ്. ഇന്ത്യയില്‍ രാഷ്ട്രീയം ഒരു തൊഴില്‍ കൂടിയാണ്. ആ നിലയ്ക്കും  സൂചനകളുണ്ട്. വൈദ്യം, വനം, മൃഗവകുപ്പ്, കണ്ണ്/ കണ്ണാടി, ശിവക്ഷേത്രം, പുരാവസ്തുക്കള്‍, ഗോതമ്പ്, അസ്ഥി, തേന്‍, ഔഷധം, ഹൃദയം, എന്നിവയും ഏതെങ്കിലും തരത്തില്‍ സൂര്യനുമായി ബന്ധമുള്ള വിഷയങ്ങളാണ്. പിതാവിനെ സൂചിപ്പിക്കുന്ന ഗ്രഹമാകയാല്‍ പിതാവ് ചെയ്തിരുന്ന തൊഴില്‍ ചെയ്യാനും സൂര്യന്‍ വലിയ പ്രേരണയായേക്കും.  

പത്താംഭാവം അഥവാ തൊഴില്‍ സ്ഥാനവുമായി ചന്ദ്രന് ബന്ധമുണ്ടായാല്‍ കൃഷി, കച്ചവടം, കരാര്‍ പണികള്‍, ഹോട്ടല്‍, ഭക്ഷ്യമേഖല, ഉദ്യാനം, മത്സ്യക്കൃഷി, ജലവകുപ്പ്, ഔഷധ രംഗം, സമാന്തര ആരോഗ്യരംഗം, മുതലായവയിലൊന്ന് തൊഴിലാവാം.

ചൊവ്വ നിയമപാലനം, പോലീസ്, പട്ടാളം, അഗ്‌നിശമനസേന, എഞ്ചിനിയറിംഗ്, കരാര്‍പണികള്‍, വൈദ്യുതി, പടക്ക-ആയുധ നിര്‍മ്മാണം, രസതന്ത്രം, ഭൂമിശാസ്ത്രം, ഖനനം, ക്രിമിനല്‍ അഭിഭാഷക വൃത്തി, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ വ്യത്യസ്തമായ ധാരാളം തൊഴിലവസരങ്ങളെ സൃഷ്ടിക്കുന്നു. സഹോദരനുമായി പങ്ക് ചേര്‍ന്നുള്ള തൊഴിലിനേയും ചൊവ്വയെ മുന്‍നിര്‍ത്തി ചിന്തിക്കാം.

പുതുയുഗത്തിന്റെ തൊഴിലുകള്‍ അധികവും ബുധനെക്കൊണ്ടാണ് ചിന്തിക്കേണ്ടത്. മുഖ്യമായും ഐ.ടി മേഖല. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സൂര്യന്‍/ ചൊവ്വ എന്നിവയുമായി ബന്ധപ്പെട്ടതാണ്. സോഫ്ടുവെയര്‍ ബുധനെക്കൊണ്ടു  തന്നെ. എന്നാല്‍ മനുഷ്യവിഭവശേഷിയുടെ കാര്യം വരുമ്പോള്‍ വ്യാഴത്തിനും ശനിക്കും സ്വാധീനം വരുന്നു. വാക്കിനും ഗണിതത്തിനും മേല്‍ക്കൈയുള്ള കര്‍മ്മങ്ങള്‍, അധ്യാപനം, അഭിഭാഷകവൃത്തി, പത്രപ്രവര്‍ത്തനം, ഗുമസ്തന്‍, കണക്കപ്പിള്ള, പൊതുവേ പറയുന്ന 'വൈറ്റ് ക്കോളര്‍' ജോലികള്‍ എന്നിവ ബുധനുമായി ബന്ധപ്പെട്ടതാണ്. കച്ചവടത്തിലും 'ഒരുകണ്ണ്' ഉള്ള ഗ്രഹമാണ് ബുധന്‍. ഹാസ്യാനുകരണം, വിനോദം, വികടത്വം എന്നിവയിലും ബുധപ്രഭാവമുണ്ട്. 

വ്യാഴത്തിന് പത്താം ഭാവവുമായി പ്രത്യക്ഷവും പരോക്ഷവും ആയ അടുപ്പം വരുമ്പോള്‍ സാമ്പത്തിക രംഗം, പാരമ്പര്യ തൊഴിലുകള്‍, പൗരോഹിത്യവുമായി ബന്ധം വരുന്നവ, സ്വര്‍ണം പോലെ വിപണിമൂല്യം ഉയര്‍ന്ന വസ്തുക്കളുടെ ക്രയവിക്രയം, ഊഹക്കച്ചവടം, ഉപദേശകസ്ഥാനം. ചാര്‍ട്ടേട് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍, നിയമകാര്യം എന്നിവയുള്‍പ്പെടുന്ന കര്‍മ്മരംഗമായിരിക്കും ഭവിക്കുക. സമൂഹത്തില്‍ 'വിലയുംനിലയും' ഉള്ള തൊഴിലുകളാവും അവയില്‍ മിക്കതും.

തുണി, സൗന്ദര്യ- ആഡംബര വസ്തുക്കള്‍, കൗതുകസാമഗ്രികള്‍, വിലകൂടിയ ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ വിലകൂടിയ ടെലിവിഷന്‍ സെറ്റുകള്‍ (അവയുടെ നിര്‍മ്മാണവും വിതരണവും) എന്നിവയൊക്കെ ശുക്രന്റെ അധീനതയില്‍ ഉള്‍ച്ചേരും. കലാരംഗം - നാടകം, സിനിമ, നൃത്തം, സംഗീതം ഇത്യാദികള്‍ - ശുക്രന്റെ കാരകധര്‍മ്മത്തില്‍ വരുന്നു. പുതിയതരം തൊഴിലുകളുമായി പെട്ടെന്ന് പൊരുത്തപ്പെടാന്‍ ശുക്രന്‍ കര്‍മ്മസ്ഥാനവുമായി ഏതെങ്കിലും തരത്തില്‍ പ്രഭാവം ചെലുത്തുന്ന വ്യക്തികള്‍ക്കാവും. 

ശനി പൊതുവേ കായികാധ്വാനമേറിയ തൊഴിലുകളുടെ കാരകനാണ്. ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ശനിപ്രഭാവമുണ്ടെങ്കില്‍ തന്നെയും ദേഹാധ്വാനം ശനിയുടെ കീഴില്‍വരും. ഇരുമ്പ്, ഉരുക്ക്, വലിയ മുതല്‍ മുടക്ക് ആവശ്യമുളള വമ്പന്‍ തൊഴില്‍ സംരംഭങ്ങള്‍ എന്നിവയും ശനിയെക്കൊണ്ടാണ് ചിന്തിക്കുക. പഴയകാലത്തെ ചിലതൊഴിലുകള്‍ - ആശാരി, മൂശാരി, കരുവാന്‍, അന്തരാള വര്‍ഗക്കാരുടെ ഉപജീവനരംഗം - ഒട്ടൊക്കെ ശനിയുടെ മേഖലകളായി പറയാറുണ്ട്.  

വിദേശജീവിതം/ പ്രവാസം - അതിന് അധികപക്ഷവും രാഹുവും ശനിയുമാണ് കാരണക്കാര്‍. ജീവിക്കാനുള്ള ചുറ്റുപാടുകള്‍, സമൂഹമാന്യത, സമ്പാദ്യം എന്നിവയൊക്കെ ഉണ്ടാവുമെങ്കിലും അതില്‍ വിരഹ/ വേര്‍പാടുകളുടെയും കഷ്ടനഷ്ടങ്ങളുടെയും ഒരുതലം കൂടിയുണ്ട് എന്നതിനാല്‍ ശനി, രാഹു, കേതു ബന്ധം ഉപപന്നമാണ്. രാഹു-കേതുക്കള്‍ പൊതുവേ മദ്യവ്യവസായം, പുകയില ഉല്പന്നങ്ങള്‍, വിഷപദാര്‍ത്ഥങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിലേക്ക് നയിക്കാം. അവയില്‍ പലതും രഹസ്യാത്മകങ്ങളായിരിക്കും. ജയില്‍/ ശ്മശാനം/മോര്‍ച്ചറി/ ചാരപ്പണി, ചൂതാട്ടം, മാംസവ്യാപാരം, ഇന്ദ്രജാലം, ദുര്‍മന്ത്രവാദം മുതലായ തൊഴിലുകളില്‍ രാഹുകേതുക്കള്‍ നിര്‍ണായക സ്വാധീനം ചെലുത്തും.   

പത്താം ഭാവവുമായി ഒന്നിലധികം ഗ്രഹങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ ബന്ധം വരുമ്പോള്‍ തൊഴില്‍രംഗം കൂടുതല്‍ സങ്കീര്‍ണവും പ്രവചനാതീതവുമാകും. പറയാവുന്നതിന്റെ ചെറിയൊരംശം മാത്രമാണ് വിവരിക്കാനായത്. എന്നുതന്നെയുമല്ല കേവലം സാമാന്യവല്‍ക്കരണത്തിനാണ് തുനിഞ്ഞിട്ടുള്ളതും. ജ്യോതിഷവിദ്യയില്‍ ഒന്നും ഉപരിപ്ലവമല്ല എന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ട കാര്യമാണ്. ഒറ്റനോട്ടംകൊണ്ടും ഓട്ടപ്രദക്ഷിണം കൊണ്ടും എല്ലാക്കാര്യങ്ങളുടെയും ഭൂഗര്‍ഭരഹസ്യങ്ങള്‍ തുറന്നുകിട്ടുകയുമില്ല. ഓരോ വ്യക്തിയുടെയും ജാതകം ഓരോവിധത്തിലാണ്. പൊതുഫലങ്ങള്‍ അവിടെ സാക്ഷാല്ക്കരിക്കപ്പെടണമെന്നില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം