ധാതുബലമുള്ള ജീവിതം

ലേഖനം: 69

സപ്തധാതുക്കളും ഗ്രഹങ്ങളും

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

പുല്‍ക്കൊടി തൊട്ട്, എന്തിന്, പരമാണു തൊട്ട് പരബ്രഹ്മം വരെയുള്ള സകലമാനകാര്യങ്ങളും ജ്യോതിഷത്തില്‍ അടങ്ങും. പന്ത്രണ്ട് രാശികളും ഒമ്പത് ഗ്രഹങ്ങളും മാത്രമാണ് ജ്യോതിഷത്തിന്റെ ഉപകരണങ്ങള്‍. പക്ഷേ അവകൊണ്ട് ജ്യോതിഷം ജ്ഞാന ബുഭുക്ഷുക്കള്‍ക്ക് മൃഷ്ടാന്നമായ വിജ്ഞാനസദ്യതന്നെ വിളമ്പുന്നു...  

മനുഷ്യശരീരം നിര്‍മ്മിച്ചിരിക്കുന്നത് സപ്തധാതുക്കളെ കൊണ്ടാണെന്ന് ജ്യോതിഷം വ്യക്തമാക്കുന്നു. സാമാന്യമായിപ്പറഞ്ഞാല്‍ അസ്ഥി, രക്തം / മാംസം, മജ്ജ, ത്വക്ക്/ രസം, മേദസ്സ്, ശുക്ലം, ധമനി/പേശി എന്നിവയാണ് സപ്തധാതുക്കള്‍. ഇവയുടെ ആധിപത്യം യഥാക്രമം സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ സപ്തഗ്രഹങ്ങള്‍ക്കാണ്. അതിനാല്‍ ഈ ഗ്രഹങ്ങളെ ക്രമത്തില്‍ അസ്ഥികാരകന്‍, രക്ത/മാംസകാരകന്‍, മജ്ജാകാരകന്‍, ത്വക്/ രസകാരകന്‍, മേദോകാരകന്‍, ശുക്ലകാരകന്‍, സിരാകാരകന്‍ എന്നീവിധം വിശേഷിപ്പിക്കുന്നു. കാരകന്‍ എന്ന പദത്തിന് സാമാന്യമായിപ്പറഞ്ഞാല്‍ വകുപ്പ് മന്ത്രി/ വകുപ്പ് മേധാവി എന്ന അര്‍ത്ഥമാണുള്ളത്.   

വ്യക്തിയുടെ ഗ്രഹനിലയില്‍ ഏത് ഗ്രഹത്തിനാണോ ബലക്ഷയം വന്നിട്ടുള്ളത് ആ ഗ്രഹം സൂചിപ്പിക്കുന്ന ധാതുവിന് ക്ഷീണവും അഥവാ ക്ഷയവും തന്മൂലമുളള രോഗങ്ങളും ഉണ്ടാവും. സൂര്യന്‍ ദുര്‍ബലനായ വ്യക്തിക്ക് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. ചന്ദ്രന്‍ ക്ഷീണാവസ്ഥയിലാണെങ്കില്‍ രക്തദൂഷ്യാദികള്‍, വിളര്‍ച്ച മുതലായവ വന്നേക്കും. ബുധന് നീചം, മൗഢ്യം, ശത്രുക്ഷേത്രസ്ഥിതി, പാപയോഗം മുതലായവ സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രധാനമായും ആ വ്യക്തിയെ ത്വഗ്രോഗങ്ങള്‍ വലയ്ക്കും. ഇതൊക്കെ പൊതുവായ ചില സൂചനകള്‍ മാത്രമാണ് എന്നത് മറക്കരുത്.  

ഇതുപോലെ മനുഷ്യശരീരത്തിന്റെ നഖശിഖാന്തം ഉളള എല്ലാ അവയവങ്ങള്‍ക്കും/ ഭാഗങ്ങള്‍ക്കും ഗ്രഹങ്ങളാണ് കാരകന്മാര്‍. അവയുടെ രാശിബന്ധവും പരിഗണനാര്‍ഹമാണ്. രോഗചിന്തയില്‍ അവയും വിശകലനം ചെയ്യപ്പെടുന്നു. പഞ്ചഭൂതങ്ങള്‍, പഞ്ചപ്രാണങ്ങള്‍, പഞ്ചകോശങ്ങള്‍ തുടങ്ങിയവയ്ക്കും രാശി/ഗ്രഹ ബന്ധം കല്പിച്ചിട്ടുണ്ട്. സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്കും മറിച്ചും കടക്കാന്‍ കഴിയുന്ന ഉള്‍ക്കരുത്തും പേശീബലവും ധാതുശക്തിയും എല്ലാം ജ്യോതിഷത്തിനവകാശപ്പെട്ടതാണ്.  

പ്രശ്‌നം നോക്കുമ്പോള്‍ രോഗദാതാവായ ഗ്രഹത്തിന്റെ (പ്രായേണ ആറാംഭാവാധിപന്‍) ആധിപത്യം ഏത് ധാതുവിനാണോ ആ ധാതുവായിരിക്കും രോഗഗ്രസ്തം. പ്രശ്‌നചിന്തയില്‍ ആറാമെടമായി കന്നിരാശി വന്നുവെങ്കില്‍ രാശിനാഥനായ ബുധന്‍, രാശിയുടെ നീചാധിപനായ ശുക്രന്‍, രാശിയില്‍ നില്‍ക്കുന്ന ഗ്രഹം, നോക്കുന്ന ഗ്രഹം, അവയുമായി യോഗദൃഷ്ട്യാദികള്‍ ഉളള ഗ്രഹം എന്നിവയെല്ലാം പര്യാലോചിക്കപ്പെടുന്നു. അവയിലേക്കെല്ലാം വെച്ച് അപ്പോള്‍ ഏറ്റവും ദുര്‍ബലഗ്രഹം ഏതാണോ, ആ ഗ്രഹം സൂചിപ്പിക്കുന്ന അസുഖമായിരിക്കും ഉണ്ടാവുക. ഉദാഹരണമായി ശുക്രനാണ് ഇപ്രകാരം അങ്ങേയറ്റമുള്ള പരീക്ഷീണത വന്നിരിക്കുന്നതെങ്കില്‍ ശുക്രസംബന്ധിയായ രോഗങ്ങള്‍ - ആര്‍ത്തവ പ്രശ്‌നങ്ങള്‍, പ്രത്യുല്പാദനാവയവങ്ങള്‍ സംബന്ധിച്ച രോഗങ്ങള്‍, മൂത്രനാള രോഗങ്ങള്‍-- എന്നിവയാവാം ജാതകനെ/ജാതകയെ വലയ്ക്കുന്നത്. ഇത് വിപുലമായ വിഷയമാണ്. സത്യത്തില്‍ അതിന്റെ എള്ളോളം പോലും എടുത്തുകാട്ടാനായിട്ടില്ല.  

വ്യക്തിയുടെ ജാതകത്തിലെ രോഗനിദാനഗ്രഹം രോഗമുണ്ടാക്കുന്നത്, അഥവാ ആമയം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നത് പ്രസ്തുത ഗ്രഹത്തിന്റെ ദശാപഹാരഛിദ്രാദികളിലാവും. പിന്നെയും ആചാര്യന്മാര്‍ അതിനെ കൂടുതല്‍ കൂടുതല്‍ കണിശപ്പെടുത്തിയിട്ടുണ്ട്. ശുക്ര സംബന്ധിയായ ദീനതകള്‍ ശുക്രന്റെ ദിവസമായ വെള്ളിയാഴ്ച, ശുക്രന്റെ നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങള്‍, ശുക്രഹോരാ വേളകള്‍, ശുക്രന്റെ രാശികള്‍, ശുക്രന്റെ ഋുതുവായ വസന്തകാലം എന്നിവയിലൊക്കെയാവും ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങുന്നത് / രൂക്ഷമാവുന്നത്.

ഇന്ന് 'മെഡിക്കല്‍ അസ്‌ട്രോളജി' (ആരോഗ്യ അഥവാ രോഗ ജ്യോതിഷം) കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുന്നു. ഉള്‍ക്കാഴ്ചയുള്ള പഠനഗവേഷണങ്ങള്‍ അനിവാര്യമാണ്. കഴിവും സമയസൗകര്യാദികളും ഉള്ള ജ്യോതിഷവിദ്യാവിചക്ഷണര്‍ രംഗത്ത് വരേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍