കരണം എന്നാല്‍

ലേഖനം: 127

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

വാരം, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നിവയെ ചേര്‍ത്ത് 'പഞ്ചാംഗം' എന്ന് പറയുന്നു. കരണം ഒഴിച്ചുള്ളവ നാലിനെക്കുറിച്ചും ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്. (കരണങ്ങളില്‍ ഏറെ സങ്കീര്‍ണമായ, അശുഭമായ വിഷ്ടിക്കരണത്തെക്കുറിച്ച് മാത്രം സവിസ്തരം മുന്‍പ് ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്) ഇന്ന്, കരണങ്ങള്‍ എന്താണെന്ന വിചിന്തനമാണ്.    

'തിഥ്യര്‍ദ്ധം കരണം' എന്നാണ് നിയമം. തിഥിയുടെ പകുതിയാണ് കരണം എന്ന് സാരം. തിഥികള്‍ ഒരു മാസത്തില്‍ കറുത്ത, വെളുത്ത പക്ഷങ്ങളിലായി ആകെ മുപ്പതെണ്ണമുണ്ട്. ഓരോ തിഥിയിലും രണ്ട് കരണം വീതമാകുമ്പോള്‍ മുപ്പത് തിഥികള്‍ക്കും കൂടി അറുപത് കരണങ്ങള്‍ ഉണ്ടാവുന്നു. ഒരു തിഥിയുടെ ദൈര്‍ഘ്യം 60 നാഴികയാണ് (24 മണിക്കൂര്‍). അപ്പോള്‍ തിഥിയുടെ പകുതിയായ  കരണം 30 നാഴിക അഥവാ 12 മണിക്കൂര്‍ ഉണ്ടാവും.

പക്ഷേ കരണങ്ങള്‍ ആകെ പതിനൊന്ന് എണ്ണം മാത്രമേയുള്ളു. അവയില്‍ തന്നെ രണ്ടു വിഭാഗങ്ങളുണ്ട്. ചരകരണങ്ങളും സ്ഥിരകരണങ്ങളും. ചരകരണങ്ങള്‍ ആകെ ഏഴെണ്ണം, സ്ഥിരകരണങ്ങള്‍ ആകെ നാലെണ്ണവും. ചരകരണങ്ങള്‍ ഓരോന്നും ഒരു മാസത്തില്‍ എട്ട് തവണ ആവര്‍ത്തിക്കുന്നു. (7 കരണങ്ങള്‍ x 8 തവണ = 56) അപ്പോള്‍ 56 ചര കരണങ്ങളായി. സ്ഥിര കരണങ്ങള്‍ മാസത്തില്‍ ഒരു തവണ മാത്രം വരുന്നു. അങ്ങനെ 56+ 4 = 60 എന്നു കിട്ടും. ഒരു മാസത്തിലെ മുപ്പത് തിഥികളിലുമായി - രണ്ടുവീതം - അങ്ങനെ ഒരു മാസം 60 കരണങ്ങള്‍ ഭവിക്കുകയായി.

കരണങ്ങളുടെ പേരുകള്‍ നോക്കാം. ചരകരണങ്ങള്‍ സിംഹം, പുലി, പന്നി, കഴുത, ആന, പശു, വിഷ്ടി എന്നിവ ഏഴുമാണ്. സ്ഥിരകരണങ്ങള്‍ പുള്ള്, നാല്‍ക്കാലി, പാമ്പ്, പുഴു എന്നിവ നാലുമാണ്. ഇവയുടെ സംസ്‌കൃത നാമങ്ങളും ചിലപ്പോള്‍ പഞ്ചാംഗത്തില്‍ കാണാം. പുലിക്കരണത്തെ വ്യാഘ്രക്കരണം, പശുക്കരണത്തെ സുരഭിക്കരണം, ആനക്കരണത്തെ ഗജക്കരണം എന്നിങ്ങനെ. ചരകരണങ്ങള്‍ക്ക് ക്രമത്തില്‍ ബബ, ബാലവ, കൗലവ, തൈതില, ഗരജ, വണിജ, ശുനി എന്നീ പേരുകളുമുണ്ട്.

തിഥികളില്‍ കരണങ്ങളുടെ വിന്യാസമാണ് ഇനി നാം അടയാളപ്പെടുത്തുന്നത്. അത് വെളുത്ത/ കറുത്ത തിഥികളായി പിരിച്ചു തന്നെ നല്‍കുന്നു.    

വെളുത്ത പക്ഷത്തില്‍  
----------------------------------  

1. പ്രഥമയില്‍:- പുഴു, സിംഹം.  
2. ദ്വിതീയയില്‍:- പുലി, പന്നി.   
3.തൃതീയയില്‍:- കഴുത, ആന.  
4. ചതുര്‍ത്ഥിയില്‍:- പശു, വിഷ്ടി.  
5. പഞ്ചമിയില്‍:- സിംഹം, പുലി.  
6. ഷഷ്ഠിയില്‍:- പന്നി, കഴുത.  
7. സപ്തമിയില്‍:- ആന, പശു.  
8. അഷ്ടമിയില്‍:- വിഷ്ടി , സിംഹം.  
9. നവമിയില്‍:- പുലി, പന്നി.   
10. ദശമിയില്‍:- കഴുത, ആന.   
11. ഏകാദശിയില്‍:- പശു, വിഷ്ടി.  
12. ദ്വാദശിയില്‍:- സിംഹം, പുലി.    
13.ത്രയോദശിയില്‍:- പന്നി, കഴുത.  
14. ചതുര്‍ദ്ദശിയില്‍:- ആന, പശു.   
15. പൗര്‍ണമിയില്‍:- വിഷ്ടി, സിംഹം.  

കറുത്ത പക്ഷത്തില്‍
-------------------------------
16. പ്രഥമയില്‍:- പുലി, പന്നി.  
17. ദ്വിതീയയില്‍:- കഴുത, ആന.  
18. തൃതീയയില്‍:- പശു, വിഷ്ടി.   
19. ചതുര്‍ത്ഥിയില്‍:- സിംഹം, പുലി.  
20. പഞ്ചമിയില്‍:- പന്നി, കഴുത.  
21. ഷഷ്ഠിയില്‍:- ആന, പശു.  
22. സപ്തമിയില്‍:- വിഷ്ടി, സിംഹം.  
23. അഷ്ടമിയില്‍:- പുലി, പന്നി.     
24. നവമിയില്‍:- കഴുത, ആന.  
25. ദശമിയില്‍:- പശു, വിഷ്ടി.  
26. ഏകാദശിയില്‍:- സിംഹം, പുലി.  
27. ദ്വാദശിയില്‍:- പന്നി, കഴുത.  
28. ത്രയോദശിയില്‍:- ആന, പശു.  
29. ചതുര്‍ദ്ദശിയില്‍:- വിഷ്ടി, പുള്ള്.  
30. അമാവാസിയില്‍:- നാല്‍ക്കാലി, പാമ്പ്.

സ്ഥിരകരണങ്ങള്‍ ആകെ നാലെണ്ണമാണെന്ന് സൂചിപ്പിച്ചു. അതില്‍ പുഴുക്കരണം വെളുത്ത പ്രഥമയില്‍ വരുന്നു. ശേഷിക്കുന്നവ മൂന്നും കറുത്തപക്ഷ ചതുര്‍ദ്ദശിയുടെ രണ്ടാം പകുതിയിലും (പുള്ളുക്കരണം), അമാവാസിയിലും (നാല്ക്കാലിക്കരണം, പാമ്പുക്കരണം) വരുന്നു.

ഓരോ ദിവസത്തെയും പഞ്ച അംഗവും, അഞ്ച്കാര്യവും തുടര്‍ച്ചയായി അതാത് തീയതിക്കു നേരെ പഞ്ചാംഗത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഒരുദാഹരണം നോക്കാം.   

ഇന്ന്, 2021 ജൂണ്‍ 27, കൊല്ലവര്‍ഷം 1196 മിഥുനമാസം 13 ന് ഞായറാഴ്ച, (1.വാരം), തിരുവോണം നക്ഷത്രം, (2. നക്ഷത്രം). കറുത്ത തൃതീയാതിഥി (3.തിഥി), തൃതീയ ഇന്നലെ സന്ധ്യക്ക് തുടങ്ങിയതിനാല്‍ ആദ്യ പകുതി പശുക്കരണവും ഇന്ന് രണ്ടാം പകുതിയില്‍ വിഷ്ടിക്കരണവും  (4.കരണം), വൈധൃതി നിത്യയോഗവും (5.നിത്യയോഗം) ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  

ഏതൊക്കെ കരണങ്ങള്‍ ആണ് ശുഭ മുഹൂര്‍ത്തത്തിന് പരിഗണിക്കുക എന്നത് കരണം കൊണ്ടുള്ള ഒരു പ്രയോജനം. മറ്റൊന്ന് കരണത്തില്‍ ജനിച്ചാലുള്ള ഫലവും. അത് മറ്റൊരു ദിവസം എഴുതാന്‍ ശ്രമിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി